ജറെമിയ, നീ എന്ത് കാണുന്നു? (ജറെമിയ 1:11)

കർത്താവ് ജറെമിയായെ ജനതകൾക്ക് പ്രവാചകനായി നിയോഗിച്ചു. ആ നി യോഗം ഏറ്റെടുക്കാൻ താൻ അയോഗ്യനാണെന്നു പറയുന്ന ജറെമിയായെ അവിടുന്ന് വിശുദ്ധീകരിച്ചു. അതിനുശേഷം കർത്താവ് ചോദിച്ച ചോദ്യമാണ് ഇത്: ജറെമിയാ, നീ എന്ത് കാണുന്നു? (1:11). ജറെമിയാ പറഞ്ഞു: ജാഗ്രതാവൃക്ഷത്തിന്റെ ഒരു ശാഖ. അപ്പോൾ കർത്താവ് പറഞ്ഞു: നീ കണ്ടത് ശരി. എന്റെ വചനം നിവർത്തിക്കാൻ ഞാൻ ജാഗ്രതയോടെ കാത്തിരിക്കുന്നു. കർത്താവ് വീണ്ടും ജറെമിയായോട് ചോദിച്ചു: നീ എന്ത് കാണുന്നു? ജറെമിയാ പറഞ്ഞു: തിളയ്ക്കുന്ന ഒരു പാത്രം വടക്കുനിന്ന് ചെരിയുന്നത് ഞാൻ കാണുന്നു (1:13). അപ്പോൾ കർത്താവ് അരുളിച്ചെയ്തു: ഈ ദേശത്ത് വസിക്കുന്നവരെ മുഴുവൻ ഗ്രസിക്കുന്ന ദുരന്തം വടക്കുനിന്ന് തിളച്ചൊഴുകും.

എന്താണ് ഈ ജാഗ്രതാവൃക്ഷം? ബദാംമരമാണത്. എന്തുകൊണ്ടാണ് ബദാം മരത്തിന് ആ പേര് ഉണ്ടായത്? തണുപ്പ് രാജ്യങ്ങളിൽ ശീതകാലത്ത് മരങ്ങൾ ഇല കൊഴിച്ച് നില്ക്കും. വസന്തകാലം ആരംഭിക്കുമ്പോൾ വീണ്ടും മരങ്ങളിൽ ഇലയും പൂക്കളുമൊക്കെ ഉണ്ടാകും. അങ്ങനെ ഏറ്റവും ആദ്യം ഇലകൾ ഉണ്ടാകുന്നത് ബദാംമരത്തിനാണ്. ബദാംമരം ഇലകൾ ചൂടി ആസന്നമായ വസന്തകാലത്തെപ്പറ്റി മുന്നറിയിപ്പ് നല്കും.

ജറെമിയ 1:11-ൽ കർത്താവ് പ്രവാചകനെ കാണിക്കുന്നത് ഇലകളുള്ള ജാഗ്രതാവൃക്ഷത്തിന്റെ കമ്പ് ആണ്. ഇതൊരു സൂചനയായിരുന്നു. ഇസ്രായേലിന്റെ പാപങ്ങൾമൂലം അവരുടെമേൽ ഉടൻ ഉണ്ടാകുവാൻ പോകുന്ന ദൈവശിക്ഷയുടെ സൂചന. ജറെമിയായെ ദൈവം കാണിച്ചുകൊടുത്ത വടക്കുനിന്ന് ചെരിയുന്ന തിളയ്ക്കുന്ന പാത്രവും ഒരു സൂചനയായിരുന്നു. തിളയ്ക്കുന്ന പാത്രം ഇസ്രായേലിന്റെമേൽ വരാനിരിക്കുന്ന ശിക്ഷയുടെയും അത് ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെയും അടയാളമായിരുന്നു. വടക്കുനിന്നും ചെരിയുന്ന ഈ പാത്രവും ഒരു സൂചനയായിരുന്നു. രാജ്യത്തിന്റെ വടക്കുഭാഗത്ത് നിന്നായിരിക്കും ശത്രുരാജ്യങ്ങളുടെ ആക്രമണം ഉണ്ടാവുക.

ഈ രണ്ട് ദർശനങ്ങളിലും കാണപ്പെട്ടതുപോലെ തുടർന്ന് സംഭവിച്ചു. ഇസ്രായേലിന്റെ വടക്കുള്ള രാജ്യങ്ങളായിരുന്ന കൽദായക്കാരും ബാബിലോൺകാരും ഇസ്രായേലിനെ ആക്രമിച്ചു. ജോസിയാ പ്രവാചകൻ മരിച്ചുകഴിഞ്ഞപ്പോൾ നെക്കോ എന്ന ഫറവോയുടെ പീഡനം ഉണ്ടായി. തുടർന്ന് സിറിയക്കാർ, മൊവാബുകർ, അമോറിയക്കാർ തുടങ്ങിയവരെല്ലാം ഇസ്രായേലിനെ ആക്രമിച്ചു. ബാബിലോണിയൻ അടിമത്തം ഉണ്ടായി (2 രാജാക്കൻമാർ 24). ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടു. നബുക്കദ്‌നേസർ അടിമകളാക്കി കൊണ്ടുപോയ ഇസ്രായേൽക്കാർ 23 വർഷം ബാബിലോണിയൻ അടിമത്തത്തിൽ കഴിഞ്ഞു.

മനുഷ്യന്റെ തിന്മയാണ് ഇസ്രായേലിന്റെ ഇത്തരം സഹനങ്ങൾക്കെല്ലാം കാരണമായത്. മനുഷ്യന് കാലാകാലങ്ങളിൽ ദൈവം കൊടുത്ത മുന്നറിയിപ്പുകളെല്ലാം രാജാക്കന്മാരും പുരോഹിതരും ജനങ്ങളും അവഗണിക്കുകയും ചെയ്തു. ആരിലും മാറ്റം വന്നില്ല. ഇന്നും മനുഷ്യരുടെ പാപം പെരുകുന്നു. ദൈവം മുന്നറിയിപ്പുകൾ തന്നുകൊണ്ടുമിരിക്കുന്നു. പക്ഷേ, ആദം മുതൽ ആരും ദൈവത്തിന്റെ മുന്നറിയിപ്പുകൾ കാര്യമായെടുത്തില്ല. അതിനാൽ അവരെല്ലാം ശിക്ഷിക്കപ്പെട്ടു. ഇന്നത്തെ സ്ഥിതിയും അങ്ങനെയൊക്കെയാണ് എന്നത് നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? അഥവാ മാനസാന്തരത്തിന് പ്രചോദനം ആകുന്നുണ്ടോ?

ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *