കറന്റ് പോകുമ്പോൾ…

പിറ്റേ ദിവസത്തേക്ക് ചെയ്തുതീർക്കാനുള്ള പ്രോജക്ടിന്റെ അവസാനവട്ട മിനുക്കുപണികളിലായിരുന്നു മകൾ. മഴക്കാറുള്ളതുകൊണ്ട് മുറിയിൽ വെളിച്ചം കുറവാണ്. വൈദ്യുതിയുമില്ല. ഒടുവിൽ എല്ലാം പൂർത്തീകരിച്ച് എഴുന്നേറ്റു. ”ഈ കറന്റ് ഇനി എപ്പോൾ വരാനാണാവോ? ആവശ്യനേരത്ത് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ” എന്ന് പിറുപിറുത്തുകൊണ്ട് പതുക്കെ അടുക്കളയിലേക്ക് നടന്നു. അമ്മ അവിടെയുണ്ടാവും.

എന്നാൽ നോക്കിയപ്പോൾ അമ്മ അടുക്കളയിലില്ല. മുറ്റത്തെ കിണറിൽനിന്ന് വെള്ളം കോരുകയാണ്. ടാങ്കിലെ വെള്ളം തീർന്നിരിക്കുന്നു.
അതിനിടയ്ക്ക് അയൽപക്കത്തെ ചേച്ചി വന്നു. ”ഹോ, ഈ നശിച്ച കറന്റ് എത്ര നേരമായി പോയിട്ട്” എന്ന വിലാപത്തോടെയാണ് വരവ്.
”എന്നാലും ചേച്ചീ, ദൈവകൃപയാൽ നമുക്ക് അടുക്കളമുറ്റത്തുതന്നെ കിണറും സമൃദ്ധിയായി വെള്ളവുമുണ്ടല്ലോ, ദൈവത്തിന് നന്ദി. എത്രപേരാണ് വെള്ളമില്ലാതെ വിഷമിക്കുന്നത്?” ചേച്ചിയുടെ പരാതിയോട് അമ്മ പ്രതികരിക്കുന്നത് മകൾ സാകൂതം കേട്ടുനിന്നു. ”നിന്റെ അമ്മ എത്ര നല്ല സ്ത്രീയാണ്” എന്ന് കൂട്ടുകാർ പറയാറുള്ളത് ശരിയാണെന്ന് അവൾക്കപ്പോൾ തോന്നി.

”എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിനു കൃതജ്ഞതയർപ്പിക്കുവിൻ”
(എഫേസോസ് 5:20)

Leave a Reply

Your email address will not be published. Required fields are marked *