നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-7

തെരഞ്ഞെടുക്കപ്പെട്ട ഒരു ആത്മാവിനെ പ്രഹരിക്കാവുന്ന ഏറ്റം മൂർച്ചയേറിയ ചമ്മട്ടിയാണ് പാപം. ആ പ്രഹരം ഒരു വ്യക്തിയെ കഷ്ടപ്പെടുത്തി, ഛിന്നഭിന്നമാക്കി, താൻ നരകത്തിന്റെ അടിത്തട്ടിലേക്ക് താഴ്ത്തപ്പെടാനല്ലാതെ ഒന്നിനും കൊള്ളില്ലാത്തവനാണെന്ന് സ്വന്തം ദൃഷ്ടിക്ക് കാണിച്ചുകൊടുക്കുന്നു. എന്നാൽ പിന്നീട് അനുതാപം അയാളെ കീഴടക്കും. അതു പരിശുദ്ധാത്മാവിൽനിന്നാണ്. അങ്ങനെ കയ്പായിരുന്നവയെ ദൈവകാരുണ്യത്തിൽ പ്രതീക്ഷയുള്ളവരാക്കി മാറ്റും. അപ്പോൾ മുറിവുണങ്ങി ആത്മാവ് വീണ്ടും ജീവിക്കാൻ തുടങ്ങുന്നു.

കത്തോലിക്കാ സഭയുടെ ജീവനിലേക്ക് അവർ പുനരാനയിക്കപ്പെടും. പരിശുദ്ധാത്മാവ് അവനെ കുമ്പസാരത്തിലേക്ക് നയിക്കും. താൻ ദൈവത്തിന്റെ നല്ല പ്രതിഛായയെ ഇങ്ങനെ മലിനമാക്കിയതിലുള്ള വലിയ ദുഃഖത്തോടും ലജ്ജയോടുംകൂടെ തന്റെ പാപങ്ങൾ പരമാർത്ഥമായും നഗ്നമായും വെളിപ്പെടുത്താൻ തയാറാകുന്നു. എന്നിട്ട് കുമ്പസാരക്കാരൻ കല്പ്പിക്കുന്ന പ്രായശ്ചിത്തം സ്വീകരിക്കും. പരിശുദ്ധാത്മാവിന്റെ ഉപദേശമനുസരിച്ച് സഭയിൽ ഇങ്ങനെയാണു നടപ്പുള്ളത്. ഈ സൗമ്യതയാണ് ദൈവത്തെ ഏറ്റം പ്രസാദിപ്പിക്കുക. ദൈവം അയച്ചുകൊടുക്കുന്ന ശാരീരിക രോഗങ്ങളെ അവർ ശാന്തമായി സ്വീകരിക്കുന്നു. അതുപോലെതന്നെ, ദുഃഖങ്ങളും അപമാനങ്ങളും ലോകത്തിന്റേതായ കുറ്റപ്പെടുത്തലുകളും നിന്ദനങ്ങളും എല്ലാ യാതനകളും ശാരീരികവും ആത്മീയവുമായ പ്രലോഭനങ്ങളും എല്ലാം അതുപോലെ ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *