അതൊരു ഉയിർപ്പുതിരുനാൾദിനമായിരുന്നു. ഇന്നത്തേതുപോലെ റോഡുസൗകര്യങ്ങളോ വാഹനങ്ങളോ ഒന്നുമില്ലാത്ത കാലം. തോട്ടത്തിന്റെ നടുവിലുള്ള ഞങ്ങളുടെ വീട്ടിൽനിന്ന് ദേവാലയത്തിലേക്ക് നടക്കവേ അമ്മച്ചി ഉറക്കെ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. അന്ന് ഞാൻ ഹൈസ്‌കൂൾ വിദ്യാർത്ഥിനി. കൂടെയുള്ളവർ എന്തോർക്കും എന്ന ലജ്ജകൊണ്ട് ഞാൻ അമ്മച്ചിയോട് പറഞ്ഞു, ”അമ്മച്ചീ പതുക്കെ മതി” അപ്പോൾ അമ്മച്ചി പറഞ്ഞു ”മോളേ, നമ്മുടെ ഈ തോട്ടത്തിന്റെ മധ്യത്തിൽക്കൂടി ഇത്രയും നല്ല റോഡ് വികാരിയച്ചൻ ഇടപെട്ട് വെട്ടിച്ചു. ആദ്യമായിട്ടാണ് ഈസ്റ്ററിന് നാട്ടുകാരൊന്നിച്ച് ഇങ്ങനെ ചൂട്ടുകത്തിച്ച് പാതിരാക്കുർബാനയ്ക്ക് പോകുന്നത്. എങ്ങനെ ദൈവത്തെ സ്തുതിക്കാതിരിക്കും?” ദൈവാനുഗ്രഹങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഉൾക്കണ്ണുണ്ടായിരുന്നു അമ്മച്ചിക്ക്.
”ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു; അവിടുത്തെ അത്ഭുതകരമായ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കുന്നു” (സങ്കീർത്തനങ്ങൾ 26:7)
റോസമ്മ