അനുഗ്രഹത്തിന്റെ ചിന്തകൾ

”യേശുവിനെപ്പറ്റി ചിന്തിക്കുവിൻ” (ഹെബ്രായർ 3:1). സർവശക്തനായ ഈശോതമ്പുരാൻ തന്റെ സർവമഹത്വവും മറച്ചുവച്ചുകൊണ്ട് ഒരു ‘ചെറു അപ്പ’മായി എന്നിൽ ഒന്നായിത്തീരുന്ന വർണനാതീതമായ നിമിഷങ്ങൾ! ഈ അനുഭവത്തിൽ ഉൾച്ചേരുന്നവർക്ക് ദൈവഹിതത്തിന് വിരുദ്ധമായി മറ്റൊന്നും ചെയ്യാനാവില്ല.
”നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റി ചിന്തിക്കുവിൻ” (1 കോറിന്തോസ് 1:26). ഉത്തമ ക്രൈസ്തവ വിശ്വാസത്തിൽ ജനിക്കാനും ജീവിക്കാനും നമ്മെ അനുഗ്രഹിച്ച അനുഗൃഹീത ദൈവവിളി. ദൈവം നല്കിയ ഈ വലിയ ദാനം തിരിച്ചറിഞ്ഞ് ജീവിക്കാൻ തുടങ്ങുമ്പോൾ ഒരുപാട് അരുതുകൾ നാം പാലിക്കേണ്ടിയിരിക്കുന്നു. കക്ഷിമാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, സ്‌നേഹരാഹിത്യം, മദ്യം, മദിരോത്സവം ഇവയെല്ലാം ഉപേക്ഷിക്കാൻ തയാറാകണം.
”വിവേകപൂർവം ചിന്തിക്കുവിൻ” (റോമാ 12:4). മറ്റുള്ളവരുടെ വാക്കുകൾ എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നതിന് എപ്പോഴും വിട്ടുകൊടുത്താൽ ജീവിതം അപകടത്തിലെത്തും. (തോബിത്ത് 3:7-10) ഈ തിരുവചനഭാഗം വായിച്ച് ധ്യാനിച്ച് പുനർവിചിന്തനം നടത്തി ജീവിതത്തെ ദൈവഹിതാനുസരണം നയിക്കാൻ നമുക്കാവണം.

”ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെപ്പറ്റി ചിന്തിക്കുവിൻ” (സങ്കീർത്തനങ്ങൾ 77:12). കൈക്കുമ്പിളിൽ ആഴിയെ അളന്ന്, ആകാശവിശാലതയെ ചാണിൽ ഒതുക്കി ഭൂമിയിലെ പൊടിപടലങ്ങളെ അളവുപാത്രങ്ങളിലുൾക്കൊള്ളിച്ച് കുന്നുകളെ തുലാസിൽ തൂക്കി (ഏശയ്യാ 40:12-13) ലോകത്തെയും അതിലെ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ മറികടന്ന് ഇവയുടെ നിയന്ത്രണം ക്രമപ്പെടുത്താൻ ബുദ്ധിരാക്ഷസരെന്നഭിമാനിക്കുന്ന മനുഷ്യർക്കാവുമോ?
”മനുഷ്യർ കർത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ” (സങ്കീർത്തനങ്ങൾ 107:43). അപ്പോൾ ഗലാത്തിയാ 2:10-ൽ പറയുംപോലെ പാവങ്ങളെപ്പറ്റിയുള്ള ചിന്ത തനിയെ ഉണ്ടാകും. ദൈവത്തിന്റെ കരുണ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് അനേകം സമർപ്പിതരും വൈദികരും അല്മായ സഹോദരങ്ങളുമൊക്കെ കരുണയുടെ ജീവാംശം പുലർത്തുന്നവരാകുക.

ദൈവദാനങ്ങൾക്കൊത്തവിധം ചിന്തിക്കുവിൻ (ജ്ഞാനം 7:15). ദൈവദാനങ്ങൾക്കൊത്തവിധം ചിന്തിക്കുമ്പോൾ മനുഷ്യന്റെ ചിന്തയും ഭാവനയും ഓർമയുമെല്ലാം നന്മകൊണ്ട് നിറയും. അല്ലാതെ വരുമ്പോൾ മനുഷ്യന്റെ ചിന്തയും ഭാവനയുമെല്ലാം ദുഷിച്ചതാണെന്ന് വചനംപോലും ഓർമപ്പെടുത്തുന്നു (ഉല്പത്തി 6:5-6). ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന ദൈവത്തെ നമുക്കിവിടെ കാണാനാവും. അത് ദൈവത്തെ നൊമ്പരപ്പെടുത്തി.

ഫിലിപ്പി 4:8-ൽ പറയുംപോലെ എല്ലാ നല്ല കാര്യങ്ങളെയുംപറ്റി ചിന്തിച്ചുകൊണ്ട് വചനവെളിച്ചത്തിൽ ജീവിതത്തെ ക്രമീകരിച്ച്, ദൈവദാനങ്ങൾക്കൊത്തവിധം ചിന്തകളെ തിരിച്ചുവിടുമ്പോൾ ദൈവകൃപ നമ്മിൽ നിറയും.

സിസ്റ്റർ സാൽവിൻ ജോസ് എഫ്.സി.സി

2 Comments

  1. Sr Vinija sabs says:

    Thank you Jesus

  2. Dynu joseph says:

    Thanks God

Leave a Reply

Your email address will not be published. Required fields are marked *