ഉദരശസ്ത്രക്രിയക്കിടയിൽ അബദ്ധത്തിൽ ബ്ലേഡ് വയറിനകത്തുവച്ച് തുന്നിക്കെട്ടിയതിനാൽ പത്തു വർഷം വേദനയനുഭവിച്ച് ജീവിക്കേണ്ടിവന്ന ഒരു മനുഷ്യനെക്കുറിച്ചുള്ള പത്രറിപ്പോർട്ട് വായിക്കുകയായിരുന്നു ഞാൻ. അപ്പോൾ എന്റെ ഓർമ്മ വർഷങ്ങൾക്കു പിന്നിലേക്ക് സഞ്ചരിച്ചു.അന്ന് ജപമാലയും ചേർത്തു പിടിച്ചാണ് ഞാൻ ആ ആശുപത്രിക്കട്ടിലിൽ കിടന്നത്. ഡോക്ടർ എന്റെ മുറിവ് തുന്നുകയാണ്. രണ്ട് സ്റ്റിച്ചിനുള്ള വിടവ് നില്‌ക്കേ തുന്നിക്കൊണ്ടിരുന്ന നൂൽ തീർന്നു. വേറെ സ്റ്റിച്ചിടാമെന്നായിരുന്നു അടുത്തു നിന്ന സിസ്റ്റർ പറഞ്ഞത്. അങ്ങനെ ആദ്യം ഇട്ട സ്റ്റിച്ച് മുറിച്ചുമാറ്റുന്നതിനുവേണ്ടി ബ്ലേഡ് നോക്കിയപ്പോൾ കണ്ടില്ല.
തൊട്ടുമുൻപ് ഡോക്ടർ ബ്ലേഡ് ഉപയോഗിച്ചതാണ്. പെട്ടെന്ന് സിസ്റ്റർ പോയി വേറെ ബ്ലേഡ് എടുത്തുകൊണ്ടുവന്നു. ഇട്ട സ്റ്റിച്ച് മുറിക്കാൻ നോക്കിയപ്പോൾ കണ്ട കാഴ്ച ഡോക്ടറെ അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യം ഉപയോഗിച്ച ബ്ലേഡ് മുറിവിനുള്ളിൽ ഇരിക്കുന്നു. ബ്ലേഡ് കണ്ട മാത്രയിൽ ഡോക്ടർ അറിഞ്ഞോ അറിയാതെയോ ‘സിസ്റ്റർ, ബ്ലേഡ് ദേ ഇവിടെയുണ്ട്’ എന്ന് പറഞ്ഞു.
വിദഗ്ധനായ ആ ഡോക്ടർക്ക് ഒരു മുറിവ് തുന്നാൻ വേണ്ട നൂലിന്റെ നീളം അറിയാം. പിന്നെ എന്റെ കാര്യത്തിൽ എങ്ങനെ ഡോക്ടർക്ക് പിശകു പറ്റി? പരിശുദ്ധ അമ്മയാണ് ഇതുപോലൊരു കുറവ് സൃഷ്ടിച്ചതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. അന്ന് വലതു കൈപ്പത്തിയിൽ ചുറ്റിക്കിടന്നിരുന്ന ജപമാലയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ തന്നെ ആവർത്തിക്കട്ടെ, ‘എന്റെ അമ്മേ, എന്നെ നീ കാത്തു.’
എൽസമ്മ ജോൺ, ബറോഡ