ആകർഷകമായ പൊന്നിന്റെ നിറമായിരുന്നു എന്റേത്. ഉരുണ്ട് കൊഴുത്ത് നല്ല മിനുസമുള്ള രൂപം. എന്നാൽ ഒരു ദിവസം ഞാൻ വീണത് അഴുക്കും ചെളിയും നിറഞ്ഞ മണ്ണിലേക്കാണ്. മണ്ണ് എന്നെ മൂടി. ഹോ, ചുറ്റിലും ഇരുട്ടും. മണ്ണിൽ കിടന്ന് ശരീരം കുതിർന്ന് പൊട്ടാൻ തുടങ്ങി. ശക്തമായ വേദന. വിണ്ടുകീറിയ ശരീരത്തിലേക്ക് ചെളിയും വെള്ളവും ആഴ്ന്നിറങ്ങുന്നു. മാത്രമല്ല, സൂര്യന്റെ ചൂട്, അതും താങ്ങാനാവുന്നില്ല.
ഈ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കേ എന്നെ പൊട്ടിച്ചിതറിച്ച് ഉള്ളിൽനിന്ന് ഞാൻപോലുമറിയാതെ ഒരു മുള പുറത്തുവരുന്നു. എന്നിലുള്ളവയെല്ലാം വലിച്ചെടുത്ത് ആ മുള വളരാൻ തുടങ്ങി. എന്റെ രൂപവും ഭാവവും അനുനിമിഷം നഷ്ടപ്പെടുന്നു. സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥ. ഞാനാകെ തളർന്നുപോയി. എന്നിലെ മുള നാമ്പായി, ഇലകളായി രൂപാന്തരപ്പെടുന്നു. വേരുകൾ താഴേക്കും എന്നെ പിടിച്ച് വലിക്കുന്നു. രണ്ടു ദിശകളിലേക്കുള്ള വളർച്ച എന്നെ പരിപൂർണ വേദനയിലാഴ്ത്തി. ഞാൻ എന്ന ഗോതമ്പുമണി അപ്രത്യക്ഷമാകുകയാണ്.
ഒരു ചെടിയായി വളർന്ന എന്നിൽ പുതിയ കതിരുകൾ വരാൻ തുടങ്ങി. ജീവിതത്തിന് കാതലായ മാറ്റം. നിറയെ കുരുന്നുമണികൾ, എനിക്ക് എണ്ണാൻ പറ്റുന്നില്ല. അവ എന്നിലൂടെ ഭൂമിയിൽനിന്ന് വളവും പോഷകങ്ങളും വലിച്ചെടുത്ത് വളരുന്നു. ഒടുവിലിതാ എന്റെ പഴയ രൂപത്തിലും നിറത്തിലുമുള്ള ഒരുപാട് ഗോതമ്പുമണികൾ.
വേദനകൾ നമ്മെ മൂടുകയും നാം ഇരുട്ടിലാണെന്നു തോന്നുകയും ചെയ്യുമ്പോൾ നമുക്ക് അജ്ഞാതമായ ദൈവികപദ്ധതിയുണ്ടെന്ന് ഓർക്കുക. അതിലൂടെ പലർക്കും പുതുജീവൻ ലഭിക്കും.
ലൂസി ജോയ്