ചില ആവശ്യങ്ങൾക്കായി പട്ടണത്തിലെത്തിയതായിരുന്നു ഞാൻ. ദേവാലയത്തിന്റെ അടുത്തുവരെ വന്ന സ്ഥിതിക്ക് ദിവ്യകാരുണ്യ ഈശോയെ കണ്ടിട്ടു പോകാമെന്നു കരുതി ദേവാലയത്തിനകത്തു കയറി. മുട്ടുകുത്തിയ ഉടൻതന്നെ എന്റെ ആവശ്യങ്ങളെല്ലാം തുരുതുരാന്നു പറയാൻ തുടങ്ങി. അതിനിടയിൽ, എപ്പോഴോ ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയിൽ കണ്ണൊന്നുടക്കി.
പെട്ടെന്ന് ഓർമ്മ വന്നതിങ്ങനെയാണ്: ‘പരിചയമുള്ള ഒരാളെ കണ്ടാൽപ്പോലും ഞാൻ ചോദിക്കാറുണ്ട്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന്. എന്നാൽ എന്റെ ഈശോയോട് എനിക്ക് ഒന്നും പറയാനില്ലാതെ പോയല്ലോ.’ അപ്പോൾത്തന്നെ ഞാൻ പറഞ്ഞു, ”സോറി കർത്താവേ… എനിക്കു തെറ്റു പറ്റിപ്പോയി. ഞാൻ പറഞ്ഞതെല്ലാം അങ്ങു മറന്നേക്കൂ.. ഞാൻ വന്നത് അങ്ങയെ കാണാനാണ്, അങ്ങയുടെ അടുത്തിരിക്കാനാണ്..അങ്ങയെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു എന്നു പറയാനും… ”
ചോദിക്കാത്തതും അർഹിക്കാത്തതുമായ ഒത്തിരി നന്മകൾ തന്നിട്ടും വീണ്ടും നമ്മൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു…. യാചനകൾക്ക് ഇടവേള നല്കി അവിടുത്തെ സ്‌നേഹിക്കാൻ, ആ സ്വരത്തിനായ് കാതോർക്കാൻ, എപ്പോഴാണ് സമയം കണ്ടെത്തുക?
അന്ന