സമർപ്പണത്തിലൂടെ അനുഗ്രഹത്തിലേക്ക്

ആബാലൻ യേശുവിനെ കാണാൻ പുറപ്പെ ട്ടത് വലിയ പ്രതീക്ഷകളോടെയായിരുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഈശോ യെ കണ്ണു നിറയെ കാണുക. പോരാൻ നേരം അവന്റെ അമ്മ അഞ്ച് ബാർളിയപ്പവും രണ്ടുമീനും അവന്റെ കൈയിൽ കൊടുത്തയച്ചിരുന്നു. യേശുവിന്റെ കൈയിൽ കൊടുത്താൽ ആയിരങ്ങൾക്കുള്ള ഭക്ഷണമായി അത് രൂപാന്തരപ്പെടുമെന്ന് അത് കൈയിലെടുക്കുമ്പോൾ അവർ കരുതിയില്ല.

യേശു തിബേരിയൂസ് കടലിന്റെ മറുകരയിലുള്ള ഒരു മലയിൽ തന്റെ ശിഷ്യന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ വലിയൊരു ജനാവലി തന്റെ അടുത്തേക്ക് വരുന്നത് യേശു കണ്ടു. അവിടുത്തേക്ക് ആ ജനക്കൂട്ടത്തെ കണ്ടപ്പോൾ അനുകമ്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അനാഥരായിരുന്നു. യേശു അവരെ കണ്ട് മനസലിഞ്ഞ് ശിഷ്യന്മാരോട് അവർക്ക് ഭക്ഷിക്കാൻ കൊടുക്കുവാൻ പറഞ്ഞു. അവരാകട്ടെ വിഷമവൃത്തത്തിലായി. അവർ പറഞ്ഞു: ‘ഓരോരുത്തർക്കും അല്പം വീതം കൊടുക്കുവാൻ ഇരുന്നൂറു ദനാറക്കുള്ള അപ്പംപോലും തികയുകയില്ല.’ യേശു അടുത്തതായി അവരോട് ചോദിച്ചു: നിങ്ങളുടെ പക്കൽ എന്തുണ്ട്? അവർ പറഞ്ഞു: അഞ്ച് ബാർളിയപ്പവും രണ്ട് മീനും കൈവശമുള്ള ഒരു ബാലൻ ഇവിടെയുണ്ട്. യേശു അവരോടു പറഞ്ഞു; അത് എന്റെ അടുക്കൽ കൊണ്ടുവരിക. അങ്ങനെ ആ ബാലൻ യേശുവിന്റെ മുൻപിലേക്ക് ആനയിക്കപ്പെട്ടു. യേശു അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ഈ അപ്പവും മീനും എനിക്കു തരാൻ നീ തയാറാണോ? അവൻ വർധിച്ച സന്തോഷത്തോടെ പറഞ്ഞു: തീർച്ചയായും ഞാൻ തയാറാണ്. യേശു അവന്റെ നേരെ കൈനീട്ടി. അവൻ ആ അപ്പവും മീനും മുഴുവനായും യേശുവിന്റെ കൈയിൽ വച്ചുകൊടുത്തു. സമ്പൂർണമായ ഒരു സമർപ്പണം! ഒന്നുപോലും തന്റെ വിശപ്പടക്കാൻ അവൻ മാറ്റിവച്ചില്ല. യേശു ആ അപ്പവും മീനും ആശീർവദിച്ച് ശിഷ്യന്മാരുടെ കൈയിൽ ഏല്പിച്ചു. അവ അവിടെയുണ്ടായിരുന്ന അയ്യായിരത്തോളം വരുന്ന ജനങ്ങൾക്കായി വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന അപ്പക്കഷണങ്ങൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

ഇവിടെ യേശു ഒരു കാര്യം ചോദിക്കുന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ പക്കൽ എന്തുണ്ട്? ഉത്തരം കിട്ടിക്കഴിഞ്ഞപ്പോൾ അവിടുന്ന് പറയുന്നു. അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ. മരിച്ച ലാസറിനെ ഉയിർപ്പിക്കാൻ കഴിവുള്ള കർത്താവിന് ഇല്ലായ്മയിൽനിന്ന് അപ്പമുണ്ടാക്കി അവർക്ക് നല്കാൻ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അത് അപ്പം വർധിപ്പിച്ചുകൊണ്ട് അവിടുന്ന് ചെയ്ത അത്ഭുതത്തെക്കാൾ വലിയ അത്ഭുതമായിത്തീരുമായിരുന്നു. എന്നാൽ, അവിടുന്ന് അപ്രകാരം ചെയ്യുന്നില്ല. മറിച്ച് ഒരു കൊച്ചുബാലന്റെ സമ്പൂർണമായ സമർപ്പണത്തെ അവിടുന്ന് അനേകായിരങ്ങൾക്കുള്ള ഭക്ഷണമായി മാറ്റി. കർത്താവ് ഇപ്പോഴും അങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. മനുഷ്യഹൃദയങ്ങളിൽ ദൈവാത്മാവ് നിക്ഷേപിക്കുന്ന സ്‌നേഹത്തെയും അതിന്റെ പ്രവൃത്തികളെയുമാണ് അനേകായിരങ്ങൾക്കുള്ള സ്വർഗീയ ഭോജനമായി അവിടുന്ന് മാറ്റുന്നത്.

മറ്റൊരു ശ്രദ്ധേയമായ കാര്യം ബാലന്റെ കൈയിലെ ചെറിയ കാണിക്കയെ തന്റെ അടുക്കൽ കൊണ്ടുവരാൻ അവിടുന്ന് കല്പിക്കുന്നു. ഒരുപക്ഷേ, എനിക്ക് സമർപ്പിക്കാനായി എന്റെ പക്കൽ അത്തരത്തിലുള്ള ഒന്നും ഇല്ലല്ലോ കർത്താവേ എന്നതായിരിക്കും നമ്മുടെ മറുപടി. പക്ഷേ, അപ്പവും മീനും മാത്രമല്ല നമുക്കവിടുത്തേക്ക് നല്കാനുള്ളത്. നമ്മുടെ ഹൃദയത്തിലെ സ്‌നേഹം, കാരുണ്യം, നമുക്ക് നല്കിയിരിക്കുന്ന കഴിവുകൾ, നമ്മുടെ സാധ്യതകൾ, ആരോഗ്യം, നല്ല വാക്കുകൾ, ആശ്വാസവചനങ്ങൾ, നമ്മുടെ സമയം, സമ്പത്ത് ഇവയെല്ലാം കർത്താവിന്റെ കരങ്ങളിൽ നാം വച്ചുകൊടുക്കുമ്പോൾ അത് അനേകായിരങ്ങൾക്കല്ല അനേക കോടികൾക്കുള്ള ദിവ്യകാരുണ്യ ഭക്ഷണമായി, സാന്ത്വനമായി, രക്ഷയായി അവിടുന്ന് മാറ്റും. ”എല്ലാവരും അങ്ങയിൽ ദൃഷ്ടി പതിച്ചിരിക്കുന്നു; അവിടുന്ന് അവർക്ക് യഥാസമയം ആഹാരം കൊടുക്കുന്നു. അവിടുന്ന് കൈ തുറന്നു കൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു. കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികൾ കൃപാപൂർണവുമാണ്” (സങ്കീ. 145:15-17). ഇതുപോലുള്ള സമർപ്പണങ്ങളും അതിൽനിന്ന് ഉരുത്തിരിയുന്ന അത്ഭുതാവഹമായ ദൈവപരിപാലനയും ബൈബിളിൽ ഉടനീളം നമുക്ക് കാണുവാൻ കഴിയും.

സറേഫാത്തിലെ വിധവ
ഏലിയാ പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ ഒരു വരൾച്ച ഉണ്ടായി. ഏലിയാ പ്രവാചകന്റെ പ്രാർത്ഥനയ്ക്കുള്ള ഉത്തരമായിരുന്നു ആ വരൾച്ച. എത്രമാത്രം മുന്നറിയിപ്പുകൾ നല്കിയിട്ടും ഇസ്രായേൽമക്കൾ ആ നാളുകളിൽ ദൈവത്തിൽനിന്ന് അകന്നുപോയി. എത്രമാത്രം സ്‌നേഹത്തോടെ അവരെ ഉപദേശിച്ചിട്ടും അവർ ദൈവത്തിലേക്ക് തിരികെ വന്നില്ല. അപ്പോൾ ഏലിയാ പ്രവാചകൻ ദൈവത്തോട് പ്രാർത്ഥിച്ചു: ദൈവമേ, അവിടുന്ന് ഭൂമിയിൽ മഴ പെയ്യിക്കരുതേ. അങ്ങനെയെങ്കിലും നിന്റെ ജനം നിന്നിലേക്ക് തിരികെ വരട്ടെ. ദൈവം ഏലിയായുടെ പ്രാർത്ഥന കേട്ടു. മൂന്നു വർഷവും ആറുമാസവും ഭൂമിയിൽ മഴ പെയ്തില്ല.

ഏലിയായും വരൾച്ചയുടെ പിടിയിലായി. എന്നാൽ, ദൈവം ഏലിയായെ അത്ഭുതകരമായി പരിപാലിച്ചു. ദൈവം ഏലിയായോടു പറഞ്ഞു: നീ സീദോനിലുള്ള സറേഫാത്തിൽ പോയി താമസിക്കുക. അവിടെ നിനക്ക് ഭക്ഷണം തരാൻ ഒരു വിധവയെ ഞാൻ ഒരുക്കിയിട്ടുണ്ട്. ഏലിയാ സറേഫാത്തിൽ എത്തി. അപ്പോൾ അതാ ദൈവമൊരുക്കിയ വിധവ ചുള്ളിക്കമ്പുകൾ ശേഖരിക്കുന്നു. ഏലിയാ അവളോട് ഒരു പാത്രം വെള്ളം ചോദിച്ചു. അതെടുക്കുവാനായി അവൾ അടുക്കളയിലേക്ക് തിരിഞ്ഞപ്പോൾ ഏലിയാ വിളിച്ചുപറഞ്ഞു, എനിക്ക് ഭക്ഷിക്കാൻ ഒരു അപ്പംകൂടി കൊണ്ടുവരണമേ. അപ്പോൾ അവൾ ഏലിയായെ നോക്കി കണ്ണുനീർ പൊഴിച്ചു. അവൾ വിങ്ങിക്കരഞ്ഞുകൊണ്ട് ദൈവപുരുഷനോട് പറഞ്ഞു: സത്യമായും നിനക്ക് തരാൻ എന്റെ കൈയിൽ അപ്പമില്ല. എന്റെ കലത്തിൽ ആകെയുള്ളത് ഒരുപിടി മാവും എന്റെ ഭരണിയിൽ അതു ചുട്ടെടുക്കുവാൻ മാത്രം എണ്ണയുമാണ്. അതുകൊണ്ട് ഒരപ്പമുണ്ടാക്കി തിന്നിട്ട് ഞാനും എന്റെ മകനും കൂടി മരിക്കുവാൻ പോവുകയായിരുന്നു.

അപ്പോൾ ഏലിയാ അവളോട് പറഞ്ഞു: ആ മാവിൽനിന്ന് ആദ്യം ഒരപ്പം ചുട്ടെടുത്ത് എനിക്ക് തരിക. ബാക്കികൊണ്ട് നീയും നിന്റെ മകനും ഭക്ഷിച്ചുകൊള്ളുക. ഇപ്രകാരം ചെയ്താൽ ദൈവമായ കർത്താവ് വീണ്ടും ഭൂമിയിൽ മഴ പെയ്യിച്ച് ധാന്യങ്ങൾ ഉണ്ടാകുംവരെ നിന്റെ കലത്തിലെ മാവ് തീരുകയോ ഭരണിയിലെ എണ്ണ വറ്റുകയോ ചെയ്യുകയില്ല. അവൾ ആ വാക്കുകൾ വിശ്വസിച്ചു. ആഴമായ ആ വിശ്വാസത്തിൽനിന്ന് അവൾ സമർപ്പണം നടത്തി. ആദ്യത്തെ നല്ല ഒരപ്പം അവൾ പ്രവാചകന് നല്കി. ബാക്കിവന്ന മാവുകൊണ്ട് അവളും മകനും ഭക്ഷിച്ചു. അവളുടെ ആഴമായ സമർപ്പണത്തിന് ദൈവം അത്ഭുതകരമായ പ്രതിഫലം നല്കി. ദൈവം വീണ്ടും ആ പ്രദേശത്ത് മഴ പെയ്യിച്ച് ധാന്യങ്ങൾ ഉണ്ടണ്ടാകുന്ന നാൾവരെ അവളുടെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ വറ്റുകയോ ചെയ്തില്ല. അവളും മകനും മാത്രമല്ല അവളും കുടുംബവും അവനും അനേക ദിവസം ഭക്ഷണം കഴിച്ചുവെന്ന് (1 രാജാ.17:15) തിരുലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ അത്ഭുതത്തിന് കാരണമായിത്തീർന്നത് ആ വിധവയുടെ ദൈവത്തിന്റെ വാക്കുകളിലുള്ള ആഴമായ വിശ്വാസവും അതിൽ നിന്നുളവായ ആഴമായ സമർപ്പണവുമാണ്. ആ സമർപ്പണം ആ വലിയ വരൾച്ചയുടെ നാളുകളെ അതിജീവിക്കാൻ തക്കവിധത്തിലുള്ള ദൈവകൃപയെ അവളുടെ കുടുംബത്തിലേക്ക് ഒഴുക്കുവാനിടയാക്കി.
ഇതുപോലെ പലവിധത്തിലുള്ള തകർച്ചകളിലൂടെയും പതർച്ചകളിലൂടെയും കഠിനമായ വരൾച്ചകളിലൂടെയും കടന്നുപോകുന്ന നാളുകളിലായിരിക്കാം കൈയിലുള്ളതിൽ ഒരു വീതം ആദ്യം ദൈവത്തിന് സമർപ്പിക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നത്. ആ സമർപ്പണം നാം നടത്തിയാൽ നമ്മുടെ കുടുംബവും നമ്മുടെ ജീവിതങ്ങളും അഭിമുഖീകരിക്കുന്ന വലിയ വരൾച്ചകളെ അതിജീവിക്കുവാൻ തക്കവിധത്തിലുള്ള ദൈവകൃപയെ അവിടുന്ന് നമ്മളിലേക്ക് ഒഴുക്കും. തിരുവചനങ്ങൾ പറയുന്നു: ”അത്യുന്നതൻ നല്കിയതുപോലെ അവിടുത്തേക്ക് തിരികെ കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കർത്താവ് പ്രതിഫലം നല്കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും” (പ്രഭാ. 35:10-11).

സമ്പൂർണമായ സമർപ്പണം
യേശുവും ശിഷ്യന്മാരും ഒരു ഭണ്ഡാരത്തിനു മുൻപിൽ നില്ക്കുകയായിരുന്നു. ആ സമയം സമ്പന്നരായവർ വന്ന് വലിയ തുകകൾ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് അവർ കണ്ടു. പക്ഷേ, യേശുവിന്റെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായില്ല. അവിടുന്ന് ഒന്നുംതന്നെ ആരെയും കുറിച്ച് പറഞ്ഞതുമില്ല. അപ്പോഴാണ് ദരിദ്രയായ ആ വിധവ അങ്ങോട്ടു കടന്നുവന്നത്. അവളുടെ കൈയിൽ രണ്ടു ചെമ്പുതുട്ടുകൾ മാത്രം! പാറിപ്പറന്ന മുടിയും ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളുമായി വന്ന അവളെ കണ്ടാൽത്തന്നെ അറിയാം- അവൾ ഇന്ന് ആഹാരം കഴിച്ചിട്ടില്ലെന്ന്. അവൾ വന്നപാടെ കൈയിലുണ്ടായിരുന്ന രണ്ടു ചെമ്പുതുട്ടുകളും ദേവാലയത്തിന്റെ ഭണ്ഡാരത്തിലേക്ക് ഭക്തിയോടെ നിക്ഷേപിച്ചു. ഒന്നുപോലും തന്റെ ഉപജീവനത്തിനായി അവൾ കരുതിയില്ല. യേശുവിന്റെ കണ്ണുകൾ തിളങ്ങി. അതുവരെ ഒന്നും സംസാരിക്കാതിരുന്ന അവിടുന്ന് ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: ”സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഈ ദരിദ്രവിധവ മറ്റാരെയുംകാൾ കൂടുതൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്ന് സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽനിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു” (മർക്കോസ് 12:43-44). ഇല്ലായ്മയുടെ വേദന അറിഞ്ഞുകൊണ്ടുള്ള ഇത്തരത്തിലുള്ള സമർപ്പണത്തെ ദൈവം വാനോളം ഉയർത്തിക്കാട്ടുന്നു എന്നതിനുള്ള തെളിവാണ് ദരിദ്രവിധവയുടെ ഈ സമർപ്പണം! അതിന് ലഭിക്കാൻ പോകുന്ന പ്രതിഫലം വളരെ വലുതാണ്.

ഇതും ഒരു കൊച്ചുസമർപ്പണം
ശാലോം ടി.വി തുടങ്ങുവാൻ കർത്താവിൽനിന്ന് സന്ദേശം ലഭിച്ച കാലം. ആ സന്ദേശത്തിന് ബഹുമാനപ്പെട്ട വർക്കിയച്ചനിൽനിന്ന് സ്ഥിരീകരണം ലഭിച്ചതിനുശേഷമുള്ള തൊട്ടടുത്ത കുടുംബപ്രാർത്ഥനയുടെ സമയം. എന്റെ ഭർത്താവ് കുഞ്ഞുങ്ങളോടായി പറഞ്ഞു: (അവർ അന്ന് ചെറുതാണ്.) മക്കളേ അപ്പയോട് ഈശോ ടി.വി തുടങ്ങുവാൻ പറഞ്ഞു. അതിന് അനേകലക്ഷം രൂപ ആവശ്യമുണ്ട്. പക്ഷേ, അപ്പയുടെ കൈയിൽ അഞ്ചുപൈസപോലുമില്ല. പക്ഷേ, എല്ലാം നമുക്ക് ദൈവം തരും. അതിനുള്ള തുടക്കമെന്നോണം ടി.വി ശുശ്രൂഷക്കുള്ള ആദ്യത്തെ സംഭാവന എന്റെ മക്കൾ തരണം. ഇത്ര രൂപ എന്ന് അപ്പ പറയുന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് തരാം. കേട്ടപാതി കേൾക്കാത്ത പാതി അവർ ഓടിപ്പോയി കാലങ്ങളായി അവർ പോക്കറ്റുമണി സൂക്ഷിച്ചിരുന്ന ഡപ്പികൾ എടുത്തുകൊണ്ടുവന്നു. അവരതു തുറന്ന് അപ്പയുടെ കൈയിൽ ഏല്പിച്ചു. ഞങ്ങൾ അന്തംവിട്ടുപോയി. കാരണം, അവർ മുഴുവനും തന്നെ സമർപ്പിച്ചു. അങ്ങനെ ശാലോം ടി.വിക്കുവേണ്ടിയുള്ള ആദ്യസംഭാവന ഈശോയ്ക്ക് നല്കിയത് മനുവും നിർമ്മലുമാണ്. അവർ സൂക്ഷിച്ചിരുന്ന പോക്കറ്റുമണി മുഴുവനായും അവർ നല്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽപോലും കരുതിയിരുന്നതല്ല. പക്ഷേ, പരിശുദ്ധാത്മാവ് ആ സമ്പൂർണ സമർപ്പണത്തിനുള്ള കൃപ അവർക്ക് കൊടുത്തു. അത് അവരുടെ അപ്പക്ക് ശാലോം ടി.വിയെക്കുറിച്ചുള്ള ദൈവപരിപാലനയിലുള്ള വലിയ വിശ്വാസത്തിന് കാരണമായിത്തീർന്നു.
ത്യാഗം സഹിച്ചുള്ള സമർപ്പണം
ശാലോം ഫെസ്റ്റിവൽ നടക്കുന്ന സമയം. ഒരു പിതാവ് ശാലോം ടി.വിക്കുവേണ്ടി തങ്ങളുടെ മക്കൾ സ്വരുക്കൂട്ടിയ സംഭാവനയുമായി കടന്നുവന്നു. അവർ ധനികരായിരുന്നില്ല. പക്ഷേ, ഉദാരതയുള്ളവരായിരുന്നു. ശാലോം ടി.വിക്കുവേണ്ടി എസ്.പി.എഫ് ആരംഭിച്ച കാലഘട്ടത്തിൽ മക്കൾ രണ്ടുപേരും കൂടി ഒരു തീരുമാനമെടുത്തു. ഇന്നുമുതൽ ഞങ്ങൾ ജീപ്പിൽ സ്‌കൂളിലേക്ക് പോകുന്നില്ല. പകരം നടന്നു പോകും. ജീപ്പുകൂലിയായി നല്കിയിരുന്ന പൈസ ഞങ്ങൾ ശാലോം ടി.വിക്ക് നല്കും. അവർ തീരുമാനിച്ചതുപോലെ തന്നെ പ്രവർത്തിച്ചു. സ്‌കൂളിൽ ത്യാഗം സഹിച്ച് നടന്നു പോയി മിച്ചം വച്ച തുകയുമായാണ് അവർ പിതാവിനോടൊപ്പം ഫെസ്റ്റിവലിൽ എത്തിച്ചേർന്നത്. ആരും അവരെ പ്രേരിപ്പിച്ചതുകൊണ്ടാണ് അവരങ്ങനെ ചെയ്തതെന്ന് കരുതരുത്. പരിശുദ്ധാത്മാവല്ലാതെ ആരും ത്യാഗപൂർണമായ ആ സമർപ്പണത്തിന് പ്രേരണ നല്കിയില്ല. ആ കുട്ടികളെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു. അവരുടെ പഠനരംഗത്ത് വലിയ പുരോഗതി ഉണ്ടായി. മാത്രമല്ല അതിനുശേഷം നടന്ന ഓരോ ഫെസ്റ്റിവലിലും അവർ ചെയ്ത ത്യാഗപൂർണമായ ഈ സമർപ്പണം പ്രഘോഷിക്കപ്പെടുകയും ചെയ്തു. ഈശോ പറഞ്ഞു: ”കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും” (ലൂക്കാ 6:38).

അബ്രാഹമിന്റെ സമർപ്പണം
തിരുവചനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു’ എന്ന്. അബ്രാഹം തന്റെ ജീവിതത്തിൽ നടത്തിയ ആഴമായ സമർപ്പണത്തിന് കാരണം അബ്രാഹമിലുള്ള ആഴമായ വിശ്വാസമായിരുന്നു. ഒരുനാൾ ദൈവം അബ്രാഹമിന് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം അരുളിച്ചെയ്തു. നിന്റെ സ്വന്തക്കാരെയും ബന്ധുജനങ്ങളെയും നിനക്കുള്ള ഭൂമിയെയും വിട്ട് ഞാൻ കാണിച്ചു തരുന്ന ദേശത്തേക്ക് പോകുക. അബ്രാഹം അത് അനുസരിച്ചു. അബ്രാഹത്തിന്റെ ആഴമായ സമർപ്പണമാണ് ഇത് കാണിക്കുന്നത്. കാരണം പുറപ്പെടുന്ന സമയത്ത് എങ്ങോട്ടാണ് പോകുന്നതെന്നുപോലും ദൈവം അബ്രാഹത്തിന് വെളിപ്പെടുത്തിയിരുന്നില്ല. അതെക്കുറിച്ച് തിരുവചനങ്ങളിൽ ഇപ്രകാരം പറയുന്നു: ”വിശ്വാസംമൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്ക് പോകാൻ വിളിക്കപ്പെട്ടപ്പോൾ അനുസരിച്ചു. എവിടേക്കാണ് പോകേണ്ടണ്ടണ്ടതെന്നറിയാതെതന്നെയാണ് അവൻ പുറപ്പെട്ടത്” (ഹെബ്രാ. 11:8).
അവിടെ എത്തിയതിനുശേഷവും അബ്രാഹം ആ നാട്ടുകാരനെപ്പോലെയല്ല കഴിഞ്ഞത്. പിന്നെയോ പരദേശിയെപ്പോലെയാണ്. ദൈവത്തിന്റെ നയിക്കലിലുള്ള അഗാധമായ വിശ്വാസവും അവിടുത്തെ തിരുമനസിനോടുള്ള സമർപ്പണവുമാണ് ഇത് ചെയ്യുവാൻ അബ്രാഹത്തെ പ്രേരിപ്പിച്ചത്. ”വിശ്വാസത്തോടെ അവൻ വാഗ്ദത്തഭൂമിയിൽ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവൻ കൂടാരങ്ങളിൽ താമസിച്ചു” (ഹെബ്രാ. 11:9).

വിവാഹശേഷം അനേകവർഷങ്ങൾ കഴിഞ്ഞിട്ടും വാർധക്യത്തിലെത്തിയിട്ടും കുട്ടികളില്ലാതിരുന്ന തനിക്ക് അനേക ജനതകളുടെ പിതാവാകും എന്ന വാഗ്ദാനം ദൈവത്തിൽനിന്ന് ലഭിച്ചപ്പോൾ അവനത് വിശ്വസിച്ച് ദൈവത്തിന്റെ വാഗ്ദാനത്തിനുമുൻപിൽ തന്നെത്തന്നെ സമർപ്പിച്ചു. സാറായും അബ്രാഹത്തോടൊപ്പം ചേർന്നുനിന്നു. ”തന്നോടു വാഗ്ദാനം ചെയ്തവൻ വിശ്വസ്തനാണെന്ന് വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗർഭധാരണത്തിന് വേണ്ട ശക്തിപ്രാപിച്ചു” (ഹെബ്രാ. 11:11). ആ വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ഫലം അബ്രാഹമിന് ഈ ഭൂമിയിലും പരലോകത്തും അനുഭവിക്കുവാൻ ഇടവന്നു. തിരുവചനങ്ങൾ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: ”അതിനാൽ ഒരുവനിൽനിന്ന്- അതും മൃതപ്രായനായ ഒരുവനിൽനിന്ന് ആകാശത്തിലെ നക്ഷത്രജാലങ്ങൾ പോലെയും കടലോരത്തെ സംഖ്യാതീതമായ മണൽത്തരികൾ പോലെയും വളരെപ്പേർ ജനിച്ചു. ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്” (ഹെബ്രാ. 11:12).

അബ്രാഹത്തിന്റെ വിശ്വാസവും സമർപ്പണവും പരീക്ഷിക്കപ്പെട്ട സമയമുണ്ടായി. വാഗ്ദാനപ്രകാരം ഞാൻ വളരെക്കാലം ആറ്റുനോറ്റു കാത്തിരുന്ന് കിട്ടിയ തന്റെ ഏകമകനെ ബലിയർപ്പിക്കുവാൻ ദൈവം ആവശ്യപ്പെട്ടപ്പോഴും അബ്രാഹം ദൈവത്തെ പഴി ചാരുകയോ അവിടുത്തെ വാഗ്ദാനത്തിന് വിരുദ്ധമായി ചിന്തിക്കുകയോ ചെയ്തില്ല. തിരുവചനങ്ങൾ അബ്രാഹത്തിന്റെ ആ മഹാസമർപ്പണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹം ഇസഹാക്കിനെ സമർപ്പിച്ചത്. ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവൻ തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ ഒരുങ്ങി. മരിച്ചവരിൽനിന്ന് മനുഷ്യരെ ഉയിർപ്പിക്കാൻപോലും ദൈവത്തിന് കഴിയുമെന്ന് അവൻ വിചാരിച്ചു” (ഹെബ്രാ. 11:17-18). ഇങ്ങനെ നോക്കിയാൽ അബ്രാഹം ദൈവത്തിൽ നിന്നുള്ള വിളി സ്വീകരിച്ച നാൾമുതൽ അവസാനംവരെ ഓരോ ദിവസങ്ങളും ആഴമായ വിശ്വാസത്തിന്റെയും പൂർണമായ സമർപ്പണത്തിന്റെയും പുതിയ പുതിയ അധ്യായങ്ങളായിരുന്നു. അബ്രാഹം വിശ്വാസികളുടെ പിതാവായി അനുഗ്രഹിക്കപ്പെട്ടത് ദൈവത്തിന്റെ തിരഞ്ഞെടുപ്പും വിളിയുംകൊണ്ടു മാത്രമല്ല, ആ തിരഞ്ഞെടുപ്പിനോടും വിളിയോടും അബ്രാഹം കാണിച്ച അഗാധമായ സമർപ്പണം മൂലവുമാണ്.

നമ്മളെയും വിളിക്കുന്നു
വിശ്വാസംമൂലം അബ്രാഹത്തിന്റെ സന്തതികളായ നമ്മളെയും ആഴമായ സമർപ്പണത്തിന്റെ ജീവിതത്തിലേക്ക് ദൈവം വിളിക്കുന്നുണ്ട്. ആ വിളിക്ക് പ്രത്യുത്തരം നല്കണമെങ്കിൽ നമ്മുടെ ഹൃദയത്തിൽ ആഴമായ വിശ്വാസം കൂടിയേ തീരൂ. നമ്മുടെ ജീവിതത്തിൽ ഇന്നലകളിൽ സംഭവിച്ചതും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും നാളെ സംഭവിക്കാൻ പോകുന്നതുമെല്ലാം ദൈവത്തിന്റെ നിശ്ചിതമായ അറിവോടെയാണെന്ന് വിശ്വസിക്കാൻ നമുക്കാകണം. നമ്മുടെ ഇന്നലെകളെയും ഇന്നുകളെയും നാളകളെയും പൂർണമായി നാം ദൈവേഷ്ടത്തിന് മുൻപിൽ സമർപ്പിക്കണം. അവിടുത്തെ തിരുമനസ് നിറവേറ്റുക എന്നതൊഴികെ മറ്റൊന്നും നമുക്ക് ലക്ഷ്യമായി ഉണ്ടാകരുത്. ദൈവേഷ്ടത്തിന് വിരുദ്ധമായ നമ്മുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അവ പ്രാപിക്കാനുള്ള നമ്മുടെ അഭിനിവേശങ്ങളും വലിയ വേദനകൾ നമ്മുടെ ജീവിതത്തിൽ വരുത്തിവയ്ക്കും. യേശു പറഞ്ഞു: ”എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ. 4:34). ഈ മനോഭാവം യേശുവുമായുള്ള ബന്ധത്തിൽ നമുക്കുണ്ടായിരിക്കണം. ഈശോയെ സ്‌നേഹിക്കുക, എന്തിലും ഏതിലും അവിടുത്തെ ഹിതം നിറവേറ്റുക – ഇതായിരിക്കണം നമ്മുടെ ജീവിതവ്രതം. ഏതെങ്കിലും സംഭാവന നല്കുന്നതുകൊണ്ടോ ഏതെങ്കിലുമൊക്കെ ത്യാഗം അനുഷ്ഠിക്കുന്നതുകൊണ്ടോ മാത്രം പൂർത്തീകരിക്കുന്നതാകരുത് ദൈവതിരുമുമ്പാകെയുള്ള നമ്മുടെ സമർപ്പണം. അതും സമർപ്പണത്തിന്റെ ഭാഗമാണ്. പക്ഷേ, പൂർണമായ സമർപ്പണമല്ല. പൂർണമായ സമർപ്പണം ഓരോ നിമിഷവും നമ്മുടെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവതിരുമനസിനോടുള്ള നമ്മുടെ കീഴ്‌വഴക്കമാണ്. കർത്താവരുളിച്ചെയ്യുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29:11-12).

നമുക്കുവേണ്ടി ശുഭമായ ഭാവി ഒരുക്കിവച്ചിരിക്കുന്ന ദൈവത്തിന്റെ പദ്ധതികൾ നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിത്തീരുന്നതിനുവേണ്ടി അവിടുത്തെ തിരുഹിതങ്ങളോടുള്ള സമ്പൂർണമായ സമർപ്പണം നമ്മുടെ ഹൃദയത്തിലുണ്ടാകാൻ നമുക്ക് പരിശുദ്ധാത്മാവായ ദൈവത്തോട് പ്രാർത്ഥിക്കാം.
ഓ പരിശുദ്ധാത്മാവായ ദൈവമേ, എന്നിൽ വന്ന് നിറയണമേ. എല്ലാ നിമിഷവും പിതാവായ ദൈവത്തിന്റെ തിരുമനസ് നിറവേറ്റുവാൻ യേശുവിനെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ, ഓരോ നിമിഷവും എന്റെ ജീവിതത്തെ സംബന്ധിച്ച ദൈവേഷ്ടം നിറവേറ്റാൻ എന്നെ സഹായിക്കണമേ. യേശു സമർപ്പിച്ചതുപോലെ എന്റെ ജീവിതവും സമ്പൂർണമായ സമർപ്പണത്തിന്റേതായിത്തീരുവാൻ ഓ പരിശുദ്ധാത്മാവേ, എന്നെ സഹായിക്കണമേ, ആമ്മേൻ.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *