എന്റെ സുഹൃത്താണ് റ്റോബി. വചനപ്രഘോഷകനാണ്. ആറ് പെൺമക്കളുടെ അപ്പൻ. അതിലൊരു മകൾ റിയ. അവൾക്ക് പപ്പയെ വലിയ ഇഷ്ടമാണ്. ഇഷ്ടമെന്നു മാത്രമല്ല, ഏതൊരു പ്രശ്‌നത്തിനും പപ്പ പരിഹാരം നടത്തിത്തരും എന്ന വലിയ ഒരുറപ്പുണ്ട് അവൾക്ക്. പപ്പ വരാൻ കാത്തിരിക്കും, അവളുടെ കളിക്കോപ്പുകളുടെ പ്രശ്‌നം തീർക്കാൻ. ഒടിഞ്ഞ പൈപ്പുകൾ ശരിയാക്കാൻ, പുതിയ സാധനങ്ങൾ വാങ്ങാൻ. പപ്പയിലുള്ള വിശ്വാസം പോകാതിരിക്കാൻ റ്റോബി എങ്ങനെയും അവളുടെ കാര്യങ്ങൾ സാധിച്ചുകൊടുക്കും. എന്നെങ്കിലും റിയ പറയുന്ന കാര്യം ചെയ്തുകൊടുക്കാൻ കഴിയാതെ വരുമോ എന്ന ആവലാതിയിലാണ് റ്റോബി.
എന്നാൽ നമ്മുടെ സ്വർഗത്തിലെ പപ്പ റ്റോബിയെക്കാളും വലിയവനല്ലേ?
പക്ഷേ എന്തുകൊണ്ട് വിശ്വാസത്തിന്റെ വീരപുത്രനോ പുത്രിയോ ആയി ഞാൻ മാറുന്നില്ല? ഏതാനും ദിവസങ്ങൾ നിരന്തരം ആത്മാവ് എന്നിൽ എറിഞ്ഞുതന്ന ചോദ്യമാണിത്. ചരിത്രത്തിൽ ക്രിസ്തു ചെയ്തത് ഞാൻ വിശ്വസിക്കുന്നുണ്ട്. അവനത് ചെയ്യാനാകുമെന്നും എനിക്ക് അറിയാം. പക്ഷേ, അത് ഇന്ന് എന്നിൽ ചെയ്യുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നുണ്ടോ?
സംശയമാണ്. സ്വർഗത്തിന്റെ നിക്ഷേപം കരസ്ഥമാക്കാൻ അറിവ് മാത്രം പോരാ. വിശ്വാസത്തിന്റെ താക്കോൽ ഉപയോഗിക്കണം. അന്ധന് കാഴ്ച കൊടുത്തത് ഇന്ന് എന്നിൽ ചെയ്യും; ചെകിടന് കേൾവി കൊടുത്തത് ഇന്ന് എന്നിൽ ചെയ്യും. മരിച്ചവനെ ഉയിർപ്പിച്ചത് ഇന്ന് അവൻ ചെയ്യും.
വിശ്വസിക്കുക, സ്വീകരിക്കുക
സാമുവേലിന്റെ ഒന്നാം പുസ്തകം പതിനേഴാം അധ്യായത്തിലാണ് ഏലാ താഴ്‌വരയിൽ ഇസ്രയേല്യരും ഫിലിസ്ത്യരും തമ്മിലുള്ള യുദ്ധം വിശദീകരിക്കുന്നത്. ജസ്സെയുടെ എട്ടുമക്കളിൽ ഇളയവനായ ദാവീദിന് യുദ്ധം ചെയ്ത് പരിചയമില്ല. അതുകൊണ്ടവനെ ആടുമേയ്ക്കാൻ വിട്ടു. ആ ജോലി കൃത്യമായി അവൻ നിർവഹിച്ചു. ജ്യേഷ്ഠന്മാർക്ക് ഭക്ഷണം നല്കാൻ പറഞ്ഞുവിട്ടതാണ് അവനെ, അന്ന്. ദാവീദിന്റെ ഹൃദയം തകർന്നു. ഗോലിയാത്തിനെ കണ്ട് ഭയന്ന് വിറച്ച് ഓടുന്ന ഇസ്രയേല്യരും തന്റെ ജ്യേഷ്ഠന്മാരും. വിശ്വാസത്തിൽ ആടുകളെ സിംഹത്തിന്റെയും കരടിയുടെയും വായിൽനിന്ന് രക്ഷിച്ച അവൻ ഇങ്ങനെയൊരു ഭാവന കണ്ടു: ‘ഈ ഫിലിസ്ത്യനെ ഞാൻ വീഴ്ത്തും. ഇസ്രായേലിന്റെ ദൈവത്തിനുണ്ടായ അപമാനം ഞാൻ മാറ്റും.’ അവൻ ഹൃദയത്തിൽ പറഞ്ഞു, ‘ഞാൻ ആദ്യം സിംഹത്തെ കൊന്നു, പിന്നെ ഞാൻ കരടിയെ കൊന്നു. ഇനി ഞാൻ ഗോലിയാത്തിനെ വീഴ്ത്തും.’ അവൻ ഭാവനയ്ക്ക് നിറം പകർന്നു. കവണയിൽ കല്ല് കൊരുത്തു. വിശ്വാസത്തിൽ കളത്തിലിറങ്ങി. അവന്റെ ലക്ഷ്യം തെറ്റിയില്ല. അവനതിന് സാധിച്ചു. കാരണം, വിശ്വാസത്തിന്റെ കവണയിലാണവൻ കല്ലു വച്ചത്. ഗോലിയാത്തിനെ വീഴ്ത്തി.
ജോൺ എഫ്. കെന്നഡി പറയും, ‘സാധാരണക്കാർ എല്ലാം ആയിരിക്കുന്ന നിലയിൽ കാണുന്നു. മഹാന്മാരോ അത് ആയിത്തീരാനുള്ള നിലയിൽ കാണുന്നു.’ ആയിരിക്കുന്ന നിലയിലാണ് സാവൂൾ രാജാവും ഭടന്മാരുമെല്ലാം കണ്ടത്. എന്നാൽ ദാവീദാകട്ടെ, ആയിത്തീരാനുള്ള അവസ്ഥയിൽ കാര്യങ്ങളെ കണ്ടു. അവൻ വിജയം നേടി.
ജീവിതത്തിൽ പലപ്പോഴും നാം പരാജയപ്പെടുന്നത് വിശ്വാസമില്ലാഞ്ഞിട്ടല്ല. അറിവില്ലാഞ്ഞിട്ടുമല്ല. മറിച്ച്, പ്രാർത്ഥിക്കുന്നവ ഇപ്പോൾ നടക്കുമെന്ന് നാം കരുതുന്നില്ല. അഥവാ പ്രാർത്ഥിച്ച് സ്വീകരിക്കാൻ നാം പഠിച്ചിട്ടില്ല. നമ്മുടെ ദൈവം ‘എൽഷദായ്’ ആണ്. നിങ്ങളുടെ ആവശ്യങ്ങളെക്കാൾ യാഹ്‌വെ വലിയവനെന്നാണ് ഈ വാക്കിന്റെ അർത്ഥം. നമ്മുടെ ആവശ്യങ്ങൾ എന്തായാലും അവ ദൈവത്തെക്കാൾ വലുതല്ല. സ്‌നേഹത്തോടെ ചോദിച്ച് നേടിയെടുക്കുക. ഇന്നിത് വായിക്കുമ്പോൾത്തന്നെ ഭാവനകണ്ട്, വിശ്വസിച്ച് സ്വീകരിക്കുക. നിങ്ങൾക്കായി അവനൊരു സമ്മാനം ഒരുക്കിയിട്ടുണ്ട്. ചോദിച്ച് കരസ്ഥമാക്കുക. ഭയപ്പെടാതെ കരസ്ഥമാക്കുക.
അവളിൽ ചെയ്തത് നിന്നിലും ചെയ്യും
പുരുഷബന്ധമില്ലാതെ ഗർഭിണിയാവുക ഒരു വിധത്തിലും മനസിലാക്കാനാവുന്നതല്ല. അന്നും ഇന്നും. കേട്ടുകേൾവിയില്ലാത്ത ഇക്കാര്യമാണ് പതിനാലുകാരിയായ മറിയത്തിന്റെ അടുത്തുചെന്ന് ഗബ്രിയേൽ ദൂതൻ പറയുന്നത്. അവളുടെ സ്വാഭാവിക ചോദ്യമാണ്, ”ഇതെങ്ങനെ സംഭവിക്കും?” (ലൂക്കാ 1:34). അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ഒരടയാളവും നല്കി. നിന്റെ ഇളയമ്മ എലിസബത്തിന് ഇത് ആറാം മാസമാണ്. വന്ധ്യയായവളെ ഗർഭം ധരിപ്പിക്കാൻ കഴിഞ്ഞ ദൈവത്തിന് ഇതും കഴിയുമെന്ന് ദൂതൻ പറഞ്ഞു. അതവൾ വിശ്വസിച്ചു, ഏറ്റെടുത്തു. ഇതാ, കർത്താവിന്റെ ദാസി! ഇനിയവൾക്ക് ഒന്നും പറയാനില്ല. എലിസബത്തിൽ പ്രവർത്തിച്ച അത്യുന്നതന്റെ ശക്തി അവളിലും പ്രകടമാകും. അതെ, പ്രത്യക്ഷത്തിൽ അസാധ്യമെന്നു തോന്നുന്നവ ചെയ്യാൻ നമ്മുടെ ദൈവത്തിനാകും. നമ്മുടെ ചരിത്രം മാറ്റിയെഴുതാനും വിധി എന്ന് കരുതുന്നവ കീഴ്‌മേൽ മറിക്കാനും ചരിത്രത്തിന്റെ നാഥനായ ക്രിസ്തുവിന് കഴിയും.
പൂർവ ജോസഫിനെ ഓർമയില്ലേ. സഹോദരന്മാരെല്ലാം അവനെ തഴഞ്ഞ് പൊട്ടക്കിണറ്റിലിട്ടു. കിട്ടിയ കാശിന് വിറ്റു. പക്ഷേ, അവന്റെ സ്വപ്നത്തിന് അപ്പോഴും ഒരു പോറൽപോലും വന്നില്ല. ‘വയലിൽ ഞാനെന്ന കറ്റ എഴുന്നേറ്റുനില്ക്കും, മറ്റുള്ളവ താണു വണങ്ങും.’ നിങ്ങൾ ഒരു സ്വപ്നം കണ്ടാൽ അതിലേക്ക് ദൈവത്തെ ക്ഷണിച്ചാൽ, ദൈവമത് നടത്തിത്തരും. ദുഷ്ടന്റെ ശക്തി നമ്മുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപിക്കുന്നുണ്ടാകാം. ഇന്നിന്റെ പ്രതിസന്ധിയിൽ മനസുടക്കി, നാളെയുടെ ഭാവിയെ കാണാൻ കഴിയാത്ത വിധത്തിൽ തകർന്ന മനസാണോ നമുക്കുള്ളത്? മറിയത്തിൽ ചെയ്തത് നമ്മിലും ചെയ്യുമെന്ന് വിശ്വസിക്കുക. ശുശ്രൂഷകളുടെ ആദ്യനാളിൽ കണ്ട സ്വപ്നങ്ങൾ ഇരുൾമൂടിയെന്ന് തോന്നുന്നുണ്ടോ? മടിക്കാതെ പറയുക, മറിയത്തിൽ അത്യുന്നതൻ ചെയ്തത് എന്നിലും ചെയ്യും.
വന്ധ്യയായവൾക്ക് ഗർഭം പേറാൻ അവസരമൊരുക്കിയ ദൈവമേ, പ്രതീക്ഷയറ്റ ജീവിതങ്ങൾക്ക് ജീവൻ പകരണമേ. പുരുഷബന്ധമില്ലാതെ ഗർഭം ധരിക്കാൻ മറിയത്തിന് അവസരമൊരുക്കിയ അത്യുന്നതാ, കാലത്തിനപ്പുറത്തേക്ക് ഹൃദയമുയർത്താൻ കൃപയേകണമേ. വിശ്വസിച്ച് ദൈവമഹത്വം ദർശിക്കാൻ പറയുന്ന രക്ഷകാ, സ്വർഗഭണ്ഡാരം തുറക്കാൻ വിശ്വാസത്തിന്റെ താക്കോൽ എന്നും ഞങ്ങൾക്ക് തരണമേ. ആമ്മേൻ.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ
1 Comment
Dear Sir
These articles are written for me because last week I was going through a difficult situation from my neighbor .Specially Mathew Sir’s article giving me an inspiration not only to pray and work more& more for our Lord Jesus.
The one who is giving you pain, their soul is crying for mercy that is a new information for me Praise the Lord