ഉള്ളുലയും നേരത്ത്…

വേദനയുടെയും അസ്വസ്ഥതയുടെയും നേരങ്ങളിൽ ദൈവസ്വരം കേൾക്കാനൊരു വഴി.

വർഷങ്ങൾക്ക് പുറകിലേക്ക് ഒരു നിമിഷം എന്റെ ഓർമകൾ പാഞ്ഞു. ഈശോയ്ക്കുവേണ്ടിമാത്രം ജീവിക്കണമെന്ന ആഗ്രഹം മനസിൽ നിറഞ്ഞുനിന്ന കാലം. ഡിഗ്രി അവസാനവർഷ പരീക്ഷയും കഴിഞ്ഞ് റിസൽട്ട് കാത്തുനില്ക്കാൻപോലും സമയം കാക്കാതെ സമർപ്പണജീവിതത്തിലേക്ക് പ്രവേശിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ, വീട്ടിൽനിന്നും നാട്ടിൽനിന്നും കൂട്ടുകാരിൽനിന്നും ഒരുപോലെ എതിർപ്പ്.

ഇതൊന്നും ഞാനെടുത്ത തീരുമാനത്തിന് പ്രതിബന്ധമല്ലെന്നും മനസ് മാറ്റാൻ പ്രാപ്തമല്ലെന്നും തീർത്തും മനസിലായപ്പോൾ എന്റെ മാതാപിതാക്കൾ മനസില്ലാ മനസോടെ തങ്ങളുടെ മകളുടെ ഈ ആഗ്രഹം പറയാൻ മഠത്തിലേക്ക് പോകുവാനായി ഒരുങ്ങിനിന്ന ദിവസം. അവർ വീട്ടിൽനിന്നിറങ്ങുവാൻ നേരമായി. ആ സമയം ഞാനും എന്റെ സഹോദരനും ഭക്ഷണം കഴിക്കുകയായിരുന്നു. എന്റെ മാതാപിതാക്കൾ രണ്ടുമൂന്നുതവണ എന്നോട് യാത്ര ചോദിച്ചു. അതു കണ്ടാലറിയാം ‘പോകണ്ട’ എന്നൊന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കിൽ എന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്ന്.

അപ്പോഴെല്ലാം ഞാൻ യാതൊരു മടിയും കൂടാതെ ‘ശരി’ എന്നുതന്നെയാണ് പറഞ്ഞത്. അപ്പോൾ എന്റെ കുഞ്ഞാങ്ങള തൊട്ടരികിലിരുന്ന് എന്നെ വിളിച്ചു. എന്നിട്ട് ദയനീയമായി എന്നെ നോക്കിയിട്ട് പറഞ്ഞു ”നീ പറഞ്ഞാൽ അവർ പോകില്ല.” അവൻ എനിക്കേറെ പ്രിയപ്പെട്ടവനാണ്. അതിനാൽ ആ വാക്കുകൾ കേട്ടതേ എന്റെ ചങ്കൊന്ന് പിടച്ചു. എന്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാനാകുന്ന ഉച്ചത്തിലായി. ഞാനവിടെനിന്ന് എഴുന്നേറ്റ് വീട്ടിലെ തിരുഹൃദയരൂപത്തിനരികിൽ വന്നു. അവിടെയിരുന്ന ദൈവവചനത്തിൽ മുറുകെ പിടിച്ചു.

എന്നിട്ട് ഹൃദയമുരുകി നിലവിളിച്ചപേക്ഷിച്ചു, ”ഈശോയേ, എന്റെ പ്രിയപ്പെട്ട കുഞ്ഞനുജനും ഇങ്ങനെതന്നെ പറയുന്നു. എന്നെ ശക്തിപ്പെടുത്തണേ… ഞാനെന്തു ചെയ്യണമെന്ന് അങ്ങെന്നോട് പറയണേ…” ഇങ്ങനെ പ്രാർത്ഥിച്ചിട്ട്, തിരുവചനം എടുത്തു വായിച്ചു. അത് ഇപ്രകാരമായിരുന്നു: ”എന്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്കും” (ഏശയ്യാ 49:16).

മനസിലെ കൊടുങ്കാറ്റ് ശാന്തമായി. ഇളകിമറിയുന്ന കടൽപോലെ പ്രക്ഷുബ്ധമായിരുന്ന എന്റെ മനസിനെ വചനം ശാന്തമാക്കി. കൂരിരുട്ടിൽ വചനം പ്രകാശമായി; മാർഗദീപമായി. ഞാൻ തിരിഞ്ഞ് മാതാപിതാക്കളോട് എന്റെ ആഗ്രഹം മഠത്തിൽപോയി അറിയിക്കാൻതന്നെ ഒരിക്കൽക്കൂടി പറഞ്ഞു. തിരിച്ചുവന്ന് ‘അവർ പോകട്ടെ’ എന്ന് സഹോദരനോടും പറഞ്ഞു.

പിന്നെയും പിന്നെയും
സമർപ്പണജീവിതത്തിന്റെ വഴിത്താരകളിൽ, ഹൃദയത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റുകളെ എത്രയോ തവണ വചനം ശാന്തമാക്കിയിരിക്കുന്നു. സഹനത്തിന്റെ ഒരു വേളയിൽ, ദിവ്യകാരുണ്യസന്നിധിയിലിരുന്ന്, കണ്ണുനീരുകൊണ്ട് മുഖം കഴുകിയ ഒരു രാത്രിയിൽ മുന്നിലിരുന്ന എന്റെ ബൈബിൾ തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് ”ജറുസലെമിൽ വസിക്കുന്ന സീയോൻജനമേ ഇനിമേൽ നീ കരയുകയില്ല; നിന്റെ വിലാപസ്വരംകേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതുകേട്ട് നിനക്ക് ഉത്തരമരുളും…” എന്ന് തുടങ്ങുന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ മുപ്പതാം അധ്യായം 19 മുതലുള്ള വാക്കുകളാണ്. വലിയ മഴതോർന്ന അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്ന മനോഹരമായ വെയിൽപോലെ എന്റെ മനവും ദൈവികപ്രകാശംകൊണ്ട് നിറഞ്ഞു.

കുറ്റാരോപണങ്ങളും വിധിപ്രസ്താവനകളും തെറ്റിദ്ധാരണകളും ജീവിതത്തെ അലട്ടിയപ്പോൾ വചനമായ ദൈവം എന്റെ മുന്നിലെത്തി. ”നിന്നെ ഉപദ്രവിക്കാൻ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും. കർത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതി നടത്തലുമാണിത്” (ഏശയ്യാ 4:17). അവഗണനയും ശൂന്യതയും ദുസ്സഹമായിത്തോന്നിയപ്പോൾ ഒരു നിമിഷം ഞാൻ ഈശോയോട് ചോദിച്ചു: ‘നിനക്ക് എന്നെക്കുറിച്ച് ഒരു ചിന്തയും ഇല്ലേ?’ ഉടൻ വചനമായ ദൈവം മറുപടി നല്കി ”കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്; അവിടുന്ന് നമ്മെ അനുഗ്രഹിക്കും” (സങ്കീർത്തനങ്ങൾ 115:12).

രോഗങ്ങളാൽ വൈരൂപ്യം എന്നെ അലട്ടിയപ്പോൾ, എന്നിൽ വന്ന മാറ്റങ്ങൾ കണ്ടവരെല്ലാം ‘ഇത് എന്തുപറ്റി?’, ‘ചുണ്ടിന്റെ നിറം എന്താണിങ്ങനെ…? എന്നൊക്കെ ചോദിക്കാൻ തുടങ്ങിയപ്പോൾ അവിടുന്ന് തന്റെ പീഡാനുഭവമുഖം വചനത്തിലൂടെ കാണിച്ചുതന്ന് എന്നെ ശക്തിപ്പെടുത്തി. ”ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു” (ഏശയ്യാ 53:2-3).

ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ എഴുതപ്പെട്ട വചനമായ ദൈവം എന്നെ ശക്തിപ്പെടുത്തിയ നിമിഷങ്ങൾ എത്രയോ അനവധി. ”ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു” (സങ്കീർത്തനങ്ങൾ 34:18). ഹൃദയം നുറുങ്ങിയപ്പോഴെല്ലാം വചനമായ ദൈവം എന്നരികിലേക്ക് ഓടിയെത്തി. സ്‌നേഹംതന്നെയായ അവിടുന്ന് വചനത്തിലൂടെ എന്നിൽ സ്‌നേഹം നിറച്ചു.

”എഴുതപ്പെട്ട വചനം ഈശോതന്നെയാണ്. ആ ഈശോയിൽ, വചനത്തിൽ, നാം കണ്ണുംപൂട്ടി വിശ്വസിക്കണം” – എന്റെ ഹൃദയത്തിൽ വീണ്ടും വീണ്ടും അലയടിച്ച ധ്യാനഗുരുവിന്റെ ഈ വാക്കുകളാണ് ഓർമ്മകളുടെ ലോകത്തേക്ക് എന്നെ കൊണ്ടുപോയത്. ഉള്ളുലയുന്ന നേരങ്ങളിലെല്ലാം സാന്ത്വനവും സഹായവുമായി ചാരെയണയുന്ന ഈശോയുടെ വചനപാതയെക്കുറിച്ച് ആ ഓർമ്മകൾ പഠിപ്പിച്ചുതന്നു.

പൊന്നുതമ്പുരാനേ, വേദനയുടെയും കണ്ണുനീരിന്റെയും നാളുകളിൽ, വചനമായ അങ്ങയെ നോക്കുവാനുള്ള കൃപ നൽകണേ… പിന്നെയെല്ലാം അങ്ങുതന്നെ ചെയ്തുകൊള്ളുമല്ലോ…

സിസ്റ്റർ മരിയ വിയാനിയമ്മ ഡി.ഇ.സി.ബി.എ

Leave a Reply

Your email address will not be published. Required fields are marked *