തിരമാലകൾക്ക് ഒരായിരം കഥകൾ പറയുവാനുണ്ടല്ലോ. അങ്ങനെ, ആ കഥകളും കേട്ട് കടൽത്തീരത്തുകൂടി അയാൾ നടന്നു നീങ്ങിയപ്പോഴാണ് വള്ളിനിക്കറണിഞ്ഞ ആ കുട്ടിയെ ശ്രദ്ധിച്ചത്. കണ്ടാലേ അറിയാം അവൻ സ്‌കൂളിൽ പോയിട്ടില്ലെന്ന് – അന്നു മാത്രമല്ല, ഒരിക്കലും! ഓരോ തിരയും കരയിലടിച്ച് വിട വാങ്ങുമ്പോഴെല്ലാം അവൻ അത്യുത്സാഹത്തോടെ ഓടിനടന്ന് എന്തോ പെറുക്കി എടുക്കുന്നു. അത് ഉടനെ കടലിലേക്ക് വലിച്ചെറിയുന്നു. പിന്നെയും കുനിഞ്ഞെടുത്ത് കടലിലേക്കിടുന്നു. അടുത്ത തിരമാല തീരത്തെത്തുംമുമ്പ് ചെയ്തുതീർക്കാനുള്ള പണിപോലെ അവൻ പരിശ്രമിക്കുന്നു.
അയാളുടെ കൗതുകത്തിന് മെല്ലെ ഗൗരവമേറി. പ്രകൃതിസ്‌നേഹിയായ അയാൾക്കത് അനുവദിച്ചുകൊടുക്കാൻ മനസ് സമ്മതിച്ചില്ല. കല്ലും ചെളിയുമെല്ലാം കടലിലേക്കെറിഞ്ഞാൽ കടൽ മലിനമാകില്ലേ? അവന്റെ കുസൃതി അല്പം അതിരുകടക്കുന്നതായി തോന്നി. അയാൾ അവന്റെ അടുത്തുചെന്ന് ചോദിച്ചു: ”നീ എന്താണീ ചെയ്യുന്നത്?”
”സാറേ, എന്റെ കൈയിലിരിക്കുന്ന ഈ സ്റ്റാർ ഫിഷിനെ കണ്ടില്ലേ? പാവം! ശ്വസിക്കുവാൻ വെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ്. ഓരോ തിരമാല തീരത്തെത്തുമ്പോഴും ഇങ്ങനെ നൂറുകണക്കിന് സ്റ്റാർ ഫിഷുകളാണ് കരയിൽ കുടുങ്ങുന്നത്. അടുത്ത തിരമാല ഇവിടംവരെ എത്തിയില്ലെങ്കിൽ ഈ പാവങ്ങളെല്ലാം ഈ മണൽപുറത്തുകിടന്ന് ചത്തുപോകും! കണ്ടോ എത്രയെണ്ണമാണ് അങ്ങനെ ചത്തുപോയിരിക്കുന്നത്.
”അതിന് നീ ചെയ്യുന്നതെന്താണ്?” അയാൾ ആകാംക്ഷയോടെ ചോദിച്ചു.
”ഞാനീ സ്റ്റാർഫിഷുകളെ പെറുക്കിയെടുത്ത് വീണ്ടും കടലിലേക്കിടും. അങ്ങനെ അവ വീണ്ടും ജീവിക്കും!”
”ഈ തീരത്തുള്ള എല്ലാ സ്റ്റാർഫിഷുകളെയും നിനക്ക് രക്ഷിക്കാനാവുമോ?”
”ഒരിക്കലുമില്ല.” അവൻ തന്നെത്തന്നെ വിലയിരുത്തി മറുപടി നൽകി.
”നീ രക്ഷിക്കുന്ന ഇവയെക്കാളധികം എണ്ണം ഈ തീരത്തുകിടന്ന് പിടഞ്ഞു ചാകുന്നു. പിന്നെ എന്തിനീ പാഴ്‌വേല?” അയാൾ അവനെ പിന്തിരിപ്പിക്കാൻ നോക്കി.
”അങ്ങനെയല്ല സാർ. ഒരു സ്റ്റാർഫിഷിനെ മാത്രമേ എനിക്ക് രക്ഷിക്കാനായുള്ളൂവെങ്കിലും അതിനെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യമല്ലേ?”
അവൻ പറഞ്ഞത് ശരിയാണ്. അക്ഷരജ്ഞാനമില്ലെങ്കിലും സ്വർഗത്തിന്റെ ജ്ഞാനം അവനിലുണ്ട്. ആ സ്റ്റാർഫിഷിന്റെ ജീവിതത്തിൽ ഒരു വ്യത്യാസം സൃഷ്ടിക്കുവാൻ അവന് സാധിച്ചു. അവൻ രക്ഷിച്ച ഓരോ സ്റ്റാർഫിഷും മരണസാധ്യതയിൽനിന്നും ജീവനിലേക്ക് മടങ്ങിയപ്പോഴെല്ലാം അവന്റെ ആവേശവും സംതൃപ്തിയും വാനോളം ഉയർന്നു.
ജോൺ തെങ്ങുംപള്ളിൽ