സുന്ദരനായ ഓക്‌സ്‌ഫോർഡ് കുമാരൻ

വിശുദ്ധ അലക്‌സാണ്ടർ ബ്രയന്റ്

”ഈ കുരിശ് നിങ്ങൾക്കെന്റെ കരങ്ങളിൽനിന്ന് മാറ്റുവാൻ സാധിച്ചേക്കാം. പക്ഷേ ഹൃദയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഈശോയുടെ തിരുക്കുരിശ് നിങ്ങൾക്കൊരിക്കലും എന്നിൽനിന്ന് വേർപെടുത്താൻ സാധിക്കില്ല.” കത്തോലിക്ക വൈദികനായതിന്റെ പേരിൽ വിചാരണ നേരിട്ട ഫാ. അലക്‌സാണ്ടർ ബ്രയന്റ്, കയ്യിലുള്ള കുരിശ് മാറ്റിവയ്ക്കുവാൻ നിർദേശിച്ച ജഡ്ജിയോട് പറഞ്ഞ വാക്കുകളാണിത്.

‘സുന്ദരനായ ഓക്‌സ്‌ഫോർഡ് കുമാരൻ’- ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പഠനകാലത്ത് അങ്ങനെയായിരുന്നു അലക്‌സാണ്ടർ ബ്രയന്റ് അറിയപ്പെട്ടിരുന്നത്. ജന്മനാ ദൈവം നൽകിയ സൗന്ദര്യത്തോടൊപ്പം വിശുദ്ധിയുടെ മുഖപ്രകാശവുംകൂടി സമന്വയിച്ചപ്പാൾ ആ പേര് അലക്‌സാണ്ടറിനെ തേടിയെത്തുകയായിരുന്നു. 1556ൽ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ജനിച്ച അലക്‌സാണ്ടർ പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പഠനത്തിനെത്തുന്നത്. കത്തോലിക്കാ വൈദികനായ ഫാ. റോബർട്ട് പേർസൺസിന്റെ ശിഷ്യത്വവും റിച്ചാർഡ് ഹോൾട്ട്ബിയുമായുള്ള ബന്ധവും കത്തോലിക്കാ വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ഓക്‌സ്‌ഫോർഡിലെ പഠനത്തിന് ശേഷം റെയിംസിലെ ഇംഗ്ലീഷ് കോളജിൽ ചേർന്ന അദ്ദേഹം 1578 മാർച്ച് 29ന് കത്തോലിക്ക വൈദികനായി അഭിഷിക്തനായി.

സ്വദേശമായ സോമർസെറ്റ് കൗണ്ടിയിലാണ് ശുശ്രൂഷയ്ക്കായി അദ്ദേഹം നിയമിതനായത്. അവിടെ, ആത്മീയഗുരുവായ ഫാ. റോബർട്ട് പേർസൺസിന്റെ പിതാവിനെ അദ്ദേഹം ദൈവത്തോടടുപ്പിച്ചു. ഗുരുശിഷ്യബന്ധത്തിന്റെ പുതിയൊരധ്യായത്തോടൊപ്പം രക്തസാക്ഷിത്വത്തിലേക്കുള്ള വിളിയുടെ ആരംഭം കൂടിയായി ഫാ. ബ്രയന്റിന്റെ ആ ബന്ധം.

കത്തോലിക്ക വിശ്വാസം പിന്തുടരുന്നത് രാജ്യദ്രോഹക്കുറ്റമായി കണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. 1581 ഏപ്രിൽ മാസത്തിൽ ഫാ. റോബർട്ട് പേർസൺസിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കിയെത്തിയ പോലീസ് ഫാ. ബ്രയന്റിനെ അറസ്റ്റ് ചെയ്തു. ലണ്ടൻ ടവറിലെത്തിച്ച അദ്ദേഹത്തെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും അവർക്ക് ലഭിച്ചില്ല. ഈ സമയത്താണ് ജസ്യൂട്ട് സഭയിൽ ചേരാനുള്ള ആഗ്രഹം ഫാ. ബ്രയന്റ് സഭാധികാരികളെ എഴുതി അറിയിച്ചത്. പീഡനങ്ങളൊന്നും തന്നെ വേദനിപ്പിച്ചില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അത്ഭുതമാണോ ഇതെന്നറിയില്ലെന്നും ജസ്യൂട്ട് അധികൃതർക്കുള്ള എഴുത്തിൽ ഫാ. ബ്രയന്റ് കുറിച്ചിരുന്നു. ജസ്യൂട്ട് സഭയിൽ പ്രവേശനം ലഭിച്ചെങ്കിലും പുതിയ അംഗത്വം അധികം നാൾ തുടരാനുള്ള അവസരം ഫാ. ബ്രയന്റിന് ലഭിച്ചില്ല. 1581 നവംബർ 16ന് മറ്റ് ആറ് വൈദികരോടൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ മരണശിക്ഷയ്ക്ക് വിധിച്ചു.

ഡിസംബർ 1 നായിരുന്നു വധശിക്ഷ നടപ്പാക്കിയത്. മരണത്തിന് മുമ്പും ക്രൂരമായ പീഡനങ്ങൾക്ക് ഫാ. ബ്രയന്റ ് വിധേയനായി. പക്ഷേ ഒരു ശാരീരിക പീഡനത്തിനും മായ്ക്കാൻ സാധിക്കാത്ത വിശുദ്ധിയുടെ മുഖപ്രസന്നത മരണത്തോളം ആ പുണ്യവാനെ അനുഗമിച്ചു. ‘സ്വർഗത്തിന്റെ സുന്ദര കുമാരനായി’ മാറിയ ഫാ. ബ്രയന്റിനെ 1970 ഒക്‌ടോബർ 25ന് പോൾ ആറാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *