അമൂല്യസമ്മാനം നേടിയണ്ടവർ

എന്റെ അമ്മയെപ്പറ്റി ഓർക്കുമ്പോൾ എപ്പോഴും മനസിലേക്ക് ഓടിയെത്തുന്ന കുറെ സംഭവങ്ങളുണ്ട്. അമ്മ ഞാൻ ചെറുതായിരുന്നപ്പോൾത്തന്നെ രോഗിയായിരുന്നു. ഒരു വർഷത്തിൽ പല പ്രാവശ്യം ആശുപത്രിയിൽ കിടക്കേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മക്കളായ ഞങ്ങൾ സ്‌കൂളിൽ പോകാതെ അമ്മയെ നോക്കാൻ ആശുപത്രിയിൽ നിൽക്കും. എന്നാൽ ഈ കാലഘട്ടങ്ങളിലെല്ലാംതന്നെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്.

എത്രയധികം വേദനകളിലൂടെ അമ്മ കടന്നുപോയാലും മക്കൾ അമ്മയെ കാണാൻ വന്നാൽ അമ്മയുടെ കൈയിൽ ജപമാലയുണ്ടാകും. തുടർച്ചയായി ജപമാല ചൊല്ലുകയും ചെയ്യും. ഞാൻ ഇതു കാണുമ്പോഴൊക്കെ ഓർക്കാറുണ്ട്; ദൈവമേ, എങ്ങനെ അമ്മയ്ക്ക് ഇത്ര വേദനയുടെ നടുവിലും ജപമാല ചൊല്ലുവാൻ കഴിയുന്നു? കാരണം ചെറുപ്പമായിരുന്നപ്പോൾ എന്നെ നിർബന്ധിച്ചാണ് ജപമാല ചൊല്ലിച്ചുകൊണ്ടിരുന്നത്. എന്നാൽ വളർച്ചയുടെ കാലഘട്ടങ്ങളിൽ ജപമാല ചൊല്ലുവാൻ ആഗ്രഹം കൂടിവന്നു. എന്നാലും മടി കാരണം ഒരു ജപമാല മാത്രമേ ചൊല്ലുമായിരുന്നുള്ളൂ.

അമ്മയുള്ളവർ
2015-ൽ അമ്മ മരിച്ചു. ജപമാല ചൊല്ലിക്കഴിഞ്ഞതിനുശേഷമായിരുന്നു അമ്മയുടെ മരണം. ആ വേർപാട് എന്നെ വളരെയധികം വിഷമത്തിലാഴ്ത്തി. കാരണം, എട്ടു മക്കളിൽ ഏറ്റവും ഇളയവളായ എന്നെ അമ്മ വളരെ വേദന സഹിച്ചാണ് പ്രസവിച്ചത്. അതുകൊണ്ടുതന്നെ എന്നെ കൂടുതൽ സ്‌നേഹിച്ചിരുന്നു. അമ്മയുടെ മരണശേഷം ഞാൻ പലപ്പോഴും ചിന്തിക്കും. അപ്പോഴത്തെ എന്റെ വലിയൊരു സങ്കടം ഇനി ആര് എനിക്കുവേണ്ടി അത്രയേറെ സ്‌നേഹത്തോടെ പ്രാർത്ഥിക്കും എന്നതായിരുന്നു. ഇനി എനിക്കുവേണ്ടി ആര് ജപമാല ചൊല്ലും?

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മക്കളില്ലാത്ത അവസ്ഥയിൽക്കൂടി ഞാൻ കടന്നുപോയി. അമ്മയുള്ളപ്പോൾ എന്റെ ആ കാര്യത്തിനായും തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ ഒരാളുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. അതില്ലാതായപ്പോൾ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നതുപോലെ തോന്നി.
അമ്മ മരിച്ചപ്പോൾ ഞാൻ ഒരു കാര്യം മാത്രമേ പ്രാർത്ഥിച്ചുള്ളൂ – അമ്മയെപ്പോലെ എനിക്കും ഒത്തിരി ജപമാലകൾ ചൊല്ലണം. ഈ ജപമാലകളെല്ലാം ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കണം. അതിനുള്ള കൃപയ്ക്കായി ഞാൻ എപ്പോഴും പ്രാർത്ഥിച്ചിരുന്നു. നാം നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലുപരിയായി മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണം. ഇന്നത്തെ ഈ സമൂഹത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം കുറഞ്ഞുവരികയല്ലേ. എല്ലാവരും ജീവിതവ്യഗ്രതയിൽപെട്ട് ഓടിക്കൊണ്ടിരിക്കുകയാണ്.

ജപമാല ചൊല്ലുന്നത് എന്തിനെന്നോ എങ്ങനെയെന്നോ പോലും അറിയാത്തവരുടെ എണ്ണം കൂടുന്നു. എല്ലാ ദിവസവും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് കുടുംബപ്രാർത്ഥനകൾ ചൊല്ലണം. യേശുവിന്റെ കാലത്തിനുശേഷം ശിഷ്യന്മാരിലൂടെ പകർന്നു കിട്ടിയ വിശ്വാസത്തിന്റെ ഒരു ചെറിയ തിരി നമ്മുടെ മനസിലുണ്ടെങ്കിൽ നാം അത് മറ്റുള്ളവർക്ക് വെളിച്ചമായി, പ്രകാശമായി പകരണം. ബൈബിൾ ഇപ്രകാരം പറയുന്നു: ‘വിളക്ക് കത്തിച്ച് ആരും പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാറില്ല. അത് പീഠത്തിന്മേലാണ് വയ്‌ക്കേണ്ടത്.’ ആ വിശ്വാസമെന്ന ദീപം മറ്റുള്ളവർക്ക് വഴികാട്ടിയാകണം.

ഈശോ തന്ന സമ്മാനം
കുരിശിൽ പിടഞ്ഞ് മരിക്കുമ്പോൾ ഈശോ യോഹന്നാനോട് ഇപ്രകാരം പറഞ്ഞു: ‘ഇതാ നിന്റെ അമ്മ.’ ഈശോയുടെ അമ്മ മനുഷ്യരുടെയും അമ്മയാണ്. ഈ അമ്മയെ ലഭിച്ചു എന്നത് നാം നേടിയ ഒരു അമൂല്യസമ്മാനമാണ്. വിവാഹം കഴിക്കാതെ ഗർഭിണിയായ അവസ്ഥയിൽ എന്തുമാത്രം അപമാനം ആ അമ്മ സഹിച്ചിട്ടുണ്ടായിരിക്കണം. ബെത്‌ലഹെമിൽ ഉണ്ണി ജനിച്ചതു മുതലുള്ള ജീവിതവും സഹനപൂർണംതന്നെ. അവസാനം ഗാഗുൽത്താമലയിൽ കുറ്റവാളിയെപ്പോലെ രണ്ടു കള്ളന്മാരുടെ നടുവിൽ നഗ്നനായി മരിക്കുന്ന മകൻ. ലോകത്ത് ഏതെങ്കിലും അമ്മ ഇത്രയധികം മനോവേദന അനുഭവിച്ചിട്ടുണ്ടാകുമോ? ഒരിക്കലുമില്ല. ഈ ത്യാഗങ്ങൾ, വേദനകൾ അമ്മ പരാതി കൂടാതെ സഹിച്ചു. എന്തിനുവേണ്ടി? പാപത്തിന്റെ പടുകുഴിയിലമർന്ന നമ്മെ ഓരോരുത്തരെയും രക്ഷിക്കുവാനും നിത്യജീവൻ അവകാശമായി നല്കാനും വേണ്ടി.

ഒരു സംഭവം ഓർക്കുന്നു. 2013 ഒക്‌ടോബറിൽ ദൈവം ദാനമായി ഒരു വീട് നല്കി. ആ സമയത്ത് എന്റെ മനസിൽ മാതാവിന്റെ ഒരു രൂപം, രണ്ടു കൈയും വിരിച്ചു പിടിച്ചിരിക്കുന്ന ഒന്ന്, വീട്ടിൽവയ്ക്കാൻ ഒരാഗ്രഹം ഉണ്ടായി. ഇതിനുവേണ്ടി ഭർത്താവും ഞാനും കുറെ കടകളിൽ അന്വേഷിച്ചു. എന്നാൽ അങ്ങനെയൊരു രൂപം കിട്ടിയില്ല. അതിനാൽ തിരുക്കുടുംബത്തിന്റെ രൂപം വാങ്ങിച്ചു. അത്ഭുതമെന്ന് പറയട്ടെ, ആ ദിവസങ്ങളിൽ ഞങ്ങളുടെ ഇളയ സഹോദരൻ ഫോണിൽ വിളിച്ച് ഞാൻ മാതാവിന്റെ ഒരു രൂപം കൊണ്ടുവരട്ടെയെന്ന് ചോദിച്ചു. എന്നാൽ അവർ അല്പം ദൂരെയാണ് താമസിക്കുന്നത്. അതുകൊണ്ട് വേണ്ടെന്നും ഞങ്ങൾ തിരുക്കുടുംബത്തിന്റെ രൂപം വാങ്ങിയെന്നും പറഞ്ഞു. എന്നാൽ വെഞ്ചരിപ്പിന്റെ ദിവസം അപ്രതീക്ഷിതമായി, സഹോദരൻ അത്രയും അകലെനിന്ന് വളരെ ബുദ്ധിമുട്ടി വന്നു. മാതാവിന്റെ ഒരു വലിയ രൂപം, അതും ഞങ്ങൾ മനസിൽ ആഗ്രഹിച്ചതുപോലെ ഇരുകരങ്ങളും നിവർത്തിപ്പിടിച്ച് അനുഗ്രഹിക്കുന്ന രൂപം, കൊണ്ടുവന്നു തന്നു.

എന്തുകൊണ്ട് അമ്മ?ണ്ട
ബൈബിൾ ഇപ്രകാരം പറയുന്നു. മത്തായി 6:8 – ”നിങ്ങൾ ചോദിക്കുന്നതിന് മുൻപുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.” ഈ വചനം തികച്ചും സത്യമാണെന്നും പിതാവിനോട് നമ്മൾ എന്തു ചോദിച്ചാലും അത് നമ്മുടെ നന്മയ്ക്കാണെങ്കിൽ തീർച്ചയായിട്ടും തരുമെന്നുമുള്ള ബോധ്യം ഈ സംഭവത്തിലൂടെ അവിടുന്ന് തന്നു. മറ്റൊന്നുകൂടി ഇതോടു ചേർത്ത് മനസ്സിലാക്കാം. പിതാവ് ഈശോയെ ഈ ലോകത്തിലേക്ക് തന്നത് പരിശുദ്ധ അമ്മയിലൂടെയാണ്. പിതാവായ ദൈവത്തിന്, ഇല്ലായ്മയിൽനിന്ന് എല്ലാം സൃഷ്ടിക്കാൻ കഴിവുള്ള ദൈവത്തിന്, സ്വന്തം പുത്രനെ മനുഷ്യനായി ഭൂമിയിലേക്കയക്കാൻ ഒരു അമ്മയുടെ ആവശ്യമില്ലായിരുന്നു. എന്നാൽ എന്തുകൊണ്ട് ദൈവം സ്വന്തം പുത്രനെ ഒരു സ്ത്രീയിൽനിന്ന് സൃഷ്ടിച്ചു?

സൃഷ്ടിയുടെ ആദ്യഭാഗത്ത് ഇതിനുള്ള ഉത്തരമുണ്ട്. അനുസരണക്കേടുകൊണ്ട് അവിടുന്ന് മനുഷ്യനെ പറുദീസയിൽനിന്ന് പുറത്താക്കി. സാത്താന്റെ വാക്കുകേട്ട സ്ത്രീ ദൈവത്തിന്റെ വാക്ക് ധിക്കരിച്ചു. ഈ സംഭവത്തിനുശേഷം ദൈവമായ കർത്താവ് സർപ്പത്തോട് ഇപ്രകാരം അരുളിചെയ്തു. ഉല്പത്തി 3:15 ”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേല്പ്പിക്കും.”

എന്നാൽ പിന്നീട് വെളിപാടുപുസ്തകത്തിലൂടെ നാം കണ്ണോടിക്കുമ്പോൾ വെളിപാട് 12:1-5 വചനങ്ങൾ – ”സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങളുടെ കീഴിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. സ്വർഗത്തിൽ മറ്റൊരടയാളംകൂടി കാണപ്പെട്ടു. ഇതാ അഗ്നിമയനായ ഒരു ഉഗ്ര സർപ്പം. അതിന് ഏഴ് തലയും പത്ത് കൊമ്പും. തലകളിൽ ഏഴ് കിരീടങ്ങൾ. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളതാണ് അവൻ. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു.”
ആദിമാതാവായ ഹവ്വയുടെ അനുസരണക്കേടിന് പകരമായി ഈശോയുടെ അമ്മയും നമ്മുടെ സ്വർഗീയ രാജ്ഞിയുമായ മറിയം അനുസരണത്തിലൂടെ നമ്മെ ദൈവത്തോട് കൂട്ടിയോജിപ്പിച്ചു. അതിനാൽ എല്ലാ ആവശ്യങ്ങളിലും നമ്മുടെ സ്വർഗീയ മധ്യസ്ഥയായ അമ്മ നമുക്ക് തുണയും സങ്കേതവുമാകട്ടെ.

മിനി ജോർജ്, ഹൂസ്റ്റൺ

Leave a Reply

Your email address will not be published. Required fields are marked *