വെൺമയോടെ ദൈവസന്നിധിയിൽ

ശുദ്ധതയിൽ ചരിക്കാനും ജീവിക്കാനും റൊങ്കാളി എന്നും സഹായം തേടിയിരുന്നത് പരിശുദ്ധ മറിയത്തോടായിരുന്നു. കന്യകകളുടെ രാജ്ഞിയോട് അപാരമായ സ്‌നേഹത്താൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ത്രികാലജപത്തിലെ ഓരോ നന്മനിറഞ്ഞ മറിയവും കൊന്തയിലെ ആദ്യദശകവും തന്റെ വിശുദ്ധിക്കുവേണ്ടിയാണ് റൊങ്കാളി സമർപ്പിച്ചിരുന്നത്. ഒപ്പം വിശുദ്ധാത്മാക്കളായ അലോഷ്യസ് ഗോൺസാഗ, സ്റ്റാനിസ്ലാവോസ് കോസ്‌ക്ക, ജോൺ ബർക്ക്മാൻസ് എന്നിവരുടെയും മാധ്യസ്ഥം തേടി. വീരോചിതമായ പുണ്യങ്ങളിലൂടെയും ശുദ്ധത, വിശുദ്ധി എന്നിവയിലൂടെയും എങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാമെന്ന് ലോകത്തെ കാണിച്ചുകൊടുത്ത വിശുദ്ധരായിരുന്നു ഇവർ. തന്റെ പ്രത്യേക സംരക്ഷകർ എന്നാണ് റൊങ്കാളി ഇവരെ വിശേഷിപ്പിച്ചത്. ഇവരുടെ വിശുദ്ധി ജീവിതത്തിൽ അനുകരിക്കാനും അത് സ്വജീവിതത്തിൽ പകർത്താനുമാണ് റൊങ്കാളി ശ്രമിച്ചത്.

എങ്കിലും ശുദ്ധതയെന്ന പുണ്യം ദൈവത്തിന്റെ കൃപയാണെന്ന് തന്നെയായിരുന്നു റൊങ്കാളിയുടെ വിശ്വാസം. ദൈവത്തിന്റെ സമ്മാനമെന്നോണമാണ് അത് വ്യക്തികൾക്ക് ലഭിക്കുന്നത്. ഈ കൃപ ഇല്ലാതെവരുമ്പോൾ ഒരാൾ അശക്തനാകുന്നു. തന്നിൽതന്നെ ആശങ്കിതനാകുന്നു. അതുകൊണ്ട് ദൈവത്തിലും ഏറ്റവും വിശുദ്ധയായ പരിശുദ്ധ കന്യാമറിയത്തിലും അടർത്തിമാറ്റാനാവാത്ത സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബലമെന്നോണം റൊങ്കാളി അള്ളിപ്പിടിച്ചു. ഏറ്റവും വലിയ നിലവിളിപോലെ മുട്ടുകുത്തിനിന്ന് ദൈവത്തോട് പ്രാർത്ഥിച്ചു, എന്നെ ശുദ്ധതയിൽ പൊതിഞ്ഞുപിടിക്കണമേയെന്ന്…

ശുദ്ധത എന്ന പുണ്യത്തിൽ ഒരാളെ ചേർത്തുനിർത്തുന്ന പ്രധാനഘടകം ദിവ്യകാരുണ്യസ്വീകരണമാണെന്നും റൊങ്കാളി അറിഞ്ഞിരുന്നു. ദിവ്യകാരുണ്യം പുണ്യത്തിലേക്ക് ഒരാളെ അടുപ്പിച്ചുനിർത്തുന്നു. കാരണം ദിവ്യകാരുണ്യം സക്കറിയായുടെ പുസ്തകം 9 : 17-ൽ പറയുന്നതുപോലെ, ‘അത് എത്ര ശ്രേഷ്ഠവും സുന്ദരവുമായിരിക്കും. അപ്പോൾ ധാന്യം യുവാക്കളെയും പുതുവീഞ്ഞ് യുവതികളെയും പുഷ്ടിപ്പെടുത്തുമെന്ന്’ റൊങ്കാളി അനുഭവം കൊണ്ട് അറിഞ്ഞിരുന്നു. ദിവ്യകാരുണ്യസ്വീകരണസമയത്ത് തന്നെ പ്രത്യേകമായി ഓർമിക്കണമേയെന്ന് അദ്ദേഹം സെമിനാരി വിദ്യാർത്ഥിയായിരുന്നപ്പോൾ വീട്ടിലേക്കുള്ള കത്തിൽ എഴുതുന്നുണ്ട്.

റൊങ്കാളിയുടെ മറ്റൊരു മധ്യസ്ഥനായിരുന്നു വിശുദ്ധ ജോസഫ്. കന്യാമേരിയുടെ വിരക്തഭർത്താവേ വിശുദ്ധ യൗസേപ്പേ എന്നെ സഹായിക്കണമേ എന്ന പ്രാർത്ഥന ഒരു നെടുവീർപ്പുപോലെ റൊങ്കാളിയിൽ നിന്ന് ഉതിർന്നിരുന്നു. ഒമ്പതാം പിയൂസ് പാപ്പ രചിച്ച കന്യകകളുടെ സംരക്ഷകൻ എന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ദിവസത്തിൽ രണ്ടുതവണ റൊങ്കാളി പ്രാർത്ഥിച്ചിരുന്നു.

ജീവിതത്തിൽ സഹിക്കേണ്ടിവരുന്ന വേദനകൾ സ്വന്തം വിചാരങ്ങളുടെ വിശുദ്ധീകരണത്തിനായി, തന്റെ ആത്മവിശുദ്ധീകരണത്തിനായി അദ്ദേഹം നീക്കിവച്ചിരുന്നു. മറ്റൊന്നായിരുന്നു കണ്ണടക്കം. കണ്ണ് ശരീരത്തിന്റെ വിളക്കാണ് എന്ന ക്രിസ്തുവചനം റൊങ്കാളി ആത്മാവിലേക്കാണ് ഏറ്റുവാങ്ങിയത്. ആത്മാക്കളുടെ മോഷ്ടാവാണ് കണ്ണ് എന്ന പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ വാക്കുകൾ റൊങ്കാളിയുടെ ആത്മീയപരിസരങ്ങളെ പ്രകാശിപ്പിച്ച ഒരു വിഷയമായിരുന്നു. അതുകൊണ്ടുതന്നെ സാധ്യമായ വിധത്തിൽ കണ്ണുകൾക്ക് പ്രലോഭനം വരുന്ന എല്ലാ അവസരങ്ങളെയും അദ്ദേഹം ഒഴിവാക്കിയിരുന്നു. കണ്ണുകൾകൊണ്ട് വിശുദ്ധിക്ക് എതിരായി വരുന്ന ഒരു പാപവും ചെയ്യരുതെന്ന് അദ്ദേഹം ഹൃദയഫലകങ്ങളിൽ എഴുതിവെച്ചിരുന്നു.

ആളുകൾ ഒരുമിച്ചു കൂടുന്ന വിരുന്നുകൾ, സമ്മേളനങ്ങൾ എന്നിവയിൽ നിന്നെല്ലാം താൻ വിട്ടുനിന്നിരുന്നതായി ജോൺ ആത്മകഥയിൽ സെമിനാരിജീവിതത്തിലെ ദിവസങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തിൽ പറയുന്നുണ്ട്. അതുപോലെ നഗരത്തിലൂടെ കടന്നുപോകുമ്പോൾ കാണപ്പെടുന്ന ചിത്രങ്ങൾ, ചിത്രീകരണങ്ങൾ, പോസ്റ്ററുകൾ എന്നിവ കണ്ണുകളെ വഴിതെറ്റിക്കാനിടയുണ്ടെന്ന തിരിച്ചറിവ് നല്കിയതാവട്ടെ പ്രഭാഷകന്റെ പുസ്തകം 9:7 വചനമായിരുന്നു, ”നഗരവീഥികളിൽ അങ്ങുമിങ്ങും നോക്കിനടക്കരുത്. ആളൊഴിഞ്ഞ കോണുകളിൽ അലയരുത്..”

ഒരു തരത്തിലുള്ള മനോഹരദൃശ്യത്തിലും കണ്ണുകളുടക്കാത്ത വ്യക്തിത്വമായിരുന്നു റൊങ്കാളിയുടേത്. നഗരങ്ങളിൽ മാത്രമല്ല പള്ളികളിൽ പോലും നോട്ടത്തിന്റെ നിയന്ത്രണം അദ്ദേഹം പാലിച്ചു. ഇത് മനുഷ്യരൂപങ്ങളിൽനിന്ന് അതായത് ജീവനുള്ളവയിൽനിന്ന് മാത്രമായിരുന്നില്ല കലാരൂപങ്ങളുടെ കാര്യത്തിൽവരെ അനുഷ്ഠിക്കുവാനും റൊങ്കാളി ശ്രദ്ധിച്ചു.

സന്മാർഗികതയ്ക്ക് വിരുദ്ധമായ പുസ്തകങ്ങൾ വായിച്ചില്ലെന്ന് മാത്രമല്ല അവ കൈകൊണ്ടുപോലും തൊടാനും അറച്ചിരുന്നു. സംസാരത്തിൽ പുലർത്തിപോന്ന മാന്യതയായിരുന്നു മറ്റൊരു സവിശേഷത. നിരുപദ്രവകരമെന്ന് നമുക്ക് തോന്നാവുന്ന, അന്തസ്സാരശൂന്യമായ സംസാരങ്ങളും ആർക്കും പ്രയോജനപ്പെടാത്ത ഫലിതങ്ങളും അല്ലെങ്കിൽ പ്രേമപുരസരമായ വാക്കുകളും തന്റെ സാന്നിധ്യത്തിൽ ആരെങ്കിലും പറയുന്നത് കേട്ടാൽ റൊങ്കാളി അസ്വസഥനാകുമായിരുന്നു എന്നുമാത്രമല്ല കർശനമായി അവയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള കലാരൂപങ്ങളെപോലും തന്റെ ജീവിതത്തിന്റെ പടിക്കുപുറത്താണ് റൊങ്കാളിവെച്ചത്.

സ്ത്രീയായിരുന്നു മറ്റൊരു വിഷയം. ”കന്യകയുടെമേൽ കണ്ണുവെക്കരുത്. നീ കാലിടറിവീഴും പരിഹാരം ചെയ്യേണ്ടിയും വരു”മെന്നുള്ള പ്രഭാഷകവചന(9:5)മാണ് ഇക്കാര്യത്തിൽ റൊങ്കാളി പിന്തുടർന്നത്. അടുത്തുപരിചയമുള്ള സ്ത്രീകളുടെ സൗഹൃദമോ അവരുമായുള്ള സംഭാഷണമോ ഒഴിവാക്കി. പ്രത്യേകിച്ച് സ്ത്രീകൾ യുവതികളാണെങ്കിൽ… സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ അദ്ദേഹം മടിച്ചിരുന്നു. ഇനി അത്യാവശ്യസന്ദർഭങ്ങളിലോ ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിലോ സ്ത്രീകളുമായി സംസാരിക്കേണ്ടിവന്നാൽ അത് ഹ്രസ്വവും കാര്യമാത്രപ്രസക്തവും വിവേകപൂർവവുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഭക്ഷണമേശയ്ക്കലിരിക്കുമ്പോൾ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾപോലും മാന്യതയുടെ ആന്തരികത പ്രകടമാക്കുന്നതായിരുന്നു റൊങ്കാളിയുടെ ചെയ്തികൾ. അപ്പോഴൊക്കെ സൗമ്യതയോടെ, മാന്യതയോടെ ഇടപെടാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾപോലും ചിന്തകൾ വഴിതെറ്റാതിരിക്കാൻ കഴുത്തിൽ ജപമാല അണിയും, കരങ്ങളിൽ പിടിച്ച ക്രൂശിതരൂപം നെഞ്ചോട് ചേർത്തുവയ്ക്കും. ഇതേ അവസ്ഥയിൽ തന്നെയായിരുന്നു പ്രഭാതത്തിൽ ഉറക്കമുണർന്നിരുന്നതും. ഒരു മാലാഖയെപ്പോലെ താൻ വിശുദ്ധിയുള്ളവനായിരിക്കണം എന്ന ചിന്തയും ആഗ്രഹവുമാണ് റൊങ്കാളിയെ ഇതിലേക്ക് നയിച്ചത്. അത് മറ്റാരെയും കാണിക്കാനോ ആരുടെയും കൈയടിയോ പ്രശംസയോ നേടാൻ ആയിരുന്നുമില്ല. ഈ വഴിയേ സഞ്ചരിക്കാൻ പ്രേരണ നല്കിയതാവട്ടെ പ്രിയ വിശുദ്ധരായ അലോഷ്യസ് ഗോൺസാഗയും ജോൺ ബർക്ക്മാൻസും സ്റ്റാനിസ്ലാവോസും.

പ്രലോഭനങ്ങളെ നേരിടാൻ റൊങ്കാളിക്ക് കരുത്തുണ്ടായത് താനൊരിക്കലും തനിച്ചല്ല എന്ന ചിന്ത തന്നെയായിരുന്നു. തന്റെ കൂടെ ദൈവമുണ്ട്, പരിശുദ്ധ കന്യാമറിയമുണ്ട്, ഗബ്രിയേൽ മാലാഖയുണ്ട് ഈ വിശ്വാസം ഒരു കരുത്തായി റൊങ്കാളിയിൽ വേരുപിടിച്ചിട്ടുണ്ടായിരുന്നു. പാപത്തിന്റെ ഭീകരമുഖവുമായി നേരിടേണ്ടിവരുന്ന അപകടകരമായ സാഹചര്യമുണ്ടാകുമ്പോഴെല്ലാം ഗബ്രിയേൽ മാലാഖയുടെയും മാതാവിന്റെയും സഹായംതേടി. ”മാതാവേ അമലോത്ഭവമാതാവേ എന്നെ സഹായിക്കണേ.”

ചുരുക്കത്തിൽ ”ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ ജീവിതാന്തത്തെപ്പറ്റി ഓർക്കണം, എന്നാൽ നീ പാപം ചെയ്യുകയില്ല” എന്ന പ്രഭാഷകവചനം തന്നെയാണ് റൊങ്കാളിയെ ശരീരം നല്കുന്ന നൈമിഷികസുഖങ്ങളെ തൃണവൽഗണിക്കാനും കടൽത്തിരപോലെ വിഴുങ്ങാവുന്ന ആസക്തികൾക്ക് മുമ്പിൽ ശിരസ് കുനിക്കാതിരിക്കാനും കരുത്തുപകർന്നത്.

ഏതൊരു മനുഷ്യനും മരണത്തിന് മുമ്പിൽ പരിഭ്രമിച്ചുപോകുന്നത് അവൻ ചെയ്തുപോയ കർമ്മങ്ങൾക്ക് ദൈവം എന്തായിരിക്കാം പ്രതിഫലം നല്കാൻ പോകുന്നത് എന്ന വിചാരംകൊണ്ടുകൂടിയാണ്. ദുഷ്ടന്മാരെ തീനരകത്തിലേക്ക് തള്ളിവിടുന്ന ദൈവതീരുമാനം തനിക്കും ബാധകമായിരിക്കുമോ എന്ന ഭയത്താലാണ്. താൻ ചെയ്തവയിലെ തെറ്റും ശരിയും തനിക്ക് തന്നെ ബോധ്യം വരാത്തതുകൊണ്ടാണ്. എന്നാൽ അർബുദരോഗത്തിന്റെ തീവ്രവേദനയിൽ ചക്കിൽ മുന്തിരിപ്പഴം എന്നതുപോലെ പിഴിയപ്പെടുമ്പോളും മരണത്തെക്കുറിച്ച് പ്രസാദത്തോടെ ചിന്തിക്കുവാനും ശാന്തമായ് അതിലേക്ക് കടന്നുപോകാനും ജോൺ ഇരുപത്തിമൂന്നാമന് കരുത്ത് പകർന്നത് വിശുദ്ധിയെന്ന വെള്ളവസ്ത്രത്തിന്റെ സുരക്ഷിതത്വം തന്നെയായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ വിശുദ്ധിയുടെ വെള്ളവസ്ത്രത്തിന്മേൽ കറവീഴ്ത്താത്ത എത്രപേരുണ്ടാവും നമുക്കിടയിൽ? അന്തിമവിധിയിൽ നമ്മൾ നേരിടുന്ന ഏററവും വലിയ ചോദ്യവും നീ വിശുദ്ധിയെ എത്രമാത്രം ഗൗരവത്തോടെ കണക്കിലെടുത്തു എന്നുതന്നെയായിരിക്കില്ലേ?

(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘അവന്റെ പേര് യോഹന്നാൻ എന്നാണ്’ എന്ന പുസ്തകത്തിൽനിന്ന്)

വിനായക് നിർമ്മൽ

Leave a Reply

Your email address will not be published. Required fields are marked *