എട്ടാമത്തെ മോതിരവും അമ്മയുടെ പ്രാർത്ഥനയും

”ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാൻ അങ്ങയിൽ ആശ്രയിക്കും; ഞാൻ ഭയപ്പെടുകയില്ല. എന്തെന്നാൽ, ദൈവമായ കർത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു” (ഏശയ്യാ 12:2).

”ഞങ്ങളുണ്ടാക്കിയത് സർവവും നഷ്ടപ്പെടുമ്പോഴും അമ്മച്ചിയുടെ ആശ്രയം പ്രാർത്ഥനയായിരുന്നു. നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിച്ച്, ജീവിതത്തിലേക്കു പിന്നീടു മടങ്ങിവരാൻ ഞങ്ങൾക്കായത് ആ പ്രാർത്ഥനയുടെ പുണ്യമാകണം.” മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യുവിന്റെ ആത്മകഥയായ എട്ടാമത്തെ മോതിരത്തിൽ അമ്മയുടെ പ്രാർത്ഥനയെ ഏറെ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യരുമായി ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് മലയാള മനോരമയുടെ ലൈസൻസ് റദ്ദുചെയ്യുകയും പത്രം കണ്ടുകെട്ടുകയും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും കെ.എം മാത്യുവിന്റെ പിതാവിനെയും സഹോദരനെയും അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. പിതാവും സഹോദരനും ജയിലാകുകയും കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയും ചെയ്ത കാലത്തെ അതിജീവിച്ചതിനെപ്പറ്റിയാണ് കെ.എം. മാത്യു അനുസ്മരിക്കുന്നത്. ഒമ്പതു വർഷത്തിനുശേഷം മലയാള മനോരമ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു.

അക്കാലങ്ങളിൽ മനോരമയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന കെ.എം. മാത്യുവിന്റെ സഹോദരൻ ഉണ്ണുണ്ണിച്ചായൻ എന്നു വിളിക്കുന്ന കെ.എം. ചെറിയാൻ ഓരോ ദിവസവും പലരിൽനിന്നും പണം കടംവാങ്ങി ബാങ്കിലടച്ചാണ് അന്നന്നത്തേക്കുള്ള ന്യൂസ് പ്രിന്റ് എടുത്തിരുന്നത്. അതുകൂടാതെ പത്രം കംപോസ് ചെയ്യുന്നിടത്തുതുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളായിരുന്നു. ”ഒരു നിവൃത്തിയുമില്ലാതെ വരുന്ന ദിവസങ്ങളിൽ അമ്മച്ചി ഒരു കുപ്പി വെളിച്ചെണ്ണ വാങ്ങി ആരെയെങ്കിലും ഏല്പിക്കും. കോട്ടയത്തെ പുത്തനങ്ങാടിയിലുള്ള കുരിശുപള്ളിയിൽ കൊണ്ടുചെന്നൊഴിച്ച്, പ്രാർത്ഥിക്കാനുള്ളതായിരുന്നു ആ വെളിച്ചെണ്ണ!” കെ.എം. മാത്യു ആ ഭാഗം ഇങ്ങനെയാണ് പൂർത്തിയാക്കുന്നത്, ”എനിക്കുറപ്പുണ്ട്, മനോരമയെ കാത്തത് അമ്മച്ചിയുടെ പ്രാർത്ഥനകളാണ്.” തകർച്ചയിൽനിന്നും മനോരമ കരകയറിയതിന്റെ പിന്നിലെ ശക്തിസ്രോതസ് അമ്മയുടെ പ്രാർത്ഥനയായിരുന്നു എന്നാണ് അദ്ദേഹം എഴുതുന്നത്.

ന്യായാധിപന്റെ അമ്മ
പാശ്ചാത്യ രാജ്യങ്ങളിൽ നടന്നിരുന്ന പല തിന്മകളും ധാർമിക തകർച്ചകളും നമ്മുടെ രാജ്യത്തും എത്തിക്കഴിഞ്ഞു. ദിവസവും പത്രങ്ങൾ വായിക്കുമ്പോൾ കാണുന്ന പല വാർത്തകളും അമ്പരപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് ധാർമിക തകർച്ചകളിൽനിന്നും ഉത്ഭവിക്കുന്നവ. അത്തരം ചില സംഭവങ്ങൾ കാണുമ്പോൾ അമ്മമാരുടെ പ്രാർത്ഥനകൾ എവിടെയൊക്കെയോ കുറഞ്ഞുപോകുന്നുണ്ടെന്ന് തോന്നാറുണ്ട്. കേരളം സാമ്പത്തികമായി വളർന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ അമ്മമാരുടെ പ്രാർത്ഥനകൾക്ക് വലിയ പങ്കുണ്ടെന്നത് വിസ്മരിക്കരുത്.

ഇസ്രായേൽ ജനത്തിന് ദൈവം മന്നയും കാടപ്പക്ഷിയും നല്കി പരിപാലിച്ചത് ബൈബിളിൽ കാണുന്നു. യഥാർത്ഥത്തിൽ മന്നയും കാടപ്പക്ഷിയും നല്കിയത് ഇസ്രായേൽജനത്തിന് മാത്രമല്ല, നമ്മുടെ കഴിഞ്ഞ തലമുറയ്ക്കും അത്തരം അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. പ്രത്യേകിച്ച് കുടിയേറ്റ പ്രദേശങ്ങളിൽ ഉള്ളവർക്ക്. അന്നത്തെ രോഗത്തിന്റെയും പട്ടിണിയുടെയും മുൻപിൽ അമ്മമാർ മക്കളെ ചേർത്തുപിടിച്ചു പ്രാർത്ഥിച്ചതിന് ദൈവം നല്കിയ ഉത്തരങ്ങളാണ് ഇന്നത്തെ സൗഭാഗ്യങ്ങൾ. അല്ലെങ്കിൽ ആ തലമുറ രോഗത്തിലും പട്ടിണിയിലും മുങ്ങി എന്നേ നാമാവശേഷമായേനെ. എന്നാൽ, വളർച്ചയുടെ കാലങ്ങളിൽ ദൈവസ്‌നേഹവും പ്രാർത്ഥനയിലുള്ള തീക്ഷ്ണതയും കൈമോശം വന്നുതുടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

അമ്മമാരുടെ പ്രാർത്ഥനകളെ ദൈവം കൈനീട്ടി അനുഗ്രഹിക്കുന്ന പല സന്ദർഭങ്ങളും ബൈബിളിൽ കാണാനാകും. വന്ധ്യതയുടെ വേദനയിൽ ദൈവത്തിന്റെ മുമ്പിൽ ഹൃദയം നുറുങ്ങി ഒരു പുത്രനുവേണ്ടി പ്രാർത്ഥിക്കുന്ന ഹന്നക്ക് ലഭിക്കുന്നത് സാധാരണ മകനെയല്ല- പ്രവാചകനെയാണ്. ആ മകനാണ് ഇസ്രായേലിലെ അവസാനത്തെ ന്യായാധിപനായ സാമുവൽ. തനിക്കു ലഭിച്ച പുത്രനെ ദൈവത്തിന് സമർപ്പിച്ചപ്പോൾ ദൈവം വീണ്ടും ഹന്നയെ അനുഗ്രഹിക്കുകയാണ്. 1 സാമുവൽ 2:21-ൽ പറയുന്നു: ”കർത്താവ് ഹന്നയെ കടാക്ഷിച്ചു. അവൾ ഗർഭം ധരിച്ച് മൂന്ന് പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു…” അതെ, അമ്മമാരുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനകൾക്ക് പ്രവാചകന്മാരെ വരെ ലോകത്തിൽ എത്തിക്കാൻ കഴിയും.

പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ വൈകുമ്പോൾ പ്രാർത്ഥന അവസാനിപ്പിക്കുന്ന അമ്മമാരുടെ എണ്ണവും വർധിക്കുന്നു. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ വൈകുന്നതിന്റെ പിന്നിൽ ദൈവത്തിന്റെ വലിയ പദ്ധതികളായിരിക്കും. മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനനക്ക് ലഭിച്ച ഉത്തരമാണ് സെയ്ന്റ് അഗസ്റ്റിൻ. കൗമാരത്തിൽ വഴിതെറ്റിയ മകൻ 33-ാം വയസിൽ പാപത്തിന്റെ വഴികളിൽനിന്നും പിന്തിരിയുന്നതുവരെ മോണിക്ക എന്ന അമ്മ പ്രാർത്ഥനയോടെ കാത്തിരുന്നു. അവിടംകൊണ്ടും തീരുന്നില്ല, പ്രാർത്ഥിച്ച അമ്മയും വിശുദ്ധയായി മാറി. പ്രാർത്ഥിച്ച ഉടനെ ഉത്തരം ലഭിക്കുകയായിരുന്നെങ്കിൽ അഗസ്റ്റിൻ എന്നൊരു പുണ്യവാനെ തിരുസഭക്ക് ലഭിച്ചാലും മോണിക്ക എന്ന പുണ്യവതിയെ ലഭിക്കണമെന്നില്ലായിരുന്നു. എന്നാൽ പ്രാർത്ഥിച്ചു പ്രാർത്ഥിച്ച് ആ അമ്മയും വിശുദ്ധയായി മാറി.
വഴിതെറ്റിപ്പോയതിന്റെ പേരിൽ നാം ആരെയും എഴുതിത്തള്ളരുത് എന്നുകൂടി അഗസ്റ്റിന്റെ വിശുദ്ധ പദവി നമ്മെ ഓർമിപ്പിക്കുന്നു. മനസിൽനിന്നും പടിയിറക്കുന്നതിനുപകരം പ്രാർത്ഥിക്കാൻ തുടങ്ങണം. തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി മാറുമെന്ന് ക്രിസ്തു പറയുന്നത് വെറുതെയല്ല. ലോകത്തിന്റെ എല്ലാ മ്ലേച്ഛതകളിലും മുഴുകി നടന്ന അഗസ്റ്റിന്റെ വിശുദ്ധ പദവി ലോകത്തോട് പറയുന്നതും അതാണ്. വഴിതെറ്റിപ്പോയവർ തിരിച്ചുവരാത്തതിന്റെ ഒരു കാരണം വർത്തമാന കാലത്ത് മോണിക്ക പുണ്യവതിമാർ ചുരുങ്ങിപ്പോകുന്നതാണ്.

എം.ആർ.ഐ സ്‌കാനറിന്റെ പിന്നിൽ
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഏറെ മുന്നേറിയ നൂറ്റാണ്ടാണിത്. ലോകത്തെ മുമ്പോട്ടു നയിച്ച കണ്ടുപിടുത്തങ്ങൾക്ക് നേതൃത്വം നൽകിയ പല ശാസ്ത്രജ്ഞരും പ്രാർത്ഥനയുടെ മനുഷ്യരായിരുന്നു. എന്നാൽ, അവരിലൂടെ രൂപംകൊണ്ട സൗകര്യങ്ങൾ അനുഭവിക്കുന്ന നാം അക്കാര്യം വിസ്മരിക്കുന്നു. അത്തരം സൗഭാഗ്യങ്ങൾ ദൈവത്തെ മാറ്റിനിർത്തുന്ന വിധത്തിലുള്ള സ്വയാശ്രയത്തിലേക്ക് പലരെയും എത്തിച്ചിരിക്കുകയാണ്. ആരോഗ്യരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു കാരണമായ എം.ആർ.ഐ സ്‌കാനർ കണ്ടുപിടിച്ചത് ഡോ. റെയ്മൺഡ് വാഹൻ ഡമേഡിയൻ ആയിരുന്നു. തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്, ”എന്റെ വിജയത്തിന്റെ പിന്നിൽ ദൈവത്തിന്റെ കരങ്ങളായിരുന്നു” എന്നാണ്. കണ്ടുപിടുത്തങ്ങൾ ദൈവം ലോകത്തെ അനുഗ്രഹിക്കുന്ന വഴികളാണ്. നേട്ടങ്ങളുടെ നെറുകയിൽ നില്ക്കുമ്പോൾ അനുഗ്രഹിച്ച ദൈവത്തെ കാണാതെ പോകരുത്.

ഖലീൽ ജിബ്രാൻ ‘കണ്ണീരും പുഞ്ചിരിയും’ എന്ന കഥയിൽ വിധവയായ ഒരമ്മയെയും മകനെയും ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. വടക്കൻ ലെബനനിലെ ഒരു കുഗ്രാമത്തിലായിരുന്നു അവർ താമസിച്ചിരുന്നത്. ഒരു സന്ധ്യാസമയത്ത് അതിശക്തമായ ഇടി മുഴങ്ങി. ഭയന്നുവിറച്ച കുഞ്ഞ് അമ്മയെ ഇറുകെ പിടിച്ചു. അമ്മ മകനെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു, മോൻ ഉറങ്ങിക്കോളൂ. കണ്ണുകൾ അടഞ്ഞുവന്നിട്ടും അവൻ പറഞ്ഞു; പ്രാർത്ഥിക്കാതെ എനിക്കുറങ്ങാനാവില്ല. അമ്മ അവനെ മടിയിലിരുത്തി ഒരു പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ”പിതാവേ, ദരിദ്രരോട് അനുകമ്പ തോന്നണമേ. വിശപ്പും തണുപ്പുംകൊണ്ട് അവശരായി ചെറ്റക്കുടിലുകളിൽ തളർന്നുറങ്ങുന്ന അനാഥരെ അങ്ങ് കാക്കണമേ. തങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത് ഭീതിപൂണ്ടുകഴിയുന്ന നിസ്സഹായരായ വിധവകളുടെ വിലാപം കേൾക്കണമേ. ദരിദ്രരുടെ കഷ്ടതകൾക്കുനേരെ മനുഷ്യരുടെ ഹൃദയങ്ങളെ ഉണർത്തിയാലും.” പ്രാർത്ഥന ഏറ്റുചൊല്ലിക്കൊണ്ട് കുട്ടി പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു.

ഇതൊരു കഥയാണെങ്കിലും അതിലൂടെ ചില കാര്യങ്ങൾ കഥാകൃത്ത് ഓർമിപ്പിക്കുന്നുണ്ട്. പ്രാർത്ഥിക്കാതെ ഉറക്കം വരില്ലെന്ന് ഒരു കുട്ടി പറയണമെങ്കിൽ പ്രാർത്ഥന നിറഞ്ഞ അന്തരീക്ഷത്തിലാണ് അമ്മ അവനെ വളർത്തിയിരുന്നത്. ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുവിലാണ് ജീവിച്ചിരുന്നതെങ്കിലും പ്രാർത്ഥനയെ അവർ ജീവിതത്തോട് ചേർത്തുവച്ചിരുന്നു. അതുമാത്രമല്ല, പട്ടിണിയുടെ നടുവിലും സ്വന്തം കാര്യം ദൈവസന്നിധിയിൽ ഉന്നയിക്കാതെ മറ്റുള്ളവരുടെ വേദനകളിലേക്ക് അവിടുത്തെ കാരുണ്യം ഇറങ്ങുന്നതിനായി പ്രാർത്ഥിക്കുന്നു. അങ്ങനെ വളരുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോഴും കാരുണ്യം നിറഞ്ഞ ഹൃദയത്തിന്റെ ഉടമകളായിരിക്കും. നമ്മുടെ പ്രാർത്ഥനകളിൽ ഇത്തരമൊരു വിശാല കാഴ്ചപ്പാട് ഉണ്ടാകണം. ഈ ലോകത്തിൽ ജനിച്ചുവീഴുന്ന എല്ലാ കുഞ്ഞുങ്ങളെയും മക്കളായി കാണാനുള്ള ഹൃദയവിശാലത അമ്മമാർക്ക് ഉണ്ടാകണം. പ്രാർത്ഥിക്കാൻ ആരോരുമില്ലാത്തവരും തെറ്റിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവരുമൊക്കെ നമ്മുടെ വേദനകളായി മാറണം.

ദൈവത്തിന് ഏറ്റവും പ്രീതികരമായ പ്രാർത്ഥനകളാണ് അവ. അവർക്കുവേണ്ടി നാം പ്രാർത്ഥിക്കുവാൻ ആരംഭിക്കുമ്പോൾ നമ്മുടെ കുടുംബങ്ങളുടെയും തലമുറകളുടെയും മുകളിൽ കൃപയും കാരുണ്യവും ദൈവം വർഷിക്കും. പ്രാർത്ഥനകൾക്ക് മറുപടികൾ വൈകുന്നത് ദൈവം നമ്മെ കൈവിട്ടതിന്റെ അടയാളമല്ല. മറിച്ച്, അനുഗ്രഹിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ്. പ്രാർത്ഥിക്കുന്നവരെയും വിശുദ്ധിയുടെ പുതപ്പുകൾ അണിയിക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു എന്നുകൂടി അതിന് അർത്ഥമുണ്ട്. ഉരുകുന്ന ഹൃദയത്തോടെ നമ്മൾ കത്തിക്കുന്ന ഒരു മെഴുകുതിരിപോലും അവിടുന്ന് കാണാതെ പോകുന്നില്ലെന്ന് ഹൃദയത്തിൽ ഉറച്ചുവിശ്വസിക്കുക.

ജോസഫ് മൈക്കിൾ

Leave a Reply

Your email address will not be published. Required fields are marked *