നാളുകൾക്കു മുൻപ് തഞ്ചാവൂരിനടുത്ത് നരിമണം എന്ന ഗ്രാമത്തിൽ വച്ചാണ് ആ സംഭവം ഉണ്ടായത്. ഞാനും സഹപ്രവർത്തകരും ഒ.എൻ.ജി.സിയിലെ ജോലിയുടെ ഭാഗമായി ക്രൂഡോയിൽ തരുന്ന എണ്ണക്കിണറുകൾ പരിശോധിക്കാൻ ഈ ഗ്രാമത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിൽ ദിവസവും പോകുമായിരുന്നു. അങ്ങനെ പോകുമ്പോൾ കാന്റീനിൽനിന്ന് ഞങ്ങൾക്ക് ലഭിക്കുമായിരുന്ന ചോക്ലേറ്റുകളും സോഫ്റ്റ് ഡ്രിങ്കുകളും കൂടെ എടുത്തുകൊണ്ടുപോകും.
ഗ്രാമങ്ങളിലെ കുട്ടികൾ ഞങ്ങളുടെ വാഹനം കാണുമ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടി വരുക പതിവായിരുന്നു. ഒരു ദിവസം മുപ്പതോളം കുട്ടികൾ ചുറ്റും കൂടി. അവർക്ക് മിഠായികളും മധുരങ്ങളുമൊക്കെ നല്കിയപ്പോൾ അവർ സന്തോഷത്തോടെ താങ്ക്യൂ സാർ എന്ന് പറഞ്ഞു. എന്നാൽ ഒരു കുട്ടി മാത്രം സംസാരിക്കാതെ എന്നെ നോക്കി പുഞ്ചിരിച്ചു.
നോവുകളിലേക്ക് ഇറങ്ങിവരുന്നവൻ
ഈ കുട്ടി എന്താണ് സംസാരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ എല്ലാവരുംകൂടി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, സാർ ആ കുട്ടി ഊമയാണ്. എല്ലാവരുടെയും കളിയാക്കിയുള്ള ചിരിയിൽ ആ കുട്ടി വിതുമ്പുന്നതും അവന്റെ കണ്ണുകൾ നനയുന്നതും ഞാൻ ശ്രദ്ധിച്ചു. ഉടനെ ആ കുട്ടിയെ ചേർത്തുപിടിച്ചു. അപ്പോൾ അവൻ ഉറക്കെ കരയുവാൻ തുടങ്ങി. ആ ഹൃദയവേദനയുടെ കരച്ചിൽ എന്റെ മനസിനെയും വളരെ നോവിച്ചു.
അപ്പോഴുണ്ടായ ദൈവികപ്രചോദനമനുസരിച്ച് ഞാൻ അവിടെനിന്നുകൊണ്ട് യേശുവേ, യേശുവേ ഈ ബാലനിൽ അലിവു തോന്നണമേ. ഈ കുട്ടിയുടെ ചങ്കു തകർന്ന നിലവിളികേട്ട് അത്ഭുതം ചെയ്യണമേ, അങ്ങയുടെ നാമത്തിന്റെ ശക്തി പ്രകടമാക്കണമേ എന്നു പറഞ്ഞ് മനസ് ഉരുകി സ്തുതിച്ചു പ്രാർത്ഥിച്ചു. അതിനുശേഷം ആ കുട്ടിയോട് അമ്മ എന്ന് വിളിക്കുവാൻ പറഞ്ഞു.
മറ്റു കുട്ടികൾ ചുറ്റും നില്ക്കേ അവൻ അമ്മ എന്ന് ഉറക്കെ വിളിച്ചു. വീണ്ടും അപ്പ എന്ന് വിളിക്കുവാൻ പറഞ്ഞു. ആ കുട്ടി സ്ഫുടമായി അപ്പ എന്നു വിളിച്ചു. ഊമക്കുട്ടി സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ട് ആ കുട്ടിയെയുംകൊണ്ട് മറ്റ് കുട്ടികൾ ഗ്രാമത്തിലേക്ക് ഓടി.
ഏതാനും മാസങ്ങൾക്കുമുൻപ് യേശുനാമത്തിന്റെ ശക്തി ഒരിക്കൽക്കൂടി ബോധ്യപ്പെട്ട മറ്റൊരനുഭവവുമുണ്ടായി. രാത്രി 9.30 ആയിക്കാണും. അപ്പോഴാണ് ഞാൻ ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന താമസസ്ഥലത്ത് ഒരു ഫോൺസന്ദേശം വരുന്നത്. സന്ദേശം ഇതായിരുന്നു: ക്രൂഡോയിലും ഗ്യാസും പോയിക്കൊണ്ടിരുന്ന പൈപ്പിൽ ചോർച്ച സംഭവിച്ചു. അത് എങ്ങനെയോ കത്തി തീ പടരുകയാണ്. അടുത്തെല്ലാം ഗ്രാമവാസികളുടെ വീടുകളുണ്ട്. അവിടെ ഒരു സ്ത്രീയ്ക്ക് വലിയ പൊള്ളൽ സംഭവിച്ച് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്.
പ്രശ്നം വളരെ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് യേശുവേ, രക്ഷിക്കണേ എന്ന് പല തവണ ഉരുവിട്ടു. കമ്പനിയുടെ ചീഫ് എഞ്ചിനിയർ ഞാൻ ആയതിനാൽ ഉത്തരവാദിത്വം എന്റേതാണെന്ന് എനിക്കറിയാമായിരുന്നു. തീ അണയ്ക്കാനുള്ള രണ്ട് ഫയർ എഞ്ചിനുകളുമായി ഉടനെ അവിടെയെത്തി. രാത്രിഷിഫ്റ്റിൽ ജോലി നോക്കിക്കൊണ്ടിരുന്ന നാലുപേരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഫയർ എഞ്ചിനുകൾ തീ അണച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇവനാണ് അവിടുത്തെ അധികാരി എന്നു പറഞ്ഞ് നൂറുകണക്കിന് ആളുകൾ എന്നെ വളഞ്ഞു. അതോടെ മറ്റ് ജോലിക്കാർ സ്ഥലം വിട്ടു. രോഷാകുലരായ ഒരു ജനക്കൂട്ടത്തിന്റെ മധ്യത്തിൽ ഞാനൊറ്റയ്ക്ക്.
എന്റെ ചുറ്റും കൂടിയിരുന്ന പലരും മദ്യപിച്ചിരുന്നു. അടിക്കാൻ പലപ്പോഴും കൈകൾ പൊക്കി. ഒരാൾ അടിച്ചാൽ എല്ലാവരുംകൂടി അടിച്ച് എന്നെ നാമാവശേഷമാക്കും. എനിക്ക് തമിഴിൽ സംസാരിക്കാനും നൈപുണ്യമില്ല. യേശുവേ….യേശുവേ, നീ മാത്രം തുണ, എന്നെ രക്ഷിക്കണേ, ജ്ഞാനം തരണേ എന്ന് അപേക്ഷിച്ചുകൊണ്ട് അവരോട് എനിക്കറിയാവുന്ന തമിഴിൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഇനി ഒരിക്കലും ഇതുപോലത്തെ സംഭവം ഉണ്ടാകുകയില്ലെന്നും ഉറപ്പു നല്കി. പൊള്ളലേറ്റ സ്ത്രീയെ സൗഖ്യപ്പെടുത്തുന്ന കാര്യവും നഷ്ടപരിഹാരം നല്കുന്ന കാര്യവുമെല്ലാം ഉറക്കെ സംസാരിച്ച് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
അതിനിടയിലാണ് മറ്റൊരു നേതാ വ് രംഗപ്രവേശം ചെയ്തത്. അയാൾ പറഞ്ഞു; മുൻപ് ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ ഓഫിസറെ കെട്ടിയിട്ട് അടിച്ചതുപോലെ ഇവനും കൊടുക്കണം. രംഗം വഷളാകുന്നുവെന്ന് കണ്ടപ്പോൾ മുകളിലേക്ക് നോക്കി യേശുവേ, ഇറങ്ങിവരണമേ എന്ന് ചങ്കുരുകി പ്രാർത്ഥിച്ചു. സെക്കന്റുകൾക്കുള്ളിൽ പോലിസ് സംഘം എത്തി എന്നെ മോചിപ്പിച്ചു. ഗ്രാമവാസികളിൽ ഒരാൾ തഹസിൽദാറിനും പോലിസിനും ഫോൺവഴി വിവരം അറിയിച്ചിരുന്നു.
എന്തിനും തയാറായി നില്ക്കുന്ന നൂറുകണക്കിന് ആളുകളുടെ മുൻപിൽ ഒരു മണിക്കൂറോളം എന്നെ ധൈര്യത്തോടെ പിടിച്ചുനിർത്തിയത് യേശുവിന്റെ ശക്തി ആയിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കി അവരെ ശാന്തമാക്കാനുള്ള ജ്ഞാനം കർത്താവ് തന്നു. തമിഴിൽ വേണ്ടത്ര അറിവില്ലാഞ്ഞിട്ടും കോപാക്രാന്തരായ ജനക്കൂട്ടത്തോട് തമിഴ് ഭാഷയിൽ സംസാരിച്ചുനിന്നു. ഒരൊറ്റ വ്യക്തിയുടെ കൈപോലും എന്റെ ദേഹത്ത് വയ്ക്കാൻ പൊങ്ങിയില്ല.
വേണ്ട സമയത്ത് പോലിസും തഹസിൽദാറും എത്തി രംഗം ശാന്തമാക്കി പ്രശ്നം പരിഹരിച്ചു. അതിനുശേഷം രാത്രി രണ്ടുമണിയോടെ ആശുപത്രിയിൽ ചെന്ന് പൊള്ളലേറ്റ സ്ത്രീയ്ക്കുവേണ്ട കാര്യങ്ങളെല്ലാം അടിയന്തിരമായി ചെയ്യിപ്പിച്ചു. ആശുപത്രി പരിസരത്തും എന്നെ കാത്ത് പലരെയും നിർത്തിയിട്ടുണ്ടായിരുന്നു. എന്നാൽ അവരുടെ കണ്ണിൽപ്പെടാതെ കാര്യങ്ങളൊക്കെ ഭംഗിയായി നടത്തി ഞാൻ ഓഫിസിൽ തിരിച്ചെത്തി. യേശു എന്ന നാമത്തിന്റെ ശക്തി ഒന്നുമാത്രമാണ് ഇവിടെ പ്രവർത്തിച്ചത.്
അതിന്റെ വിശദീകരണം അപ്പസ്തോല പ്രവർത്തനങ്ങൾ 4:12-ൽ നമുക്ക് വായിക്കാം. ”മറ്റാരിലും രക്ഷയില്ല. ആകാശത്തിനുകീഴെ, മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്പ്പെട്ടിട്ടില്ല.” ജോയേൽ പ്രവാചകനും പറയുന്നുണ്ടല്ലോ, ”കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർ രക്ഷ പ്രാപിക്കും” (ജോയേൽ 2:32).
പി.ജെ. ജോസഫ് ഇടപ്പള്ളി