കുറച്ച് നാളുകൾക്കു മുൻപ് ഒരു സഹപ്രവർത്തകയിൽനിന്നും ഭയങ്കരമായ അസ്വസ്ഥതകൾ ഉണ്ടായിക്കൊണ്ടിരുന്നു. പ്രാർത്ഥിക്കാൻപോലും വയ്യാത്ത അവസ്ഥയിലേക്ക് ഞാൻ പോകുന്നതുപോലെ തോന്നി. പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഈ വ്യക്തിയുടെ ക്രൂരമായ വാക്കുകൾ ഓർമവരും. വല്ലാതെ ദേഷ്യം തോന്നും. ഒരു പ്രാവശ്യം എന്തോ ഒന്ന് എതിർത്തു പറയേണ്ടിവന്നു. അതിനുശേഷം കൂടുതൽ വിഷമമായി.
”എനിക്ക് വേണ്ടിയല്ലേ…”
അങ്ങനെയിരിക്കേ ഒരു ദിവസം നൈറ്റ് ഡ്യൂട്ടി ആയിരുന്നു. പലപ്പോഴും അസ്വസ്ഥത സമ്മാനിക്കുന്ന പ്രസ്തുത വ്യക്തിയായിരുന്നു കൂടെ ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഒരു മണിക്കൂർ വിശ്രമത്തിന് പോയപ്പോൾ വളരെ വിഷമത്തോടെയാണ് പോയത്. ആ സമയത്ത് കണ്ണടച്ചപ്പോൾ ഒരു സ്വരം കേൾക്കുന്നതുപോലെ… ”എനിക്ക് വേണ്ടിയല്ലേ…” അപ്പോൾ എനിക്ക് മനസിലായി, ദൈവത്തിന് എന്തോ ഒരു പദ്ധതിയുണ്ടെന്ന്. അതുകൊണ്ടാണ് ഈ സഹനം എനിക്ക് തന്നത്. അങ്ങനെയൊരു ബോധ്യം ലഭിച്ചതോടെ മനസിൽ വളരെ സന്തോഷം തോന്നി.
പിറ്റേന്ന് ഞായറാഴ്ച. ഞാൻ കുമ്പസാരിക്കാനായി വൈദികന്റെയടുത്ത് ചെന്നു. പക്ഷേ കുമ്പസാരിക്കാനാവുന്നില്ല. മനസിൽ വളരെ വിഷമം. സാരമില്ല എന്നു വിചാരിച്ച് തിരികെ നടക്കുമ്പോൾ വീണ്ടും വീണ്ടും വളരെ വിഷമം തോന്നുകയാണ്. ആരോ എന്നോട് പറയുന്നതുപോലെ… ‘പിശാച് ജയിച്ചു.’ അപ്പോൾ എനിക്ക് ഓർമവന്നു, അന്ന് രാത്രിയിൽ ഈശോ എന്നോട് പറഞ്ഞ ‘എനിക്കുവേണ്ടിയല്ലേ’ എന്ന കാര്യം. കർത്താവിന് എന്തോ എന്നെക്കൊണ്ട് ചെയ്യിക്കാനുണ്ടെന്നു തോന്നി. കുമ്പസാരിപ്പിച്ച് അതിനുവേണ്ടി ഒരുക്കുന്നതായിരിക്കണം. അതിന് സാധിക്കുന്നില്ലെന്നു വന്നപ്പോൾ ഈശോയുടെ ഹൃദയവേദന എനിക്ക് തന്നതാണെന്നൊരു ചിന്ത. ഞാൻ തിരിച്ച് വൈദികന്റെ അടുത്തുചെന്ന് പറഞ്ഞു ‘അത്യാവശ്യമായിട്ട് എനിക്കൊന്നു കുമ്പസാരിക്കണം.’ അദ്ദേഹം വളരെ സന്തോഷത്തോടെ സമ്മതിച്ചു.
കരഞ്ഞുകൊണ്ട് ഞാൻ കുമ്പസാരിച്ചു. കുമ്പസാരം കഴിഞ്ഞപ്പോൾ മനസിൽ വളരെ സന്തോഷം. കർത്താവ് എന്നെ എടുത്ത് ഉപയോഗിക്കുന്നുവെന്ന് മനസിലായി. ആ നിമിഷം മുതൽ എന്നെ വിഷമിപ്പിക്കുന്ന വ്യക്തിക്കും കുടുംബത്തിനുംവേണ്ടി കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ഈ വ്യക്തിയെ ഓർക്കുമ്പോഴെല്ലാം കർത്താവേ കരുണ ആയിരിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ സമയത്ത് വീണ്ടുമൊരു തോന്നൽ… ഈ വ്യക്തിയുടെ ഭർത്താവിനുവേണ്ടി കരുണയ്ക്കായി പ്രാർത്ഥിക്കാൻ. ഞാനോർത്തു, അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. പിന്നെ എന്തിനാണ് കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നത്? എന്നാലും ദൈവസ്വരം അനുസരിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ ശനിയാഴ്ച, അവരുടെ ഭർത്താവിന് ഹാർട്ട് അറ്റാക്ക് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദൈവകരുണ ഒഴുകിയപ്പോൾ
കർത്താവിന്റെ കരുണ കൂടുതലായി ആ കുടുംബത്തിന്റെമേൽ ഒഴുകുവാൻ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. നേരത്തേ പറഞ്ഞ സഹപ്രവർത്തക രണ്ടു ദിവസം കഴിഞ്ഞ് എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, ”നിന്നോട് ഒന്ന് തുറന്നു സംസാരിക്കട്ടെ. ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ മുതൽ ഒരു വലിയ ശക്തി എന്റെകൂടെ ഉണ്ടായിരുന്നു. ഞായറാഴ്ച അച്ചൻ വന്ന് ഭർത്താവിനെ കുമ്പസാരിപ്പിച്ച് കുർബാന കൊടുത്തു. തിങ്കളാഴ്ച ആൻജിയോഗ്രാം ചെയ്തു. കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ‘സ്വർഗത്തിൽനിന്നും ആരോ വന്ന് പറഞ്ഞു. ഇപ്പം ഇങ്ങോട്ടു പോരണ്ട. അതുകൊണ്ടാണ് ഈ വ്യക്തി രക്ഷപെട്ടത്. കാരണം 90 ശതമാനം ഹാർട്ട് ബ്ലോക്ക് ആയിരുന്നു.”
ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ കരുണ, ദൈവസ്‌നേഹം എന്നു പറഞ്ഞ് ധൈര്യപ്പെടുത്തി. മാതാവിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിക്കാം എന്നു പറഞ്ഞ് ഫോൺ വച്ചു. അതിനു ശേഷം ബൈബിൾ തുറന്നപ്പോൾ കിട്ടിയ വചനം നീ ദൈവത്തെ മഹത്വപ്പെടുത്തുക, നീ ഇത് മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്തുക എന്നായിരുന്നു. ഞാൻ അപ്പോൾത്തന്നെ ദേവാലയത്തിൽ പോയി ദൈവത്തിന് നന്ദി പറഞ്ഞു. ആ സമയത്ത് ദേവാലയത്തിലാകട്ടെ കുരിശിന്റെ വഴി ചൊല്ലുന്ന സമയമായിരുന്നു. അതിനുശേഷം അവിടെ കൂടിയിരുന്നവരോട് എന്റെ അനുഭവം പറഞ്ഞു.
കേട്ട പലർക്കും അത് പ്രാർത്ഥിക്കാൻ വലിയ പ്രചോദനമായി. തങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി, അസ്വസ്ഥതപ്പെടുത്തുന്നവർക്കുവേണ്ടി കരുണക്കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നത് അങ്ങേയറ്റം അനുഗ്രഹപ്രദമാണെന്ന് അവരിൽ പലർക്കും ഉറച്ച ബോധ്യം ലഭിച്ചു. അങ്ങനെ പ്രാർത്ഥിക്കുമ്പോൾ വേദന തരുന്നവരിലും മാറ്റം ഉണ്ടാകുന്നതായാണ് കാണാറുള്ളത്. ആത്മാക്കളുടെ രക്ഷയാണ് സ്വർഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാക്കുന്നത് എന്ന് ഈ സംഭവത്തിലൂടെ ബോധ്യമായി.
അന്നുമുതൽ ഞങ്ങൾ കുറച്ചു പേർ ഒന്നിച്ചുകൂടി എല്ലാ വെള്ളിയാഴ്ചയും രാവിലെ പത്തുമുതൽ പതിനൊന്നുവരെ ജപമാല, കരുണയുടെ ജപമാല, തിരുഹൃദയ ജപമാല, ബൈബിൾ വായന, സ്തുതിപ്പ് എന്നിവയിലൂടെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ആയിരമായിരം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് പരസ്പരം ആത്മീയ സ്‌നേഹബന്ധത്തിൽ കഴിയുവാൻ സാധിക്കുന്നു. അസ്വസ്ഥത തന്നിരുന്ന വ്യക്തിയോടും സ്‌നേഹബന്ധത്തിലായിരിക്കാൻ കഴിയുന്നു.
നമുക്ക് വേദനയും അസ്വസ്ഥതയും നല്കുന്ന വ്യക്തികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു. വേദനിപ്പിക്കുന്ന വ്യക്തിയുടെ ആത്മാവ് നമ്മുടെ പ്രാർത്ഥന ചോദിക്കുന്നു. അതിനാൽ അവരുടെമേൽ കരുണയുണ്ടാകാനായി പ്രാർത്ഥിക്കാം. അതുവഴി നമുക്കും അവർക്കും ദൈവാനുഗ്രഹം നേടാൻ കഴിയട്ടെ.
ബിനി ജിനു