അരുത്, ഇനിമേൽ നീ കരയരുത്!

പ്രിയപ്പെട്ട അമ്മ അപ്രതീക്ഷിതമായി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടതിന്റെ ദുഃഖത്തിൽനിന്നും പൂർണമായി വിടുതൽ പ്രാപിക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്കായില്ല. ഓർക്കുംതോറും നൂറുനൂറ് ചോദ്യങ്ങളാണ് മനസിൽ ഉയർന്നു വന്നുകൊണ്ടിരുന്നത്.

അന്നൊരു നിത്യാരാധന ചാപ്പലിൽ കയറിയ ഞാൻ ദിവ്യകാരുണ്യ ഈശോയുടെ മുഖത്തേക്ക് നോക്കി പതിവുചോദ്യം ആവർത്തിച്ചു: ‘എന്തിനാ ഈശോയേ, അമ്മയെ ഇത്ര പെട്ടെന്ന് കൊണ്ടുപോയത്?’ അപ്പോൾ ഈശോ സംസാരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. ‘ആരാ മോളേ നിന്റെ അമ്മ?’ ഞാൻ പറഞ്ഞു: ‘എനിക്ക് ജന്മം നല്കി, സ്‌നേഹിച്ച്, വളർത്തി പരിപാലിച്ചവളാണ് എന്റെ അമ്മ. മക്കളായ ഞങ്ങൾക്കുവേണ്ടി വളരെയധികം ത്യാഗം സഹിച്ചവളാണ്. അത് നിനക്കും അറിയാമല്ലോ ഈശോയേ?’ ഉടനെ ഈശോയുടെ ഭാഗത്തുനിന്ന് ഒരു മറുചോദ്യം ‘നിനക്ക് ജന്മം നല്കിയതും വളർത്തി പരിപാലിച്ചതും ഞാനല്ലേ?’

ഞാനൊന്ന് അമ്പരന്നുപോയി. ”അവിടുന്ന് എന്നോട് അരുളിച്ചെയ്തു. നീ എന്റെ പുത്രനാണ്. ഇന്ന് ഞാൻ നിനക്ക് ജന്മം നല്കി” (സങ്കീർത്തനങ്ങൾ 2:7). ”അവിടുന്നാണ് എന്റെ അന്തരംഗത്തിന് രൂപം നല്കിയത്. എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു” (സങ്കീർത്തനങ്ങൾ 139:13). ഈ വചനഭാഗങ്ങൾ എന്റെ ഓർമയിലേക്കവിടുന്ന് കൊണ്ടുവന്നു. തുടർന്ന് ഈശോ പറഞ്ഞു ”യഥാർത്ഥത്തിൽ നിനക്ക് ജന്മവും രൂപവുമെല്ലാം നല്കി ഒരു വ്യക്തിയുടെ കൈയിൽ നിന്നെ വളർത്താൻ ഏല്പിക്കുകയായിരുന്നു ഞാൻ. പക്ഷേ, ആ വ്യക്തിയുടെ വേർപാടിനെ ചൊല്ലി, അസാന്നിധ്യത്തെ ഓർത്ത് നീ ഇത്രമാത്രം വേദനിക്കുന്നുവെങ്കിൽ, എന്റെ മോളേ…. നീ എന്നിൽനിന്നും അകന്നു നടക്കുന്ന സന്ദർഭങ്ങളിൽ, എന്നെക്കുറിച്ച് ഓർക്കുകപോലും ചെയ്യാതെ ഈ ലോകത്തിൽ മുഴുകി ജീവിക്കുമ്പോൾ, നിനക്ക് അല്പമെങ്കിലും ദുഃഖം തോന്നാറുണ്ടോ? എന്നാൽ ആ സന്ദർഭങ്ങളിലെല്ലാം ഞാനൊത്തിരി വേദനിക്കുന്നുണ്ട്.” കനത്ത ഒരു പ്രഹരമേറ്റതുപോലെ ഞാൻ തരിച്ചിരുന്നുപോയി.

ദിവ്യകാരുണ്യ ചാപ്പലിൽനിന്നും പുറത്തു കടന്നപ്പോൾ മാസങ്ങളായി എന്റെ മനസിൽ തളംകെട്ടി കിടന്ന അമ്മയുടെ വേർപാടിനെക്കുറിച്ചുള്ള ദുഃഖം എവിടെയോ പോയിമറഞ്ഞു. എന്റെ ആത്മാവ് ആനന്ദംകൊണ്ട് നിറഞ്ഞു. ഈശോ പറഞ്ഞു ”അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും” (ഏശയ്യാ 66:13).
സമയത്തിന്റെ പൂർത്തീകരണത്തിൽ നമ്മിൽനിന്നും വേർപെട്ടുപോയവരെക്കുറിച്ചോർത്ത് ദുഃഖിക്കാതെ, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമൊക്കെയായി ആ പ്രിയപ്പെട്ടവരെ നമുക്ക് നല്കിയ ദൈവപിതാവിന് നന്ദി പറയാം. ഒപ്പം അവരിലൂടെ ലഭിച്ച ദൈവസ്‌നേഹത്തെയും കരുതലിനെയും ഓർത്ത് നന്ദിയോടെ നമ്മുടെ പ്രാർത്ഥനകളിലെല്ലാം നിരന്തരം അവരെ സ്മരിക്കാം.

വിന്ധ്യ തെരേസ

1 Comment

  1. Jifin says:

    Excellent article. Thank you.

Leave a Reply

Your email address will not be published. Required fields are marked *