മകളുടെ സ്കൂൾ ജീവിതത്തിലും പഠനത്തിലും ചെറിയ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങിയത് 2011-ലെ മധ്യവേനലവധിക്കുശേഷമായിരുന്നു. തൊടുന്നിടത്തെല്ലാം വിജയം നേടിയിരുന്ന കുട്ടിയാണ്, നല്ല മിടുക്കിയായിരുന്നു. എന്തുകൊണ്ടാണ് ഭാഗ്യക്കേടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് എന്ന ചിന്ത എന്റെ മനസ്സിലുയരാൻ തുടങ്ങി.
എന്റെ ജീവിതത്തിലും ഒന്നിനു പുറകെ ഒന്നായി തകർച്ചകൾ സംഭവിച്ചുകൊണ്ടിരുന്നു. ജോലിയിൽ ശിക്ഷാനടപടിയായുള്ള സ്ഥലംമാറ്റംവരെയായി. ആറു മാസത്തോളം ശമ്പളം ലഭിക്കാതിരുന്നു. ഇഷ്ടമില്ലാത്ത എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ദൈവത്തെ ചീത്ത വിളിക്കാനും ശപിക്കാനും തുടങ്ങിയിരിക്കുന്നു എന്ന കാര്യവും എന്റെ ശ്രദ്ധയിൽപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അത് എനിക്ക് നിയന്ത്രിക്കാൻ പറ്റാതെ വന്നു.
തകർച്ചകൾ തുടരെത്തുടരെ യായപ്പോൾ ഞാൻ ദൈവത്തോട് കാരണം ചോദിക്കാൻ തുടങ്ങി. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചുതരാൻ പറഞ്ഞു. പക്ഷേ, എനിക്ക് ഒരുത്തരവും ലഭിച്ചില്ല. അതുവരെയും സാധാരണ കത്തോലിക്കരെപ്പോലെ തിരി കത്തിക്കുക, പെരുന്നാളിന് പോകുക തുടങ്ങിയ സ്വഭാവങ്ങൾ എനിക്കില്ലായിരുന്നു.
എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു പ്രത്യേകസാഹചര്യത്തിൽ എല്ലാ ദിവസവും വല്ലാർപാടം പള്ളിയിൽ പോയി മാതാവിന്റെ മുൻപിൽ തിരി കത്തിക്കാൻ തുടങ്ങി. ഏകദേശം മൂന്നു മാസം ഇത് തുടർന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ടി.വിയിൽ വചനപ്രഘോഷണം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽ പ്രസംഗകൻ ഇങ്ങനെ പറഞ്ഞു; ദൈവാനുഗ്രഹം വരാൻ തടസമായി നമ്മുടെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ എടുത്തുമാറ്റണം. ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു – എന്തെങ്കിലും ഉണ്ടെങ്കിൽ കാണിച്ചുതരണമേ എന്ന്.
അതോടനുബന്ധിച്ച് മനസിലൂടെ ഒരു ചിന്ത കടന്നുപോയി. യേശുക്രിസ്തുവിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന ‘ഡാവിഞ്ചി കോഡ്’ എന്ന പുസ്തകം ഒരു ബൈബിൾപോലെ ഞാൻ വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ എന്ന്. ഞാൻ അത് പറഞ്ഞതും എന്റെ മകൾ ആ പുസ്തകം തപ്പിയെടുത്ത് കത്തിച്ചുകളഞ്ഞു. 2011-ലെ മധ്യവേനലവധിയിലാണ് അവൾ അത് വായിക്കാൻ തുടങ്ങിയതെന്ന കാര്യവും ഞങ്ങൾ ഓർമ്മിച്ചു.
2013-ൽ ഒരു ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ പുസ്തകം വായിക്കാനാരംഭിക്കുന്നത്. അത് വായിക്കാൻ ഇഷ്ടം തോന്നിയതിനാൽ ശ്രദ്ധയോടെ വായിച്ചു. അതിനുശേഷമാണ് ഇഷ്ടമില്ലാത്തതു സംഭവിച്ചാലുടനെ എന്റെ നിയന്ത്രണത്തിനുമപ്പുറത്ത് ഞാൻ ദൈവത്തെ ശപിക്കാൻ തുടങ്ങിയതും.
പിന്നീട് ഞങ്ങളുടെ വീട്ടിൽ വെളിച്ചം കടന്നുവരാനാരംഭിച്ചു. എനിക്ക് ജോലിസ്ഥലത്ത് മെമ്മോ വരാതെയായി. ശമ്പളവും കിട്ടിത്തുടങ്ങി. മകളുടെ ജീവിതത്തിലും പഠനത്തിലും ദൈവാനുഗ്രഹം കടന്നുവരുന്നതായും അനുഭവപ്പെടുന്നു.
നിർമ്മല കുര്യൻ