ഒരു യുവാവിന്റെ കല്യാണത്തിന്റെ തലേദിവസം. കൂട്ടുകാരെ വിളിച്ചുകൂട്ടി കെയ്‌സ് കണക്കിന് മദ്യക്കുപ്പികൾ തുറക്കുന്ന ആഘോഷം അന്ന് ഒരുക്കിയിരുന്നു. കൂട്ടുകാരിൽ പലരും സ്ഥിരം മദ്യപരല്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ അല്പം മദ്യപിക്കും, ‘അത്രയേയുള്ളൂ.’ കൂട്ടുകാരൊന്നിച്ച് മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ യുവാക്കളിൽ ഒരാളുടെ ശ്രദ്ധ മറ്റൊരു കോണിൽ ഇരിക്കുന്ന മൂന്നു കുട്ടികളിലേക്കായി.
അവർ എന്തോ കുടിച്ചുകൊണ്ടിരിക്കുകയാണ്. പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾ. ഏതെങ്കിലും ശീതളപാനീയങ്ങൾ ആയിരിക്കുമെന്ന് വിചാരിച്ച് ആ യുവാവ് വെറുതെയൊന്ന് കുട്ടികളുടെ അടുത്ത് ചെന്നുനോക്കി. അപ്പോൾ മനസിലായി, അത് ശീതളപാനീയങ്ങളല്ല, മദ്യംതന്നെ. ആ കുട്ടികളോട് മദ്യപിക്കരുതെന്ന് പറയാനുള്ള ആത്മധൈര്യം അയാൾക്ക് നഷ്ടപ്പെട്ടിരുന്നു. കാരണം, അയാൾ മദ്യപിക്കുന്നത് ആ കുട്ടികൾ കണ്ടിട്ടുണ്ട്. അവിടെവച്ച് ആ യുവാവ് ഉറച്ച തീരുമാനമെടുത്തു ”ഇനി ഒരിക്കലും മദ്യപിക്കില്ല.”
കൂട്ടുകാരന്റെ കല്യാണത്തലേന്ന് താനെടുത്ത നല്ല തീരുമാനത്തിനു പിന്നിലെ കാരണംകൂടി ആ യുവാവ് തന്റെ സുഹൃത്തായ വൈദികനോട് വ്യക്തമാക്കിയതിങ്ങനെ: ”ഞാൻ മദ്യപിക്കുന്നതിന്റെ പേരിൽ മറ്റൊരാൾ മദ്യപിക്കാൻ ഇടയാകരുത്; ഞാൻമൂലം ഒരു ദുഷ്‌പ്രേരണ ആർക്കും ഉണ്ടാകരുത്.”
എം. എ ജോർജ്