അപ്പാ എന്ന് ഒന്നു വിളിക്കെടാ…

റിക്ഷാ വലിച്ച് സ്വന്തം കുഞ്ഞിനെ ഡോക്ടറാക്കിയവനായിരുന്നു ആൻഡ്രൂസ്. ആൻഡ്രൂസിന് ഒറ്റ മകനേ ഉണ്ടായിരുന്നുള്ളൂ, ക്ലീറ്റസ്. ഒന്നാം ക്ലാസുമുതലേ ക്ലാസിൽ ഒന്നാമനായി പഠിച്ച ക്ലീറ്റസിനെപ്രതി അഭിമാനമുള്ളവനായിരുന്നു ആൻഡ്രൂസ്. പത്താം തരത്തിലെ പരീക്ഷയിൽ തൊണ്ണൂറു ശതമാനം മാർക്കോടെ പാസായ ക്ലീറ്റസിനെ നോക്കി തന്റെ ഭാര്യയോടും കൂട്ടുകാരായ മറ്റു റിക്ഷാക്കാരോടും ആൻഡ്രൂസ് പറഞ്ഞു: ”ഞാൻ എന്റെ രക്തമൂറ്റിക്കൊടുത്താണെങ്കിൽ പോലും മകനെ പഠിപ്പിക്കും. പഠിപ്പിച്ച് പഠിപ്പിച്ച് അവനെ വലിയൊരു ഡോക്ടറാക്കും. എന്നിട്ട് ഞാനൊന്ന് വിശ്രമിക്കും.”

രക്തംകൊടുത്ത് മകനെ പഠിപ്പിച്ചവൻ
പറഞ്ഞതുപോലെതന്നെ സംഭവിച്ചു. രക്തം കൊടുത്തുപോലും ആൻഡ്രൂസ് മകനെ പഠിപ്പിച്ച് വലിയ ഡോക്ടറാക്കി. വിവാഹം ചെയ്യിപ്പിച്ചു. പക്ഷേ, വലിയ മാളികവീടും കാറും കുബേരകുമാരിയായ ഭാര്യയും ഇംഗ്ലീഷ് പറയുന്ന ഇംഗ്ലീഷ് മീഡിയംകാർ മക്കളും ഉന്നതബന്ധങ്ങളും എല്ലാം വന്നപ്പോൾ ഡോ. ക്ലീറ്റസിന് തോന്നി, അപ്പന് പരിഷ്‌കാരം പോരായെന്ന്. ആൻഡ്രൂസിന്റെ ഭാര്യ ഇതിനോടകം മരിച്ചുപോയിരുന്നു. അപ്പൻ വെറും കൺട്രിയാണെന്നും അപ്പനെ തന്റെ വലിയ മാളികവീടിന്റെ മുൻവശത്തെവിടെയെങ്കിലും കണ്ടാൽ തനിക്ക് കുറച്ചിലാണെന്നും ക്ലീറ്റസ് പറഞ്ഞു. അപ്പൻ മേലിൽ വീടിന്റെ മുൻവശത്ത് വരരുത്. ഇത് വലിയ വലിയ ആളുകൾ കയറിയിറങ്ങിപ്പോകുന്ന വീടാണ്. വിവരമില്ലാത്ത തലയും ഇംഗ്ലീഷറിയാത്ത സംസാരവുമായി വെറും കൺട്രിയെപ്പോലെ അപ്പൻ ഇവിടെ നിന്നാൽ അതെന്റെ മാന്യത കെടുത്തും. അതെന്റെ പ്രോഗ്രസിനെ ബാധിക്കും. അതുകൊണ്ട് അപ്പൻ ഒന്നുകിൽ വീടിന്റെ പുറകുവശത്തെ വരാന്തയിൽ ഇരുന്നുകൊള്ളണം. അല്ലെങ്കിൽ ഏതെങ്കിലും നല്ല ഓൾഡ് എയ്ജു ഹോമിലേക്ക് മാറി താമസിക്കണം.

മകനെ വിട്ടുപിരിയാൻ കഴിയാത്ത മാനസികാവസ്ഥയിൽ ആൻഡ്രൂസ് പറഞ്ഞു, ഞാൻ പുറകുവശത്തെവിടെയെങ്കിലും കഴിഞ്ഞോളാം മോനേ. നിന്നെ വിട്ട് എനിക്ക് പോകാനാവില്ലെടാ. ക്ലീറ്റസ് പറഞ്ഞു, ഈ മോനേ വിളിയൊന്നും ഇനി വേണ്ട. മോനേയെന്ന് വിളിക്കാൻ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. ആരെയെങ്കിലും കാണുമ്പോൾ മോനേ കൂനേയെന്നൊന്നും വിളിച്ച് അരികിൽ വരരുത്. കൂട്ടത്തിൽ പറഞ്ഞില്ലെങ്കിലും ക്ലീറ്റസ് ഒരു കാര്യംകൂടി ചെയ്തു. അപ്പായെന്നുള്ള വിളികൂടി നിർത്തി. സുഭിക്ഷമായ ഭക്ഷണം, നല്ല ഡ്രസ്, എ.സിയുള്ള മുറി, ഇരിക്കുമ്പോൾ പൊങ്ങിത്താഴുന്ന കിടക്ക, മുറിയിൽ ടി.വി, പാട്ടുകേൾക്കാൻ പാട്ടുപെട്ടി, അങ്ങനെ സർവം സുഖമയം. പക്ഷേ, തമ്മിൽത്തമ്മിൽ കാണലില്ല. പരസ്പരം അപ്പാ, മോനെ എന്നുള്ള വിളികളില്ല. കൊച്ചുമക്കളെ താലോലിക്കാനുള്ള അനുവാദമില്ല. ഏകാന്തതയിലും ഒറ്റപ്പെടലിലും തലതല്ലി കരയുന്ന ആ പിതാവ് ഒരു ദിവസം ധൈര്യം സംഭരിച്ച് മുൻവശത്ത് മകന്റെ മുമ്പിലേക്കിറങ്ങിച്ചെന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മോനേയെന്ന് വിളിച്ചുകൊണ്ട് തന്റെ നേർക്ക് നടന്നടുത്തു വരുന്ന ആൻഡ്രൂസിനോട് ഡോ. ക്ലീറ്റസ് ചോദിച്ചു, എന്താ എന്തുവേണം നിങ്ങൾക്ക്? ”പൊന്നുമോനേ എന്നെ നീയൊന്ന് അപ്പായെന്ന് വിളിക്കെടാ.” അതൊരു വലിയ പൊട്ടിക്കരച്ചിലായിരുന്നു. നീയെന്നെ ഒരു പ്രാവശ്യമെങ്കിലും അപ്പായെന്ന് ഒന്നു വിളിക്കുന്നതുകേട്ടിട്ട് ഞാൻ വല്ല തീവണ്ടിക്കും തലവച്ച് ചത്തോളാമെടാ. ചെറുപ്പത്തിൽ നീയെന്നെ ഒരു ദിവസം എത്ര പ്രാവശ്യം അപ്പായെന്ന് വിളിക്കുമായിരുന്നെടാ. എന്റെ ചോര വിറ്റും നിന്നെ പഠിപ്പിക്കാനുള്ള ശക്തി നിന്റെ ആ വിളിയായിരുന്നെടാ മോനേ. അയാൾ ഏങ്ങലടിച്ച് കരയാൻ തുടങ്ങി. ആ കരച്ചിൽ ഡോ. ക്ലീറ്റസിന് തലക്കേറ്റ ഒരു ഇരുട്ടടിയായിരുന്നു. അയാളുടെ തല താണു. നിന്ന നില്പ്പിൽ അയാൾ നിന്ന് വിയർത്തു. ഏതോ ഒരു അഭൗമികശക്തി അവന്റെ ഹൃദയത്തിലേക്ക് കടന്നുവന്നതുപോലെ അവൻ തിരിച്ചറിഞ്ഞു. തന്റെ ഭോഷ്‌ക്. അവനറിയാതെ അപ്പന്റെ മുമ്പിൽ അവൻ കൈകൾ കൂപ്പി പറഞ്ഞു. അപ്പാ മാപ്പ്, മാപ്പ്. ആ മാപ്പു ചോദിക്കൽ പുതിയൊരു വഴിത്തിരിവിലേക്ക് ആ കുടുംബത്തെ നയിച്ചു.

ഇതു വായിക്കുമ്പോൾ നിങ്ങൾക്കരിശം തോന്നാം. ഇങ്ങനെയുമുണ്ടോ മക്കൾ? ഉണ്ട്, തീർച്ചയായും ഉണ്ട്. അപ്പനെയും അമ്മയെയും അപ്പാ, അമ്മേ എന്ന് വിളിക്കാൻ മറന്നുപോകുന്ന ഒരു തലമുറ നമുക്ക് മുൻപിൽ വളർന്നു വരുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നത് കാലത്തിന്റെ കോലംകൂടിയാണ്. യേശു പറഞ്ഞു ”മക്കൾ മാതാപിതാക്കന്മാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും” (മർക്കോസ് 13:12). അപ്പായെന്നുള്ള വിളിക്കുവേണ്ടി കൊതിക്കുന്ന ഒരു പിതാവിനെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. ജറെമിയായുടെ പുസ്തകം മൂന്നാം അധ്യായം 19-ാം വചനത്തിലുണ്ട് ആ പിതാവ്. ”എന്റെ മക്കളുടെ കൂടെ നിന്നെ പാർപ്പിക്കാനും എല്ലാ ജനതകളിലും വച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്ക് നല്കാനും ഞാൻ എത്രയേറെ ആഗ്രഹിച്ചു. എന്റെ പിതാവേയെന്ന് നീ എന്നെ വിളിക്കുമെന്നും എന്റെ മാർഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു.”

മനുഷ്യമക്കളുടെ വായിൽനിന്ന് ‘അപ്പാ’യെന്നൊന്ന് വിളിച്ചു കിട്ടാൻ കൊതിക്കുന്ന ദൈവപിതാവിനെ അങ്ങനെയൊന്നു വിളിച്ചുകേട്ടിട്ട് തനിക്കുള്ളതെല്ലാം പകുത്തു നല്കാൻ തുടിക്കുന്ന ഒരു പിതൃഹൃദയത്തെ ഈ വചനങ്ങളിൽ നമുക്ക് കാണാം. ഈ ഹൃദയംതന്നെയാണ് മാതാപിതാക്കളാകാൻ വിളിക്കപ്പെട്ട മനുഷ്യർക്കും ദൈവം കൊടുത്തിരിക്കുന്നത്. അതുകൊണ്ട് നാം നമ്മുടെ മാതാപിതാക്കളെ അപ്പാ, അമ്മേ, ഡാഡീ, മമ്മി, അച്ഛാ, അമ്മേ എന്നൊക്കെ അവരുടെ പിതൃത്വത്തെയും മാതൃത്വത്തെയും അംഗീകരിച്ചുകൊണ്ട് ഹൃദയപൂർവം വിളിക്കണം. ആ വിളി അവരുടെ ഹൃദയത്തിൽനിന്നും ദൈവാനുഗ്രഹത്തിന്റെ കലവറയെ നമ്മുടെ ജീവിതത്തിലേക്കൊഴുക്കും. നമ്മുടെ ജീവിതങ്ങളും ആ വിളിവഴി അനുഗ്രഹിക്കപ്പെടും.

പ്രതികാരം ചെയ്യരുത്
ഒരുപക്ഷേ, ജീവിച്ചിരുന്ന നല്ല കാലത്ത് അവർ നമ്മെ ഏറെ വേദനിപ്പിച്ചിട്ടുണ്ടായിരിക്കാം. ഇപ്പോഴും കഴിയുന്ന വിധത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നുമുണ്ടാകാം. അതിനെല്ലാം പകരം തീർക്കാനുള്ള കാലഘട്ടമായി അവരുടെ വാർധക്യത്തെ നാം തിരഞ്ഞെടുക്കരുത്. ഒരിക്കൽ ഒരു യുവാവ് ഇങ്ങനെ ചോദിക്കുന്നത് ഞാൻ കേൾക്കുവാനിടയായി, ”തന്തപ്പടി ജീവിച്ചിരുന്ന നല്ല കാലത്ത് എന്നെ സ്വസ്ഥമായി ജീവിക്കാൻ സമ്മതിച്ചിട്ടില്ല. എന്നിട്ടിപ്പോൾ ഞാൻ അങ്ങോട്ടുചെന്ന് ഓമ്പണമെന്നോ (സ്‌നേഹിക്കണമെന്നോ)?

തീർച്ചയായും അങ്ങോട്ടുചെന്ന് സ്‌നേഹിക്കണമെന്നുതന്നെ ഞാൻ പറയും. അങ്ങനെ ചെയ്താൽ നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും ജീവിതം അനുഗ്രഹപൂർണമായിത്തീരും. തിരുവചനങ്ങൾ തെളിക്കുന്ന പ്രകാശം ദർശിക്കൂ. ”മകനേ, പിതാവിനെ വാർധക്യത്തിൽ സഹായിക്കുക. മരിക്കുന്നതുവരെ അവന് ദുഃഖമുണ്ടാക്കരുത്. അവന് അറിവ് കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക. നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അത് ഉപകരിക്കും. കഷ്ടതയുടെ ദിനത്തിൽ അതു നിനക്ക് കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തിൽ മഞ്ഞെന്നതുപോലെ നിന്റെ പാപങ്ങൾ മാഞ്ഞുപോകും. പിതാവിനെ പരിത്യജിക്കുന്നത് ദൈവദൂഷണത്തിന് തുല്യമാണ്. മാതാവിനെ പ്രകോപിപ്പിക്കുന്നവൻ കർത്താവിന്റെ ശാപ്‌മേല്ക്കും” (പ്രഭാഷകൻ 3:12-16).

മക്കളിൽനിന്നും സന്തോഷം ലഭിക്കാൻ
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ മക്കൾ നമ്മളെ സന്തോഷിപ്പിക്കുന്നവരാകണം എന്ന്. അതിനുള്ള വഴി കർത്താവ് നമുക്ക് തെളിച്ചുതരുന്നുണ്ട്. അത് നമ്മുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കുക എന്നതാണ്. ”അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർത്ഥന കർത്താവ് കേൾക്കും. പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും. കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു” (പ്രഭാഷകൻ 3:5-7).

നമുക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. ഓൾഡ് എയ്ജ് ഹോമുകളിലുള്ള മാതാപിതാക്കളാണ് ഏറ്റവും കൂടുതൽ ഹൃദയവ്യഥയും ഒറ്റപ്പെടലും അനുഭവിക്കുന്നതെന്ന്. എന്നാൽ അവരെക്കാൾ എത്രയോ അധികമായി ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർ നമ്മുടെയൊക്കെ ഭവനങ്ങളിലുണ്ട്. 2016-ന്റെ അവസാനത്തിൽ നമുക്ക് നല്കിയ ഈ തിരിച്ചറിവിനെക്കുറിച്ച് നമുക്ക് ദൈവത്തിന് നന്ദി പറയാം. 2017 ജനുവരി നമ്മുടെ ജീവിതത്തിലെ തിരുത്തിക്കുറിക്കലിന്റെ കാലമായിരിക്കട്ടെ. ”അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് ആജ്ഞാപിക്കുന്നു” (അപ്പസ്‌തോലപ്രവർത്തനങ്ങൾ 17:30).

ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും നെടുവീർപ്പുമായി കഴിയുന്ന വയസായവരുടെ ജീവിതത്തിലേക്ക് ഒരു സാന്ത്വനസ്പർശമായി കടന്നുചെല്ലാൻ ഈ ആണ്ടിന്റെ അവസാനത്തിൽ ഈ മാസത്തിൽ നമുക്ക് തീരുമാനമെടുക്കാം. അതിനു കഴിഞ്ഞാൽ 2017 നമുക്ക് അനുഗ്രഹത്തിന്റെ വർഷമായിരിക്കും. നമുക്ക് മാത്രമല്ല, നമ്മുടെ സന്തതികളുടെ ജീവിതത്തിലും. ”നീ ദീർഘനാൾ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കർത്താവ് തരുന്ന നാട്ടിൽ നിനക്ക് നന്മയുണ്ടാകാനുംവേണ്ടി അവിടുന്ന് കല്പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക” (നിയമാവർത്തനം 5:16).
ഒരമ്മയുടെ വിലാപം ഞാനിതിനോടു ചേർത്തുവയ്ക്കട്ടെ. എന്റെ മോൻ എനിക്ക് കഞ്ഞീം മരുന്നും തരേണ്ട, എണ്ണയും കുഴമ്പും തരേണ്ട. ഉടുക്കാൻ തുണിയും പലഹാരങ്ങളും തരേണ്ട. പൊന്നുമോളേ, അവനെന്നെയൊന്ന് അമ്മേയെന്ന് വിളിച്ചാൽ മതി. അമ്മേയെന്ന് വിളിക്കേണ്ടവരെ അമ്മേയെന്ന് വിളിക്കാനും അപ്പായെന്നു വിളിക്കേണ്ടവരെ അങ്ങനെ വിളിക്കാനും അവർക്കർഹമായ സ്‌നേഹവും കരുതലും കൊടുക്കുവാനും അങ്ങനെ നമ്മളും നമ്മുടെ സന്തതികളും തലുറകളും അനുഗ്രഹിക്കപ്പെടാനും ഈ ക്രിസ്മസ് നാളുകൾക്കു കഴിയട്ടെ എന്ന പ്രാർത്ഥനകളോടെ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്.

സ്റ്റെല്ല ബെന്നി

1 Comment

Leave a Reply

Your email address will not be published. Required fields are marked *