വിശുദ്ധ ജോൺ ജോൺസ്
ഇംഗ്ലണ്ടിൽ കത്തോലിക്ക വിശ്വാസം പിന്തുടരുന്നത് രാജ്യദ്രോഹമായി കണ്ടിരുന്ന കാലമായിരുന്നു അത്. രണ്ട് വർഷത്തെ തടവിനും ക്രൂരമായ പീഡനങ്ങൾക്കും ശേഷം ഫാ. ജോൺ ജോൺസ് എന്ന കത്തോലിക്ക വൈദികന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കാണുന്നതിനായി ജനങ്ങൾ തടിച്ചുകൂടി. തൂക്കിലേറ്റി വധിച്ച ശേഷം ശരീരം നാലായി ഭാഗിക്കുകയാണ് ശിക്ഷാരീതി. ഫാ. ജോൺ ജോൺസിനെ തൂക്കിലേറ്റാനുളള സമയമെത്തിയപ്പോൾ പക്ഷേ ചെറിയൊരു പ്രശ്നം-ആരാച്ചാർ തൂക്കിലേറ്റാനുള്ള കയറെടുക്കാൻ മറന്നുപോയി.
ഫാ. ജോൺ ജോൺസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. തൂക്കുകയർ കുറച്ച് നേരത്തേക്ക് ഒഴിവായതിന്റെ ആശ്വാസമായിരുന്നില്ല അത്. സുവിശേഷം പ്രസംഗിക്കാൻ നല്ലൊരവസരം ലഭിച്ചതിന്റെ ആനന്ദമായിരുന്നു ആ മുഖത്ത് പ്രതിഫലിച്ചത്. ഒട്ടും വൈകിയില്ല, അദ്ദേഹം തന്നെ തൂക്കിലേറ്റുന്നത് കാണാൻ എത്തിയവരോട് സുവിശേഷം പ്രസംഗിക്കാനാരംഭിച്ചു. വിശ്വാസത്തിന് വേണ്ടിയാണ് താൻ വധിക്കപ്പെടുന്നതും രാജ്യദ്രോഹപരമായ കുറ്റമല്ലെന്നും അദ്ദേഹം പങ്കുവച്ചു.
ധീരമായ ആ വചന പ്രഘോഷ ണം പലരുടെയും മനസുകളെ ഇളക്കി മറിച്ചു. അധികാരികളുടെ അപ്രീതിയെ ഭയപ്പെടാതെ പലരും അദ്ദേഹത്തോട് സംശയങ്ങൾ ചോദിച്ചു. അവയ്ക്കെല്ലാം അദ്ദേഹം വ്യക്തമായ ഉത്തരവും നൽകി. തുടർന്നാണ് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ ശരീരം നീക്കം ചെയ്യാൻ ധൈര്യം കാണിച്ച ഒരു ഇംഗ്ലീഷ് കത്തോലിക്കന് അതിന്റെ പേരിൽ ദീർഘമായ ജയിൽവാസം അനുഭവിക്കേണ്ടതായി വന്നു. ജോൺ ജോൺസെന്ന കത്തോലിക്കാ പുരോഹിതനോട് ഇംഗ്ലീഷ് ജനതയ്ക്കുണ്ടായ സ്നേഹത്തിന്റെ അടയാളമായിരുന്നു അത്.
കത്തോലിക്ക വിശ്വാസത്തിൽ ഉറച്ചുനിന്ന ഒരു വെൽഷ് കുടുംബത്തിലായിരുന്നു ജോൺ ജോൺസിന്റെ ജനനം. റോമിൽ വച്ച് ഫ്രാൻസിസ്കൻ വൈദികനായി അഭിഷിക്തനായ ജോൺ തനിക്ക് മിഷൻ പ്രവർത്തനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം അധികാരികളെ അറിയിച്ചു. ക്രൂരമായ പീഡനങ്ങളും തൂക്കുകയറുമാണ് ഇംഗ്ലണ്ടിലേക്ക് തിരിച്ചു ചെല്ലുന്ന കത്തോലിക്കാ വൈദികരെ കാത്തിരിക്കുന്നതെന്ന് അറിയാമായിരുന്ന അധികാരികൾ ആദ്യം ആ അഭ്യർത്ഥന അംഗീകരിച്ചില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി 1592-ൽ അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹത്തെ ഫ്രാൻസിസ്കൻ സഹോദരർ മിനിസ്റ്റർ പ്രൊവിൻഷ്യലായി തിരഞ്ഞെടുത്തു.
രണ്ട് കത്തോലിക്കരുടെ വീട്ടിൽ അദ്ദേഹം പോയെന്നും ദിവ്യബലിയർപ്പിച്ചെന്നും അറിഞ്ഞാണ് കുപ്രസിദ്ധ ‘വൈദികരെ പിടുത്തക്കാരനാ’യ റിച്ചാർഡ് റ്റോപ്ക്ലിഫ് ഫാ. ജോൺസിനെ അറസ്റ്റു ചെയ്തത്. ക്രൂരമായ പീഡനങ്ങൾക്ക് ഫാ. ജോൺസ് വിധേയനായി. തുടർന്ന് രണ്ട് വർഷത്തെ ജയിൽശിക്ഷ. ജയിൽവാസക്കാലത്ത് സഹതടവുകാരൻ ജോൺ റിഗ്ബിയെ വിശ്വാസത്തിലുറച്ച് നിൽക്കാൻ സഹായിച്ചത് ഫാ.ജോൺസാണ്. പിന്നീട് ജോൺ റിഗ്ബിയും രക്തസാക്ഷിത്വം വരിച്ചു. രണ്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ ഫാ. ജോൺസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചു.
1958 ജൂലൈ 12-ന് സ്വരക്തം ചിന്തി ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ഫാ. ജോൺ ജോൺസിനെ 1970-ൽ പോൾ ആറാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്