നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ? (ജറെമിയ 2:17)

ജറെമിയയുടെ പുസ്തകം രണ്ടാം അധ്യായത്തിൽ ദൈവത്തിന്റെ 14 ചോദ്യങ്ങൾ നമുക്ക് വായിക്കാം. ആ ചോദ്യങ്ങളിൽ ഒന്നാണ് തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ഈ ചോദ്യങ്ങളിലൂടെ കർത്താവ് ഉന്നയിക്കുന്ന കാര്യങ്ങൾ ഇവയാണ്. ഒന്നാമത്, ദൈവത്തിന്റെ ഇസ്രായേൽക്കാരോടുള്ള വിശ്വസ്തതയും സ്‌നേഹവും കരുതലും. ഉദാഹരണങ്ങൾ കർത്താവുതന്നെ പറയുന്നു. ഈജിപ്തിൽനിന്ന് മോചിപ്പിച്ചു, സമൃദ്ധിയുള്ള നാട്ടിലേക്ക് കൊണ്ടുവന്നു.
രണ്ടാമത്, ഇസ്രായേൽജനം ദൈവത്തെ മറന്നു. പുരോഹിതന്മാർ ദൈവത്തെ അന്വേഷിച്ചില്ല. ഭരണകർത്താക്കൾ ദൈവത്തെ ധിക്കരിച്ചു. പ്രവാചകന്മാർ ബാൽദേവന്റെ നാമത്തിൽ പ്രവചിച്ചു. അവർ വ്യർത്ഥമായവയെ പിൻതുടർന്നു. ദൈവം പറഞ്ഞു: എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു. ഒന്ന്, അവർ ജീവജലത്തിന്റെ ഉറവയായ ദൈവത്തെ ഉപേക്ഷിച്ചു. രണ്ട്, ജലം സൂക്ഷിക്കുവാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ അവർ കുഴിച്ചു (2:13).

ജറെമിയ 2:3 പ്രകാരം ഇസ്രായേൽ കർത്താവിന്റെ വിശുദ്ധ ജനമായിരുന്നു. ഇസ്രായേൽജനത്തെ പിന്നീട് ദൈവം കൈവിട്ടത് അവരുടെ തെറ്റുകൾമൂലമാണ്. അവരെ ദൈവം ഓർമപ്പെടുത്തുകയാണ്: കർത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇതെല്ലാം സ്വയം വരുത്തിവച്ചതല്ലേ? നിന്റെതന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തതയായിരിക്കും നിന്നെ കുറ്റം വിധിക്കുക. നിന്റെ ദൈവമായ കർത്താവിനെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പ് നിറഞ്ഞതുമാണെന്ന് നീ അനുഭവിച്ചറിയും….. ചെയ്ത കുറ്റം സമ്മതിക്കുക. വളരെ പ്രസക്തമാണ് ദൈവം തുടർന്ന് അവരോട് ചോദിച്ച ചോദ്യങ്ങൾ: നീ നിനക്കായി നിർമിച്ച ദേവന്മാർ എവിടെ? നിന്റെ കഷ്ടകാലത്ത് നിന്നെ രക്ഷിക്കുവാൻ കഴിവുണ്ടെങ്കിൽ അവർ എഴുന്നേറ്റുവരട്ടെ… പാപം ചെയ്തിട്ടില്ല എന്ന് നീ പറഞ്ഞതുകൊണ്ട് നിന്നെ ഞാൻ കുറ്റം വിധിക്കും.

ദൈവം പറഞ്ഞ കാര്യങ്ങളിലൂടെ ചില പ്രധാന ധ്യാനചിന്തകൾ നമുക്ക് കിട്ടുന്നുണ്ട്. ഒന്ന്, നന്മകൾ നല്കിയ ദൈവത്തെ മറക്കരുത്. രണ്ട്, ദൈവകല്പനകൾ മറന്ന് ജീവിക്കരുത്. മൂന്ന്, ആവശ്യനേരത്ത് സഹായിക്കാൻ കഴിവില്ലാത്ത ദേവന്മാരുടെ പുറകെ പോകരുത്. ധനം, അധികാരം, പൈശാചികസേവ, കൂട്ടുകെട്ടുകൾ തുടങ്ങിയവയൊക്കെ ആവശ്യനേരത്ത് സഹായിക്കും എന്ന് കരുതി ദൈവത്തെ മറന്ന് ജീവിക്കുന്നവർക്കൊക്കെ ദുഃഖിക്കേണ്ടിവരും. നാല്, നമ്മുടെ പല ദുരന്തങ്ങളും സഹനങ്ങളും ദൈവത്തെ മറന്നും ദൈവകല്പനകൾ ലംഘിച്ചും അന്യദേവന്മാരെ ആരാധിച്ചും ജീവിക്കുന്നതുകൊണ്ട്, നമ്മൾതന്നെ വരുത്തിവയ്ക്കുന്നതാണ്. ദൈവഹിതം അനുസരിച്ച് ജീവിച്ചാൽ നമുക്ക് ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാവുകയില്ല; ഇത്രയും സഹനങ്ങളും ഉണ്ടാവുകയില്ല.

ഫാ. ജോസഫ് വയലിൽ CMI

 

Leave a Reply

Your email address will not be published. Required fields are marked *