നല്ല ഭാവിക്കായ്…

രസകരവും ചിന്തോദ്ദീപകവുമായ ഒരു സംഭവം ഓർക്കുകയാണ്. ധ്യാനത്തിൽ പങ്കെടുത്തതിനുശേഷം പ്രാർത്ഥനാഗ്രൂപ്പിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന ഒരാൾ ഇടക്കാലംകൊണ്ട് വരാതായി. കാരണമന്വേഷിച്ച് ഗ്രൂപ്പ് ലീഡർ വീട്ടിൽ ചെന്നു. അപ്പോൾ ആ സഹോദരൻ പ്രതികരിച്ചത് ഇങ്ങനെയാണ്: രാത്രി ഒമ്പതുമണിക്ക് അവസാനിക്കുന്ന ഗ്രൂപ്പ് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ, വഴിയിൽ നായ്ക്കളുണ്ടാകും. അവ എന്നെ ഉപദ്രവിക്കും എന്ന് ഞാൻ ഭയപ്പെടുന്നു. രണ്ടാമതായി കള്ളന്മാരുടെ ശല്യവുമുണ്ട്. ഞാൻ വീട്ടിൽ ഇല്ലാതെ വന്നാൽ മോഷണം നടക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. ഈ രണ്ട് കാരണങ്ങളാലാണ് ഞാൻ ഗ്രൂപ്പിൽ വരാതിരിക്കുന്നത്.

എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും ഗ്രൂപ്പിലെ മറ്റംഗങ്ങൾക്കും ബാധകമാണ് എന്നതാണ് യാഥാർത്ഥ്യം. ഇവിടെ സംഭവിച്ചത് ഇങ്ങനെയാണ്. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ ഈ വ്യക്തിയുടെ ഭവനത്തിൽമാത്രം മോഷണം നടന്നു. മാത്രവുമല്ല, ആ നാളുകളിൽത്തന്നെ അദ്ദേഹത്തെ പട്ടി കടിച്ച് പരിക്കേല്പ്പിക്കുകയും ചെയ്തു.

അനുഗ്രഹത്തിലേക്കുളള്ള വഴി
നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ഒരു ദൈവഭക്തന്റെ പ്രതീക്ഷ, പ്രത്യാശ, എന്തായിരിക്കണമെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നത് ശ്രദ്ധിക്കാം.

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. നമ്മുടെ ഭാവിയെക്കുറിച്ച് നാം ഹൃദയത്തിൽ എന്ത് വിശ്വസിക്കുന്നു, അധരംകൊണ്ട് എന്ത് നാം ഏറ്റുപറയുന്നു അതു നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്നും ‘നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ’ എന്നും നമ്മുടെ കർത്താവ് പറയുന്നത് ഈ അർത്ഥത്തിൽത്തന്നെയാണ്.

ഞാൻ ശരിയാകാൻ പോകുന്നില്ല, എനിക്ക് ഒരു കഴിവും ഇല്ല, എന്റെ ഗതി ഇതുതന്നെയാണ്, എന്റെ മക്കൾ ഗുണം പിടിക്കില്ല – ഇങ്ങനെയുള്ള ചിന്താഗതികൾ വച്ചുപുലർത്തുകയും അത് എപ്പോഴും ഏറ്റുപറയുകയും ചെയ്യുന്ന ഒരു വിശ്വാസി, അവൻ എത്രതന്നെ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിച്ചാലും ഉയർച്ച പ്രാപിക്കണമെന്ന് നിർബന്ധമില്ല.

ജോബിന്റെ പുസ്തകം മൂന്നാം അധ്യായം 25-ാം വാക്യത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്: ”ഞാൻ ഭയപ്പെട്ടിരുന്നത് എന്റെമേൽ പതിച്ചിരിക്കുന്നു.” ഈ വാക്കുകളുടെ അർത്ഥം- പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ജോബ്. എന്നാൽ സമ്പത്തും സമൃദ്ധിയും ഉണ്ടായപ്പോൾ ജോബിനെ ഭയം പിടികൂടി. അവന്റെ ഹൃദയത്തിൽ നെഗറ്റീവ് ചിന്തകൾ തലപൊക്കി. ഇതെല്ലാം ഒരിക്കൽ എനിക്ക് നഷ്ടപ്പെടുമോ? എന്റെ മക്കൾക്ക് എന്തെങ്കിലും അനർത്ഥം സംഭവിക്കുമോ? ഇങ്ങനെയുള്ള ഭയപ്പാടുകൾ അവന്റെ പ്രത്യാശ നഷ്ടപ്പെടുത്തി. ബൈബിൾ പഠിപ്പിക്കുന്നു: അവൻ ഭയപ്പെട്ടതെല്ലാം അവന് സംഭവിച്ചു.

”കർത്താവിന്റെ ഭക്തരേ ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിൻ” (പ്രഭാഷകൻ 2:8). ഇങ്ങനെ പ്രതീക്ഷയും പ്രത്യാശയും ഉള്ളവന് ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും വന്നുചേരും. വായിച്ച ഒരു സംഭവം ഓർക്കുകയാണ്. ചൈനയിൽനിന്ന് തായ്‌വാനിലേക്ക് ഒരു ബോട്ടിൽ കടൽകൊള്ളക്കാർ പത്ത് സ്ത്രീകളെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോകുകയാണ്. ഇത് നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന തായ്‌വാൻ പോലിസിന്റെ ശ്രദ്ധയിൽപെട്ടു. ഇത് മനസിലാക്കിയ കടൽക്കൊള്ളക്കാർ ഈ സ്ത്രീകളെ നിഷ്‌ക്കരുണം ആഴക്കടലിൽ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പോലിസ് അടുത്തെത്തിയപ്പോഴേക്കും അതിൽ ഒമ്പത് സ്ത്രീകളും കടലിൽ മുങ്ങി മരണപ്പെട്ടിരുന്നു. എന്നാൽ പത്താമത്തെ സ്ത്രീയുടെ അടുത്തെത്തിയപ്പോൾ അവൾക്ക് ജീവനുള്ളതായും അവൾ എന്തോ പുലമ്പുന്നതായും അവരുടെ ശ്രദ്ധയിൽപ്പെട്ടു.

അവൾ ഇങ്ങനെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്: ”ഞാൻ മരിക്കുകയില്ല, ഞാൻ ജീവിക്കും. എന്റെ ദൈവം എന്നെ രക്ഷിക്കും.” അവളെ മാത്രം ദൈവം പോലിസിന്റെ കൈകളിലൂടെ ജീവനിലേക്ക് നയിച്ചു. എന്താണ് ഈ സംഭവത്തിലൂടെ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിലെ ഏത് വിപരീത സാഹചര്യങ്ങളിലും സഹനവഴിയിലും നാം പ്രത്യാശയോടെ കർത്താവിൽ ആശ്രയിക്കണം.

പ്രത്യാശ നിറഞ്ഞ ഭാവി
നമ്മുടെ തളർന്ന ശരീരത്തെ നോക്കി നാം പറയണം – എന്റെ അസ്ഥികൾ കർത്താവ് ബലപ്പെടുത്തും. എന്റെ തകർന്ന കുടുംബത്തെ കർത്താവിന് സമർപ്പിച്ച് നാം നമ്മോടും ചുറ്റുപാടുകളോടും പ്രഘോഷിക്കണം – എന്റെ കുടുംബം ദൈവത്താൽ അനുഗ്രഹിക്കപ്പെടും. എന്റെ ഭാവി, പ്രത്യാശാനിർഭരമാണ്. അതെ, അവിടുന്ന് അരുൾചെയ്യുന്നു ”കരച്ചിൽ നിർത്തി കണ്ണീർ തുടയ്ക്കൂ. നിന്റെ യാതനകൾക്ക് പ്രതിഫലം ലഭിക്കും. ശത്രുക്കളുടെ ദേശത്തുനിന്ന് അവർ തിരികെ വരും. കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാനിർഭരമാണ്. നിന്റെ മക്കൾ സ്വദേശത്തേക്ക് തിരിച്ചുവരും” (ജറെമിയാ 31:16-17).

ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്. ഞാനിന്ന് വിട്ടുമാറാത്ത പാപബന്ധനത്തിൽ വീണുകിടക്കുകയാണെങ്കിലും വീണാലും എഴുന്നേൽപിക്കുന്ന കർത്താവിന്റെ കരുണയെ ഏറ്റുപറയണം. എന്റെ ഭാവി ഇപ്പോൾ അന്ധകാരം നിറഞ്ഞതാണെങ്കിലും കർത്താവ് എന്റെ വെളിച്ചമാണ്. ഞാൻ വെളിച്ചത്തിലേക്ക് വരും എന്ന് വിശ്വസിക്കണം. മിക്കാ പ്രവാചകൻ ഈ സന്ദേശമാണ് നമുക്ക് നല്കുന്നത്. ”എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ലാദിക്കേണ്ട. വീണാലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിലിരുന്നാലും കർത്താവ് എന്റെ വെളിച്ചമായിരിക്കും” (മിക്കാ 7:8). അപ്പസ്‌തോല പ്രവർത്തനങ്ങൾ 27-ാം അധ്യായത്തിൽ പൗലോസ് ശ്ലീഹായെ വിചാരണയ്ക്ക് ഇറ്റലിയിലേക്ക് കപ്പൽമാർഗം കൊണ്ടുപോകുകയാണ്. റോമായിലേക്കുള്ള കപ്പലിൽ 276 യാത്രക്കാർ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് നാം കാണുന്നത് കപ്പൽ തകരുന്ന വിധമുള്ള വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ആഴക്കടലിൽ – കൂരിരുട്ടിൽ – അവർ മരണത്തെ മുഖാഭിമുഖം കണ്ടു. ”കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരുന്നതിനാൽ രക്ഷപ്പെടാമെന്ന ആശ തന്നെ ഞങ്ങൾ കൈവെടിഞ്ഞു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 27:20). എന്നാൽ, ഈ മരണമുഖത്തും ഒരുവൻമാത്രം പ്രത്യാശയുടെ വാക്കുകൾ സംസാരിച്ചു. അവനാണ് വിശുദ്ധ പൗലോസ്. അതിന് അവനെ ശക്തനാക്കിയത് കർത്താവ് അവന് നല്കിയ ദർശനവും വാഗ്ദാനവുമാണ്. ”പൗലോസ് നീ ഭയപ്പെടേണ്ട. സീസറിന്റെ മുൻപിൽ നീ നില്ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും ദൈവം നിനക്ക് വിട്ടുതന്നിരിക്കുന്നു”

പ്രതികൂല സാഹചര്യങ്ങളിലും ഒന്നും പ്രതീക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയിലും നാം ദൈവമുഖത്തേക്ക് നോക്കണം. സാധിക്കുകയില്ല, നടക്കുകയില്ല എന്ന് ലോകവും ചുറ്റുപാടുകളും നമ്മോട് പറയുമ്പോൾ അത് നാം മുഖവിലയ്ക്ക് എടുക്കരുത്. മറിച്ച് ദൈവം എന്ത് പറയുന്നുവെന്ന് ചിന്തിക്കണം. അത് നാം ഉറക്കെ പ്രഘോഷിക്കണം. പൗലോസ് വിശ്വാസത്തിന്റെ ഉറപ്പോടെ പറഞ്ഞു ”എന്നോട് പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കും എന്ന് എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 27:25). ഇതാണ് വാഗ്ദാനവും അനുഗ്രഹവും പ്രാപിക്കാൻ ഒരു ദൈവപൈതലിന് അടിസ്ഥാനപരമായി വേണ്ട ഉറപ്പും ബോധ്യവും. തുടർന്ന് അവരെല്ലാം സുരക്ഷിതരായി കരയിൽ എത്തിയെന്ന് വചനത്തിൽ വായിക്കുന്നു.

പറയാം സദ്‌വചനങ്ങൾ
പഠനത്തിലും മറ്റ് കാര്യങ്ങളിലും തീർത്തും പിന്നോക്കമായിരുന്ന തോമസ് ആൽവ എഡിസണെന്ന ബാലനെ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടു. എന്നാൽ അവന്റെ അമ്മ അവനെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു: ”ഇവൻ മണ്ടനല്ല, നിങ്ങൾക്കിവനെ അറിയില്ല. ഇവനെ ഞാൻ പഠിപ്പിക്കും.” ആ കുട്ടിയാണ് പിന്നീട് ലോകപ്രസിദ്ധനായിത്തീർന്ന തോമസ് ആൽവ എഡിസൺ. യേശുവിൽ പ്രിയപ്പെട്ടവരേ, നാം മറ്റുള്ളവരെ നോക്കി, നമ്മുടെ മക്കളെ നോക്കി, സഹപ്രവർത്തകരെ നോക്കി പറയുന്ന വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. ദൂരവ്യാപകമായ ഫലങ്ങൾ പുറപ്പെടുവിക്കാൻ അതിന് കഴിയും. അതിനാൽ ഒരു ശരിയായ വിശ്വാസി മറ്റുള്ളവരുടെ നന്മകളും അനന്തസാധ്യതകളും അവരുടെ പ്രത്യേക കഴിവുകളും കണ്ട് അത് എടുത്തുപറഞ്ഞ് അവരെ വലിയ പ്രത്യാശയിലേക്ക് നയിക്കണം.

എന്റെ ആത്മീയജീവിതത്തിന്റെ ഇന്നലെകൾ ഞാൻ ഓർക്കുകയാണ്. എന്റെ ബാല്യകാലം എല്ലാ അർത്ഥത്തിലും ഒരു പരാജയമായിരുന്നു. ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന എന്റെയുള്ളിലെ ചിന്തകൾ കടുത്ത അപകർഷതയിലേക്കും സഭാകമ്പത്തിലേക്കും നിരാശയിലേക്കും എന്നെ നയിച്ചു. അങ്ങനെ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ട് അന്തർമുഖനായി ജീവിക്കുന്ന കാലഘട്ടങ്ങളിലാണ് ആദ്യമായി ഒരു ധ്യാനം കൂടുന്നത്. അവിടെവച്ച് എന്റെ യേശുവിനെ ഞാൻ കണ്ടുമുട്ടി. പിന്നീട് പല ശുശ്രൂഷകരിലൂടെയും കർത്താവ് എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ആദ്യമൊക്കെ മനസിൽ ഇതുകേട്ട് ഊറിച്ചിരിച്ചുവെങ്കിലും പിന്നീട് ദൈവം തന്ന പ്രത്യേക കൃപയാൽ ഞാൻ ഇത് ഭാവനയിൽ കാണുവാനും മറ്റുള്ളവരോട് വിശ്വാസപൂർവം പങ്കുവയ്ക്കുവാനും തുടങ്ങി. ഇന്ന് ഞാനീ വരികൾ കുറിക്കുമ്പോൾ കർത്താവ് അരുളിച്ചെയ്ത എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ അക്ഷരംപ്രതി നിറവേറിയതായി ഞാൻ മനസിലാക്കുന്നു. അവർണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി. അതെ, ആ ദൈവം ആരിലും വലിയവാണ്. അവന് എല്ലാം സാധ്യമാണ്. അവിടുന്ന് അരുളിച്ചെയ്യുന്നു ”തീർച്ചയായും നിനക്കൊരു ഭാവിയുണ്ട്. നിന്റെ പ്രതീക്ഷകൾക്ക് ഭംഗം നേരിടുകയില്ല” (സുഭാഷിതങ്ങൾ 23:18).

മാത്യു ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *