ആർക്കെല്ലാം പ്രാർത്ഥിക്കാം

രാജാക്കൻമാരുടെ രാജാവായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഏറ്റവും സ്വാതന്ത്ര്യത്തോടെ അണയാൻ നമുക്ക് എങ്ങനെ സാധിക്കും?

എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള അവകാശമുണ്ടോ? ദൈവം എല്ലാവരുടെയും പ്രാർത്ഥന ശ്രദ്ധിക്കുന്നുണ്ടോ? നാട്ടിലെ ഭരണാധികാരിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് എല്ലാവർക്കും പറയാൻ സാധിക്കില്ലെന്ന് നമുക്കറിയാം. എന്നാൽ ചില വ്യക്തികൾക്ക് അല്ലെങ്കിൽ കൂട്ടായ്മകൾക്ക് ശ്രേഷ്ഠന്റെയടുത്ത് പെട്ടെന്നെത്താൻ കഴിയും. പഴയ ലണ്ടൻ നഗരത്തിലെ കോർപറേഷന് എപ്പോൾവേണമെങ്കിലും രാജസന്നിധിയിൽ അപേക്ഷ സമർപ്പിക്കാനുള്ള അധികാരമുണ്ടായിരുന്നു. ഒരു വിദേശപ്രതിനിധിക്കും അങ്ങനെ ചെയ്യാൻ സാധിക്കും. രാജാക്കൻമാരുടെ കൊട്ടാരവാതില്ക്കൽ ഒന്നു നിന്നാൽമതി, പിന്നെ ഒരു ശക്തിക്കും, രാജാവിനും അദ്ദേഹത്തിനും ഇടക്ക് നില്ക്കാൻ സാധിക്കുകയില്ല. അദ്ദേഹത്തിന് ഉടനെതന്നെ രാജസന്നിധിയിലെത്താനും തന്റെ അപേക്ഷ സമർപ്പിക്കാനും കഴിയും. പക്ഷേ ഇവർക്കാർക്കും രാജാവിന്റെ സ്വന്തം പുത്രന്റെ അത്ര സ്വാതന്ത്ര്യവും സ്‌നേഹപൂർവകമായ സ്വാഗതവും ലഭിക്കുകയില്ല.

പക്ഷേ രാജാക്കൻമാരുടെ രാജാവുണ്ട്, – നമ്മുടെ പിതാവും ദൈവവുമായവൻ. ആർക്കൊക്കെ അവിടുത്തെ സമീപിക്കാം? ഈ അധികാരം – അതെ, ഈ ശക്തി, ആർക്കൊക്കെ ദൈവത്തോട് ഉപയോഗിക്കാം? എല്ലാവർക്കും പ്രാർത്ഥിക്കാം എന്ന് നിങ്ങൾ മറുപടി പറയുമായിരിക്കും. പക്ഷേ, തിരുവചനം അങ്ങനെ പറയുന്നില്ല. ഒരു ദൈവപൈതലിനുമാത്രമേ യഥാർത്ഥത്തിൽ പ്രാർത്ഥിക്കാൻ കഴിയുകയുള്ളൂ. ഒരു പുത്രനുമാത്രമേ അവിടുത്തെ സാന്നിധ്യത്തിലേക്ക് പ്രവേശിക്കാനാവൂ. ആർക്കും സഹായത്തിനായി- ക്ഷമക്കും കാരുണ്യത്തിനുംവേണ്ടി- അവിടുത്തോട് നിലവിളിക്കാമെന്നത് തെളിമയാർന്ന ഒരു സത്യമാണ്. പക്ഷേ അത് പ്രാർത്ഥനയല്ല. പ്രാർത്ഥന അതിലും വലിയ എന്തോ ഒന്ന് ആണ്. അത്യുന്നതന്റെ രഹസ്യസ്ഥലത്തേക്ക് പോകുന്നതും സർവശക്തന്റെ തണലിൽ കഴിയുന്നതുമാണ് (സങ്കീ. 91:1) പ്രാർത്ഥന. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ദൈവത്തെ അറിയിക്കുന്നതും അവിടുത്തെ സമ്മാനങ്ങൾ സ്വീകരിക്കാനായി കൈ തുറന്നു പിടിക്കുന്നതുമാണ് പ്രാർത്ഥന. നമ്മുടെയുള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലമായിട്ടാണ് പ്രാർത്ഥന ഉടലെടുക്കുന്നത്. അത് ദൈവത്തോടുള്ള സംസർഗമാണ്. നമുക്ക് നമ്മിൽത്തന്നെ പ്രാർത്ഥിക്കാൻ യോഗ്യതയൊന്നുമില്ല. കർത്താവായ യേശുക്രിസ്തുവഴിയാണ് നമുക്ക് ദൈവസന്നിധിയിലേക്ക് പ്രവേശിക്കാൻ കഴിയുക. (എഫേ. 3:18, 2: 12)
ചുഴിയിൽ താണുപോകുന്ന ഒരാളുടെ- ”കർത്താവേ, എന്നെ രക്ഷിക്കണേ! ഞാൻ നശിച്ചവനാണ്, ഞാൻ പരാജയപ്പെട്ടവനാണ്, എന്നെ വീണ്ടെടുക്കണേ, എന്നെ രക്ഷിക്കണേ!” എന്ന നിലവിളിയെക്കാൾ വലിയ ഒരു കാര്യമാണ് പ്രാർത്ഥന. ആർക്കുവേണമെങ്കിലും ഇത് ചെയ്യാം പക്ഷേ അത് പ്രാർത്ഥനയല്ല, അപേക്ഷയാണ്. എന്നാൽ ഒരാൾ ആത്മാർത്ഥമായിട്ടാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അതിന് ഉത്തരം ലഭിക്കാൻ കാലതാമസം വരികയില്ല. പക്ഷേ തിരുവചനത്തിന്റെ വെളിച്ചത്തിൽ അതല്ല പ്രാർത്ഥന. സിംഹങ്ങൾപോലും അവരുടെ ഇരയുടെ പിന്നാലെ ഓടിയിട്ട്, ദൈവത്തോട് തങ്ങൾക്ക് മാംസം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അത് പ്രാർത്ഥനയല്ല.
പ്രാർത്ഥന ഒരു ദൈവപൈതലിന്റെ അവകാശമാണ്. ദൈവമക്കൾക്ക് മാത്രമേ തന്നെ സ്‌നേഹിക്കുന്നവർക്കായി ദൈവം ഒരുക്കിയിരിക്കുന്നവയിൽനിന്ന് അവകാശത്തോടെ ചോദിച്ചുവാങ്ങാൻ സാധിക്കുകയുള്ളൂ. നാം പ്രാർത്ഥനയിൽ ദൈവത്തെ ‘അപ്പാ’ എന്ന് വിളിക്കണമെന്ന് പഠിപ്പിച്ചുതന്നത് കർത്താവാണ്. മക്കൾക്കുമാത്രമേ ആ വാക്ക് ഉപയോഗിക്കാൻ സാധിക്കൂ. ”നിങ്ങൾ മക്കളായതുകൊണ്ട് ആബ്ബാ!- പിതാവേ! എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു” എന്ന് വിശുദ്ധ പൗലോസ് പറയുന്നത് അതുകൊണ്ടാണ്. ജോബിനെ ആശ്വസിപ്പിക്കാൻ എത്തിയ സ്‌നേഹിതരോട് സംസാരിക്കുമ്പോൾ ദൈവത്തിന്റെ മനസിലുണ്ടായിരുന്നത് ഇതാണ്. അവിടുന്ന് പറഞ്ഞു, ”എന്റെ ദാസനായ ജോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. ഞാൻ അവന്റെ പ്രാർത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല” (ജോബ് 42:8) പ്രാർത്ഥനയുടെ കാര്യത്തിൽ അവർ സ്വീകാര്യരല്ല എന്നുതോന്നും അത് കേൾക്കുമ്പോൾ. പക്ഷേ ഒരാൾ ദൈവമകനായിത്തീരുമ്പോൾ നിർബന്ധമായും പ്രാർത്ഥനയുടെ പാഠശാലയിൽ ചേരേണ്ടതുണ്ട്. ”അവൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്” (അപ്പ. പ്രവ. 9:11) എന്നാണ് മാനസാന്തരപ്പെട്ട ഉടനെ സാവൂളിനെക്കുറിച്ച് യേശു പറയുന്നത്. അതുവരെയും അദ്ദേഹം ജീവിതത്തിൽ അനേകം തവണ പ്രാർത്ഥനകൾ ചൊല്ലിയിട്ടുണ്ടെങ്കിലും. മാനസാന്തരപ്പെട്ട ഏതൊരാളും പ്രാർത്ഥിക്കാം എന്നല്ല, പ്രാർത്ഥിക്കണം. അവനവനുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും അവൻ പ്രാർത്ഥന ഉയർത്തണം. നമുക്ക് സത്യസന്ധമായി ദൈവത്തെ ”അപ്പാ” എന്ന് വിളിക്കാൻ സാധിക്കുന്നില്ലെങ്കിൽ മക്കളെപ്പോലെ- ”പുത്രൻ” ”ദൈവത്തിന്റെ അവകാശികൾ, ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികൾ” എന്ന നിലയിൽ അവകാശം ഉന്നയിക്കാൻ ഒരിക്കലും കഴിയുകയില്ല. ഇത് ക്ലേശകരമാണെന്ന് നിങ്ങൾ പറയുന്നുവോ? ഒരിക്കലുമല്ല, ഇത് തികച്ചും സ്വാഭാവികമാണ്. ഒരു പുത്രന് അവകാശങ്ങളുണ്ട്.

”ഓ ദൈവമേ, അങ്ങ് ഉണ്ടെങ്കിൽ”
എന്നാൽ, എന്തുകൊണ്ടാണ് ചിലർ പ്രാർത്ഥനയെ ഒരു വമ്പൻ പരാജയമായി കാണുന്നത് എന്നതിന് ഒരു വിശദീകരണമായി ചിലത് കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തെ നിഷേധിക്കുന്നവരുടെപോലും പ്രാർത്ഥന ദൈവം കേൾക്കുകയും ഉത്തരം നല്കുകയും ചെയ്യുന്നു. സൗഖ്യം തേടി യേശുവിന്റെ അടുത്തേക്കു വന്ന അനേകം അവിശ്വാസികളെക്കുറിച്ച് സുവിശേഷം പറയുന്നുണ്ട്, അവരിൽ ഒരാളെയും വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹം നല്കാതെ ക്രിസ്തു പറഞ്ഞയക്കുന്നില്ല. അവർ മക്കളായിട്ടല്ല യാചകരായിട്ടാണ് ചെന്നത് എങ്കിൽപ്പോലും.

അതിനാൽ ദൈവം ഇന്നും താത്കാലികമായ കരുണയ്ക്കുവേണ്ടിയുള്ള അവിശ്വാസികളുടെ നിലവിളി കേൾക്കുന്നു. ഒരു ഉദാഹരണം പറയാം. അവിശ്വാസിയായിരിക്കവേതന്നെ ഒരു വ്യക്തി ദേവാലയത്തിലെ ഗായകസംഘത്തിൽ പാടുന്നുണ്ടായിരുന്നു, സംഗീതം അദ്ദേഹത്തിന് വളരെ ഇഷ്ടമായതുകൊണ്ട്. അങ്ങനെയിരിക്കേ ഒരുനാൾ അദ്ദേഹത്തിന്റെ പിതാവ് ഗുരുതരമായി രോഗിയായി. കടുത്ത ശാരീരികവേദനകൾ ആ പിതാവിന് സഹിക്കേണ്ടിവന്നു. വേദനയ്ക്ക് ശമനം നല്കാൻ ഡോക്ടർ മാർക്കൊന്നും സാധിച്ചില്ല. ഈ സമയത്ത് തന്റെ പിതാവിനെക്കുറിച്ചുള്ള ഈ നൊമ്പരത്തോടെ അവിശ്വാസിയായ ആ ഗായകൻ മുട്ടിൻമേൽ വീണ് നിലവിളിച്ചു. ”ഓ ദൈവമേ, അങ്ങ് ഉണ്ടെങ്കിൽ, എന്റെ പിതാവിന്റെ വേദന എടുത്തുമാറ്റി അങ്ങയുടെ ശക്തി പ്രകടിപ്പിക്കുക!” അദ്ദേഹത്തിന്റെ ദയനീയമായ നിലവിളി ദൈവം കേട്ടു, ഉടനെതന്നെ വേദന എടുത്തുമാറ്റി. നിരീശ്വരവാദി ദൈവത്തെ സ്തുതിച്ചു, രക്ഷയുടെ വഴി കണ്ടെത്താൻ തന്റെ വികാരിയച്ചന്റെ അടുത്തേക്ക് ധൃതിയിൽ പോയി. ക്രിസ്തുവിനുവേണ്ടി അദ്ദേഹം പുറത്തിറങ്ങി, താൻ പുതുതായി കണ്ടെത്തിയ രക്ഷകനുവേണ്ടി മുഴുവൻ സമയവും മാറ്റിവച്ചു. അതെ, അവിടുന്ന് നല്കിയ വാഗ്ദാനങ്ങളെക്കാൾ വലിയവനാണ് ദൈവം, നാം പ്രാർത്ഥിക്കാൻ തയാറാകുന്നതിനെക്കാൾ നമ്മെ കേൾക്കാൻ തയാറാണ് അവിടുന്ന്.

പക്ഷേ ഇതൊരിക്കലും ഒരാളെയും സ്വർഗരാജ്യത്തിന് പുറത്താക്കുന്നില്ല. ആർക്കും എവിടെവച്ചുവേണമെങ്കിലും നിലവിളിക്കാം, ”ദൈവമേ, പാപിയായ എന്നോട് കരുണയായിരിക്കേണമേ” ക്രിസ്തുവിന്റെ അജഗണത്തിൽ ചേരാത്തയാൾക്കും അവിടുത്തെ കുടുംബത്തിന് പുറത്താണെന്നു കരുതുന്നയാൾക്കും അയാൾ എത്ര നീചപാപിയാണെങ്കിലും അഥവാ എത്ര നല്ലവനാണെന്ന് സ്വയം കരുതുന്നുണ്ടെങ്കിലും ഇത് വായിക്കുന്ന നിമിഷം ദൈവപൈതലാകാൻ കഴിയും. വിശ്വാസത്തിൽ ക്രിസ്തുവിനെ ഒന്നു നോക്കിയാൽമാത്രം മതിയാകും. ”നോക്കുക, ജീവൻ പ്രാപിക്കുക”. കാണണമെന്നുപോലും അവിടുന്ന് പറയുന്നില്ല. അവിടുന്ന് പറയുന്നത് ഒന്നു നോക്കാൻ മാത്രമാണ്. നിങ്ങളുടെ മുഖം ദൈവത്തിലേക്ക് ഒന്നു തിരിക്കുക.

ഗലാത്തിയായിലെ ക്രൈസ്തവർ എങ്ങനെയാണ് ദൈവപുത്രരായിത്തീർന്നത്? ക്രിസ്തുവിലുള്ള വിശ്വാസത്താൽ. ”യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രൻമാരാണ്” (ഗലാ. 3: 26). ദത്തെടുക്കൽവഴി ഏതൊരാളെയും ദൈവം തന്റെ പുത്രനാക്കുന്നു. യഥാർത്ഥ പശ്ചാത്താപത്തോടെയും വിശ്വാസത്തോടെയും ഒരാൾ തന്നിലേക്ക് തിരിയുന്ന ഏതൊരു നിമിഷത്തെയും അവിടുന്ന് പ്രകാശിപ്പിക്കുകയും ചെയ്യുന്നു. നാം അവിടുത്തെ മക്കളല്ലെങ്കിൽ ദൈവപരിപാലനയ്ക്കുപോലും നമുക്ക് യഥാർത്ഥത്തിൽ അവകാശവാദം ഉന്നയിക്കാനാവില്ല. ആത്മവിശ്വാസത്തോടെയും ഉറപ്പോടെയും ”കർത്താവാണ് എന്റെ ഇടയൻ” എന്ന് പറയാൻ കഴിയുന്നില്ലെങ്കിൽ ”എനിക്കൊന്നിനും കുറവുണ്ടാവുകയില്ല” എന്ന് ധൈര്യത്തോടെ പറയാനും കഴിയുകയില്ല.

ഒരു കുഞ്ഞിന് തന്റെ പിതാവിന്റെ കരുതലും സ്‌നേഹവും സംരക്ഷണവും പരിപാലനയുമെല്ലാം സ്വീകരിക്കാൻ അർഹതയുണ്ട്. അങ്ങനെയെങ്കിൽ ഒരു കുടുംബത്തിലേക്ക് പിറന്നുവീഴുന്നതുവഴിമാത്രമേ ആ കുടുംബത്തിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. വീണ്ടും ജനിക്കുന്നതിലൂടെയാണ് നാം ദൈവത്തിന്റെ മക്കളായിത്തീരുന്നത്. ഉന്നതത്തിൽനിന്ന് ജനിക്കണം (യോഹ. 3:3, 5) കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ (യോഹ. 3:16).

(കടപ്പാട്: നീലിംഗ് ക്രിസ്ത്യൻ)

Leave a Reply

Your email address will not be published. Required fields are marked *