അവർ വിജയികളായതെങ്ങനെ?

ഒരു പ്രാർത്ഥനാസമ്മേളനം കഴിഞ്ഞ് കൂട്ടംകൂടി നില്ക്കുമ്പോൾ ഒരു സ്ത്രീ വന്ന് ചോദിച്ചു, ‘അറിയുമോ? എനിക്ക് തീരെ മനസിലായില്ല. പക്ഷേ, അവൾ കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻതന്നെ കഴിഞ്ഞില്ല. എന്റെ സഹപാഠിയായിരുന്നു അവൾ. ഒരാൾ ഇത്രയ്ക്ക് മാറിപ്പോകുമോ എന്നായി പിന്നെ ചിന്ത. കാരണം അവളാകെ മാറിയിരിക്കുന്നു. മുട്ടോളം ഉണ്ടായിരുന്ന മുടിയുടെ സ്ഥാനത്ത് വെപ്പുമുടിയാണ് വച്ചിരിക്കുന്നത്.

ചെറിയൊരു മുഴ – അതവളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച വില്ലനായി മാറി. കാൻസറിന്റെ പിടിയിലമർന്നുപോയി അവൾ. ചികിത്സയുടെ പാർശ്വഫലമായി മുടി കൊഴിഞ്ഞു, പകരം വെപ്പുമുടി വെച്ചു. ഒത്തിരിപ്പേർ പലവിധത്തിലുള്ള ആശ്വാസപ്രകടനങ്ങൾ നടത്തി. പക്ഷേ, ദൈവത്തിന്റെ കരം അവളെ മറ്റൊരു ലോകത്തിലേക്ക് പിടിച്ചുയർത്തുകയായിരുന്നു. വട്ടായിലച്ചനും സംഘവും ധ്യാനങ്ങൾക്കായി അവരുടെ സ്ഥലത്തേക്ക് കടന്നുവന്ന സമയം. അവർക്ക് ശുശ്രൂഷകളിൽ പാട്ടുപാടാൻ ഒരു പെൺശബ്ദം അത്യാവശ്യമായിരുന്നു. അങ്ങനെ അവൾ ഗായകസംഘത്തിലെ അംഗമായി.

കൂടുതൽ വലിയ അനുഗ്രഹം
രോഗിയായ അവൾ രോഗസൗഖ്യം പ്രതീക്ഷിച്ചാണ് ധ്യാനത്തിൽ പങ്കെടുത്തത്. എന്നാൽ ധ്യാനം കഴിയുമ്പോൾ രോഗത്തിന്റെ തീവ്രത കൂടുകയായിരുന്നു. പിന്നെ മരുന്നുകളുടെയും ശസ്ത്രക്രിയകളുടെയും കാലമായിരുന്നു. നിരന്തരമായ പ്രാർത്ഥനകളും മരുന്നുംകൂടിയായപ്പോൾ അവൾ പൂർണമായും രോഗവിമുക്തയായി മാറി. ഇന്നവൾ ദൈവത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പുണ്യവതിയായ ഒരു സ്ത്രീയാണ്. കാൻസർ രോഗത്തിലൂടെ കടന്നുപോകുന്നവർക്ക് വിശ്വാസവും പ്രത്യാശയും പകരുവാനും അവരെ ദൈവത്തിലാശ്രയിക്കാൻ പഠിപ്പിക്കുവാനും തന്റെ ശിഷ്ടകാലജീവിതം അവൾ മാറ്റിവച്ചിരിക്കുന്നു.

അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അവൾ തന്റെ സുവിശേഷവേലയുമായി ഓടിനടക്കുന്നു. ‘ജയിംസിനറിയുമോ ഇന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ ഞാനാണ്. ഈശോയെ അടുത്തറിയുവാനും അനുഭവിക്കുവാനും എനിക്ക് കഴിയുന്നു. അതിനായി അവിടുന്ന് എന്നെ ചില അഗ്നിശോധനകളിലൂടെ കടത്തിക്കൊണ്ടുപോയി. എന്നാൽ അവൻ എന്റെ മനസിൽ പകർന്നുതന്ന സന്തോഷം – അതാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്ത്.” അവൾ പറഞ്ഞുനിർത്തിയപ്പോൾ അവളെ ത്തന്നെ ശ്രദ്ധിച്ചിരുന്ന ഞാൻ ഏതോ സ്വർഗീയ ആനന്ദം അനുഭവിക്കുന്നതറിഞ്ഞു. അപ്രതീക്ഷിതമായി എത്തിയ രോഗം അവളെ ക്രിസ്തുവിന്റെ മണവാട്ടിയാക്കി മാറ്റി. അവൾ സംസാരിക്കുമ്പോൾ, അവൾ ചിരിക്കുമ്പോൾ, അടുത്തുനില്ക്കുന്നവർക്ക് ദൈവസ്‌നേഹത്തിന്റെ കരുതലും തലോടലും അനുഭവവേദ്യമാകുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ ജറെമിയ പ്രവാചകന്റെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: ”എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അത് നിന്റെ നാശത്തിനുള്ള പദ്ധതിയല്ല. മറിച്ച് ക്ഷേമത്തിനും ഐശ്വര്യത്തിനുമുള്ളതാണ്.” നമ്മുടെയൊക്കെ ജീവിതത്തിൽ എന്തെങ്കിലും ഒരു വേദനാജനകമായ അനുഭവം ഉണ്ടാകുമ്പോൾ അതിന്റെ മുന്നിൽ തളർന്നുപോകുന്നവരാകാതെ അത് ദൈവത്തിന്റെ ഹിതമാണെന്നും നമ്മെ അവിടുത്തോട് കൂടുതൽ അടുപ്പിക്കുവാൻ അവിടുന്ന് ഒരുക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നും ഉറച്ചു വിശ്വസിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതത്തിൽ ഒരു രോഗത്തിനും ദുഃഖത്തിനും ദുരിതത്തിനും നമ്മെ തകർക്കുവാൻ കഴിയില്ലെന്ന സത്യം ഈ സഹോദരി നമുക്ക് പറഞ്ഞുതരുന്നു.

നമ്മുടെ ജീവിതാവസ്ഥകളെ ദൈവകരങ്ങളിൽനിന്ന് സ്വീകരിക്കുക എന്നുള്ളതാണ് പ്രധാനം. എന്റെ ജീവിതത്തിൽ എനിക്ക് ഉള്ളതെല്ലാം ദൈവത്തിന്റെ ദാനം മാത്രമാണെന്ന തിരിച്ചറിവ് നമുക്ക് നേടിത്തരുന്നത് സ്വർഗീയ സമാധാനവും ഹൃദയാനന്ദവുമാണ്. ദൈവത്തിന് നമ്മെക്കുറിച്ചുള്ള കരുതലുകളും സ്‌നേഹവും നാം ചിന്തിക്കുന്നതിലും എത്രയോ ഉന്നതമാണെന്ന് നാം തിരിച്ചറിയണം.

സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ അൽഫോൻസാമ്മയ്ക്ക് വേണമെങ്കിൽ ദൈവത്തെ പഴിക്കാമായിരുന്നു. പക്ഷേ, അവൾ കൂടുതൽ കൂടുതൽ സഹനങ്ങൾ ഇരന്നു വാങ്ങുകയായിരുന്നു. എന്തുകൊണ്ട്? സഹനങ്ങൾ ദൈവത്തിന്റെ അടുത്ത് എത്താനുള്ള ചവിട്ടുപടികളാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അത് ദൈവികമായ ജ്ഞാനത്തിൽനിന്ന് ഉളവാകുന്ന തിരിച്ചറിവാണ്. നമുക്കും വേണ്ടത് അതാണ്. അത് നമ്മെ വിശുദ്ധരാക്കി മാറ്റും. ജന്മംകൊണ്ട് ക്രിസ്ത്യാനികളായവരിൽ ഭൂരിഭാഗവും കർമമേഖലകളിൽ മൗനം പാലിച്ച് മാറിനില്ക്കുമ്പോൾ കർത്താവിന്റെ ജ്ഞാനത്തിന്റെ തിരിച്ചറിവ് ലഭിച്ച വ്യക്തികൾ, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വക്താക്കളായി വിളങ്ങുന്നത് ദൈവപരിപാലനയുടെ തിളങ്ങുന്ന ഉദാഹരണങ്ങൾ മാത്രമാണ്.

വിടർന്നുനില്ക്കുന്ന സ്‌നേഹപുഷ്പം
എന്നോടൊപ്പം കോളജിൽ പഠിച്ചിരുന്ന ജോസഫിനെ ഞാനെന്നും ഓർക്കുന്നതും സ്‌നേഹിക്കുന്നതും ക്രിസ്തുവിന്റെ ധീരപടയാളി എന്ന രീതിയിലാണ്. ഞങ്ങൾ പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയം. ജോസഫ് കോളജിലേക്ക് വരികയായിരുന്നു. പിതാവ് പുതുതായി വാങ്ങിക്കൊടുത്ത ബൈക്കിൽ അവന്റെ ആദ്യയാത്ര. കോളജിന്റെ വാതില്ക്കൽ എത്തിയപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന ബസ് അവന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. ഞങ്ങളെല്ലാം നോക്കിനില്‌ക്കേ അവൻ ബൈക്കിൽനിന്ന് തെറിച്ചുവീണു. രക്തം വാർന്ന് മരണത്തോട് മല്ലടിച്ച ജോസഫിനെ ഞങ്ങൾ പെട്ടെന്ന് ആശുപത്രിയിലാക്കി. അന്നത്തെ ആ അപകടം അവനെ പിന്നെ എഴുന്നേല്ക്കാൻ അനുവദിച്ചില്ല. നട്ടെല്ലിന് ക്ഷതമേറ്റ അവന്റെ കഴുത്തിന് കീഴോട്ട് തളർന്നുപോയി. മുപ്പതുവർഷത്തോളമായി ഇപ്പോൾ.

മാതാപിതാക്കൾ മരണപ്പെട്ടതോടെ മദ്രാസിലെ ഒരു നഴ്‌സിങ്ങ് ഹോമിൽ അന്തേവാസിയാണവൻ. എല്ലാ വർഷവും അവധിക്ക് ഞാൻ ജോസഫിനെ കാണാൻ പോകും. കാരണം, ദിവ്യകാരുണ്യത്തിലേക്ക് നോക്കുന്ന അതേ തേജസാണ് അവന്റെ മുഖത്തും. അവന് പരാതികൾ ഇല്ല, ശരീരം ശോഷിച്ച് വല്ലാതെ ഉണങ്ങിയിരിക്കുന്നു. പക്ഷേ, അവന്റെ മനസ് ദൈവസ്‌നേഹത്തിനു മുന്നിൽ എന്നും വിടർന്നു നില്ക്കുന്ന ഒരു പുഷ്പമാണ്. അതിൽ നിറയെ സ്‌നേഹമാണ്, നിസ്വാർത്ഥസ്‌നേഹം. പതിനാറാമത്തെ വയസിൽ തളർന്നുവീണവൻ. പക്ഷേ, അവന്റെ ഹൃദയം ഒരിക്കലും ദൈവത്തെ പഴിച്ചില്ല. മറിച്ച് സ്‌നേഹിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വിജയിച്ച വ്യക്തി ആരാണെന്ന് എന്നോട് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ, എന്റെ പ്രിയസുഹൃത്ത് ജോസഫ്.
വരുന്നവരോടും പോകുന്നവരോടും ഈശോയെക്കുറിച്ച് പറയുന്നവൻ. ഈശോയുടെ സ്‌നേഹത്തിന്റെ ആഴം ഏറ്റവുമധികം അനുഭവിച്ചവൻ. അതിൽ മറ്റാരെയുംകാൾ ആനന്ദമനുഭവിക്കുന്നവൻ. ജോസഫ് ഇതിനോടകം പന്ത്രണ്ട് പുസ്തകങ്ങൾ എഴുതി, ഈശോയുടെ സ്‌നേഹത്തെക്കുറിച്ച്. അവനെ കാണുമ്പോൾ, അവനോട് സംസാരിച്ച് അവനോടൊത്ത് ആയിരിക്കുമ്പോൾ എനിക്ക് തിരക്കുപിടിച്ച ജീവിതത്തിനുവേണ്ട സർവവിധ ഊർജവും കർത്താവിൽനിന്ന് ലഭിക്കുന്നു.
‘എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ, നിരന്തരം പ്രാർത്ഥിക്കുവിൻ, എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ’ എന്ന ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ നമുക്ക് ഇതുപോലുള്ള സുഹൃത്തുക്കളുടെ ജീവിതമാതൃക പിൻതുടരാം. ദൈവത്തെ രുചിച്ചറിഞ്ഞ അവരെപ്പോലെ നമുക്കും ഈശോയെ രുചിച്ചറിയാൻ ശ്രമിക്കാം. അപ്പോൾ നമുക്കും പറയാൻ കഴിയും – ഈ ലോകത്തിലെ ഏറ്റവും സന്തോഷവാൻ ഞാനാണ് എന്ന്.

ജയിംസ് വടക്കേക്കര

Leave a Reply

Your email address will not be published. Required fields are marked *