ഏതാനും വർഷങ്ങൾക്കുമുൻപ് എനിക്കൊരു കത്തുകിട്ടി. ബാംഗ്ലൂരിൽ നേഴ്‌സിംഗിന് പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടേതായിരുന്നു അത്. അവളുടെ പിതാവ് ചെറുപ്പത്തിലേ മരിച്ചുപോയി. അമ്മ കൂലിപ്പണിയെടുത്താണ് മകളെ വളർത്തിയത്. പ്രീഡിഗ്രി പഠനം കഴിഞ്ഞ് രണ്ടുവർഷം അവൾ ഒരു വീട്ടിൽ ജോലിക്ക് നിന്ന് കുറച്ച് പണമുണ്ടാക്കി. അമ്മ പണിയെടുത്ത് മിച്ചം വച്ചതും ഇവളുടെ സമ്പാദ്യവുമൊക്കെ ചേർത്തിട്ടും നേഴ്‌സിംഗ് പഠനത്തിനാവശ്യമായ തുക തികഞ്ഞില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ശാലോം വിദ്യാഭ്യാസ സഹായനിധിയെക്കുറിച്ച് അറിയാനിടയായത്. കഷ്ടപ്പാടിന്റെയും അനാഥത്വത്തിന്റെയും നടുവിലും പ്രത്യാശ കൈവിടാതെ പഠിച്ചുവളരണം എന്നാഗ്രഹിച്ച അവളെ ബി.എസ്.സി നേഴ്‌സിംഗ് പഠനം പൂർത്തിയാക്കുവാൻ സഹായിക്കുന്നതിനുള്ള ഭാഗ്യം അങ്ങനെ ശാലോമിന് കിട്ടി. ഈ പശ്ചാത്തലത്തിലാണ് ആ കുട്ടി എനിക്കൊരു കത്തെഴുതിയത്. ”ഇവിടെ എല്ലാ കുട്ടികളെയും വൈകുന്നേരങ്ങളിൽ അവരുടെ മാതാപിതാക്കൾ ഫോണിൽ വിളിക്കാറുണ്ട്. അതു കാണുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. കാരണം, എന്നെ ഫോണിൽ വിളിക്കാൻ ആരുമില്ല. എഴുത്തും വായനയും അറിയാത്ത എന്റെ അമ്മയ്ക്ക് ഫോൺ ചെയ്യാനറിയില്ല. വേറെ ആരും എന്നെ വിളിക്കാനില്ല താനും. ചിലപ്പോഴൊക്കെ കൂട്ടുകാരികളുടെ മുന്നിൽവച്ച് ഞാൻ ആരോടെങ്കിലും ഫോണിൽ സംസാരിക്കുന്നതായി അഭിനയിക്കും. എന്നെ വിളിക്കാൻ ആരുമില്ലല്ലോ എന്ന ചിന്ത പലപ്പോഴും മനസിനെ തളർത്തിക്കളയുന്നു.”
*** *** *** *** ***
മറ്റൊരിക്കൽ ഒരു പ്രശസ്ത സുവിശേഷ പ്രഘോഷക അവരുടെ ബാല്യകാലത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: എന്റെ വിഷമങ്ങൾ പറയാനോ എന്നെ കേൾക്കാനോ എനിക്കാരുമുണ്ടായിരുന്നില്ല. ഞാനതെല്ലാം പറഞ്ഞിരുന്നത് ഒരു മരത്തോടാണ്. ഏകാന്തത വരുമ്പോൾ ഞാൻ ആ മരത്തിന്റെ അടുത്തുചെന്ന് വർത്തമാനം പറയും. എന്റെ മരമേ, എനിക്കാരുമില്ല ഒന്നു മിണ്ടാൻ. അതുകൊണ്ട് നീയെന്റെ വിഷമങ്ങൾ കേൾക്കണം. മനസിലുള്ളതെല്ലാം പറഞ്ഞുകഴിയുമ്പോൾ ഉള്ളിലൊരാശ്വാസം. മരത്തെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്ത് ഞാൻ വീട്ടിലേക്ക് നടക്കും.
വിളിക്കാനാരുമില്ല, സംസാരിക്കാൻ ആളില്ല, ഹൃദയം തുറക്കാൻ പ്രിയപ്പെട്ടവരില്ല, ഭീകരമായ ഏകാന്തത, മടുപ്പ് – ഇത്തരം അവസ്ഥകളെ നമുക്കെങ്ങനെ തരണം ചെയ്യാനാകും? അതിനായി ആദ്യം നാം തിരിച്ചറിയേണ്ട സത്യമിതാണ്. നമ്മളെ വിളിക്കാനും സംസാരിക്കാനും നമുക്ക് ഹൃദയം തുറക്കാനും ഒരു ദൈവമുണ്ട്. ”ഭയപ്പെടേണ്ട, ഞാൻ നിന്റെകൂടെയുണ്ട്. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല” എന്നൊക്കെ ഉറപ്പു തന്നിരിക്കുന്ന കർത്താവിൽ നാം വിശ്വസിക്കണം. ദൈവത്തെ വിശ്വാസത്തിൽ കണ്ട് ഹൃദയം തുറന്ന് സംസാരിക്കുന്ന രീതി നമ്മൾ സ്വന്തമാക്കണം. ബനഡിക്ട് പതിനാറാമൻ പാപ്പാ പുറത്തിറക്കിയ ‘പ്രത്യാശയിൽ രക്ഷ’ എന്ന ചാക്രികലേഖനത്തിൽ പ്രത്യാശ പഠിക്കാനായി പ്രാർത്ഥിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നുണ്ട്. ”ഈ ഭൂമിയിൽ ആരും കേൾക്കാനില്ലാത്തപ്പോഴും സംസാരിക്കാനും വിളിക്കാനും ആരുമില്ലാത്തപ്പോഴും സഹായിക്കാൻ ആരുമില്ലാത്തപ്പോഴും എന്റെ പ്രത്യാശയുടെ മറുപടിയായി ദൈവമെന്നെ സന്ദർശിക്കും.”
ഈ പ്രത്യാശയോടെ നാം പ്രാർത്ഥിക്കണം.
രണ്ടാമതായി നമുക്കോരോരുത്തർക്കും ഓരോ കാവൽമാലാഖയുണ്ട്. ഈ ഭൂമിയിലെ ഏറ്റവും അടുത്ത വിശ്വസ്തനായ കൂട്ടുകാരൻ കാവൽമാലാഖതന്നെ. ഏകാന്തതയിൽ കാവൽമാലാഖയോട് സംസാരിച്ചു നോക്കൂ. സ്വർഗീയമായ സൗഹൃദം നമ്മെ സന്തോഷവും ശക്തിയും ഉള്ളവരാക്കും. നമ്മുടെ പേരിന് കാരണക്കാരായ വിശുദ്ധർ, നമുക്കിഷ്ടപ്പെട്ട പ്രത്യേക വിശുദ്ധർ ഇവരോടൊക്കെയുള്ള പ്രാർത്ഥനകൾ അലൗകികമായ സൗഹൃദാനുഭവങ്ങളിലേക്ക് നമ്മളെ നയിക്കും. സഹോദരിമാരില്ലാതെ വളർന്ന ഒരു യുവാവ്- വിശുദ്ധ കൊച്ചുത്രേസ്യയെ തന്റെ ‘സ്വർഗീയ കുഞ്ഞേച്ചി’യായി തിരഞ്ഞെടുത്തു. ഈ കുഞ്ഞേച്ചിയോട് അവൻ തമാശ പറയും, വഴക്കു കൂടും, വേദനകൾ പങ്കുവയ്ക്കും. ക്രമേണ സഹോദരിമാരില്ലാത്ത ദുഃഖം അവനിൽനിന്നകന്നു. കൊച്ചുത്രേസ്യാ പുണ്യവതി അവന്റെ ആത്മീയ ഗുരുവും വഴികാട്ടിയുമായി മാറി.
നോക്കുക- ദൈവം നമ്മെ തനിയെ വിട്ടിട്ടില്ല. അവിടുത്തെ മാലാഖമാരും വിശുദ്ധരുമെല്ലാം നമുക്ക് കൂട്ടിനുണ്ട്. അതിനാൽ സ്വർഗീയ സൗഹൃദബന്ധങ്ങൾ വളർത്തിയെടുത്ത് ലൗകികബന്ധങ്ങളുടെ കുറവുനിമിത്തമുള്ള മുറിവുകളെ നമുക്ക് സുഖപ്പെടുത്താം.
പ്രാർത്ഥന
പാപിയും നിസാരനുമായ മനുഷ്യന് സൗഹൃദത്തിന്റെ പൂക്കൾ നല്കുന്ന ഉന്നതനായ കർത്താവേ, ഞാനങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ വിശുദ്ധരുടെയും മാലാഖമാരുടെയും സൗഹൃദം ആസ്വദിക്കാൻ ദൈവമേ അങ്ങ് എന്നെ പഠിപ്പിച്ചാലും, ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ