അല്ല, അതൊരു രഹസ്യമല്ല!

ലോകമെമ്പാടുമുള്ള അനേക ജനങ്ങളെ നിരാശയുടെ പടുകുഴിയിൽനിന്ന് പ്രത്യാശയിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ ദൈവം ഉപയോഗിച്ച പ്രശസ്ത ഗാനമാണ് ‘ഇറ്റ് ഈസ് നോ സീക്രട്ട് വാട്ട് ഗോഡ് കാൻ ഡു’ (ദൈവത്തിന് എന്ത് ചെയ്യുവാൻ സാധിക്കുമെന്നത് ഒരു രഹസ്യമല്ല). ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണം അവിടുന്ന് സർവശക്തൻ (ഛാിശുീലേി)േ ആണെന്നുള്ളതാണ്. എന്നു പറഞ്ഞാൽ ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല.

ഈ വചനമാണല്ലോ ഗബ്രിയേൽ മാലാഖ പരിശുദ്ധ അമ്മയ്ക്ക് മനുഷ്യാവതാരത്തിന് ആമുഖമായി നല്കിയത്. അസാധ്യതകളെ സാധ്യതകളാക്കുന്ന സർവശക്തൻ തന്റെ പ്രവൃത്തി അനേക സാഹചര്യങ്ങളിലും വ്യക്തികളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ കൃപകൊണ്ടുമാത്രം ചാരക്കൂമ്പാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ അനേക ഫീനിക്‌സ് പക്ഷികൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിനാലത്രേ ദൈവത്തിന് എന്തു ചെയ്യുവാൻ സാധിക്കും എന്നത് ഒരു രഹസ്യമല്ല എന്ന് പറയുന്നത്.

അണിയറയിലെ കഥ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ മനോഹരഗാനം രചിച്ചത് സ്റ്റുവാർട്ട് ഹാംബ്ലൻ എന്ന പ്രശസ്തനായ ഹോളിവുഡ് ഗാനരചയിതാവാണ്. ഈ ഗാനം രചിച്ചതിന്റെ പിന്നിൽ ഒരു അനുഭവകഥയുണ്ട്. അത് അദ്ദേഹത്തിന്റെതന്നെ അനുഭവമാണ്. പ്രശസ്തിയുടെകൂടെ കൈകളിൽ ഒഴുകിയെത്തിയ പണത്തിന്റെ ധാരാളിത്തം അദ്ദേഹത്തെ ഒരു കുത്തഴിഞ്ഞ ജീവിതത്തിന് ഉടമയാക്കി മാറ്റി. ഒരു മുക്കുടിയനായി മാറിയ അദ്ദേഹം മദ്യപിച്ച് ലക്കുകെട്ട് പൊതുസ്ഥലങ്ങളിൽ കിടക്കുക പതിവായി. അദ്ദേഹത്തിന്റെ ഈ ദുരവസ്ഥയിൽ മനംനൊന്ത ഒരു സുഹൃത്ത് അദ്ദേഹത്തെ ഒരു കൺവെൻഷനിലേക്ക് നയിച്ചു. അവിടെ പ്രസംഗിച്ചിരുന്നത് പ്രസിദ്ധ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമായിരുന്നു. ബില്ലി ഗ്രഹാമിലൂടെ പ്രസംഗിക്കപ്പെട്ട യേശുവിന്റെ ജീവന്റെ വചനം സ്റ്റ്യുവാർട്ട് ഹാംബ്ലന്റെ മനസിനെ ആഴത്തിൽ സ്വാധീനിച്ചു. തന്റെ വഴി നാശത്തിന്റെ വഴിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവിടെവച്ച് ദൈവം അദ്ദേഹത്തെ തൊട്ടു.

കുത്തഴിഞ്ഞ ജീവിതമാകുന്ന കുപ്പായം അദ്ദേഹം ഊരിമാറ്റി. ഒരു പുതിയ മനുഷ്യനായി. ഇനി പിൻതിരിഞ്ഞ് നോക്കുവാൻ ഇടവരാത്തവിധത്തിൽ ഒരു നവജീവിതം നയിക്കുവാൻ തീവ്രമായി ആഗ്രഹിച്ച ഹാംബ്ലൻ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ഹോളിവുഡിനോട് ഗുഡ്‌ബൈ പറഞ്ഞ അദ്ദേഹം ഒരു പുതിയ ജോലി അന്വേഷിച്ച് കണ്ടെത്തി. ഒരു റേഡിയോ സ്റ്റേഷനിൽ ഗായകന്റെ ജോലിയായിരുന്നു അത്. ജോലി നല്ല നിലയിൽ മുന്നോട്ട് നീങ്ങി. പെട്ടെന്നാണ് ഒരു പ്രതിസന്ധി ഉടലെടുത്തത്. അത് അദ്ദേഹത്തിന്റെ നവജീവിതത്തിന്റെ മാറ്റുരച്ചുനോക്കുവാൻ അനുവദിക്കപ്പെട്ട ഒന്നായിരുന്നു. മദ്യത്തോട് പൂർണമായും വിട പറഞ്ഞ ഹാംബ്ലന്റെ മുമ്പിൽ പുതിയൊരു ഡിമാന്റ് റേഡിയോ സ്റ്റേഷൻ അധികാരികൾ വച്ചു. ഒരു മദ്യക്കമ്പനിക്കുവേണ്ടിയുള്ള പരസ്യഗാനം ആലപിക്കണം എന്നതായിരുന്നു അത്.

അദ്ദേഹത്തിന്റെ മുമ്പിൽ രണ്ട് വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ താൻ വിശ്വസിക്കുന്ന മൂല്യങ്ങൾ അടിയറവ് വച്ച് ഒരു അഡ്ജസ്റ്റ്‌മെന്റ് നടത്തി ഗാനം ആലപിക്കുക, ജോലി നിലനിർത്തുക. അല്ലെങ്കിൽ തന്റെ ദൈവത്തോടുള്ള വാഗ്ദാനം പാലിക്കുവാൻ ഗാനം പാടാതിരിക്കുക, ജോലി നഷ്ടപ്പെടുത്തുക. ഇതുപോലെയുള്ള ധാർമ്മിക പ്രതിസന്ധികൾ നമ്മുടെ ജീവിതങ്ങളിൽ ഉണ്ടാകാറുണ്ട്. പക്ഷേ, ഭൂരിഭാഗംപേരും ഒരു അഡ്ജസ്റ്റ്‌മെന്റിന് തയാറാകുന്നു. പറയുന്ന ന്യായീകരണം സമൂഹം മുഴുവനും ‘കറപ്റ്റ്’ ആണ്, ഞാൻ വിചാരിച്ചാൽ എന്ത് ചെയ്യുവാനാണ്?

വെല്ലുവിളിക്കു മുന്നിൽ
പക്ഷേ, ഹാംബ്ലന് അത് സാധിക്കുമായിരുന്നില്ല. പഴയ ജീവിതത്തിന്റെ ദുരന്തങ്ങൾ ആവോളം അനുഭവിച്ച അദ്ദേഹത്തിന് ഒരു തിരിച്ചുപോക്ക് അസാധ്യമായിരുന്നു. ഏറെ സമയത്തെ മനനത്തിനുശേഷം അദ്ദേഹം അധികാരികളെ അറിയിച്ചു: ‘സോറി, എനിക്ക് ആ ഗാനം പാടുവാൻ സാധിക്കുകയില്ല.’ ‘എങ്കിൽ പിരിഞ്ഞുപോകുവാൻ തയാറായിക്കോളൂ’ അവർ ഭീഷണി മുഴക്കി. പക്ഷേ ഹാംബ്ലൻ ഒട്ടും കുലുങ്ങിയില്ല, തീരുമാനത്തിൽ ഉറച്ചുനിന്നു. അനിവാര്യമായത് സംഭവിച്ചു.

ജോലി നഷ്ടപ്പെട്ട ഹാംബ്ലന്റെ അടുത്ത് അദ്ദേഹത്തിന്റെ സുഹൃത്ത് വന്നു. ഇപ്രാവശ്യം ശത്രു വന്നത് സുഹൃത്തിന്റെ ഉപദേശരൂപത്തിലായിരുന്നു. ‘ജോലി നഷ്ടപ്പെട്ട ദുഃഖം നമുക്ക് മുക്കിക്കളയാം, അല്പം മദ്യം കഴിച്ചുകൊണ്ട്’ സുഹൃത്ത് പറഞ്ഞു. ഹാംബ്ലന്റെ മറുപടി പെട്ടെന്നായിരുന്നു: ”പ്രതിസന്ധിയിൽ കൈവിടുന്നവനല്ല ദൈവം. അവിടുന്ന് എന്നെ സഹായിക്കുകതന്നെ ചെയ്യും.” അദ്ദേഹം തുടർന്നു: ”ദൈവത്തിന് എന്തു ചെയ്യുവാൻ സാധിക്കും എന്നത് ഒരു രഹസ്യമല്ല.” ഹാംബ്ലന്റെ അടിയുറച്ച ദൈവവിശ്വാസവും ശരണവും സുഹൃത്തിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞു: ”ഇത് അതിശയകരമായിരിക്കുന്നുവല്ലോ. നീ ഇപ്പോൾ പറഞ്ഞ പ്രത്യാശയുടെ വാക്കുകൾ ഒരു ഗാനരൂപത്തിലാക്കുക.” അങ്ങനെയാണ് ജനലക്ഷങ്ങളെ സ്വാധീനിച്ച ഈ മനോഹരഗാനം പിറന്നുവീണത്.

അധരങ്ങളിൽനിന്ന് അധരങ്ങളിലേക്ക് ഈ ഗാനം കൈമാറ്റം ചെയ്യപ്പെട്ടു. അനേകരുടെ ഹൃദയങ്ങളിൽ ഒരു തെന്നലായി ഈ ഗാനം ഒഴുകിയെത്തി. പ്രശസ്ത ഗായകരായ എൽവിസ് പ്രെസ്‌ലി, എഡ്ഡി ആർഹോൾഡ്, ജിം റീവ്‌സ്, ക്ലിഫ് റിച്ചാർഡ് തുടങ്ങിയവർ ഈ ഗാനം ആലപിക്കുന്നതിൽ മത്സരിച്ചു. ആ ഗാനത്തിലെ ചില വരികൾ ശ്രദ്ധേയങ്ങളാണ്: ‘തെന്നിവീണത് നീയാണോ? നിരാശപ്പെടേണ്ടാ. നിനക്ക് നല്കുവാൻ ഒരു സദ്‌വാർത്ത എന്റെ പക്കലുണ്ട്. ദൈവത്തിന് എന്ത് ചെയ്യുവാൻ സാധിക്കും എന്നത് ഒരു രഹസ്യമല്ല. അവിടുന്ന് മറ്റുള്ളവർക്കുവേണ്ടി ചെയ്തത് നിനക്കുവേണ്ടിയും ചെയ്യും. തുറന്ന കൈകളുമായി അവിടുന്ന് കാത്തിരിക്കുന്നു, അവിടുന്ന് നിനക്ക് മാപ്പ് നല്കും. നീയൊരിക്കലും തനിച്ചല്ല നടക്കുന്നത്. കാരണം അവിടുത്തെ പ്രകാശത്തിൽ മാറാത്ത ഇരുട്ട് ഇല്ല. ദൈവം നിന്റെ കൂടെ ഉള്ളപ്പോൾ ഒരു ശക്തിക്കും നിന്നെ കീഴടക്കുവാൻ സാധിക്കുകയില്ല. ദൈവത്തിന്റെ വാഗ്ദാനത്തിൽ അടിയുറയ്ക്കുക. അവിടുത്തെ സന്നിധിയിൽനിന്ന് ഒരിക്കലും ഓടിപ്പോവുകയോ ഒളിക്കുകയോ ചെയ്യരുത്.’

തുറന്ന കൈകളുമായ് കാത്തിരിക്കുന്നവൻ
ഈ ലേഖനം വായിക്കുന്ന നിങ്ങളോട് ഓരോരുത്തരോടും ഹാംബ്ലൻ സംസാരിക്കുന്നുണ്ട്. നീ പൂർണമായും തകർന്ന വ്യക്തിയായിരിക്കാം. ഹാംബ്ലനെപ്പോലെ മദ്യത്തിനോ ഏതെങ്കിലും തഴക്കദോഷങ്ങൾക്കോ അടിമപ്പെട്ടവനായിരിക്കാം. എഴുന്നേല്ക്കുവാൻ നോക്കിയിട്ടും സാധിക്കുന്നില്ലായിരിക്കാം. പക്ഷേ നിന്നെ എഴുന്നേല്പിക്കുവാൻ സാധിക്കുന്നവൻ അടുത്തുണ്ട്. അവിടുത്തെ മുഖത്തേക്ക് നോക്കുക. മദ്യത്തിന്റെ പിടിയിൽനിന്ന് ഹാംബ്ലനെ ദൈവം മോചിപ്പിച്ചു. തന്നെ മോചിപ്പിച്ചവനായി അദ്ദേഹം ജീവിതം സമർപ്പിച്ചപ്പോൾ ദൈവം അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഒരു ഗാനത്തിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. നിനക്ക് മാത്രം ചെയ്യുവാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് ചെയ്യുവാനുള്ള അഭിഷേകം പ്രാപിക്കുവാൻ ഉണർന്ന് പ്രാർത്ഥിക്കുക.

മറ്റൊരു കാര്യം, ദൈവത്തെപ്രതി നഷ്ടം സഹിക്കുവാൻ സാധിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ദൈവസ്‌നേഹത്തെപ്രതി ജോലി നഷ്ടപ്പെടുത്തിയ ഹാംബ്ലനെ ദൈവം കൈവിട്ടില്ല. നീ ഇന്ന് ദൈവത്തിനുവേണ്ടി നിലകൊള്ളുന്നതിന്റെ പേരിൽ വേദനിക്കുന്നുണ്ടാകാം. മനസ് ഞെരുങ്ങുന്നുണ്ടാവാം. മറ്റുള്ളവർ നിന്നെ കുറ്റപ്പെടുത്തുന്നുണ്ടാകാം. പക്ഷേ ദൈവം നിന്നെ കാണുന്നു. ഹാംബ്ലനെ അനശ്വരനാക്കിയ ദൈവം നിന്റെ ജീവിതത്തിലും നിശ്ചയമായും കടന്നുവരും. അതെ, തുറന്ന കൈകളുമായി അവിടുന്ന് നിനക്കായി കാത്തിരിക്കുന്നു. അവിടുന്ന് പറയുന്നു: ”ഞാൻ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോട് ഞാൻ സ്ഥിരമായ സ്‌നേഹം കാട്ടും” (ഏശയ്യാ 55:3). തന്റെ മക്കളോട് താൻ നല്കിയ വാഗ്ദാനം നിറവേറ്റുമെന്ന് തെളിയിക്കുവാൻ ദാവീദിന്റെ പുത്രനായി പിറന്ന ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിൽ മുറുകെ പിടിച്ച് പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, എന്റെ ജീവിതത്തിൽ ഇപ്പോൾത്തന്നെ പ്രകാശമായി കടന്നുവരണമേ. ഞാൻ ദുർബലനാണെങ്കിലും അങ്ങ് എന്റെ പക്ഷത്തുണ്ടെന്ന് ഞാൻ കാണുന്നു. അതിനാൽ ലോകത്തിലെ ഒരു ശക്തിക്കും എന്നെ കീഴടക്കുവാൻ സാധിക്കുകയില്ലെന്ന് ഞാൻ ഏറ്റുപറയുന്നു. എന്റെ മനസിനെ അങ്ങയുടെ ജ്ഞാനത്താൽ പ്രകാശിപ്പിച്ചാലും. ജീവിതകാലം മുഴുവൻ എന്നെ അങ്ങയോട് ചേർത്തുപിടിക്കണമേയെന്ന് മാത്രം ഞാൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കർത്താവിന്റെ വഴിയിലൂടെ സ്ഥിരമായി നടക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *