ആർക്കും മറച്ചു പിടിക്കാനാവാത്തത്!

എനിക്കുതന്നെയോ മറ്റുള്ളവർക്കോ മറച്ചുപിടിക്കാനാവാത്തവിധം എന്നിൽ നിറഞ്ഞുനില്ക്കുന്നതെന്താണ്?

കാൽനൂറ്റാണ്ടോളമായി സുവിശേഷപ്രഘോഷണവേദികളിൽ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് അദ്ദേഹം. എങ്ങും എവിടെയും സുവിശേഷം കൊടുക്കുക അദ്ദേഹത്തിന്റെ ലഹരിയാണ്. ഉറക്കത്തിലും ഉണർവിലും ഒരുപോലെ ക്രിസ്തുവിനായി ജീവിക്കാൻ ഇച്ഛിക്കുന്നവൻ. യാത്രകൾ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. യാത്രയ്ക്കിടെ ട്രെയിനിന്റെ ടോയ്‌ലറ്റിൽ ചെന്നപ്പോഴാണ് കുത്തിവരച്ചിരിക്കുന്ന അശ്ലീലചിത്രങ്ങളും മറ്റും കാണുന്നത്. തനിക്കെന്തു ചെയ്യാനാകും എന്നദ്ദേഹം ചിന്തിച്ചു. പ്രാർത്ഥിക്കാം. പക്ഷേ, അതുകൊണ്ടുമാത്രമായോ? നന്മയുടെ കരങ്ങൾ ചരിക്കാത്തതുകൊണ്ടല്ലേ തിന്മയുടെ കരവേലകൾ അത്രമേൽ തെളിഞ്ഞുനിൽക്കുന്നത്.

അടുത്ത ദിവസം യാത്ര കോട്ടയത്തുനിന്ന് കോഴിക്കോടിനാണ്. ശുശ്രൂഷകർക്ക് ട്രെയിനിങ്ങ് നല്കാനുള്ള യാത്ര. ബൈബിളും ജപമാലയ്ക്കുമൊപ്പം ഒരു ചെറിയ ടിൻ പെയിന്റും ഒരു ബ്രഷും കൂടെ കരുതി. രാത്രിയിലാണ് ട്രെയിൻയാത്ര. അഞ്ചാറ് മണിക്കൂറെടുക്കും സ്ഥലത്തെത്താൻ. എല്ലാവരും മയക്കത്തിലായപ്പോൾ അദ്ദേഹം എഴുന്നേറ്റു. ഓരോ ടോയ്‌ലറ്റിലും ചെല്ലും. ആദ്യമൊക്കെ തുണി നനച്ച് തുടയ്ക്കാൻ ശ്രമിച്ചിട്ട് പറ്റാത്തതിനാലാണ് പെയിന്റ് കരുതിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ എട്ടോ പത്തോ ടോയ്‌ലറ്റുകളിൽ അദ്ദേഹം നന്മയുടെ സുവിശേഷം വിതറും, തിന്മയുടെ കരവിരുതുകൾ മായിച്ചുകളഞ്ഞുകൊണ്ട്. ക്രിസ്റ്റീൻ മുന്നേറ്റത്തിന്റെ മുൻനിരപോരാളികളിൽ ശ്രദ്ധേയനായ സന്തോഷ് ടി.യുടെ സുവിശേഷവേലയാണിത്.

ആത്മാക്കളെ നേടാനുള്ള ശുശ്രൂഷ പ്രഥമമായി സ്റ്റേജിലെ ശുശ്രൂഷയല്ല; കൺവെൻഷൻ പന്തലിലേതുമല്ല. ജീവിതവഴിയിലെ ശുശ്രൂഷയാണ്. സുവിശേഷം പ്രസംഗിക്കുക എല്ലായ്‌പ്പോഴും, ആവശ്യമെങ്കിൽ മാത്രം സ്റ്റേജുകൾ ഉപയോഗിക്കുക! പൗലോസ്ശ്ലീഹായുടെ വാക്കുകളിൽ ”മനുഷ്യനുവേണ്ടിയല്ല, കർത്താവിനുവേണ്ടി എന്നപോലെ” ചെയ്‌തെങ്കിലേ മടുപ്പുകൂടാതെ ഇതു നിർവഹിക്കാനാകൂ (എഫേസോസ് 6:7).

അഞ്ചാം സുവിശേഷം
എന്താണീ അഞ്ചാം സുവിശേഷം? അത് നമ്മുടെ ജീവിതമാണ്. എല്ലാവർക്കും എപ്പോഴും എളുപ്പം വായിക്കാവുന്നത്. നാല് സുവിശേഷകന്മാർ ദൈവത്തിന്റെ വെളിപ്പെടുത്തലുകൾ അവരുടെ തൂലികയിലൂടെ എഴുതിവച്ചു. ജീവിതംകൊണ്ട് അതവർ ശരിവച്ചു. അഞ്ചാം സുവിശേഷം നാം എഴുതണം, ജീവിതംകൊണ്ട്. സത്യത്തിൽ ഇതെഴുതാനാകും ഏറെ വിഷമം. വെറും ജീവിതമാതൃകയെക്കുറിച്ച് മാത്രമല്ല പറയുന്നത്. നമ്മുടെ അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം, സന്മനസുണ്ടെങ്കിൽ. കഴിഞ്ഞ ദിവസം ഒരാൾ ചോദിച്ചു: ‘എനിക്ക് പ്രേഷിതനാകാൻ വിളിയുണ്ടോ?’ ഉത്തരം എളുപ്പമാണ്, ‘നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ?, എങ്കിൽ സുവിശേഷവേലയ്ക്കുള്ള വിളിയുണ്ട് നിനക്ക്.’ ‘നരകം തട്ടിപ്പറിച്ചുകൊണ്ടുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് ആത്മഭാരം തോന്നുണ്ടോ, എങ്കിൽ സുവിശേഷത്തിന്റെ പടയാളി ആകാനുള്ള വിളിയുണ്ട് നിനക്ക്.’ ഇന്നയാൾ സുവിശേഷവേല ചെയ്യുന്നു, ഒപ്പം സ്‌കൂൾ അധ്യാപനവും.

സുവിശേഷവേലയ്ക്കുള്ള സാഹചര്യം നോക്കി ആയുസിന്റെ ദിനങ്ങൾ തള്ളിക്കളയുന്നവരുണ്ട്. പൗലോസ് ശ്ലീഹാ കൃത്യമായ മറുപടി നൽകുന്നുണ്ടതിന്: ”വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും. ജാഗരൂകതയോടെ വർത്തിക്കുക” (2 തിമോത്തിയോസ് 4:2). കഷ്ടത സഹിക്കാനുള്ള മനസില്ലാത്തതുകൊണ്ടാണ് ചിലരുടെ സുവിശേഷജീവിതം കൂമ്പടഞ്ഞുപോകുന്നത്. ക്രിസ്തു നമുക്ക് പ്രിയപ്പെട്ടതെങ്കിൽ അവനെ മറച്ചുപിടിക്കാൻ ആവില്ല നമുക്ക്.
അല്പദിവസങ്ങൾക്കുമുൻപ് എയർപോർട്ടിലെ ചെക്ക് പോയിന്റിൽ നില്ക്കുമ്പോൾ സെക്യൂരിറ്റി പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു: ‘ഫാമിലി ഒരുമിച്ചുവരിക. ദൈവം യോജിപ്പിച്ചത് നമ്മൾ വേർപെടുത്തരുത്.” കാര്യമിതാണ്. ചെക്കിങ്ങിനുവരുമ്പോൾ ഫാമിലി ഒരുമിച്ചുനീങ്ങുക. അപ്പോൾ ചെക്കിങ്ങ് സുഗമമാകും. ലഗേജുകൾ പലരുടെ കൈയിലെന്നു പറയേണ്ടിവരില്ല. പ്രത്യേകം ഓരോരുത്തർക്കും ചെക്കിങ്ങ് ആവശ്യം വരില്ല. നോക്കുക, ഒരു സെക്യൂരിറ്റി ഓഫിസർ എഴുതുന്ന അഞ്ചാം സുവിശേഷമാണിത്. ദൈവനിയമവും സഭാനിയമവുമൊക്കെ രസകരമായ ഈ വാക്കുകളിൽ അദ്ദേഹം ഒതുക്കി. ഥമ, എമാശഹ്യ ാീ്‌ല ീേഴലവേലൃ. ങൗേെ ിീ േറശ്ശറല വേമ േഏീറ ൗിശലേ!െ പുറകെ നടന്ന ഞാൻ അയാളെ സൂക്ഷിച്ചുനോക്കി. ആ മെക്‌സിക്കന്റെ കണ്ണിൽ ക്രൂശിതന്റെ സ്‌നേഹമുണ്ടായിരുന്നു.
നാല് സുവിശേഷങ്ങളും മറച്ചുപിടിക്കാൻ നിയമങ്ങൾക്കും കാലത്തിന്റെ അധിപന്മാർക്കും കല്പനയിടാം. പക്ഷേ, അഞ്ചാം സുവിശേഷം ഞാനാണ്. അതു മറച്ചുപിടിക്കുക എനിക്കുപോലും സാധ്യമല്ല. അതെ, ”വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു” (മത്തായി 5:15).

സാഹചര്യങ്ങളെ പഴിച്ച് കാലം തള്ളിമാറ്റുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പ്രതികൂല സാഹചര്യത്തിൽ ക്രിസ്തുവിന് സാക്ഷ്യമേകാൻ വിസ്മരിക്കുന്നവർ അനുകൂല സാഹചര്യത്തിൽ അവനായി നിലകൊള്ളുമെന്ന് ഒരു ഉറപ്പുമില്ല. എല്ലാ സാഹചര്യവും അനുകൂലമായിട്ടല്ല സുവിശേഷവേല ചെയ്യേണ്ടത്. ഒരു ചെങ്കടൽ മുൻപിൽ സൃഷ്ടിച്ചവൻ തന്നെയാണ് അതു കടക്കാനുള്ള വിശ്വാസവീര്യം നെഞ്ചിൽ പകരുന്നതും.

ഒരു ഷൂ കമ്പനി പ്രതിനിധിയെ ആഫ്രിക്കയിലേക്കയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മാനേജർക്കെഴുതി, നമ്മുടെ ഷൂ ഇവിടെ വില്ക്കാൻ ഒരു വഴിയുമില്ല. കാരണം, ഇവിടെയുള്ളവർ ആരും ഷൂ ധരിക്കുന്നവരല്ല. അടുത്ത ആഴ്ചയിൽ മറ്റൊരു പ്രതിനിധിയെ അയച്ചു. അയാളെഴുതി, വേഗം കൂടുതൽ ഷൂ ആഫ്രിക്കയിലേക്കയക്കുക. ഇവിടെ ഷൂ ധരിക്കാത്തവർക്ക് തീർച്ചയായും അതിന്റെ ആവശ്യമുണ്ട്.

നോക്കുക, ഒരേ സാഹചര്യം. വ്യത്യസ്ത കണ്ണുകൾ. നിങ്ങൾക്ക് ക്രിസ്തുവിനായി ഒരു മനസുണ്ടോ, അവനെ കൊടുക്കാൻ വഴികൾ ഏറെയാണ്. ”നിങ്ങളുടെ സമയം പൂർണമായും പ്രയോജനപ്പെടുത്തുവിൻ” (എഫേസോസ് 5:16).

സ്‌നേഹത്തിന്റെ സുവിശേഷം
ഇരുപത്തിനാലാം വയസിലാണ് ഫ്രാൻസിസ് അസീസി ക്രിസ്തുവിന്റെ സ്‌നേഹാനുഭവത്തിലെത്തുന്നത്. അതറിഞ്ഞ മാത്രയിൽ ഒരു ഭ്രാന്തനെപ്പോലെ അസീസിയുടെ തെരുവുകളിൽ അയാൾ ഇങ്ങനെ പറഞ്ഞ് നടക്കാൻ തുടങ്ങി: ‘ഓ! സ്‌നേഹമേ, സ്‌നേഹിക്കപ്പെടാതെപോയ സ്‌നേഹമേ…! ഈ ചെറുപ്പക്കാരന്റെ ഈ ഓട്ടവും വാക്കും ഒരുപാട് ഹൃദയങ്ങളെ ഉലച്ചു. പ്രഭുകുടുംബത്തിലെ കൗമാരം കൈവിടാത്ത പെൺകുട്ടി ക്ലാരയത് കേട്ടു. അവളത് ശ്രദ്ധിച്ചു. പിന്നെ ആ സ്‌നേഹത്തിനായി ഇറങ്ങിത്തിരിച്ചു.

ഒരിക്കൽ ഈ സംഭവം വായിച്ചുകഴിഞ്ഞപ്പോൾ വലിയ സ്‌നേഹാനുഭവം തോന്നി. അതേ വാക്കുകൾ ചൊല്ലി നടക്കാൻ തീരുമാനിച്ചു. ‘ഓ! സ്‌നേഹമേ, സ്‌നേഹിക്കപ്പെടാതെപോയ സ്‌നേഹമേ…! പക്ഷേ, ഒരു ക്ലാരയും പിൻപേ ഗമിച്ചില്ല. കാര്യം വ്യക്തമാണ്. അസീസിയിലുണ്ടായിരുന്നവന് സുവിശേഷഭ്രാന്തുണ്ടായി; എന്നിലാകട്ടെ ആ സ്‌നേഹത്തിന്റെ ഭ്രാന്ത് ഇനിയും പൂർണമായിട്ടില്ല. സുവിശേഷം പകരാൻ വാക്കുകളുടെ വിന്യാസമല്ല ആവശ്യം, ഹൃദയത്തിലെ അഗാധ സ്‌നേഹമാണ്. ഓരോ ആത്മാവിനോടും തോന്നുന്ന സ്‌നേഹം. നരകം വിറകൊള്ളുന്നത് ക്രൂശിതന്റെ സ്‌നേഹത്തിലാണ്. ഇന്നും ആ സ്‌നേഹത്തിനേ ഹൃദയങ്ങളെ നേടാൻ കഴിയൂ. സ്‌നേഹമില്ലാത്ത പ്രസംഗങ്ങളും ഗാനങ്ങളും സുവിശേഷകന് ഇണങ്ങിയതല്ല. ”ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു” (2 കോറിന്തോസ് 5:14). ആ സ്‌നേഹത്തിന്റെ സങ്കീർത്തനമാകണം നമ്മുടെ പാട്ടുകൾ. ആ സ്‌നേഹത്തിന്റെ അനുരണനങ്ങളാകണം നമ്മുടെ വചനങ്ങൾ.

കർത്താവായ യേശുവേ, സുവിശേഷവയലിൽ വേല ചെയ്യുന്നവരെ പ്രത്യേകം കാക്കണമേ. അഞ്ചാം സുവിശേഷം നെഞ്ചകത്തിലും സ്‌നേഹത്തിന്റെ സുവിശേഷം ചുണ്ടിലും സൂക്ഷിക്കാൻ കൃപയേകണമേ!

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *