സ്‌നേഹത്തിന്റെ മുറിവ്

ഒരു ബട്ടൺ പിടിപ്പിക്കാനായി മകൻ ഷർട്ട് കൈയിലെടുത്തു. തൂവെള്ളനിറമുള്ള ഷർട്ട്. തുന്നൽപ്പണി വലിയ വശമില്ലാത്ത മകൻ ബട്ടൺ തുന്നുന്നത് കണ്ടപ്പോൾ അമ്മക്ക് സങ്കടം. കാഴ്ച മങ്ങിത്തുടങ്ങിയെങ്കിലും മകനോടുള്ള സ്‌നേഹം ആ ജോലി ഏറ്റെടുക്കാൻ അമ്മയെ പ്രേരിപ്പിച്ചു. എന്നാൽ തുന്നൽജോലിയ്ക്കിടയിൽ സൂചി കുത്തികയറി അമ്മയുടെ വിരലിൽനിന്ന് രക്തം ഒഴുകി.

ഷർട്ടിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന മകൻ നോക്കിയപ്പോൾ വെൺമയുള്ള ഷർട്ടിൽ രക്തം പുരളുന്നു. ബട്ടൺ ഒട്ടു പിടിപ്പിച്ചിരുന്നുമില്ല. ദേഷ്യം കയറി അമ്മയെ വഴക്ക് പറഞ്ഞ് ഷർട്ടും പിടിച്ചുവാങ്ങി മകൻ മാറിയകന്നു. ‘ഞാൻ തുന്നിത്തരാം’ എന്നു പറഞ്ഞ് അമ്മ പിറകെയും. എന്നാൽ മകൻ കൊടുത്തില്ല. അറിയാവുന്നതുപോലെ ബട്ടൺ സ്വയം തുന്നിപ്പിടിപ്പിച്ചു.

ആ സംഭവത്തെപ്പറ്റി പിന്നീട് ഒരു സംസാരവും ഉണ്ടായില്ല. വിരലിലെ മുറിവിനെക്കുറിച്ച് മകൻ ചോദിച്ചുമില്ല. പക്ഷേ, അമ്മയുടെ സ്‌നേഹത്തിനുണ്ടോ വല്ല കുറവും. പിന്നെയും മകന് ഇഷ്ടഭക്ഷണമൊരുക്കിയും അവന്റെ വിശേഷങ്ങൾ കേൾക്കാൻ കാതുകൂർപ്പിച്ചും അമ്മ അമ്മയായി തുടർന്നു.
”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല” (ഏശയ്യാ 49:15)

ബ്ര. ഷിബിൻ ആന്റണി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *