ഇത് വെറുമൊരു കഥയാണോ?

ധ്യാനകേന്ദ്രങ്ങളിലൂടെയും ആത്മീയ ശുശ്രൂഷകളിലൂടെയും ധാരാളമാളുകൾ സാത്താന്റെ രാജ്യം ഉപേക്ഷിച്ച് ദൈവരാജ്യത്തിലേക്ക് പോകുന്നു. അതിനൊരു പരിഹാരം നിർദേശിക്കണമെന്ന ആമുഖത്തോടെ സാത്താൻ പിശാചുക്കളുടെ ഒരു കൺവൻഷൻ വിളിച്ചുചേർത്തു. അവൻ പറഞ്ഞുതുടങ്ങി- ”ദൈവവുമായ വ്യക്തിബന്ധത്തിലേക്ക് അവർ കടന്നുവന്നാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് ദൈവത്തോട് ബന്ധമുണ്ടാകാൻ സമയമില്ലാത്ത വിധം അവരുടെ ശ്രദ്ധ തിരിച്ചുവിടുക. അതിനുള്ള മാർഗവും ഞാൻ പറഞ്ഞു തരാം”

സാത്താൻ തുടർന്നു പറഞ്ഞു. ”അവരുടെ ജീവിതത്തെ തിരക്കുള്ളതാക്കുക. വിശ്രമത്തിനായി ദൈവം നിശ്ചയിച്ചിരിക്കുന്ന ഞായറാഴ്ചയടക്കം കൂടുതൽ ജോലി ചെയ്ത് കൂടുതൽ സമ്പാദിക്കാമെന്ന് അവരെ വ്യാമോഹിപ്പിക്കുക. അങ്ങനെ ദൈവത്തോടുള്ള ബന്ധവും ഒപ്പം അവരുടെ കൂടുംബജീവിതവും താറുമാറായിക്കൊള്ളും. വിവിധ രോഗങ്ങൾക്കും അവർ അടിമകളാകും.”

”ഇനി, എപ്പോഴെങ്കിലും അവർക്ക് ജോലി കഴിഞ്ഞ് സമയം ലഭിച്ചാൽ ടെലിവിഷൻ, ഇന്റർനെറ്റ്, ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവയിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടണം. ഒരു കാരണവശാലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കാനോ പ്രാർത്ഥിക്കാനോ അവസരം കൊടുക്കരുത്. പാട്ടിന്റെയും വാർത്തകളുടെയും ഗോസിപ്പുകളുടെയും ഓഫറുകളുടെയും ലോകത്തിൽ അവരെ നിമഗ്നരാക്കുക. പ്രകൃതിയിലേക്ക് നോക്കുവാനോ ദൈവം സൃഷ്ടിച്ച പ്രഞ്ചത്തിന്റെ മനോഹാരിത ആസ്വദിക്കാനോ സമയമില്ലാതാക്കുക. ഇവയെല്ലാം അത്യാവശ്യമാണെന്നും ഇവയില്ലാതെ ജീവിക്കാനാവില്ലെന്നും അവരോട് പറഞ്ഞുകൊണ്ടിരിക്കുക. ഈ പദ്ധതി വിജയിക്കും.”

”ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ സുപ്രധാനദിനങ്ങളിൽ അതിന്റെ അടിസ്ഥാനത്തെക്കുറിച്ച് ചിന്തയില്ലാതെ ആഘോഷങ്ങളിൽ മുഴുകാൻ അവരെ പ്രേരിപ്പിക്കുക. ക്രിസ്മസ്‌കാലത്തുള്ള അലങ്കാരങ്ങൾക്കും ആഘോഷങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് ഉണ്ണിയേശുവിൽനിന്ന് അവരുടെ ശ്രദ്ധ മാറ്റണം. നവീനവും വ്യത്യസ്തവുമായ മായക്കാഴ്ചകൾ ഒരോ ക്രിസ്മസിനും ഒരുക്കിയാൽ പുൽക്കൂടിന്റെ ലാളിത്യത്തിൽനിന്ന് അവരെ അകറ്റാനാകും. ഉണ്ണിയേശു പിറന്നതിലുള്ള തിരുക്കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനാകാത്തവിധം ആഘോഷങ്ങളുടെ സുഖലഹരിയിൽ അവരെ പൂഴ്ത്തണം.”
വലിയ ആവേശത്തോടെ കയ്യടിച്ചുകൊണ്ടാണ് സാത്താന്റെ പ്രസംഗം പിശാചുക്കൾ കേട്ടത്. അങ്ങനെ ആ കൺവൻഷൻ കഴിഞ്ഞ് പുറത്തിറങ്ങിയ അവർ ആ പദ്ധതിപ്രകാരം പ്രവർത്തിച്ചുതുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *