നിങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ വിലയുള്ളതാണെങ്കിൽ യേശുവിൽനിന്ന് അഭിനന്ദനം നേടാം, നല്ല സമരിയാക്കാരനെപ്പോലെ.
ആധുനിക ലോകത്തിനും സഭയ്ക്കും യേശു നല്കിയ വലിയൊരു വരദാനമാണ് ഫ്രാൻസിസ് മാർപാപ്പ. യേശു പഠിപ്പിച്ച ലാളിത്യവും സമഭാവനയും പരസ്‌നേഹവുമെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ആ മഹാ ഇടയൻ ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ടൈം മാസിക ഫ്രാൻസിസ് മാർപാപ്പയെ ‘പേഴ്‌സൺ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തു. ഫോർച്യൂൺ മാസിക ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ഒരു പട്ടിക തയാറാക്കിയപ്പോൾ ഒന്നാം സ്ഥാനമാണ് പരിശുദ്ധ പിതാവിന് നല്കിയത്.
ഫ്രാൻസിസ് മാർപാപ്പ നല്കിയ സന്ദേശത്തിൽ എന്നെ സ്പർശിച്ച ഒരു ചിന്ത നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ജീവിതത്തിന്റെ മൂല്യം എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്നതിനെക്കുറിച്ചാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് നമുക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാടല്ല ഉള്ളത്. ഭൗതികമായ വിജയം നേടിയാൽ – നല്ല ഒരു ജോലി, നല്ല സാമ്പത്തിക ചുറ്റുപാടുകൾ ഇവയൊക്കെ – ജീവിതം സഫലമായി എന്ന് നാം ചിന്തിക്കുന്നു. അതുപോലെ മറ്റുള്ളവർ നമ്മെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞാൽ നമ്മുടെ ജീവിതം വിലയുള്ളതാകണമെന്നില്ല. നമ്മുടെ ബാഹ്യമായ പ്രവൃത്തികളും പെരുമാറ്റങ്ങളും കണ്ടുകൊണ്ടാണ് മറ്റുള്ളവർ നമ്മെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നത്. അതുകൊണ്ട് ബാഹ്യമായ ഇവയിലൊന്നുമല്ല ജീവിതത്തിന്റെ സാഫല്യം ഉൾക്കൊളളുന്നത്.
ജീവിതം സഫലമാകാൻ
നമ്മുടെ ഉള്ളിൽ എന്താണ് ഉള്ളത് എന്നതാണ് നമ്മുടെ ജീവിതത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത്. ഹൃദയങ്ങളെ പരിശോധിക്കുന്നവനും ഹൃദയവിചാരങ്ങളെപ്പോലും അറിയുന്നവനുമായ ദൈവത്തിന്റെ മുൻപിൽ നിഷ്‌കളങ്കമായി നില്ക്കുവാൻ ആർക്ക് സാധിക്കുന്നുവോ ആ വ്യക്തിയാണ് യഥാർത്ഥ ജീവിതവിജയം നേടിയ ആൾ. നമ്മുടെ ഹൃദയം കുറ്റമറ്റതെങ്കിൽ എല്ലാവരും നമ്മെ കുറ്റപ്പെടുത്തിയാലും നാം വിഷമിക്കേണ്ട ആവശ്യമില്ല. നിഷ്‌കളങ്കരെ സംരക്ഷിക്കുന്ന കർത്താവായ ദൈവം യഥാകാലം നമ്മുടെ ജീവിതത്തിൽ ഇടപെടുകതന്നെ ചെയ്യും.
നമ്മുടെ ആന്തരിക വിശുദ്ധി നിലനിർത്തുവാനും വളർത്തുവാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടുന്നത് വ്യക്തിപരമായ പ്രാർത്ഥനയാണ്. എത്ര തിരക്കുണ്ടെങ്കിലും ദൈവസന്നിധിയിൽ ഇരിക്കുവാൻ നാം സമയം കണ്ടെത്തിയേ തീരൂ. ദൈവത്തിന്റെ പ്രകാശത്തിൽ നാം ഇരിക്കുമ്പോൾ, ആ പ്രകാശം നമ്മുടെ ആന്തരിക ജീവിതത്തെ പ്രകാശിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യും. നമ്മുടെ ജീവിതത്തിലെ എല്ലാ ബലഹീനതകളെയും ദൈവകരങ്ങളിൽ സമർപ്പിക്കുവാൻ സാധിക്കണം. ഒരു മകൻ അല്ലെങ്കിൽ മകൾ പിതാവിന്റെ അടുത്ത് എപ്രകാരം സ്വാതന്ത്ര്യം അനുഭവിക്കുന്നുവോ, ആ സ്വാതന്ത്ര്യം ദൈവപിതാവിന്റെ സന്നിധിയിൽ നമുക്ക് എടുക്കുവാൻ സാധിക്കും. മാത്രവുമല്ല നമ്മുടെ മനസിന്റെ വേദനകളും മറ്റുള്ളവരുടെ പെരുമാറ്റം വഴി ഉണ്ടാകുന്ന മുറിവുകളുമൊക്കെ സൗഖ്യത്തിനായി ദൈവപിതാവിന്റെ കരങ്ങളിലേക്ക് ഉയർത്തുമ്പോൾ വലിയൊരു ആനന്ദം ആ നിമിഷങ്ങളിൽ നമ്മുടെ മനസുകളിൽ നിറയും.
നാമോരോരുത്തരും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് വിശുദ്ധ ഗ്രന്ഥം ഓർമിപ്പിക്കുന്നു. നമ്മുടെ സത്തയെക്കുറിച്ചുള്ള അവബോധം നമ്മുടെ മനസുകളിൽ നിറയുന്നത് ഈ വ്യക്തിപരമായ സംഭാഷണത്തിന്റെ നിമിഷങ്ങളിലാണ്. യേശുവിന്റെ ജീവിതം തന്നെ ഇതിന് ഉദാത്തമായ മാതൃക നല്കുന്നുണ്ട്. പരസ്യജീവിതം ആരംഭിക്കുന്നതിന് മുൻപ് അവിടുന്ന് നാല്പത് ദിനരാത്രങ്ങൾ ഉപവസിച്ച് പ്രാർത്ഥിച്ചു. ‘യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്ക് മടങ്ങിപ്പോയി’ എന്ന് സുവിശേഷങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. വ്യക്തിപരമായ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ നമ്മുടെ ആത്മാവ് ജ്വലിക്കുകയും നാം ദൈവസ്വഭാവമുള്ളവരായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ലോകത്തെ ശക്തമായി സ്വാധീനിക്കുകയും ദൈവത്തിന്റെ പ്രതിനിധികളായി അത്ഭുതങ്ങൾ ചെയ്യുകയും ചെയ്തവരൊക്കെയും ഈ ശക്തി ദൈവത്തിൽനിന്ന് സ്വീകരിച്ചവരാണ്. ലോകത്തെ കീഴ്‌മേൽ മറിക്കുവാനുള്ള അഭൗമികശക്തി ഉന്നതത്തിൽനിന്ന് കരസ്ഥമാക്കിയവരാണ് അവർ.
അഹങ്കാരികളായ വ്യക്തികൾക്ക് ദൈവസന്നിധിയിൽ ആയിരിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുകയില്ല. അതിനാൽ അവർ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യം നല്കുന്നില്ല. എന്നാൽ, എനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണെന്നും ദൈവത്തെക്കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ലെന്നും ബോധ്യമുള്ള വ്യക്തിയാണ് യഥാർത്ഥ എളിമയുള്ള വ്യക്തി. അങ്ങനെയുള്ളവർ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് കൂടുതൽ സമയം കണ്ടെത്തുന്നു. യേശുവിന്റെ വാക്കുകൾ അക്ഷരംപ്രതി അവർ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ”എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹ. 15:5). യേശുവിന്റെ കൃപ ലഭിക്കാതെ ചില കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്നോ ചെറിയ കാര്യങ്ങളൊക്കെ ചെയ്യുവാൻ സാധിക്കുമെന്നോ അവിടുന്ന് പറഞ്ഞിട്ടില്ല. നമ്മൾ പലപ്പോഴും വലിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് കൂടുതൽ പ്രാർത്ഥിക്കുന്നത്. എന്നാൽ, ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ നിറവേറ്റുവാൻ ദൈവത്തിൽനിന്ന് ശക്തി നാം നിരന്തരമായി സ്വീകരിച്ചേ മതിയാകൂ.
ദൈവികസ്വഭാവത്തിൽ പങ്കുചേരാം
നമ്മളിൽ എളിമയുടെ മനോഭാവം വളർത്തുവാനുള്ള മറ്റൊരു മാർഗത്തെക്കുറിച്ചും പരിശുദ്ധ പിതാവ് സൂചിപ്പിക്കുന്നുണ്ട്. അത് ഉപവാസമാണ്. സാധാരണ രീതിയിലുള്ള ഒരു ഔപചാരികമായ ഉപവാസം അനുഷ്ഠിക്കുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നാം ചില സമയങ്ങളിൽ ഭക്ഷണം പൂർണമായി ഉപേക്ഷിക്കുകയോ ചില ഭക്ഷണസാധനങ്ങൾ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുമ്പോൾ ‘നാം മോശക്കാരല്ല, അത്യാവശ്യം പുണ്യമുള്ളവരാണ്’ എന്ന അഹങ്കാരചിന്ത ഉണ്ടാകുന്നു. അത് അപകടകരമാണ്. നമ്മുടെ ഉപവാസം ഫലപ്രദമാകണമെങ്കിൽ അതുകൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം ഉണ്ടാകണം. ഒരു നല്ല സമറായക്കാരനായി നാം മാറണം എന്നർത്ഥം. പ്രാർത്ഥിക്കുന്നവരിലും ഉപവാസം അനുഷ്ഠിക്കുന്നവരിലുമൊക്കെയുണ്ടാകാവുന്ന ഒരു വലിയ അപകടസാധ്യത അവർ ഉൾവലിഞ്ഞ് തങ്ങളുടെ ഭക്തകൃത്യങ്ങളിലേക്ക് മാത്രം ശ്രദ്ധിക്കുന്നു എന്നതാണ്. ഭക്തകാര്യങ്ങൾ അനുഷ്ഠിക്കുന്ന തിരക്കിൽ വഴിയോരത്ത് മുറിവേറ്റ് കിടക്കുന്നവനെ കാണാൻ സാധിക്കാതെ പോകുന്നു. അതുകൊണ്ടാണല്ലോ പുരോഹിതനും ലേവായനും മുറിവേറ്റു കിടന്ന മനുഷ്യനെ കണ്ടിട്ടും കാണാതെ പോയത്. നമ്മുടെ ഉപവാസം നമ്മുടെ ഹൃദയങ്ങളെ കൂടുതൽ വിശാലമാക്കണം. വിശുദ്ധ ഗ്രന്ഥം ഇത് നമ്മെ ഓർമിപ്പിക്കുന്നു: ”വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?” (ഏശയ്യാ 58:7).
ഇത്തരത്തിലുള്ള ഉപവാസം ദാനധർമത്തിലേക്കാണ് നമ്മെ നയിക്കേണ്ടത്. ആത്യന്തികമായി നമ്മുടെ ജീവിതത്തിന്റെ വില കർത്താവ് നിർണയിക്കുന്നത് എങ്ങനെയെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ 25-ാം അധ്യായത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. പാവപ്പെട്ടവന് കൊടുത്തത് കർത്താവിന് കൊടുത്തതായിട്ടാണ് അവിടുന്ന് പരിഗണിക്കുന്നത്. അങ്ങനെ കൊടുക്കാതിരിക്കുന്നവർ കർത്താവിനെ അവഗണിച്ചതായി കണക്കാക്കുമെന്നും അവിടുന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നമ്മുടെ ആത്മരക്ഷയെത്തന്നെ ബാധിക്കുന്ന ഇക്കാര്യം ഒരു കാരണവശാലും നമുക്ക് അവഗണിക്കുവാൻ സാധിക്കുകയില്ല. എല്ലാം കൂട്ടിവയ്ക്കാനുള്ള മനുഷ്യന്റെ സഹജമായ സ്വാർത്ഥസ്വഭാവത്തെ തകർക്കുവാനും ദാനധർമം സഹായിക്കുന്നു. നാം സഹായിക്കുന്നത് നമ്മുടെ സ്‌നേഹിതരെയോ ബന്ധുക്കളെയോ ആയിരിക്കുകയില്ല. ഒരുപക്ഷേ, നമുക്ക് ഒരു പരിചയവും ഇല്ലാത്ത വ്യക്തിയെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തിയുമായി നമ്മുടെ സമ്പത്ത് പങ്കുവയ്ക്കുമ്പോൾ നാം ദൈവികസ്വഭാവത്തിൽ പങ്കുചേരുന്നു. ദൈവം അങ്ങനെയാണല്ലോ ചെയ്യുന്നത്. നമുക്ക് അർഹതയില്ലാതിരുന്നിട്ടും പാപംവഴി ദൈവത്തെ വേദനിപ്പിച്ചിട്ടും അവിടുന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഈ ദൈവികമനോഭാവത്തോടെ നാം പങ്കുവയ്ക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെ ആന്തരികമൂല്യം വർധിക്കുന്നു. നാം കർത്താവിന് പ്രിയപ്പെട്ടവരായി മാറുകയും ചെയ്യുന്നു. മാത്രവുമല്ല, അതൊരു പാപപരിഹാരപ്രവൃത്തി കൂടിയാണ്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: ”ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമം പാപത്തിന് പരിഹാരമാണ്” (പ്രഭാ. 3:30).
ഇപ്രകാരം ദൈവസന്നിധിയിൽ ആന്തരികശക്തിയുള്ളവരായി രൂപാന്തരപ്പെടുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം:
”സ്‌നേഹപിതാവായ ദൈവമേ, അങ്ങയുടെ മുൻപിൽ നില്ക്കുവാൻ കഴിയുന്ന രീതിയിൽ എന്നെ രൂപാന്തരപ്പെടുത്തണമേ. എനിക്ക് ആന്തരിക കരുത്ത് നല്കണമേ. വ്യക്തിപരമായ പ്രാർത്ഥനയിൽ അങ്ങയുടെ സ്വഭാവത്തിൽ പങ്കുചേരുവാൻ എന്നെ അനുവദിച്ചാലും. അങ്ങയുടെ ജ്വാല എന്റെ മനസിനെ ജ്വലിപ്പിക്കട്ടെ. മറ്റുള്ളവരിലേക്ക് തിരിയുന്ന വിധത്തിൽ എന്റെ ചിന്തകളെ പ്രത്യേകമായി ക്രമീകരിക്കണമേ. ഈ ലോകത്തിൽ അങ്ങയുടെ പ്രകാശമായിത്തീരുവാൻ എന്നെ അനുഗ്രഹിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ നിയോഗത്തിനായി എനിക്കുവേണ്ടി ഇപ്പോൾ പ്രാർത്ഥിക്കണമേ- ആമ്മേൻ.”
കെ.ജെ. മാത്യു