ദൈവത്തിന്റെ നമ്പർ

‘അപ്പാ, ദൈവത്തിന്റെ നമ്പറൊന്നു തരാമോ?’തികച്ചും നിഷ്‌കളങ്കമായ ചോദ്യം കേട്ട് ഞാൻ തലയുയർത്തിനോക്കി. കൈയിൽ എന്റെ മൊബൈൽ ഫോണുമായി മകൾ നിൽക്കുന്നു. അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞാൻ തെല്ലൊന്നമ്പരന്നു. പിന്നെ അവളെ അരികിലേക്ക് ചേർത്തുനിർത്തി ചോദിച്ചു. ‘എന്തിനാ?’
‘ദൈവത്തെ ഒന്നു വിളിക്കാൻ. എനിക്ക് കൂട്ടുകൂടാൻ.’ ദെവത്തിന്റെ നമ്പർ അത്… കണ്ടുപിടിക്കാനുള്ള ഒരു ഡയറക്ടറിക്കായി പ്രാർത്ഥനാപൂർവ്വം മനസ് പരതി. അപ്പോൾ ഒരു പുസ്തകത്തിൽ കണ്ണുടക്കി, ബൈബിൾ. മകൾക്കൊരുത്തരം കൊടുക്കാനുള്ള വഴി കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. ”മോളേ, ആ പുസ്തകത്തിലുണ്ട് ദൈവത്തിന്റെ നമ്പർ”

”അത് ബൈബിളല്ലേ”
”അതെ, അതാണ് ദൈവത്തിന്റെ നമ്പറുള്ള ഡയറക്ടറി”

”എങ്കിൽ എനിക്കത് പറഞ്ഞുതാ” അടുത്ത ആവശ്യം കേട്ടതും ഞാൻ പരുങ്ങി. അവൾ വിടുന്ന ലക്ഷണമില്ല. അവളുടെ ആവശ്യം ന്യായമാണ്. ഈ ലോകത്തെ മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്നവൾക്ക് ഞാൻതന്നെ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ സ്രഷ്ടാവിന് ഒരു ടെലഫോൺ നമ്പറെങ്കിലും ഉണ്ടാകാതിരിക്കില്ല എന്ന ന്യായമായ ചിന്ത; അതിനെ തള്ളിക്കളയുന്നത്- ശരിയല്ല.

”മോളേ, ഇപ്പോ വിളിച്ചാൽ ദൈവത്തെ കിട്ടില്ല.” ഞാൻ അടുത്ത ന്യായം നിരത്തി. ”അതെന്താ ദൈവം ഔട്ട് ഓഫ് കവറേജ് ഏരിയായിലാണോ”-ആ സംഭാഷണം കേട്ടുകൊണ്ടിരുന്ന മകൻ ചോദിച്ചു. വീണ്ടും രക്ഷയില്ല. ദൈവമേ ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന നീ ഔട്ട് ഓഫ് കവറേജ് ഏരിയയിലാണെന്ന് ഞാൻ പറഞ്ഞാൽ….

”ഇല്ല മക്കളേ, ദൈവം ഒരിക്കലും ഔട്ട് ഓഫ് കവറേജിലാകില്ല. അവൻ ഒരിക്കലും വിളിച്ചാൽ വിളി കേൾക്കാതിരിക്കുകയില്ല” എങ്കിൽ നമ്പർ താ അപ്പാ” മകൾ പിന്നെയും വിടുന്ന മട്ടില്ല. എന്റെ പരുങ്ങൽ കണ്ട് മോന് ചിരി വന്നു. അവന് അത്യാവശ്യം കാര്യങ്ങൾ മനസ്സിലാകുന്ന പ്രായമായി. എന്നെ രക്ഷപ്പെടുത്താൻ അവൻ പറഞ്ഞു. ”ദെവത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാടീ. നാളെ വിളിക്കാം. നീ വാ നമുക്ക് കളിക്കാൻ പോകാം.” അനിയത്തിയെയും കൂട്ടി അവൻ പുറത്തേക്കിറങ്ങി.

”എന്നും പ്രാർത്ഥിക്കുന്ന നമ്മൾ ദൈവവുമായി സംസാരിക്കുന്നവരല്ലേ? അതങ്ങ് പറഞ്ഞുകൊടുത്താൽ പോരായിരുന്നോ?” സംഭാഷണം കേട്ടുനിന്ന ഭാര്യ ചോദിച്ചു. ”ഒരു നിമിഷം ഭൗതികതയിൽനിന്ന് ആത്മീയതയിലേക്ക് തിരിഞ്ഞാൽ നിങ്ങൾക്ക് ആ ഉത്തരം കിട്ടുമായിരുന്നല്ലോ”- അവൾ സ്‌നേഹപൂർവ്വം പറഞ്ഞു. പിന്നെ അടുക്കളയിലേക്ക് പോയി.

കസേരയിൽ ചാരിയിരുന്ന് ഞാൻ കണ്ണുകളടച്ചു. ഓരോ നിമിഷവും ഈ പ്രപഞ്ചത്തിൽനിന്നെത്തുന്ന കോടാനുകോടി പ്രാർത്ഥനകൾ കേൾക്കുന്ന ദൈവത്തെ ഞാൻ കണ്ടു. ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാത്ത, പരിധിക്ക് പുറത്തു പോകാത്ത ദൈവത്തെ ഞാൻ കണ്ടു. അവനോട് സംസാരിക്കുന്ന ഓരോരുത്തരെയും ശ്രദ്ധയോടെ കേട്ട് ഉത്തരം പറയുന്ന ദൈവം. അവർ ദൈവത്തോട് ആവശ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷേ ദൈവത്തിന്റെ ഒരു വാക്കിനുപോലും ചെവികൊടുക്കുന്നതേയില്ല. എങ്കിലും പരിഭവമില്ലാതെ വീണ്ടും അവിടുന്ന് മനുഷ്യരുടെ വിളികൾക്ക് ഉത്തരം നൽകുന്നു.

”മക്കളേ….” ഞാൻ നീട്ടി വിളിച്ചു. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾ ഓടിവന്നു.
”ദൈവത്തോട് സംസാരിക്കണ്ടേ” ഞാൻ ചോദിച്ചു.
”ദൈവം ഫോൺ ഓൺ ചെയ്‌തോ” മോളുടെ ചോദ്യം.

”ദൈവം ഒരിക്കലും ഫോൺ സ്വിച്ച് ഓഫ് ചെയ്യില്ല മോളേ, നമ്മുടെ വിളികൾക്കായി അവനെപ്പോഴും കാത്തിരിക്കുകയാണ്. ഉറക്കംപോലുമില്ലാതെ, ഒന്നു കണ്ണു ചിമ്മാതെ.”
”എങ്കിൽ ഡയൽ ചെയ്യപ്പാ” മകൻ പറഞ്ഞു.

”മക്കളിവിടെയിരിക്ക്. എന്നിട്ട് കണ്ണുകളടക്ക്. ഇനി ദൈവത്തെ മനസ്സിൽ വിചാരിക്ക്. മറ്റെല്ലാ ചിന്തകളും മാറ്റി നിങ്ങളും ദൈവവുംമാത്രം. ഇനി നിങ്ങൾക്ക് പറയാനുള്ളത് അവനോടു പറഞ്ഞു തുടങ്ങിക്കോ. നിശബ്ദമായി…. നിങ്ങളുടെ ഹൃദയത്തിൽനിന്ന് ആ തരംഗങ്ങൾ ദൈവസന്നിധിയിലേക്ക് ഉയരുമ്പോൾ അവിടുന്ന് ഉത്തരം തരും. അത് കേൾക്കാൻ നിങ്ങളുടെ മനസ്സ് തുറന്നിരിക്കണം.” നിശബ്ദതയുടെ നിമിഷങ്ങൾ…. ഞങ്ങൾ ദൈവത്തോട് സംസാരിക്കുകയായിരുന്നു. എത്രനേരം കഴിഞ്ഞു എന്നറിയില്ല….

”ദേ നിങ്ങൾക്കൊരു കോൾ” ഭാര്യയുടെ സ്വരം കേട്ട് ഞാൻ കണ്ണുതുറന്നു, ഭൗതികതയിലേക്ക്. അത് ഭൂമിയിലെ നെറ്റ്‌വർക്കിൽനിന്നുള്ള കോളായിരുന്നു. മനുഷ്യന്റെ നെറ്റ്‌വർക്കിൽനിന്നുള്ള കോൾ. സെക്കന്റിന് കണക്ക് പറഞ്ഞ് പണം കൊടുത്ത് മാത്രം വിളിക്കാനാവുന്ന കോൾ. ഞാൻ ഫോൺവാങ്ങി. പിന്നെ ആ കോൾ കട്ട് ചെയ്തു. ഫോൺ സ്വിച്ച് ഓഫ് ആക്കി.

”നീ ഇവിടെ ഇരിക്ക്. നമുക്ക് സൗജന്യമായി വിളിക്കാവുന്ന ആ ഫോണിലേക്ക് വിളിച്ച് സംസാരിക്കാം.” ഭാര്യയും ഞങ്ങൾക്കൊപ്പം ചേർന്നു. ഞങ്ങൾ കുടുംബം മുഴുവൻ കണ്ണുകൾ അടച്ചു, കർത്താവിനോടു സംസാരിക്കാൻ… അവിടുത്തെ വാക്കുകൾക്കായി കാതോർത്തു.
”മക്കളേ, സുഖമാണോ?” മറുതലക്കൽനിന്നും അവിടുത്തെ സ്വരം.

ജെറിൻ മാത്യു

Leave a Reply

Your email address will not be published. Required fields are marked *