വാഴ്ത്തപ്പെട്ട ജോസഫ് ഇമ്പെർട്ട്
ആ കപ്പലിലെ വൈദികർ സംഘമായി ഒരു ഗാനം ആലപിച്ചുകൊണ്ടിരുന്നു. ഒരു പരിധിവരെയെങ്കിലും അവിടത്തെ ശോചനീയ അവസ്ഥ മറികടക്കാൻ അവർക്ക് അത് കരുത്തു പകർന്നു. ലാ മാർസിലെസ് എന്ന ദേശഭക്തി ഗാനത്തിന്റെ ഈണത്തിൽ ആ പുതിയ ഭക്തിഗാനം ചിട്ടപ്പെടുത്തിയത് 70 വയസ് പിന്നിട്ട ഫാ. ജോസഫ് ഇമ്പെർട്ടായിരുന്നു. അതുവഴി അദ്ദേഹം ക്രിസ്തുവിൽ എല്ലാ വൈദികരെയും ധൈര്യപ്പെടുത്തി. അദ്ദേഹത്തിന്റെ ഉള്ളിൽ ആളിക്കത്തിയ വിശ്വാസാഗ്നി ആ കപ്പലിലുണ്ടായിരുന്ന എല്ലാവരിലേക്കും ചൂടുപകരാൻ തക്കവിധം ശക്തമായിരുന്നു.
ഫ്രഞ്ച് വൈദികനായ ഫാ.ജോസഫ് ഇമ്പെർട്ടിനെ നാട് കടത്തുന്നതിനായാണ് റോഷ്ഫോർട്ട് എന്ന സ്ഥലത്തെത്തിച്ചത്. അദ്ദേഹത്തെപ്പോലെ തന്നെ ഫ്രഞ്ച് വിപ്ലവകാരികളുടെ നിയമാവലി അംഗീകരിക്കാൻ വിസമ്മതിച്ച വൈദികരുടെ വലിയൊരുസംഘത്തെയും റോഷ്ഫോർട്ടിൽ എത്തിച്ചിരുന്നു. 1794 ഏപ്രിൽ 13ന് വൈദികരെ ആഫ്രിക്കയിലേക്ക് നാട് കടത്താനുള്ള കപ്പലിലേക്ക് അദ്ദേഹത്തെ മാറ്റി. പ്രായത്തിന്റെ അവശതകൾ തളർത്തിയിരുന്ന ഫാ. ഇമ്പെർട്ട് ഏന്തിവലിഞ്ഞാണ് കപ്പലിന്റെ പടികൾ കയറി മുകളിലെത്തിയത്.
അവിടെ അദ്ദേഹത്തെ ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ ജപമാലയും പ്രാർത്ഥനാപുസ്തകങ്ങളുമുൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ആ വന്ദ്യ വൈദികനിൽ നിന്ന് പിടിച്ചുവാങ്ങി. വിശ്വാസത്തിന്റെ ബാഹ്യചിഹ്നങ്ങളുടെ അപഹരണം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണം നിമിത്തം അദ്ദേഹം കയറിയ കപ്പലിന് പുറപ്പെടാനായില്ലെങ്കിലും കൂടുതൽ വൈദികരെ ആ കപ്പലിലേക്ക് അധികാരികൾ മാറ്റിക്കൊണ്ടിരുന്നു.
മെയ് മാസമായപ്പോഴേക്കും 400-ലധികം വൈദികരാൽ ആ കപ്പൽ നിറഞ്ഞിരുന്നു. ഒരിറ്റു സ്ഥലംപോലും ബാക്കിയില്ലെന്ന് കപ്പിത്താൻ അറിയിച്ചതിനെ തുടർന്ന് അടുത്ത കപ്പലിൽ വൈദികരെ കയറ്റാൻ ആരംഭിച്ചു. വൈദികർക്ക് ഇരിക്കാനോ നിൽക്കാനോ സ്ഥലമില്ലാത്ത വിധം കുത്തിനിറച്ച കപ്പലിലെ ശോചനീയ അവസ്ഥയിൽ ആരോഗ്യമുള്ളവർക്ക് പോലും രോഗങ്ങൾ ബാധിച്ചു തുടങ്ങിയിരുന്നു. കപ്പലിലെ ശോചനീയ അവസ്ഥയുടെ ആദ്യ ഇരകളിൽ ഒരാളായിരുന്നു ഫാ. ഇമ്പെർട്ട്. 1794 ജൂൺ ഒൻപതിന് ആ ദുർബല ശരീരത്തിൽ നിന്ന് ആത്മാവ് ദൈവസന്നിധിയിലേക്ക് പറയന്നുയർന്നു. നിരവധി വൈദികരുടെ മരണത്തിന് സാക്ഷ്യം വഹിച്ച ഭീകര ദിനങ്ങളാണ് തുടർന്ന് വന്നത്. 1794 ജൂലൈ മാസത്തിൽ ഫ്രഞ്ച് വിപ്ലവത്തിന് വിരാമമായപ്പോഴേക്കും നാട് കടത്താനായി വിധിക്കപ്പെട്ടിരുന്ന 822 വൈദികരിൽ 285 പേർ മാത്രമായിരുന്നു ജീവനോടെ അവശേഷിച്ചത്.
1720ൽ ഫ്രാൻസിലെ മാർസിലെസിൽ ജനിച്ച ഫാ. ജോസഫ് ഇമ്പെർട്ട് 1754ൽ ജസ്യൂട്ട് വൈദികനായി അഭിഷിക്തനായി. പിന്നീട് വിവിധ കോളജുകളിൽ പഠിപ്പിച്ച ഫാ. ഇമ്പെർട്ടിന് ജസ്യൂട്ട് വൈദികർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നിമിത്തം തുടർന്ന് പഠിപ്പിക്കാൻ സാധിക്കാതെ വന്നു. പിന്നീട് മൗളിൻസ് രൂപതയിൽ ചേർന്ന അദ്ദേഹം വിപ്ലവകാരികളുടെ നിയമം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് അവരുടെ നോട്ടപ്പുള്ളിയായി. മൗളിൻസിലെ ബിഷപ്പിനെ പുറത്താക്കിയ സാഹചര്യത്തിൽ ഫാ. ഇമ്പെർട്ടിനെ രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. വൈദികർക്കെതിരെയുള്ള മർദ്ദനം ശക്തിപ്പെട്ട അവസരത്തിലാണ് നാട് കടത്തുന്നതിനായി ഫാ. ഇമ്പെർട്ടിനെ അടക്കമുള്ള വൈദികരെ പിടിച്ചുകൊണ്ട് പോയത്.
വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഫാ. ഇമ്പെർട്ട് ഉൾപ്പെടെയുള്ള 64 വൈദികരെ 1995 ഒക്ടോബർ ഒന്നാം തിയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. തടവുകാരനെപ്പോലെ കപ്പലിൽ കഴിയുന്ന സമയത്തും പുതിയൊരു ഭക്തിഗാനം ചിട്ടപ്പെടുത്താൻ അദ്ദേഹം കാണിച്ച തീക്ഷ്ണത ഇന്നും സ്മരിക്കപ്പെടുന്നു. വിശ്വാസം ജ്വലിപ്പിക്കാനായി, പരിചിതമായ ഈണത്തിൽ ചിട്ടപ്പെടുത്തിയ ആ ഗാനം വൈദികരുടെ മാർസിലെസ് എന്ന പേരിൽ അറിയപ്പെടുന്നു.
രഞ്ജിത് ലോറൻസ്