നാളുകളായി മനസിൽ കൊണ്ടുനടന്ന ചോദ്യത്തിന്
ഉത്തരം ലഭിക്കുന്നത് എത്ര സന്തോഷകരമാണ്!
ജറെമിയാ പ്രവാചകന്റെ പുസ്ത കം 29:11-ൽ ഇപ്രകാരം പറ യുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” എന്നെക്കുറിച്ചുള്ള കർത്താവിന്റെ പദ്ധതിയെന്തായിരിക്കും? വർഷങ്ങളായി ഞാൻ മനസിൽ കൊണ്ടുനടന്നിരുന്ന ഈ ചോദ്യം ഈ വചനം വായിക്കുമ്പോഴും കേൾക്കുമ്പോഴും ഞാൻ എന്നോടുതന്നെ ചോദിക്കും. വലിയ കഴിവുകളൊന്നും ഇല്ലാത്ത ഒരു സാധാരണ കുടുംബിനി. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ട ഒരു സാധാരണ ജോലിക്കാരി, ഭാര്യ, അമ്മ.
എന്റെ വിവാഹം നടന്നതും മൂന്ന് മക്കൾ ജനിച്ചതും കുടുംബമായി താമസിക്കവേ ഒരുപാട് ധ്യാനഗുരുക്കൾക്ക് വീട്ടിൽ ആതിഥേയം നല്കാൻ സാധിച്ചതുമെല്ലാം എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഭൂകമ്പം നാശം വിതച്ച മൂന്നാം ലോകരാജ്യമായ ഹെയ്തിയിൽവച്ചുണ്ടായ ഒരു അനുഭവത്തിലൂടെയാണ്.
ജീസസ് യൂത്ത് സംഘടനയിലെ അംഗങ്ങളുടെ കൂടെ ഹെയ്തിയിൽ ഒരാഴ്ച മിഷൻ പ്രവർത്തനത്തിനു പോകുവാൻ ദൈവം അവസരം ഒരുക്കിത്തന്നു. മറക്കാനാവാത്ത ഒരുപിടി അനുഭവങ്ങളുടെ ആഴ്ച. വാഴ്ത്തപ്പെട്ട മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി പ്രവർത്തിക്കുന്ന ഒരു മിഷൻ പ്രദേശത്ത് ഒരു ദിവസം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഞങ്ങൾ പത്ത് പേർ അടങ്ങുന്ന ഒരു സംഘം എത്തിയത് ഏതാണ്ട് ഉച്ചസമയത്ത് ആയിരുന്നു. അവിടത്തെ ശുശ്രൂഷകർക്ക് നേരത്തേതന്നെ ഞങ്ങളുടെ സന്ദർശനത്തെക്കുറിച്ച് അറിയാമായിരുന്നു. അതിനാൽ ഞങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അവർ പറഞ്ഞുതന്നു. നിശ്ചിതസ്ഥലങ്ങളിലേക്ക് അവർ ഞങ്ങളെ നയിച്ചു. എനിക്ക് കിട്ടിയത് ഏകദേശം ഒന്നിനും രണ്ടിനും ഇടയ്ക്ക് പ്രായം വരുന്ന കുട്ടികളെ കിടത്തിയിരുന്ന മുറിയാണ്. ജോലിക്കാർ കുട്ടികളുടെ ഉച്ചഭക്ഷണം തയാറാക്കിയിട്ട് പറഞ്ഞു കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ. നാല് വരികളിലായി നാല് കുട്ടികള വീതം ചെറിയ തൊട്ടിലുകളിലാണ് കിടത്തിയിരുന്നത്. ഒരു പിടി ചോറും ഒരു പിടി പയറും ഒരു സ്പൂൺ മീറ്റ് സോസും ചേർത്ത ഒരു സൂപ്പാണ് അവർക്ക് ഉച്ചഭക്ഷണമായി നല്കുന്നത്. എനിക്കു തന്ന വരിയിലെ ആദ്യത്തെ കുട്ടിയെ ഞാനെടുത്ത് മടിയിൽ ഇരുത്തി സൂപ്പ് കോരി കൊടുക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി. എത്ര സന്തോഷത്തോടെ ആ കുട്ടി വാ പൊളിച്ചു രുചിയോടെ കഴിക്കുന്നു. ഒരു കപ്പ് വെള്ളവും കൊടുത്ത് ആ കുട്ടിയെ കിടത്തി. രണ്ടാമത്തെ കുട്ടി അതിന്റെ ഊഴവും കാത്തുനില്ക്കുന്നു. ആ കുഞ്ഞിനെയും എടുത്ത് കണ്ണുനീരോടെ സൂപ്പ് കോരി കൊടുത്തു. മൂന്നാമ ത്തെ കുട്ടി കൈയും നീട്ടി നില്ക്കുന്നതു കണ്ടപ്പോൾ എനിക്ക് സഹിക്കാൻ സാധിക്കാതെ വിതുമ്പിക്കരഞ്ഞു ആ കുട്ടിയെ, കൂടെ ഉണ്ടായിരുന്ന സിസ്റ്ററിനെ ഏല്പിച്ചിട്ട് പുറത്തുപോയി. അടുത്ത മുറിയിൽ ഞങ്ങളുടെ കൂടെയുള്ള അച്ചനും മറ്റു രണ്ടുപേരും ഇതിലും ചെറിയ കുഞ്ഞുങ്ങളെ കുപ്പിയിൽ പാൽ കുടിപ്പിക്കുന്നു. ഹൃദയം പൊട്ടുന്നതുപോലെയുള്ള ഒരു അനുഭവം. ഞാൻ വെളിയിൽ വന്നപ്പോൾ മാലാഖയെപ്പോലെ ചിരിച്ചുകൊണ്ട് സുന്ദരിയായ ഒരു സിസ്റ്റർ നില്ക്കുന്നു.
ഞാൻ ആ സിസ്റ്ററിനെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. എന്റെ കരച്ചിൽ കണ്ടാവണം ആ സിസ്റ്റർ എന്റെ വീട്ടുവിശേഷങ്ങൾ ചോദിക്കാൻ ആരംഭിച്ചു. ഞാൻ ഫ്‌ളോറിഡായിൽനിന്നുമാണെന്നും അമേരിക്കയിൽ എത്തിയിട്ട് വർഷങ്ങളായി എന്നുമൊക്കെ പറഞ്ഞു. ഭർത്താവും മൂന്ന് മക്കളുമുണ്ട് എന്നു പറഞ്ഞപ്പോൾ അവരൊക്കെ എന്തു ചെയ്യുന്നുവെന്ന് ചോദിച്ചു. മറുപടി പറയുമ്പോൾ മൂത്ത മകൻ അമേരിക്കയിൽ വൈദിക പഠനം നടത്തുന്നുവെന്ന് കേട്ടതേ ആ സിസ്റ്റർ എന്റെ മുമ്പിൽ കൈകൂപ്പി. ”എല്ലാവർക്കും എല്ലാ ജോലിയും ചെയ്യാൻ സാധിക്കില്ല. ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുന്നത് ദിവസവും സ്വീകരിക്കുന്ന വിശുദ്ധ കുർബാനയിലൂടെയാണ്. വൈദികർ ഉണ്ടായാൽമാത്രമേ വിശുദ്ധ കുർബാന, കൂദാശകൾ ഉള്ളൂ. കത്തോലിക്കാസഭതന്നെ നിലനില്ക്കുകയുള്ളൂ. ആ മകനെ ദൈവവേലക്കായി സന്തോഷത്തോടെ പറഞ്ഞുവിട്ടതിനും പ്രാർത്ഥിക്കുന്നതിനും അവനെ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി”. മനസ് നിറഞ്ഞതുപോലെ എനിക്കപ്പോൾ തോന്നി. ഉള്ളിൽ കൊണ്ടുനടന്നിരുന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുന്നു. വളരെ സന്തോഷത്തോടെയാണ് ഞാൻ അവിടെനിന്ന് പോന്നത്. അതെ, ഇതാണ് എന്നെക്കുറിച്ചുള്ള പദ്ധതി. ഈശോയോട് യെസ് പറഞ്ഞ മക്കളെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുക, പ്രാർത്ഥിക്കുക. ദൈവവേലയ്ക്കായി കുട്ടികളെ കൊടുക്കുവാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുക.
അനേകം സുവിശേഷകർക്ക് ഞങ്ങളുടെ വീട്ടിൽ ആതിഥേയം നല്കാൻ സാധിച്ചത് വലിയൊരനുഗ്രഹമായി എന്നും ഞാനപ്പോൾ ഓർത്തു. മൂത്ത മകന്റെ മുറിയിൽ താമസിച്ച ഒരു സുവിശേഷകൻ അവിടെ ഒരു ഇംഗ്ലീഷ് പു സ്തകം യാദൃച്ഛികമായി മറന്നുവച്ചു. അത് വായിച്ചാണ് മകൻ സെമിനാരിയിൽച്ചേർന്ന് വൈദികനാകാൻ തീരുമാനിച്ചത്. കർത്താവിന്റെ വഴികൾ എത്ര മനോഹരമാണെന്ന് ചിന്തിക്കാൻ ഓർമകൾ എന്നെ പ്രേരിപ്പിച്ചു. ബാലനായ സാമുവലിനെ ദേവാലയത്തിൽ സമർപ്പിച്ചതിനുശേഷം വളരെ സന്തോഷത്തോ ടെ ഹന്നാ പ്രാർത്ഥിച്ചതുപോലെ ഞാ നും പ്രാർത്ഥിക്കുന്നു- ”എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു. എന്റെ ശിരസ് കർത്താവിൽ ഉയർന്നിരിക്കുന്നു” (1 സാമു. 2:1).
വിമലാ ഫിലിപ്പ്, ടാമ്പ