ഗലീലിയാ മുഴുവനും മുന്തിരിവിളവെടുപ്പിലാണ്. ഈശോ തടാകത്തിൽനിന്നു വളരെ അകലെയല്ലാത്ത ഒരു വലിയ കൃഷിത്തോട്ടത്തിലാണ്. തോട്ടമുടമകളായ വയോധികരായ ദമ്പതികൾ ഗുരുവിനെ കാത്തുനിന്നു സ്വീകരിക്കുന്നു. ഈശോ പ്രസംഗം തുടങ്ങിയ കാലങ്ങളിൽ അഭയം കൊടുത്ത ഒരു വീടാണത്.
ഈശോ ഒരു വലിയ ഗോവണിപ്പടി കയറി അതിന്റെ മുകളിലത്തെ പടിയിലിരിക്കുന്നു. മേരി വിനയത്താൽ സ്വമേധയാ അവിടേക്കു പോകുന്നില്ല. ഗൃഹനാഥ കൂട്ടിക്കൊണ്ടുപോയി അടുത്ത പടിയിലിരുത്തുന്നു. വീട്ടുടമകളും അപ്പസ്‌തോലന്മാരും മറ്റു പടികളിൽ സ്ഥാനംപിടിക്കുന്നു.
കുറച്ചുനേരം അവരോട് പ്രസംഗിച്ചശേഷം ഈശോ എഴുന്നേറ്റുനിന്ന് അവരെ അനുഗ്രഹിക്കുന്നു. ”കർത്താവു നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. അവന്റെ മുഖം നിങ്ങളിൽ പ്രകാശിക്കട്ടെ. കർത്താവിന്റെ നാമം നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലുമുണ്ടാകട്ടെ. വയലുകളിലുമുണ്ടാകട്ടെ.”
ആ സമയം ഒരു സ്ത്രീ പത്തുവയസ്സു പ്രായമുള്ള ഒരു കുട്ടിയെയുമെടുത്തുകൊണ്ടു വരുന്നു. എല്ലാവരും വഴിമാറി കൊടുക്കുന്നു. വീട്ടുടമ പറയുന്നു: ”ഇവൾ എന്റെ ഭൃത്യരിലൊരുവളാണ്. കഴിഞ്ഞ വർഷം ആ കുട്ടി മട്ടുപ്പാവിൽനിന്നു വീണു നടുവൊടിഞ്ഞു. ജീവിതകാലം മുഴുവൻ ഈ കിടപ്പുകിടക്കും.” ”അവർ അങ്ങയെ പ്രതീക്ഷിച്ചു കഴിയുകയായിരുന്നു.” ഗൃഹനാഥ കൂട്ടിച്ചേർത്തു.
”എന്റെ അടുത്തേക്കു വരാൻ പറയൂ.” കുട്ടിയെയുമെടുത്തു പടികയറാനുള്ള പ്രയാസം കണ്ട് അമ്മ മേരി അവളെ സഹായിക്കുന്നു. അവളുടെ തലയിൽ കൈവച്ചു ”സന്തോഷമായിരിക്കൂ” എന്നു മേരി പറയുന്നു. കുട്ടിയെ സ്വന്തം കൈകളിൽ വഹിച്ച്, ഈശോയുടെ പക്കലേക്കു നീട്ടുന്നു. നിനക്കെന്താണു വേണ്ടത്? ഇതുചെയ്യാൻ എനിക്കു കഴിയുമെന്നു നീ വിശ്വസിക്കുന്നുവോ, എന്നിങ്ങനെ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങളൊന്നും കൂടാതെ ഈശോ കുട്ടിയെ സുഖപ്പെടുത്തുന്നു. കുട്ടിയെ മാറോടണച്ച സ്ത്രീക്ക് എങ്ങനെ നന്ദിപറയണമെന്നറിഞ്ഞുകൂടാ. എല്ലാവർക്കും സന്തോഷം. ഈശോ വീട്ടുടമയോടു പറയുന്നു. അവൻ എന്റെ അമ്മയുടെ കരങ്ങളിലായിരുന്നതിനാൽ ഒരുവാക്കുപോലും ഉച്ചരിക്കാതെ ഞാനവനെ സുഖപ്പെടുത്തി. കാരണം, വേദന മാറ്റിക്കൊടുക്കാൻ കഴിയുമ്പോൾ എന്റെ അമ്മയ്ക്കു സന്തോഷമാണ്. അമ്മയ്ക്കു സന്തോഷമാകണമെന്നു ഞാനാഗ്രഹിക്കുന്നു.
(ദൈവമനുഷ്യന്റെ സ്‌നേഹഗീതയിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവം)