ആരെയും സഹായിക്കുന്ന മനസായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ, സഹായിച്ചവരൊക്കെ പില്ക്കാലത്ത് അദ്ദേഹത്തിന്റെതന്നെ ശത്രുക്കളായി മാറി. സ്വയം മറന്ന് സഹായിച്ചവരൊക്കെ അകന്നു മാറിയപ്പോൾ നന്ദിയില്ലാത്തവരുടെ ഈ ലോകത്തെ അദ്ദേഹം വെറുത്തു. സ്വന്തം ലോകത്തിലേക്ക് അദ്ദേഹം ഒതുങ്ങിക്കൂടി. സഹായം സ്വീകരിച്ച ബന്ധുക്കളും അയൽക്കാരും കൂട്ടുകാരും തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ അയാൾ മറ്റുള്ളവരെ സഹായിക്കുന്നതിൽ അർത്ഥമൊന്നുമില്ലായെന്ന നിഗമനത്തിലും എത്തി. വെറുപ്പ്, നിരാശ, ഒന്നിലും താല്പര്യമില്ലായ്മ… ഇതെല്ലാം കൂടുകൂട്ടിയ ഒരു ജീവിതം. അദ്ദേഹത്തോടൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കൊരു തിരിച്ചറിവുകിട്ടി.
സഹായിച്ചു ‘ശല്യ’പ്പെടുത്തുന്ന ഒരാളാണ് അദ്ദേഹം. ആരെയെങ്കിലും സാമ്പത്തികമായി സഹായിച്ചാൽ പിന്നെ അവരുടെ മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടാൻ തുടങ്ങും. പിള്ളേരെ പഠിപ്പിക്കുന്നതും പറമ്പിൽ കൃഷിയിറക്കുന്നതും തുടങ്ങി എല്ലാ കാര്യത്തിലും ഉപദേശവും നിർദേശവും കൊടുക്കാനാരംഭിക്കും. സഹായം സ്വീകരിച്ചവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങുമ്പോൾ അവർ അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിക്കും. അത്യാവശ്യഘട്ടങ്ങളിൽ സഹായിച്ചിട്ട് പിൻവാങ്ങുന്നതിനുപകരം ആവശ്യമില്ലാത്തിടത്തും സഹായം കൊടുക്കാൻ ചെല്ലുമ്പോൾ അവർക്ക് അദ്ദേഹമൊരു ശല്യമായി മാറുന്നു.
മക്കളുടെ കുടുംബജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അമിതമായി ഇടപെടുന്ന മാതാപിതാക്കളുണ്ട്. അവർ ധരിച്ചിരിക്കുന്നത് അത് തങ്ങളുടെ ചുമതലയാണെന്നാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളമായിട്ടും അവരതിനെ വിലയിരുത്തുന്നു. പക്ഷേ, മക്കളുടെ ജീവിതത്തിൽ തങ്ങളൊരു ‘ശല്യ’മായി മാറുന്ന കാര്യം അവർ തിരിച്ചറിയാതെ പോകുന്നു. ധാരാളം ദാമ്പത്യജീവിതങ്ങൾ തകർന്നതിന്റെ പിന്നിലുള്ള ഒരു കാരണം അവരുടെ സ്വന്തം മാതാപിതാക്കളുടെ വിവേകരഹിതമായ ഇടപെടലുകൾ ആണ്.
നല്ല കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽപോലും എല്ലാ കാര്യങ്ങൾക്കും ഒരു അതിർവരമ്പുണ്ടാകണം. അതിരുകളില്ലാതെ സ്നേഹിക്കാം. പക്ഷേ, സ്നേഹപ്രകടനത്തിന് അതിരുകൾ ഉണ്ടാകണം. അതുണ്ടാകണമെങ്കിൽ വിവേകമുള്ള ഒരു ഹൃദയവും അത്യാവശ്യമാണ്. സഹായിക്കുന്നത് നല്ലതാണെങ്കിലും വിവേകമില്ലാതെ സഹായിക്കരുത്. എപ്പോഴും ഒരു വ്യക്തിയെ സഹായിച്ചുകൊണ്ടിരുന്നാൽ ആ വ്യക്തി ഒരിക്കലും സ്വന്തം കാലിൽ നില്ക്കാൻ പഠിക്കില്ല. ദൈവത്തിൽ ആശ്രയിച്ച് വളരുന്നതിനുപകരം നമ്മുടെ ആശ്രിതരായി കൂടുതൽ ദുർബലരാകും.
അയൽക്കാരെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നത് നല്ലതാണെങ്കിലും ‘അതിരു’വിട്ടുള്ള സന്ദർശനം ഒരു ശല്യമായിത്തീരാം. സ്വന്തം വിഷമങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുന്നതിൽ തെറ്റില്ലെങ്കിലും എപ്പോഴും എവിടെയും സ്വന്തം ദുഃഖംമാത്രം പറഞ്ഞുനടന്നാൽ മറ്റുള്ളവരിൽ സഹതാപമല്ല ഈർഷ്യയായിരിക്കും സൃഷ്ടിക്കുക.
മറ്റുള്ളവരുടെ വേദനയിൽ സഹതാപം തോന്നുക, അവരെ ആശ്വസിപ്പിക്കുക – ഇതൊക്കെ വളരെ നല്ലതുതന്നെ. പക്ഷേ, സഹതാപം പ്രകടിപ്പിക്കുന്നതിലും ‘അതിരു’ വേണ്ടേ? മകൾ അന്യജാതിയിൽപെട്ട ഒരു പുരുഷന്റെകൂടെ ഒളിച്ചോടിപ്പോയി. അപമാനകരമായ ആ കാര്യം ആരും അറിയരുതേ എന്നാഗ്രഹിക്കുന്ന അമ്മ. പക്ഷേ, കല്യാണവീട്ടിൽ എല്ലാവരും കൂടി നില്ക്കുമ്പോൾ എല്ലാവരും കേൾക്കെ കൂട്ടുകാരിയുടെ ഒരു സഹതാപപ്രകടനം ”എന്റെ ത്രേസ്യാമ്മേ, നീ എത്ര നന്നായിട്ട് വളർത്തിയതാ മോളെ. എന്നാലും ആ കൊച്ച് ഈ കടുംകൈ ചെയ്യുമെന്നാരെങ്കിലും ഓർത്തോ. എന്നാ പിന്നെ അവൾക്കേതെങ്കിലും നസ്രാണിച്ചെറുക്കന്റെ കൂടെ ഒളിച്ചോടാൻ വയ്യായിരുന്നോ…” അറിയാത്തവരും കാര്യം അറിഞ്ഞു. അപമാനിതയായി വിയർത്തു കുളിച്ചു നില്ക്കുന്ന അമ്മ. സഹതാപക്കാരിയുടെ നെടുവീർപ്പും ദുഃഖപൂരിതമായ മുഖവും ഉള്ളിലെ ആനന്ദത്തെ മറയ്ക്കുവാൻ പര്യാപ്തമല്ലെന്ന് ആർക്കും അറിയാം.
ഫോൺ വിളിക്കുന്നതും ക്ഷേമം അന്വേഷിക്കുന്നതും വളരെ നല്ലതുതന്നെ. പക്ഷേ, ചിലർ എപ്പോഴും വെറുതെ വിളിച്ചുകൊണ്ടിരിക്കും. മറ്റു ചിലർ സംസാരിച്ചുതുടങ്ങിയാൽ നിർത്തില്ല. മറ്റേയാളുടെ തിരക്കോ സമയക്കുറവോ ഒന്നും ഒരു പ്രശ്നമല്ല. ഇതിനിടയിൽ താൻ ഒരു ശല്യമായി രൂപാന്തരം പ്രാപിക്കുന്നത് ആ വ്യക്തി അറിയാതെ പോകുന്നു.
വിമർശനം ചിലപ്പോഴൊക്കെ ആവശ്യമായിവരും. ഉപദേശവും പ്രബോധനവും അപ്രകാരംതന്നെ ആവശ്യമുള്ളതാണ്. എന്നാൽ അതിർവരമ്പുകളില്ലെങ്കിൽ – നിരന്തരമായ വിമർശനവും ഉപദേശവും ‘ശല്യ’മായിത്തീരും.
നമുക്കൊന്നു ചിന്തിച്ചുനോക്കാം. എവിടെയെങ്കിലും ആർക്കെങ്കിലും താനൊരു ശല്യമാകുന്നുണ്ടോയെന്ന്. ആത്മാർത്ഥമായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചാൽ അവിടുന്ന് തീർച്ചയായും അത് വെളിപ്പെടുത്തിത്തരും. മാത്രമല്ല, ആ വൈകല്യത്തെ കീഴ്പ്പെടുത്താനുള്ള ശക്തിയും അവിടുന്ന് തരും.
പ്രാർത്ഥിക്കാം
പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശത്തിൽ എന്റെ ബുദ്ധിക്ക് വെളിച്ചം നല്കണമേ. മറ്റുള്ളവർക്ക് നന്മ ചെയ്തും അവരെ സ്നേഹിച്ചും അവരെ കീഴ്പ്പെടുത്തുന്ന ‘പൊസ്സസ്സീവ്’ സ്നേഹത്തിൽനിന്നും എന്നെ രക്ഷിക്കണമേ. മറ്റുള്ളവരുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും മാനിക്കുന്ന വിവേകപൂർണമായ സ്നേഹം എനിക്ക് നല്കിയാലും. ആർക്കും ശല്യമായിത്തീരാതെ, എല്ലാവർക്കും ഞാനൊരു അനുഗ്രഹമായിത്തീരാൻ കൃപ നല്കിയാലും – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ