യഥാർത്ഥ കരുത്തിന്റെ അടയാളം

ഏഴ് ദശാബ്ദങ്ങൾക്കുമുൻപാണ് ഈ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.

അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:

”ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”

1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാർഡ് നല്കുകമാത്രം ചെയ്തു. എന്താണിതിന് കാരണം? ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിൽ ആന്തരികബലം ഉണ്ടാകണം.

”ക്ഷമാശീലൻ കരുത്തനെക്കാളും മനസിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്” എന്ന് സുഭാഷിതം 16:32-ൽ നാം വായിക്കുന്നു.
മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. കാരണം ഇത് പാപം ഗ്രസിച്ച ലോകമാണ്. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതംതന്നെയാണ് നശിച്ചുപോകുന്നത്.

തിരിച്ചടിച്ചില്ലെങ്കിൽ അത് ബലഹീനതയും പരാജയവും ആയിക്കാണുന്നതുകൊണ്ടാണ് പലപ്പോഴും നാം പ്രതികരിക്കുന്നത്. എന്നാൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വ്യക്തികളുടെയും സമാധാനത്തിനും സന്തോഷത്തിനുംവേണ്ടി പ്രതികരിക്കാതെയും ദൈവത്തിന്റെ ഇടപെടലിനായി ദീർഘക്ഷമയോടെയും കാത്തിരിക്കുന്നത് ആന്തരിക കരുത്തിന്റെയും ദൈവാശ്രയ ബോധത്തിന്റെയും അടയാളമാണ്. സ്വന്തം മഹത്വത്തെക്കാളും ദൈവത്തിന്റെ മഹത്വം അന്വേഷിക്കുവാൻ തുടങ്ങുമ്പോൾ നമുക്ക് അനീതികളെയും അസ്വസ്ഥതകളെയും ക്ഷമയോടെ നേരിടുക എളുപ്പമായിത്തീരും.
മഹത്വത്തിന്റെ രാജാവായ ക്രിസ്തുവിനെ പരിഹാസ രാജാവായി പടയാളികൾ അപമാനിച്ചപ്പോഴും എല്ലാവരുടെയും വിധികർത്താവായവൻ പീലാത്തോസിനാൽ വിധിക്കപ്പെട്ടപ്പോഴും അവിടുന്ന് പ്രദർശിപ്പിച്ച അത്ഭുതകരമായ ക്ഷമ നാം കൂടെക്കൂടെ ധ്യാനവിഷയമാക്കേണ്ടതല്ലേ? അതിനാൽ തിരിച്ചു പറയാനും പ്രതികാരം ചെയ്യാനുമുള്ള നമ്മിലെ പഴയ മനുഷ്യന്റെ പ്രവണതയെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കീഴ്‌പ്പെടുത്താൻ നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
കർത്താവേ, അസ്വസ്ഥതകളും വേദനകളും അനീതിയും ഉണ്ടാകുമ്പോൾ, അങ്ങയുടെ മഹത്വത്തിനുവേണ്ടി അവ ക്ഷമയോടെ സ്വീകരിക്കാൻ എന്നെ പഠിപ്പിക്കണമേ. മറ്റുള്ളവരുടെ അറിവില്ലായ്മയെയും ബലഹീനതകളെയും സഹതാപത്തോടെ കാണാനുള്ള ഒരു മനസ് എനിക്ക് നല്കിയാലും – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *