”റൊമ്പ നന്ദ്‌റി സ്വാമീ” 330 രൂപ കിട്ടിയപ്പോൾ അവൻ എന്നെ സ്വാമീ എന്ന് വിളിച്ചു.
എന്നിട്ട് ഞാൻ തൃപ്തനായോ? എനിക്ക് സമാധാനം കിട്ടിയോ? മനസിലിപ്പോഴും കുറ്റബോധമല്ലേ? ഞാനെന്തിന് വേദനിക്കണം ഇത്ര! എന്തുകൊണ്ടോ മനസിൽനിന്നും ആ മകന്റെ ചിത്രം മായുന്നില്ല. തോളത്ത് വലിയൊരു ബാഗുമായി പോലിസിനോടൊപ്പം ആ മകൻ പോയപ്പോൾ എന്നെ നോക്കിയോ? ദൈവമേ എനിക്ക് ആശ്വാസം തരണേ.
മേലുദ്യോഗസ്ഥന്റെ മകന്റെ വിവാഹത്തിന് പോയി തിരിച്ചു വരികയായിരുന്നു ഞാൻ. എനിക്ക് അവധിയെടുക്കേണ്ട ദിനമായിരുന്നെങ്കിലും ഓഫിസിൽ പോകാതെ കഴിയില്ല, തിരക്കുള്ള സമയമാണ്. മാത്രമല്ല പലരും അവധിയിലും.
ട്രെയിനിൽ വളരെ തിരക്ക്. ഈസ്റ്റർ അടുത്തുവരുന്നതിനാൽ ആഘോഷങ്ങളിൽ പങ്കുചേരാൻ മറുനാട്ടിലുള്ളവരും ട്രെയിനിൽ നിറയെ.
ക്ഷീണംകൊണ്ട് ഞാനൊന്ന് മയങ്ങിയെന്നു തോന്നുന്നു. ‘ടിക്കറ്റെടുക്ക്?’ ടി.ടി.ഇ.യുടെ പരുഷമായ ശബ്ദം. ഞാൻ ടിക്കറ്റ് കൊടുത്തു.
അടുത്തിരുന്ന കോളജ് വിദ്യാർത്ഥി സാദാ ടിക്കറ്റ് കാണിച്ച് ടി.ടിയോട് കേഴുന്നു. സർ, ഞാൻ ജനറൽ കമ്പാർട്ട്‌മെന്റിൽ കയറാൻ പറ്റാതെ അടുത്തുള്ള റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ കയറിയതാ.
‘എവിടെനിന്നാണ് കയറിയത്?’
‘കോയമ്പത്തൂരിൽനിന്ന്.’
‘എവിടെ ഇറങ്ങണം?’
‘കോട്ടയം.’
‘330 രൂപ പിഴ അടയ്ക്കണം.’
‘സർ എന്റെ കൈയിൽ ഇത്രയും പൈസയില്ല.’
‘മൊബൈലുണ്ടോ കൈയിൽ? വീട്ടുകാരെയോ സുഹൃത്തുക്കളെയോ വിളിച്ച് കോട്ടയം സ്റ്റേഷനിൽ വരാൻ പറയൂ.’
‘സർ മൊബൈലിൽ ചാർജില്ല. ചിദംബരത്ത് പഠിക്കുന്ന ഞാൻ വളരെ പ്രയാസപ്പെട്ടാണ് രാത്രി മുഴുവൻ യാത്ര ചെയ്ത് കോയമ്പത്തൂരിലെത്തിയത്. അതുകൊണ്ട് മൊബൈൽ ചാർജ് ചെയ്യാൻ പറ്റിയില്ല.’
‘പക്ഷേ, എന്തുചെയ്യാം. ഞാൻ റെയിൽവേ പോലിസിനെ വിളിക്കുകയാണ്.’ പൈസ അടച്ചിട്ട് വീട്ടിൽ പോകാം.
ആ കമ്പാർട്ടുമെന്റിലെ എല്ലാവരും മൂകരായിരുന്നു. ഞാനും അവരോടൊപ്പം ചേർന്നില്ലേ? എന്റെ കൈയിൽ പണവും മൊബൈലും ഉണ്ടായിരുന്നല്ലോ. ആ മകനെ സഹായിക്കാമായിരുന്നില്ലേ. അവൻ നാട്ടിൽചെന്ന് എങ്ങനെയെങ്കിലും സംഖ്യ തിരിച്ച് തരില്ലേ? അല്ലെങ്കിലും എന്ത്? ഒരു കിലോ മീനിന്റെ പൈസപോലും ഇല്ലല്ലോ? ആ മകന് പോലിസിനോടൊപ്പം പോകേണ്ടിവന്നത് ജീവിതത്തിൽ ആദ്യമല്ലേ. അതും എല്ലാവരും നോക്കിനില്‌ക്കേ. ആ മനസ് ഭാവിയിൽ പ്രതികാരത്തിലേക്ക് നീങ്ങിയാൽ – പ്രതികാരം മൂത്ത് പഠനം ഉപേക്ഷിച്ച് ഏതെങ്കിലും ക്വട്ടേഷൻ ടീമിൽ ചേർന്നാൽ? എന്റെ ദൈവമേ, ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും? എന്റെ ചിന്തകൾ നീണ്ടണ്ടുപോയി.
ഇത്രയും ശമ്പളമുള്ള ജോലിയുണ്ടായിട്ടും ഞാനെന്തേ വേണ്ട സംഖ്യ കൊടുത്ത് ആ മകനെ സഹായിച്ചില്ല? എന്റെ ദൈവമേ, ആ ട്രെയിനിൽ ഒരു യാത്രക്കാരനും അവനെ സഹായിക്കാതെയിരുന്നപ്പോൾ ഞാനും എന്തേ നിശബ്ദനായിരുന്നത്?
ഈ 330 രൂപ എനിക്കൊരിക്കലും സമാധാനം തരികയില്ല. ആ പാവപ്പെട്ട ഭിക്ഷാടകനെങ്കിലും ഉപകാരമാകട്ടെ.
എപ്പോഴാണ് ഞാനൊക്കെ ഉണരുക?
സി.റ്റി. ഡേവിസ്