”നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും”

നാം യേശുവിന്റെ ശിഷ്യരാണെന്ന് എല്ലാവരെയും അറിയിക്കാൻ അങ്ങനെ ക്രിസ്തുവിന്റെ സജീവസാക്ഷികളാകാൻ ഏറ്റവും നല്ല വഴി.
”ഒരു ബുധനാഴ്ചയിലെ പൊതുജനകൂട്ടായ്മയിൽ ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുമായി ഒരമ്മ പങ്കെടുത്തിരുന്നു. ഞാൻ അതുവഴി കടന്നുപോകുമ്പോൾ കുഞ്ഞ് വാവിട്ട് കരയുന്നുണ്ടായിരുന്നു. ഞാൻ അമ്മയോടുപറഞ്ഞു, കുഞ്ഞിന് വിശക്കുന്നുണ്ടാകും, വല്ലതും കഴിക്കാൻ കൊടുക്കൂ. പൊതുസ്ഥലത്തുവച്ച് പാൽ കൊടുക്കാനുള്ള ലജ്ജമൂലം, അമ്മയ്ക്ക് പാലുണ്ടായിട്ടും വിശന്നുകരയുന്ന കുഞ്ഞിന് അമ്മ പാൽ നല്കുന്നില്ല. ഇതാണ് ലോകത്തിന്റെ അവസ്ഥ. ലോകത്തുള്ള സകലരെയും തൃപ്തിപ്പെടുത്താൻമാത്രം ഭക്ഷണം നമ്മുടെ പക്കലുണ്ട്. ജീവകാരുണ്യ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചാൽ, ഇനി ഭക്ഷണം പാഴാക്കുകയില്ല എന്ന് ഒരുമിച്ച് തീരുമാനിച്ച് ആവശ്യക്കാർക്ക് അത് അയച്ചുകൊടുത്താൽ ലോകത്തിലെ വിശപ്പിന് പരിഹാരം കാണുവാൻ നമുക്ക് കഴിയും. ബാക്കിവരുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഭക്ഷണംകൊണ്ട് എത്രയോപേരുടെ വിശപ്പടക്കാൻ കഴിയും. ഒരു കണക്ക് എന്നെ ഞെട്ടിച്ചു-ഓരോ
ദിവസവും പതിനായിരം കുഞ്ഞുങ്ങൾ ലോകമെമ്പാടും മരിക്കുന്നു.”

ഇന്നിന്റെ പ്രവാചകനായ ഫ്രാൻസിസ് മാർപാപ്പയുടെ ഈ വാക്കുകൾ യേശുക്രിസ്തുവിനെ അറിഞ്ഞ ഏവർക്കും ബാധകമാണ്. ദൈവം ഭൂമിയും അതിലുള്ള സമസ്തവും സൃഷ്ടിച്ചശേഷം തന്റെ രൂപത്തിലും ഛായയിലും സ്വന്തം മക്കളെ സൃഷ്ടിച്ചു. അവിടുന്ന് അവർക്ക് നല്കിയ സമ്പത്ത് എല്ലാവരുമായി പങ്കുവച്ചാൽ ഭൂമിയിൽ ദരിദ്രർ ഉണ്ടാകുമായിരുന്നില്ല. നഗ്നരായി പിറന്നുവീണ നാം വെറും കൈയോടെ വന്നു. അതുപോലെതന്നെ തിരികെ പോകുകയും ചെയ്യും. ഇതെല്ലാം അറിയാമായിരുന്നിട്ടും നാം സ്വാർത്ഥരായിത്തീരുന്നു!

ആദിമസഭ ‘സുവിശേഷസഭ’ ആയിരുന്നു. അതായത് സുവിശേഷം പഠിക്കുക, പഠിപ്പിക്കുക, പ്രസംഗിക്കുക, സർവോപരി സുവിശേഷം ജീവിക്കുക.വിശ്വാസികളുടെ സമൂഹത്തിന് ഒരേ ആത്മാവും ഒരേ ഹൃദയവുമാണുണ്ടായിരുന്നത്. ആരും തങ്ങളുടെ സ്വത്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. പ്രത്യുത, എല്ലാം പൊതുവായി കരുതിയിരുന്നു. അവർ എല്ലാവരുടെയുംമേൽ കൃപാവരം സമൃദ്ധമായുണ്ടായിരുന്നു. അവരുടെ ഇടയിൽ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരായി ആരും ഉണ്ടായിരുന്നില്ല (അപ്പ.പ്രവ. 4:33-34) തുടങ്ങിയ വിവരണങ്ങൾ ആദിമസഭയുടെ അരൂപിയിലേക്കും ജീവിതശൈലിയിലേക്കും വിരൽചൂണ്ടുന്നു. ശക്തമായ കൂട്ടായ്മയുടെ ജീവിതം. ‘ഏകമനസോടെ’ എന്ന ശൈലി അപ്പസ്‌തോല പ്രവർത്തനത്തിൽ ആവർത്തിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഏകമനസാണ് ആദിമസഭയിലെ സുവിശേഷവൽക്കരണത്തിന്റെ മൂലഹേതു. ”ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹ. 13:35) എന്ന യേശുവിന്റെ പുതിയ കൽപന അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കാൻ ആദിമസഭയ്ക്ക് കഴിഞ്ഞു. സുവിശേഷവൽക്കരണത്തിന് യേശു നൽകിയ ഈ സുപ്രധാന മാനദണ്ഡം ആധുനിക സഭയ്ക്ക് യഥോചിതം പ്രാവർത്തികമാക്കുവാൻ കഴിയാത്തതാണ് ഇന്ന് ക്രിസ്തീയത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഉപവിയുടെ ഉദാരമായ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ് സുവിശേഷവൽക്കരണം സാർത്ഥകമാക്കേണ്ടത്. ”ഭിക്ഷകൊടുക്കുന്നവൻ കൃതജ്ഞതാബലി അർപ്പിക്കുന്നു” എന്നാണ് പ്രഭാഷകൻ 35: 2-ൽ പറയുന്നത്.
സ്‌നേഹത്തിന്റെ ദാരിദ്ര്യമാണ് ഭൗതിക ദാരിദ്ര്യത്തിന്റെ മൂലഹേതു. ഉള്ളിൽ ദൈവസ്‌നേഹം നിറയുമ്പോൾ അത് മറ്റുള്ളവരിലേക്ക് ചൊരിയുവാൻ സ്വാഭാവികമായും ആന്തരികനിർബന്ധമുളവാകും. അങ്ങനെ ഉളവാകുന്ന ആന്തരികനിർബന്ധം പാവങ്ങളോടുള്ള സ്‌നേഹവും സഹതാപവും ഉദാരതയുമായി മാറും. ”ദാനധർമ്മം മൃത്യുവിൽനിന്നു രക്ഷിക്കുകയും അന്ധകാരത്തിൽപ്പെടുന്നതിൽനിന്ന് കാത്തുകൊള്ളുകയും ചെയ്യും. ദാനധർമം അത്യുന്നതന്റെ സന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ്” (തോബിത്:4:10,11).

ആധുനിക സഭ ആദിമസഭയുടെ അരൂപിയിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുമ്പോൾ, സുവിശേഷപ്രഘോഷണത്തിനും സുവിശേഷം ജീവിക്കുന്നതിനും അഥവാ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുമാണ് പ്രാധാന്യം നൽകേണ്ടത്. ക്രിസ്തു പിതാവിനാൽ അയക്കപ്പെട്ടത് തന്റെ മക്കളെ പ്രത്യേകിച്ച് ദരിദ്രരെ സുവിശേഷം അറിയിക്കുവാനും തകർന്ന ഹൃദയങ്ങൾക്ക് ആശ്വാസമേകുവാനും (ലൂക്കാ 4:18) കാണാതെ പോയതിനെ തേടി കണ്ടുപിടിക്കാനും രക്ഷിക്കാനും (ലൂക്കാ 19:10) വേണ്ടിയാണ്.

നമ്മുടെ ‘അയൽക്കാർ’
മാനുഷിക ബലഹീനതമൂലം ഞെരുക്കമനുഭവിക്കുന്നവരെ സസ്‌നേഹം ആശ്ലേഷിക്കുവാനും പീഡിതനിലും ദരിദ്രനിലും പീഡിതനായ യേശുവിന്റെ പ്രതിഛായ ദർശിക്കുവാനും നമുക്ക് കഴിയണം. നമ്മുടെ ‘അയൽക്കാരെ’ നമ്മെപ്പോലെതന്നെ പരിഗണിക്കണമെന്നാണല്ലോ ദൈവപുത്രൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ അവർക്കും നമ്മെപ്പോലെ മാന്യമായ രീതിയിൽ ജീവിതാവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ഓരോ ക്രിസ്ത്യാനിയും ബാധ്യസ്ഥരാണ്.

പാവപ്പെട്ട ലാസറിനെ തിരിഞ്ഞുനോക്കാത്ത ധനികനാകരുത് നമ്മുടെ മാതൃക. ഒന്നൊഴിയാതെ എല്ലാവരെ യും സഹോദരരായി പരിഗണിക്കുവാ നും അവർ നമ്മെ സമീപിക്കുമ്പോൾ മാത്രമല്ല, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുവാനും നമു ക്ക് കഴിയണം. ‘വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്നും ഒഴിഞ്ഞുമാറാതിരിക്കുകയും’ വേണമെന്നാണ് കർത്താവ് നമ്മിൽനിന്നും ആഗ്രഹിക്കുന്നത്.

(ഏശയ്യ: 58:7) ”അപ്പോൾ നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുമ്പിലും കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ, എന്ന് അവിടുന്ന് മറുപടി തരും” (ഏശയ്യാ: 58: 8,9).

സകലരാലും പരിത്യക്തനായ വൃദ്ധനാകാം, അവജ്ഞാപൂർവം വീക്ഷിക്കപ്പെടുന്ന തൊഴിലാളിയോ അഭയാർത്ഥിയോ ആകാം, അവിഹിതബന്ധത്തിൽ ജനിച്ചതിനാൽ പാഴ്ക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ട നിഷ്‌കളങ്ക ശിശുവാകാം, പട്ടിണിപ്പാവമാകാം, ഒറ്റപ്പെടലിന്റെയും അവഹേളനത്തിന്റെയും നെരിപ്പോടിൽ കത്തിയെരിയുന്നവരാകാം നമ്മുടെ ‘അയൽക്കാരാ’യെത്തുക. ”വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്കു സംതൃപ്തിനല്കുകയും ചെയ്താൽ നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരുണ്ട വേളകൾ മധ്യാഹ്നംപോലെയാകും. കർത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്ക് സമൃദ്ധിനല്കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും, നനച്ചുവളർത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയുംപോലെ ആകും നീ. നിന്റെ പുരാതന നഷ്ടശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടും, അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയർത്തും. പൊളിഞ്ഞ മതിലുകൾ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങൾക്ക് കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും” (ഏശയ്യാ: 58/10-12).

‘അയൽവാസി’ ആരുതന്നെയായാലും മനുഷ്യമാഹാത്മ്യത്തിൽ വേരൂന്നിയ ആധ്യാത്മികതയാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ”ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്താ. 25:40) എന്നാണ് കർത്താവ് നമ്മെ ഓർമിപ്പിക്കുന്നത്; ചെയ്യാതിരുന്നപ്പോൾ അവിടുത്തേക്കുതന്നെയാണ് ചെയ്യാതിരുന്നതും (മത്തായി 25: 45).

ചിന്നമ്മ ഊരാളിൽ, യു.എസ്.എ.

Leave a Reply

Your email address will not be published. Required fields are marked *