മഠത്തിൽ അന്ന് വലിയ തിരക്കായിരുന്നു. വിശുദ്ധ ജോസഫാ മറ്റ് സന്യാസിനിമാരോടൊപ്പം ഓടിനടന്ന് ജോലി ചെയ്തു. ജനാലകൾ അടച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അവൾ ഈശോയുടെ സ്വരംകേട്ടു. അവിടുന്നു ചോദിച്ചു: ”മോളേ നീ ഇവിടെ എന്തുചെയ്യുന്നു?” അവൾ ഈശോയെ വണങ്ങിക്കൊണ്ടു പറഞ്ഞു: ”എന്റെ പ്രിയ ഈശോ, ഞാൻ ജനാലകൾ അടയ്ക്കുകയാണ്.” അല്പനേരം ഈശോ നിശബ്ദനായി. പിന്നെ തെല്ല് ശോകാർദ്രനായി പറഞ്ഞു: ”എന്റെ ഈശോ ഞാനങ്ങയെ സ്‌നേഹിക്കുകയാണ് എന്നു നീ പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി.” അതിനുകാരണം സ്‌പെയ്‌നിലെ മഡ്രിഡിൽ നിന്നുള്ള മിസ്റ്റിക് സിസ്റ്റർ ജോസഫാ മെനെൻഡെസിനോട് ഈശോ വെളിപ്പെടുത്തുന്നു. ”ഞാൻ നിന്നെ എല്ലായ്‌പ്പോഴും സ്‌നേഹിക്കുന്നു, സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു, നീയും എന്നെ സദാ സ്‌നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, നീ മാത്രമല്ല സകലരും. അത് നിങ്ങെള അനന്തമായ കൃപകളാലും അനുഗ്രഹങ്ങളാലും നിറയ്ക്കുന്നതിനുവേണ്ടിയാണ്.”
ദൈവത്തിന്റെ ഭാഷ
വിശുദ്ധരെല്ലാം വിശുദ്ധരായത് അവർ ദൈവത്തെ സ്‌നേഹിച്ചു എന്ന ഒറ്റക്കാരണത്താലാണ്. മറ്റെല്ലാ സത്പ്രവൃത്തികളും സ്‌നേഹത്തിന്റെ ഫലങ്ങൾ മാത്രം. സ്‌നേഹമില്ലാതെ എന്തെല്ലാം ചെയ്താലും- സ്വയം പീഡിപ്പിച്ചാലും സഹനങ്ങൾ ഏറ്റെടുത്താലും മറ്റുള്ളവരെ സഹായിച്ചാലും ഉപവസിച്ചാലും ഉറക്കം ഉപേക്ഷിച്ചാലും എത്രയധികം പ്രാർത്ഥിച്ചാലും ഫലരഹിതമെന്ന് പൗലോസ് ശ്ലീഹാ ഓർമിപ്പിക്കുന്നു. അൽഫോൻസാമ്മയേക്കാൾ സഹിച്ചവരും സഹിക്കുന്നവരുമുണ്ടെങ്കിലും അൽഫോൻസാമ്മ വിശുദ്ധയായത് ഈശോയോടുള്ള സ്‌നേഹത്താൽ സന്തോഷത്തോടെ സഹിച്ചതിനാലാണെന്നതോർക്കാം. ”നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും, പൂർണാത്മാവോടും പൂർണമനസോടും പൂർണ ശക്തി യോടുംകൂടെ സ്‌നേഹിക്കുക” എന്ന് പിതാവായ ദൈവവും (നിയമാവർത്തനം 6:5) പുത്രനായ ദൈവവും (മർക്കോസ് 12:30) ഏറ്റവും പ്രഥമവും പ്രധാനപ്പെട്ടതുമായി നമ്മോടു കല്പിക്കുന്നു. കാരണം ”ദൈവം സ്‌നേഹമാണ്. സ്‌നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാൻ 4:16). ദൈവത്തിന്റെ ഭാഷതന്നെ സ്‌നേഹമാണ്. അവിടുത്തേക്ക് ഏറ്റവും നന്നായി മനസിലാകുന്ന ഭാഷയും സ്‌നേഹമാണെന്ന് വിശുദ്ധ യോഹന്നാൻ ക്രൂസ്.
ആത്മാവിന്റെ രുചി
സിയന്നയിലെ വിശുദ്ധ കാതറിൻ ദിവ്യബലിയിൽ പങ്കെടുക്കുകയായിരുന്നു. ദിവ്യകാരുണ്യ സ്വീകരണമായപ്പോൾ വൈദികൻ കുസ്‌തോദിയുമായി അൾത്താരയിൽനിന്നും മുമ്പോട്ടു നീങ്ങി. വിശുദ്ധ അല്പം പുറകിലായി നില്ക്കുകയായിരുന്നു. ദേവാലയത്തിലുള്ള സകലരും നോക്കിനില്‌ക്കെ, വൈദികനെ അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്ന് ദിവ്യകാരുണ്യ ഈശോ കുസ്‌തോദിയിൽനിന്നും പറന്നുയർന്നു. കണ്ണുകളടച്ച് കരംകൂപ്പി നിറസ്‌നേഹത്തോടെ നിന്നിരുന്ന വിശുദ്ധ കാതറിന്റെ അധരങ്ങളിലേക്ക് ആ തിരുവോസ്തി നേരെ പ്രവേശിച്ചു. നിമിഷത്തേക്ക് ദേവാലയം നിശ്ചലമായി. ഇങ്ങനെ പലതവണ സംഭവിച്ചിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ദിവ്യകാരുണ്യ സ്വീകരണ സമയത്ത് വൈദികന്റെ കൈയിൽനിന്നും തിരുവോസ്തി വിശുദ്ധയുടെ അധരങ്ങളിലേക്ക് കുതിക്കുക സ്ഥിരം സംഭവമായിരുന്നു.
ഫ്രഞ്ചു മിസ്റ്റിക്കും പഞ്ചക്ഷത ധാരിയുമായ ദൈവദാസി മർത്തെ റോബിൻ നീണ്ട 53 വർഷങ്ങൾ ഭക്ഷ ണമോ വെള്ളമോ ഇല്ലാതെ, ദിവ്യകാരുണ്യം മാത്രം സ്വീകരിച്ച് ഉറക്കമില്ലാതെ ദൈവത്തെ സ്‌നേഹിച്ച പുണ്യാത്മാവാണ്. ദിവ്യകാരുണ്യ ഈശോയോടുള്ള സ്‌നേഹത്താൽ ജ്വലിച്ചിരുന്ന അവർക്ക് ദിവ്യകാരുണ്യവുമായി വൈദികൻ ആഴ്ചയിൽ രണ്ടു തവണ വരുമായിരുന്നു. ഒരുദിനം വിശുദ്ധ കുർബാനയുമായി മർത്തെയ്ക്കരുകിലെത്തിയ വൈദികൻ തിരുവോസ്തി കയ്യിലെടുത്തു.
മർത്തെ അധരം തുറക്കുംമുമ്പേ തിരുവോസ്തി മർത്തെയുടെ നാവിലെത്താനായി വൈദികന്റെ കരങ്ങളിൽ നിന്നും കുതിക്കാനാരംഭിച്ചു. തിരുവോസ്തി നിലത്തുവീണേക്കുമെന്നു ഭയന്ന വൈദികൻ തിരുവോസ്തിയിൽ മുറുകെപ്പിടിച്ചുകൊണ്ടാണ് മർത്തെയുടെ നാവിൽ വച്ചത്. മർത്തെയ്ക്ക് ദിവ്യകാരുണ്യവുമായെത്തിയ എല്ലാ വൈദികരും ഇതിനു സമാന അനുഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിശുദ്ധാത്മാക്കളെല്ലാം ഈശോയെ അത്രയധികം സ്‌നേഹിച്ചു എന്നതിനാലാണ് ഈശോ അവരിലെത്താൻ പറക്കുകയും കുതിക്കുകയും ചെയ്യുന്നത്. സിയന്നയിലെ വിശുദ്ധ കാതറിൻ പറയുന്നു: ”സകല പുണ്യങ്ങളും സ്‌നേഹത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. സ്‌നേഹത്തിന്റെ രുചിയില്ലാത്ത ആത്മാവിന് യാതൊരു മൂല്യവുമില്ല.”
”ദൈവവുമായി പ്രണയത്തിലാകുകയാണ് ഏറ്റം ശ്രേഷ്ഠപ്രണയവും ലഹരിയും” എന്ന് വിശുദ്ധ അഗസ്റ്റിൻ അനുഭവിച്ചെഴുതുന്നു. അതുകൊണ്ടാണല്ലോ ”ഓ എന്റെ ദൈവമേ ഞാൻ വൈകിപ്പോയി.. അങ്ങയെ സ്‌നേഹിക്കാൻ… അതി പുരാതനവും എന്നും ഏറ്റവും പുതുമയേറിയതുമായ സൗന്ദര്യമേ അങ്ങയെ സ്‌നേഹിക്കാൻ ഞാൻ വൈകിപ്പോയല്ലോ…” എന്ന് ആ മഹാവിശുദ്ധൻ കേഴുന്നത്. ദൈവത്തെ സ്‌നേഹിക്കാതെപോയ നീണ്ട കാലയളവിൽ നഷ്ടമാക്കിയ സ്‌നേഹലഹരിയോർത്ത് അദ്ദേഹം എന്നും നെടുവീർപ്പിട്ടിരുന്നു. ലോകത്തിന്റെ ലഹരികളെല്ലാം മാറിമാറി നുണഞ്ഞു ചെകിടിച്ചവന് ദൈവത്തെ പ്രണയിച്ചിട്ടും പ്രണയിച്ചിട്ടും മതിവരുന്നില്ലെന്നുമാത്രമല്ല വീണ്ടും കൊതികൂടുകയല്ലേ? സ്‌നേഹിക്കുംതോറും കൂടുതൽ സ്‌നേഹിക്കാൻ ഹൃദയം വെമ്പുക ദൈവത്തെ സ്‌നേഹിക്കുമ്പോൾ മാത്രമല്ലേ?
സൗന്ദര്യത്തിന്റെ രഹസ്യം
”നമ്മിൽ സ്‌നേഹം വളരാനാരംഭിക്കുമ്പോൾ സൗന്ദര്യം വർധിക്കും. സ്‌നേഹമാണ് ആത്മാവിന്റെ സൗന്ദര്യം”എന്ന സൗന്ദര്യ രഹസ്യവും വിശുദ്ധ അഗസ്റ്റിൻ വെളിപ്പെടുത്തുന്നു. പരിശുദ്ധ ദൈവമാതാവ് ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികൾ ചോദിച്ചു: ”അമ്മേ അമ്മ എപ്പോഴും ഇത്ര സൗന്ദര്യവതിയായിരിക്കുന്നതെന്തേ?” ”ഞാൻ സദാ സ്‌നേഹിക്കുന്നതുകൊണ്ടാണ്” എന്നായിരുന്നു അമ്മയുടെ മറുപടി.
”നാം എന്തിനെ സ്‌നേഹിക്കുന്നോ അതായിത്തീരുന്നു. ആരെ സ്‌നേഹിക്കുന്നോ അത് നമ്മെ രൂപപ്പെടുത്തും. വസ്തുവിനെ സ്‌നേഹിച്ചാൽ വസ്തുവായിത്തീരും. ഒന്നിനെയും സ്‌നേഹിച്ചില്ലെങ്കിൽ ഒന്നുമല്ലാതായിത്തീരും. നാം ക്രിസ്തുവിനെപ്പോലെ ആയിത്തീരേണ്ടവരാണ്” എന്ന് വിശുദ്ധ ക്ലാരയും സ്‌നേഹത്തിൽ പൂർണത വരിച്ചാൽ ഈ ലോകത്തിൽതന്നെ നാം ക്രിസ്തുവിനെപ്പോലെ ആകുമെന്നും അങ്ങനെ സംഭവിച്ചാൽ വിധിദിനത്തെ തികഞ്ഞ ആത്മധൈര്യത്തോടെ നേരിടാൻ സാധിക്കുമെന്നും യോഹന്നാൻ ശ്ലീഹായും ഓർമിപ്പിക്കുന്നു (1 യോഹന്നാൻ 4:17). അതിനാൽ എന്തു വില കൊടുത്തും നമുക്ക് ക്രിസ്തുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് ക്രിസ്തുവായിത്തീരണം.
‘ദൈവവുമായി സ്‌നേഹത്തിലായിരിക്കുക എന്നതാണ് പ്രാർത്ഥന’ എന്ന് ഓർമിപ്പിച്ച് വിശുദ്ധ അമ്മത്രേസ്യ തുടരുന്നു: ”പ്രാർത്ഥന സ്‌നേഹപ്രവൃത്തിയാണ്. വാക്കുകൾ ആവശ്യമേയല്ല. രോഗത്തിലും വേദനയിലും ചിന്തകൾ വഴിമാറിയാലും സ്‌നേഹിക്കാനുള്ള മനസാണ് അത്യാവശ്യം. നാം സ്‌നേഹിക്കുന്ന, നമ്മെ സ്‌നേഹിക്കുന്ന ആത്മസുഹൃത്തായ ദൈവവുമായുള്ള അടുത്ത പങ്കുവയ്ക്കലാണ് പ്രാർത്ഥന. അത് കൂടെക്കൂടെ-അല്ല സദാ അവിടുത്തോട് ഹൃദയം ചേർന്ന് ലയിക്കലാണ്. സംസാരിക്കലാണ്. ഒരുപാട് ചിന്തിക്കുന്നതിലല്ല, ഏറെ സ്‌നേഹിക്കുന്നതിലാണ്. അതിനുള്ള അതിരുവിട്ട അഭിനിവേശത്താലാണ് സങ്കീർത്തകൻ 27:4-ൽ മറ്റെല്ലാം മറന്നു പാടുന്നത്: ”ഒരുകാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാൻ തേടുന്നു. കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ വസിക്കാൻതന്നെ.” സ്‌നേഹിക്കാൻവേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നതാണ്, സകലതിലും ദൈവഹിതം നിറവേറ്റുന്നതാണ് സ്‌നേഹം.
സ്‌നേഹത്തിന്റെ കൈകാലുകൾ!
ദൈവം ഇഷ്ടപ്പെടുന്നവരെ, ഇഷ്ടപ്പെടുന്നതിനെ ഇഷ്ടപ്പെടുക സ്‌നേഹിക്കുക, വെറുക്കുന്നതിനെ വെറുക്കുക, അവിടുത്തെ സകല പ്രവൃത്തികളും അംഗീകരിക്കുക. ദൈവം അനുവദിക്കുന്നതെല്ലാം സസന്തോഷം സ്വീകരിച്ച് നന്ദി പറയുക. പ്രവൃത്തിയില്ലാത്ത സ്‌നേഹം നിർജീവമല്ലേ? സ്‌നേഹിക്കുന്നെങ്കിൽ പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കണ്ടേ? അതല്ലേ സ്‌നേഹത്തിന്റെ കയ്യും കാലും? ”സ്‌നേഹത്തിന്റെ പ്രവൃത്തികളിൽ നിരന്തരം മുഴുകാൻ സ്വയം പരിശീലിപ്പിക്കുക. അവ ആത്മാവിനെ പ്രകാശിപ്പിക്കുകയും ഉരുക്കുകയും ചെയ്യും” എന്ന് വിശുദ്ധ അമ്മത്രേസ്യായും ”സ്‌നേഹം പ്രവൃത്തിയാൽ തെളിയിക്കപ്പെടുന്നു. എവിടെ സ്‌നേഹം നിലനില്ക്കുമോ അത് വൻകാര്യങ്ങൾ ചെയ്യും. സ്‌നേഹം പ്രവർത്തനം നിർത്തുമ്പോൾ സ്‌നേഹത്തിന് നിലനില്പില്ലാതാകുന്നു” എന്ന് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പായും പഠിപ്പിക്കുന്നു. ”എന്റെ കൽപനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹി ക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും …. ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും” (യോഹന്നാൻ 14:21,23) എന്ന് ഈശോ പറഞ്ഞിട്ടുണ്ടല്ലോ.
ദൈവത്തെ സ്‌നേഹിക്കുകയെന്നാൽ പൂർണമായും ദൈവത്തിന്റേതാകുക, എന്റേതായതെല്ലാം ഉപേക്ഷിക്കുക. പിന്നെ നാം നമുക്കുവേണ്ടി ജീവിക്കുന്നില്ല. എല്ലാവരിലും എല്ലാറ്റിലും അധികമായി അവിടുത്തെ സ്‌നേഹിക്കുന്നു. ‘എന്റെ ദൈവമേ, എന്നേക്കാളുപരി ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു’ എന്ന് ഓരോ സ്പന്ദനവും ഘോഷിച്ചുഘോഷിച്ച്, ഒടുവിൽ ഞാൻ അവിടുന്നിൽ മറഞ്ഞില്ലാതായി അവിടുന്നുമാത്രം അവശേഷിക്കുകയും ചെയ്യുന്നതിലേക്ക് യഥാർത്ഥസ്‌നേഹം കുതിച്ചുയരും. ദൈവത്തോടുള്ള സ്‌നേഹത്താൽ ഉന്മത്തരായി ജീവിതംമുഴുവൻ ഉത്സവമാക്കിയ വിശുദ്ധരാണ് യോഹന്നാൻ ക്രൂസും അസ്സീസിയുമെല്ലാം. സ്‌നേഹിച്ചു സ്‌നേഹിച്ച് വായുവിലുയർന്ന് ദൈവത്തിലേക്ക് കൂടെക്കൂടെ പറക്കുമായിരുന്നു അവർ. കൊതിതോന്നുന്നില്ലേ ഇങ്ങനെ ദൈവത്തെ സ്‌നേഹിക്കാൻ? എങ്കിൽ അനിയന്ത്രിതമായി പ്രവഹിക്കുന്ന പ്രകാശധാര പോലെയും തെളിനീർ അരുവിപോലെയും ദൈവത്തെ സ്‌നേഹിച്ചുകൊണ്ടേയിരിക്കണം. കറയില്ലാതെ, തടസങ്ങളില്ലാതെ നിർദ്ധരിക്കണം. ചിലപ്പോൾ മലവെള്ളപ്പാച്ചിൽപോലെയും കാട്ടുതീ പോലെയും നാം അവിടുത്തെ സ്‌നേഹിക്കണം; പ്രത്യേകിച്ച് കഠിന പ്രലോഭനങ്ങൾ വെല്ലുവിളിക്കുമ്പോൾ. എത്രയധികം ദൈവത്തെ സ്‌നേഹിക്കുന്നോ അത്ര ക്രൂരമായിരിക്കും അതിനെതിരായ പ്രലോഭനം.
സ്‌നേഹം അറിയുന്ന ഒരേയൊരു കാര്യം
ദൈവത്തോട് സ്‌നേഹമുണ്ടെങ്കിൽ, സ്‌നേഹിച്ചുകൊണ്ടേയിരിക്കയാണെങ്കിൽ നമുക്ക് പാപം ചെയ്യാനാകില്ല എന്നൊരു രഹസ്യവുമുണ്ട്. സനേഹിക്കുന്നവർക്ക് ഇഷ്ടമില്ലാത്തതൊന്നും നാം ചെയ്യില്ല, സ്‌നേഹിക്കുന്നവരെ സദാ സന്തോഷിപ്പിക്കും, അതിനുവേണ്ടി എന്തുംചെയ്യും. എങ്കിൽ ദൈവത്തെ സന്തോഷിപ്പിക്കുന്നതായിരിക്കണം എന്റെ സന്തോഷം. അപ്പോൾ പുണ്യങ്ങൾ വർധിക്കുമെന്നതിൽ സംശയമുണ്ടോ? ”എന്റെ ദൈവമേ അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം” (സങ്കീർത്തനങ്ങൾ 40:8) എന്ന് പ്രവൃത്തികൊണ്ട് നമുക്കവിടുത്തേക്കു കാണിച്ചുകൊടുക്കണം. ”പരിശുദ്ധ സ്‌നേഹം.. ദൈവത്തെ സന്തോഷിപ്പിക്കണമെന്നു മാത്രം ചിന്തിക്കുന്നു. അതുമാത്രമേ അതിനറിയൂ; ഏറ്റം ചെറിയ കാര്യങ്ങളും വലിയ സ്‌നേഹത്തോടെ ചെയ്യണമെന്ന്. സ്‌നേഹിക്കുക, എപ്പോഴും സ്‌നേഹിക്കുക” വിശുദ്ധ ഫൗസ്റ്റീന.
സദാ ദൈവത്തെ സ്‌നേഹിക്കു ന്നെങ്കിൽ സകലതിലും ദൈവം ഉണ്ടായിരിക്കും. സകലയിടത്തും സമസ്തവും അവിടുത്തെ സ്‌നേഹിച്ചുകൊണ്ടായിരിക്കണം. അഥവാ ദൈവത്തോടുള്ള സ്‌നേഹത്തിന്റെ ബഹിസ്ഫുരണമായിരിക്കണം സകലതും. സംസാരം, കേൾവി, പെരുമാറ്റം, നോട്ടം, ഡ്രസ്സിങ്, ഭക്ഷണം, ജോലി, വ്യാപാരങ്ങൾ, കളി, എല്ലാമെല്ലാം. അപ്പോൾ വീട്ടിലും മാർക്കറ്റിലും ദൈവാലയത്തിലും റോഡിലും ഓഫീസിലും കൃഷിയിടത്തും വ്യത്യസ്തരാകില്ല, മുഖംമൂടിയും അഭിനയങ്ങളും ആവശ്യമില്ല. എങ്കിൽ, വിശുദ്ധ ജോസഫായോട് ഈശോ ചോദിച്ചതുപോലെ, ‘ഇപ്പോൾ നീ എന്തുചെയ്യുന്നു?’ എന്ന് നമ്മോടു ചോദിച്ചാൽ ‘എന്റെ പ്രിയ ഈശോ, ഞാനങ്ങയെ സ്‌നേഹിക്കയാണ്’ എന്ന് നമുക്കു പ്രത്യുത്തരിക്കാൻ കഴിയും.
ആ ചോദ്യം അവിടുന്ന് സദാ നമ്മോടു ചോദിക്കുന്നുണ്ട്; നാമത് ശ്രദ്ധിക്കുന്നില്ലെങ്കിലും. ഏതു സമയത്തും പ്രായത്തിലും സാഹചര്യത്തിലും പ്രവൃത്തിയിലും സമൂഹത്തിലും പ്രാർത്ഥനയിലും ദിവ്യബലിയർപ്പണത്തിൽപോലും ദൈവം നമ്മോടിത് ചോദിക്കുന്നു. എന്തായിരിക്കും നമ്മുടെ മറുപടി? എല്ലായ്‌പ്പോഴും നമുക്കത് ശ്രവിക്കണം- അപ്പോഴൊക്കെയും ‘അങ്ങയെ സ്‌നേഹിക്കയാണ്’ എന്ന് പ്രതിവചിക്കണം. ഏലിയാപ്രവാചകനെപ്പോലെ മരണവക്ത്രത്തിലും ‘ദൈവമായ കർത്താവിനോടുള്ള അതീവസ്‌നേഹത്താൽ ഞാൻ ജ്വലിക്കുകയാണ്’ എന്ന് പ്രത്യുത്തരിക്കാൻ കഴിയണം. നിരന്തര പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അത് സാധ്യം!
വിശുദ്ധരുടെ വാശികൾ
നമ്മുടെ ജീവിത ലക്ഷ്യംതന്നെ ദൈവത്തെ സ്‌നേഹിക്കയാണ്. വിശുദ്ധ രുടെയെല്ലാം ഒരേയൊരു വാശിയും മാത്സര്യവും മറ്റാരും ദൈവത്തെ സ്‌നേ ഹിക്കുന്നതിനേക്കാൾ അധികമായി അവിടുത്തെ സ്‌നേഹിക്കണം എന്നതായിരുന്നു. പങ്കുവയ്ക്കാത്ത പൂർണസ്‌നേഹം. ദൈവമായിരിക്കണം നമ്മുടെ എല്ലാമെല്ലാം. പതിനായിരങ്ങൾ സ്‌നേഹംകൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴും ‘എന്റെ ദൈവം എന്റെ എല്ലാമെല്ലാം,’ ”സ്വർഗത്തിൽ അങ്ങല്ലാതെ ആരാണെനിക്കുള്ളത്, ഭൂമിയിലും അങ്ങയെ അല്ലാതെ ആരെയും ഞാൻ ആഗ്രഹിക്കുന്നില്ല (സങ്കീർത്തനങ്ങൾ 73:25) എന്ന് ചങ്കുറപ്പോടെ ഉറക്കെപ്പറയാൻ
കഴിയണം. അതിന,് നമ്മിൽ ദൈവത്തിനുമാത്രമേ സ്ഥാനമുണ്ടാകാവൂ. മറ്റെല്ലാം പുറത്ത്. ഉത്തമഗീതം 4:12-ൽ ദൈവം നമ്മെ വിശേഷിപ്പിക്കുന്ന ‘അടച്ചുപൂട്ടിയ ഉദ്യാനവും മുദ്രവച്ച നീരുറവ’യുമായിരിക്കണം നാം. അടച്ചുപൂട്ടിയ ഹൃദയപൂങ്കാവനത്തിൽ വിഹരിക്കുകയും സ്‌നേഹജലധാരയിൽനിന്ന് പാനംചെയ്യുകയും ചെയ്യുന്നത് ദൈവംമാത്രമായിരിക്കണം. അപ്പോൾ സങ്കീർത്തനങ്ങൾ 73:25 നമ്മുടെ സ്‌നേഹഗീതകമാകും.
പടക്കവും വചനപ്രഘോഷണവും
”സ്‌നേഹമാണ് മറ്റെല്ലാ പുണ്യങ്ങളേക്കാൾ അനിവാര്യപുണ്യം. പടക്കത്തിൽ തീയുണ്ടെങ്കിലേ അത് ലക്ഷ്യം പ്രാപിക്കൂ എന്നതുപോലെ ദൈവവചനം പ്രഘോഷിക്കുന്നവരിൽ സ്‌നേഹം ഉണ്ടെങ്കിലേ വചനം ഫലം പുറപ്പെടുവിക്കൂ. ദൈവസ്‌നേഹമാകുന്ന അഗ്നിയുണ്ടെങ്കിൽ വചനപ്രഘോഷണത്തിന് അത്ഭുതം വിരിയിക്കാൻ കഴിയും” എന്ന് വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് ഉറപ്പിക്കുമ്പോൾ, മുഴുവൻ ആത്മാക്കളും രക്ഷപ്പെടാൻ വിശുദ്ധ കൊച്ചുത്രേസ്യ പ്രാർത്ഥിച്ചതും സഹനങ്ങൾ സമർപ്പിച്ചതും ഈശോ കൂടുതൽ സ്‌നേഹിക്കപ്പെടാൻ, സകലരാലും സ്‌നേഹിക്കപ്പെടാൻ വേണ്ടിയാണ്. അതല്ലേ സുവിശേഷപ്രഘോഷണത്തിന്റെ കാരണവും കാതലും?
സ്‌നേഹിക്കാൻ പറ്റുന്നില്ലേ?
ഈശോയെ ഏറ്റം അധികം സ്‌നേഹിച്ചതും ഈശോ ആഗ്രഹിച്ചതുപോലെ സ്‌നേഹിച്ചതും പരിശുദ്ധ അമ്മയാണ്. ഈശോ ഇല്ലാത്തതായി അമ്മയ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല. അമ്മ ഈശോയിൽ ഉടക്കിക്കിടന്നു. ദൈവം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നതുപോലെ അവിടുത്തെ സ്‌നേഹിക്കാൻ നമ്മെ പഠിപ്പിക്കാനും സഹായിക്കാനും പരിശുദ്ധ അമ്മയ്ക്കുമാത്രമേ സാധിക്കൂ. അതിനാൽ അമ്മയുടെ വിരലിൽ തൂങ്ങി ജീവിക്കാം. സ്‌നേഹം പൊട്ടിയൊഴുകുന്ന അമ്മയുടെ നിർമ്മല ഹൃദയത്തിൽ കയറിയിരുന്ന് ഈശോയെ സ്‌നേഹിക്കാം. അപ്പോൾ അവിടുന്ന് വേണ്ടവിധം സ്‌നേഹിക്കപ്പെടും. ഇനി സ്‌നേഹിക്കാനേ പറ്റുന്നില്ലേ? അപ്പോഴും അമ്മ സഹായിക്കും. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ പരിശുദ്ധ അമ്മയുടെ ഹൃദയം കടമെടുത്ത് – അമ്മയോടു പറയുക- എന്റെ ഹൃദയത്തിലിരുന്ന് ഈശോയെ സ്‌നേഹിക്കണമേ.
അതിനാൽ വിശുദ്ധ ബർണദീത്തയോടൊപ്പം പ്രാർത്ഥിക്കാം: ”എന്റെ ഈശോ, എന്റെ ഹൃദയം സ്‌നേഹത്താൽ നിറയ്ക്കണമേ. അങ്ങനെ ഒരു ദിനം അത് അങ്ങയോടൊപ്പം പൊട്ടട്ടെ…” ഓരോ ഹൃദയത്തുടിപ്പും ദൈവസ്‌നേഹഗീതങ്ങളാകട്ടെ.. നിമിഷത്തിന്റെ ഓരോ കണികകളിലും സകല സൃഷ്ടികളാലും ഭൂമിയുടെ അതിർത്തികളിൽനിന്നും ദൈവം അധികമധികം സ്‌നേഹിക്കപ്പെടട്ടെ, അവിടുത്തെ സ്‌നേഹിക്കാത്തവർക്കു പകരമായും സർവശക്തിയോടെ മുഴുസ്‌നേഹത്തോടെ നമുക്കവിടുത്തെ സ്‌നേഹിക്കാം, അതിനായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം.
ആൻസിമോൾ ജോസഫ്
2 Comments
Thank you
Thank you jesus. I love you jesus.