ഡാഡീ… എന്നോടൊന്ന് മിണ്ടുമോ?

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അഞ്ജുമോളുടെ മനസിൽ അന്നൊരു ഉത്സവദിനം. അന്ന് സ്‌കൂളിൽ അവസാനത്തെ പീരിയഡിൽ ആ ടേമിലെ പ്രോഗ്രസ് കാർഡ് വിതരണം ചെയ്യുകയായിരുന്നു ക്ലാസ്ടീച്ചർ. എല്ലാ വിഷയങ്ങൾക്കും ‘എ സ്റ്റാർ’ മാർക്കോടെ ക്ലാസിലും സ്‌കൂളിലും ഫസ്റ്റായിത്തീർന്നിരിക്കുന്നു അഞ്ജു ആൻ മരിയ. അത് അഞ്ജുമോളുടെ ജീവിതത്തിലെ ഒരു നിർണായക ദിനമായിരുന്നു. അന്നാണ് ആദ്യമായി അവൾ സ്‌കൂളിൽ ഫസ്റ്റാകുന്നത്. ഇതിനുമുൻപുള്ള ക്ലാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിനില്ക്കുവാനേ അഞ്ജുവിന് കഴിഞ്ഞിരുന്നുള്ളൂ. ആഹ്ലാദം തിരതല്ലുന്ന ഹൃദയവുമായി അവൾ സ്‌കൂൾബസിൽനിന്നും ഇറങ്ങി മമ്മിയെന്ന് വിളിച്ചുകൊണ്ട് വീട്ടിലേക്കോടിക്കയറി. സങ്കടകരമെന്നു പറയട്ടെ, അഞ്ജുവിന്റെ വിളി കേൾക്കാൻ അവളുടെ മമ്മി സ്ഥലത്തുണ്ടായിരുന്നില്ല. സ്ഥലത്തെ ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന അവളുടെ മമ്മി സീരിയസായ ഒരു ഓപ്പറേഷൻ നിർവഹിക്കേണ്ടി വന്നതുകൊണ്ട് അന്ന് വളരെ വൈകിയാണ് വീട്ടിൽ മടങ്ങിയെത്തിയത്. മ്ലാനമായ മുഖത്തോടെ അവൾ ചേട്ടനെ കാത്തിരിപ്പായി. വീട്ടിലെ ജോലിക്കാരിയായ ആനിയമ്മ അവളെ കാപ്പി കുടിക്കാൻ നിർബന്ധിച്ചത് അവൾ കേട്ടില്ല. എട്ടാംക്ലാസിൽ പഠിക്കുന്ന അവളുടെ ചേട്ടൻ ആദർശിനെ കാത്ത് അവൾ സിറ്റൗട്ടിലെ സോഫയിൽത്തന്നെ കുത്തിയിരുന്നു. സ്‌കൂൾബസ് വന്ന് നിർത്തിയതും അഞ്ജു ആദർശിന്റെനേരെ ഓടിച്ചെന്നു. ആദർശേട്ടാ, ദേ കണ്ടോ എനിക്കാണ് ഇത്തവണ ക്ലാസിലും സ്‌കൂളിലും ഫസ്റ്റ്. എല്ലാ വിഷയത്തിനും എ സ്റ്റാറുമുണ്ട്. പഠനത്തിൽ അല്പം ഉഴപ്പു കാണിക്കുന്നതിന്റെ പേരിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശാസനകൾ കേട്ട് നടക്കുന്ന ആദർശിന് അവളുടെ ആഹ്ലാദപ്രകടനം തീരെ രസിച്ചില്ല. അവൻ പറഞ്ഞു: ഓ, ഒരു വലിയ പഠിപ്പിസ്റ്റ് വന്നിരിക്കന്നു. പഠിച്ച് പഠിച്ച് നീയിപ്പോൾ ഭൂമി കീഴ്‌മേൽ മറിക്കും. പോ, പെണ്ണേ. എനിക്ക് വേറെ പണിയുണ്ട്. അഞ്ജുമോളുടെ മുഖം വാടി. ആദർശ് തന്റെ മൊബൈൽ ഫോൺ കൈയിലെടുത്ത് കൂട്ടുകാരുമായി നർമ്മസല്ലാപങ്ങളിൽ മുഴുകി. ഒരു കൈയിൽ മൊബൈൽ ഫോണും മറ്റേ കൈയിൽ കാപ്പിയും. അവൻ അവന്റെ ലോകത്ത് കൂട്ടുകാരുമായി വർണങ്ങളുടെ പ്രഭ വിതറി കഴിഞ്ഞുകൂടി. അവിടെ അഞ്ജു എന്ന കുഞ്ഞനുജത്തിയെ കണ്ടതായിപ്പോലും നടിച്ചില്ല.

സമയം എട്ടുമണിയായി. പതിവിന് വിപരീതമായി അഞ്ജുവിന്റെ ഡാഡി അന്ന് നേരത്തെയെത്തി. പക്ഷേ ഡാഡിയുടെ വരവ് കണ്ടപ്പോഴേ അവൾ മനസിലാക്കി ഇന്ന് ഡാഡി വളരെ ടെൻഷനിലാണെന്ന്. അതുകൂടാതെ കാർഷെഡിൽ മമ്മിയുടെ കാർ കാണാതായപ്പോൾ ഡാഡിയുടെ ടെൻഷനും കോപവും ഇരട്ടിച്ചു. വീട്ടിലേക്ക് കയറുന്നതിന് മുൻപുതന്നെ അയാൾ മൊബൈലിൽ ഭാര്യയുടെ നമ്പർ ഞെക്കി അസഹിഷ്ണുതയും കോപവും നിറഞ്ഞ സ്വരത്തിൽ ചോദിച്ചു: ”നീ എവിടെപ്പോയി കിടക്കുകയാണ്? ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, ആറുമണി കഴിഞ്ഞിട്ടുള്ള ഡ്യൂട്ടിക്ക് ഞാൻ സമ്മതിക്കുകയില്ലെന്ന്. അതിന് സൗകര്യമുണ്ടെങ്കിൽമാത്രം പ്രാക്ടീസ് ചെയ്താൽ മതിയെന്ന്.” പകൽസമയത്തെ ജോലിഭാരവും അതു കഴിഞ്ഞുള്ള സീരിയസായ ഓപ്പറേഷന്റെ ഭാരവും എല്ലാംകൊണ്ട് ക്ഷീണിതയായ അഞ്ജുവിന്റെ അമ്മ ഡോ. അന്നയ്ക്ക് ഭർത്താവിന്റെ മനം മടുപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. അവൾ പറഞ്ഞു: ”ഞാൻ ഒരു ഡോക്ടറാണെന്ന കാര്യം നിങ്ങൾ മറന്നുപോയോ? അനേകരുടെ ജീവൻ കൈയിലെടുത്തുവച്ച് പോരാടുന്നവളാണ് ഞാൻ. പെണ്ണു കാണാൻ വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ എന്റെ പ്രൊഫഷന്റെമേൽ കൈവയ്ക്കരുതെന്ന്. അതിന് സമ്മതമാണെങ്കിൽ മാത്രമേ ഞാൻ കല്യാണത്തിനുള്ളൂവെന്ന്. അന്ന് കല്യാണം നടക്കാൻ വേണ്ടി നിങ്ങൾ യെസ് മൂളി. ഇന്നിപ്പോൾ ഒരു ജീവനെ രക്ഷപ്പെടുത്താൻവേണ്ടി അല്പമൊന്ന് വൈകിയാൽപോലും നിങ്ങൾ കലിയിളകിയവനെപ്പോലെയാകും. ഒന്നുമില്ലെങ്കിൽ രണ്ടു പിള്ളേരുണ്ട് എന്ന് ബോധമെങ്കിലും നിങ്ങൾക്കുവേണ്ടേ? ഈ രീതിയിൽ പോയാൽ മക്കളുടെ ഭാവി എന്താകും? അതുകേട്ടപ്പോൾ അഞ്ജുവിന്റെ ഡാഡിക്ക് അല്പംകൂടി ദേഷ്യം പെരുത്തു. അയാൾ യഥാർത്ഥത്തിൽ കലി ബാധിച്ചവനെപ്പോലെയായി. അയാൾ അലറി വിളിച്ചുകൊണ്ട് പറഞ്ഞു. മതിയെടീ നിന്റെ മക്കളെ നോട്ടം. മക്കളെക്കുറിച്ച് വിചാരമുണ്ടായിരുന്നെങ്കിൽ നീ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നേനെ. ആർക്കറിയാം നീ ഓപ്പറേഷൻ തിയറ്ററിലായിരുന്നോ എന്ന്? അതോ വല്ലവന്റെയും കൂടെ കൂത്താടുകയായിരുന്നോ എന്ന്. എന്റെ ഭാര്യയായി ജീവിക്കണമെങ്കിൽ ആറുമണിക്ക് വീട്ടിലെത്തിക്കോളണം. അതു കഴിഞ്ഞിട്ടുള്ള അഴിഞ്ഞാട്ടമൊന്നും ഞാൻ സമ്മതിക്കുകയില്ല. നിന്നെയും നിന്റെ മക്കളെയും പത്തുതലമുറവരെ പോറ്റാനുള്ളത് ഞാൻ സമ്പാദിക്കുന്നുണ്ട്. നിന്റെ നക്കാപ്പിച്ച ശമ്പളം കിട്ടിയിട്ടു വേണ്ട എന്റെ കുട്ടികൾക്ക് അരി മേടിക്കുവാൻ. ബാക്കി ഞാൻ പറയാം നീയിങ്ങു വന്നേരേ. അയാൾ പല്ലിറുമ്മിക്കൊണ്ട് ഫോൺ ഡിസ്‌കണക്ട് ചെയ്തു.

സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്നവനായിരുന്നു എഞ്ചിനിയറായ ജേക്കബ് തോമസ്. രണ്ടുമൂന്നു വർഷം മുൻപ് അയാൾ ജോലിരാജിവച്ച് ബിസിനസ് ഫീൽഡിലേക്ക് എടുത്തുചാടി. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാനുള്ള വരം കിട്ടിയാലെന്നവണ്ണം അയാൾ ബിസിനസിൽ നന്നായി ശോഭിച്ചു. കോടികളുടെ ലാഭമുള്ള അയാൾ ഭാര്യ ഡോ. അന്നയോട് ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഡോ. അന്ന അതിന് തയാറായില്ല. അന്നു തുടങ്ങിയതാണ് അവർ തമ്മിലുള്ള വഴക്ക്. രണ്ടുപേരും ഞാനോ നീയോ വലുത് എന്ന രീതിയിൽ എല്ലാ ദിവസവുംതന്നെ കശപിശ ഉണ്ടാക്കുമായിരുന്നു. കുട്ടികളുടെ കാര്യം നോക്കാൻ വീട്ടിൽ ആനിയമ്മയുണ്ടല്ലോ. പിന്നെ ഞാനെന്തിന് ജോലി രാജിവയ്ക്കണം എന്നായിരുന്നു ഡോ. അന്നയുടെ ചിന്ത. രണ്ടുപേരുടെയും വാശിപിടുത്തങ്ങൾ കുടുംബാന്തരീക്ഷത്തെ അനുദിനവും മലിമസമാക്കിക്കൊണ്ടിരുന്നു. കുട്ടികൾ സ്‌നേഹം കിട്ടാതെ വളരാനും തുടങ്ങി.

ഡോ. അന്നയോട് സംസാരിച്ചുകഴിഞ്ഞശേഷം അയാൾ കനത്ത കാൽവയ്പുകളോടെ കമ്പ്യൂട്ടർ റൂമിലേക്ക് പോയി. കൂടുതൽ വഴക്കുണ്ടാകാതിരിക്കാൻ അതാണ് നല്ലതെന്ന് അയാൾക്ക് തോന്നി. പോകുന്ന വഴിക്ക് അഞ്ജുമോൾ പ്രോഗ്രസ് കാർഡും കൈയിൽ പിടിച്ച് തേങ്ങുന്ന സ്വരത്തിൽ വിളിച്ചു ‘ഡാഡീ.’ അയാൾ ഒന്നും മിണ്ടിയില്ല. അവൾ മെല്ലെ മെല്ലെ ധൈര്യം സംഭരിച്ച് കമ്പ്യൂട്ടർ റൂമിന്റെ പടിവരെ എത്തി. കരച്ചിലിന്റെ വക്കോളമെത്തിയ അവൾ പേടിച്ചു പേടിച്ച് വീണ്ടും വിളിച്ചു ‘ഡാഡീ…” കമ്പ്യൂട്ടറിനുമുൻപിൽനിന്ന് അയാൾ തലതിരിച്ചുനോക്കി. മ്ഉം എന്തുവേണം എന്ന് അഞ്ജുമോളോട് ചോദിച്ചു. ഉത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു, ”ഡാഡീ എന്നോട് ഒന്നു മിണ്ടാമോ?” അതുകേട്ട് അയാൾ ഒന്നു ഞെട്ടി. പൊട്ടിക്കരയുന്ന അഞ്ജുവിനെ വാരിയെടുത്തുകൊണ്ട് അയാൾ ചോദിച്ചു. ”മോളേ, എന്റെ പൊന്നുമോൾക്കെന്തു പറ്റി? നീയെന്തിനാ കരയുന്നത്?”

അവൾ പറഞ്ഞു, ഡാഡി എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി. എനിക്ക് ക്ലാസിലും സ്‌കൂളിലും ഫസ്റ്റ് കിട്ടി. പക്ഷേ ആരും എന്നോട് ഒന്നും മിണ്ടുന്നില്ല. ആദർശേട്ടൻ മൊബൈലിൽ, ആനിയമ്മ അടുക്കളയിൽ, ഡാഡി കമ്പ്യൂട്ടറിന്റെ മുൻപിൽ, മമ്മി എപ്പോഴും ഹോസ്പിറ്റലിൽ. അഞ്ജുമോൾക്ക് ആരുമില്ല. ആരും അഞ്ജുമോളോട് മിണ്ടുന്നില്ല. ട്യൂഷൻ മിസ് മാത്രം മിണ്ടുന്നു. അതുകൊണ്ട് അഞ്ജുമോൾക്ക് സ്‌കൂളിൽ ഫസ്റ്റെങ്കിലും കിട്ടി. ഇനിയും ആരും മിണ്ടുന്നില്ലെങ്കിൽ അഞ്ജുമോൾക്കും ഒരു മൊബൈൽ വാങ്ങിത്തന്നേരെ. അഞ്ജുമോൾ എപ്പോഴും ഫ്രണ്ട്‌സിനോട് ചാറ്റു ചെയ്തുകൊള്ളാം.

അഞ്ജുമോളുടെ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടുള്ള വാക്കുകൾ അവളുടെ ഡാഡിയെ ഒരിക്കൽകൂടി ഞെട്ടിച്ചു. തന്റെ കാല്ക്കീഴിൽനിന്ന് ഭൂമി ഉരുണ്ടുമാറുന്നതുപോലെ അയാൾക്ക് തോന്നി. താൻ ആർക്കുവേണ്ടി സമ്പാദിക്കുന്നുവോ ആ മക്കളെ താൻ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണെന്ന് അന്നാദ്യമായി അയാൾക്ക് തോന്നി. അയാൾ അഞ്ജുവിന്റെ മുഖത്ത് തുരുതുരാ മുത്തം കൊടുത്തു. അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ഇല്ല മോളെ, ഇല്ല. ഇനിമുതൽ ഡാഡി വീട്ടിൽ വന്നാൽ മോളോട് മിണ്ടും. മോൾ ഉറങ്ങിക്കഴിഞ്ഞിട്ടേ ഡാഡി കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കൂ. ആ സുന്ദര നിമിഷങ്ങൾക്ക് സാക്ഷ്യം നല്കാനെന്നവിധം ഡോ. അന്നയുമെത്തി. അയാൾ അന്നയോട് പറഞ്ഞു, അന്നാ, ഞാൻ നിന്നോട് റൈസായി നീ ക്ഷമിക്ക്. എന്റെ ടെൻഷൻകൊണ്ട് പറഞ്ഞതാണ്. അന്ന പറഞ്ഞു, ഞാനാണ് ക്ഷമ ചോദിക്കേണ്ടത്. എനിക്ക് ശാന്തമായി മറുപടി പറയാമായിരുന്നു. അവർ രണ്ടുപേരും അഞ്ജുവിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഒത്തിരി സന്തോഷത്തോടെ നോക്കിക്കണ്ടു. മോളെ അഭിനന്ദിച്ചു. നാളുകളായി ആദ്യമായി അവർ ഒന്നിച്ചുകൂടി സന്ധ്യാപ്രാർത്ഥന നടത്തി. അല്ലായിരുന്നെങ്കിൽ ആനിയമ്മയും കുട്ടികളും ചേർന്നുള്ള ഒരു ചടങ്ങുമാത്രമായിരുന്നു ആ വീട്ടിലെ സന്ധ്യാപ്രാർത്ഥന.

അന്ന് അത്താഴത്തിനുശേഷം ജേക്കബ് തോമസും അന്നയുംകൂടി ഒത്തിരി കാര്യങ്ങൾ പങ്കുവച്ചു. ജേക്കബ് തോമസ് ബിസിനസ് ഫീൽഡിലേക്ക് മാറിയതുമുതൽ അവർ തമ്മിൽ അങ്ങനെയൊരു പങ്കുവയ്ക്കൽ നടന്നിട്ടില്ല. അയാൾ പറഞ്ഞു. ഞാനാണ് കൂടുതൽ കുറ്റക്കാരൻ. എല്ലാ ദിവസവും രാത്രിയിൽ കിടക്കയിൽ ഇത്തിരിയൊന്നു മിണ്ടാനായി നീ എനിക്കുവേണ്ടി കാത്തിരിക്കുന്നത് ഞാൻ കാണാഞ്ഞിട്ടല്ല. മിണ്ടാൻ സത്യത്തിൽ സമയമുള്ളപ്പോഴും ഞാൻ നിന്നെ അവഗണിച്ചു. നീയും കുട്ടികളും വീട്ടിൽ ഇല്ലെന്നുള്ള വിധത്തിൽ ബിസിനസ് കാര്യങ്ങളിൽ കുടുങ്ങി ഞാൻ ജീവിച്ചു. എനിക്കൊരു തിരുത്തൽ ആവശ്യമായിരുന്നു. അഞ്ജുമോളുടെ പൊട്ടിക്കരച്ചിൽ അതിന് കാരണമായി. അന്നയും തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു. കുട്ടികളെയും ഭർത്താവിനെയും അവഗണിച്ച് ഹോസ്പിറ്റലിൽ ഡ്യൂട്ടിമാത്രം ശരണംവച്ച് ജീവിച്ചതിന് അവളും തെറ്റ് ഏറ്റുപറഞ്ഞു. ആദർശിനോട് നിശ്ചിതമായ സമയത്തുമാത്രമേ മൊബൈൽ ഉപയോഗിക്കാവൂ എന്ന് നിർദേശം നല്കി. പ്രത്യേകിച്ചും ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുമ്പോഴും മൊബൈൽ ഉപയോഗിക്കരുതെന്ന് വിലക്ക് നല്കി. എല്ലാ ദിവസവും വീട്ടിലുള്ളവർ ഒരുമിച്ചുകൂടി സന്ധ്യാപ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചു. ആനിയമ്മ ഇതെല്ലാം കേട്ട് നെറ്റിയിൽ കുരിശുവരച്ച് ദൈവത്തിന് നന്ദി പറഞ്ഞു. ഒരു പൊട്ടിക്കരച്ചിൽ ഒരു പുതിയ പ്രഭാതത്തിലേക്ക് ആ കുടുംബത്തെ നയിച്ചു.

മൊബൈലും ഇന്റർനെറ്റും ടി.വിയും മറ്റു മാധ്യമങ്ങളുടെ സാധ്യതകളുമെല്ലാം ആധുനിക മനുഷ്യന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവുകളാണ്. എന്നാൽ ഈ സാധ്യതകൾ വകതിരിവും സമയഭേദവുമില്ലാതെ ഉപയോഗിച്ച് മനുഷ്യൻ തന്റെ സ്രഷ്ടാവായ ദൈവത്തിൽനിന്നും സഹജീവികളായ മനുഷ്യരിൽനിന്നും അകലുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു. ആർക്കും പരസ്പരം സംസാരിക്കാനോ പരസ്പരം താങ്ങാനോ പങ്കുവയ്ക്കാനോ കഴിയാതെ പോകുന്നു. കുടുംബപ്രാർത്ഥനകൾ അന്യംവന്നുപോകുന്നു. ഫലമോ നിറഞ്ഞ അസമാധാനവും പരസ്പരമുള്ള കലഹവും. കുടുംബത്തിന്റെ പ്രാർത്ഥനയുടെ വിളക്കായി ശോഭിക്കേണ്ട വല്യമ്മച്ചിമാർപോലും ഇപ്പോൾ സീരിയലുകളുടെ പിന്നാലെ പോകുന്നു. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ.

ഈ വിധത്തിൽ തകർന്നുകൊണ്ടിരിക്കുന്ന മനുഷ്യഗണത്തെ നോക്കി വിലപിക്കുന്ന പിതാവ് പ്രവാചകനിലൂടെ ഇപ്രകാരം പറഞ്ഞു: ”ഈ ജനം രണ്ടു തിന്മകൾ ചെയ്തു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കുവാൻ കഴിയാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജറെമിയ 2:13). കർത്താവ് പറയുന്നു: ”ഇതൊക്കെ ആയിട്ടും ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്ന് നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് ഞാൻ നിന്നെ കുറ്റം വിധിക്കും” (ജറെമിയ 2:35).

വീണ്ടും അവിടുന്ന് അരുളി ചെയ്യുന്നു ”ഇസ്രായേലേ നീ തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ അടുത്തേക്ക് വരിക. എന്റെ സന്നിധിയിൽനിന്നും മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കർത്താവിന്റെ നാമത്തിൽ പരമാർത്ഥമായും നീതിയായും സത്യസന്ധമായും ശപഥം ചെയ്യുകയും ചെയ്താൽ ജനതകൾ പരസ്പരം അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കും. കർത്താവിലായിരിക്കും അവരുടെ മഹത്വം” (ജറെമിയ 4:1-2).

സ്റ്റെല്ല ബെന്നി

അടുത്ത ലക്കത്തിൽ തുടരും

Leave a Reply

Your email address will not be published. Required fields are marked *