നമ്മൾ പ്രാർത്ഥിക്കുമ്പോൾ വിശുദ്ധരിലേക്ക് തിരിയുന്നത് സഹായകമാകുന്നതെന്തുകൊണ്ട്?

വിശുദ്ധർ പരിശുദ്ധാത്മാവാൽ കത്തിജ്വലിക്കുന്നവരാണ്; അവർ സഭയിൽ ദൈവാഗ്നി ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധർ ഭൗമിക ജീവിതകാലത്തുപോലും സംക്രമണപരമായ ഒരു രീതിയിൽ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചിരുന്നു. നാം അവരോട് അടുത്തായിരിക്കുമ്പോൾ പ്രാർത്ഥിക്കാൻ എളുപ്പമാണ്. തീർച്ചയായും നാം ഒരിക്കലും വിശുദ്ധരെ ആരാധിക്കുന്നില്ല – സ്വർഗത്തിലുള്ള അവരെ വിളിച്ചപേക്ഷിക്കാൻ നാം അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും. അവർ ദൈവത്തിന്റെ തിരുസിംഹാസനത്തിന് മുൻപിൽ നമ്മുടെ പ്രാർത്ഥനകൾ സമർപ്പിക്കാൻ വേണ്ടിയാണ് നാം അവരെ വിളിച്ചപേക്ഷിക്കുന്നത്.

മഹാവിശുദ്ധർക്കു ചുറ്റും ആധ്യാത്മികതയുടെ പ്രത്യേക വിദ്യാലയങ്ങൾ വികസിച്ചുവന്നു. അവയെല്ലാം ഒരു പ്രകാശവലയത്തിലെ നിറങ്ങൾപോലെ ദൈവത്തിന്റെ നിർമലമായ പ്രകാശത്തിലേക്ക് നയിക്കുന്നു. അവയെല്ലാം വിശ്വാസത്തിന്റെ ഒരു മൗലികഘടകവുമായി തുടങ്ങുന്നു. വിശ്വാസത്തിന്റെയും ദൈവഭക്തിയുടെയും കേന്ദ്രത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയാണത്. ഓരോ വിദ്യാലയവും സ്വകീയമായ, വ്യത്യസ്തമായ കവാടത്തിലൂടെയാണ് നയിക്കുന്നത്. അങ്ങനെ, ഫ്രാൻസിസ്‌കൻ ആധ്യാത്മികത ദാരിദ്ര്യാരൂപികൊണ്ടു തുടങ്ങുന്നു. ബെനഡിക്‌ടൈൻ ആധ്യാത്മികത ദൈവസ്തുതികൊണ്ടു തുടങ്ങുന്നു. ഇഗ്നേഷ്യസിന്റെ ആധ്യാത്മികതയാകട്ടെ, തിരിച്ചറിയൽ, വിളി എന്നിവകൊണ്ടു തുടങ്ങുന്നു. ഒരു വ്യക്തി തന്റെ വ്യക്തിപരമായ സവിശേഷതയെ ആശ്രയിച്ച്, ഒരു ആധ്യാത്മികതയിലേക്ക് ആകർഷിക്കപ്പെടുന്നു. ആ ആധ്യാത്മികത എപ്പോഴും അയാൾക്ക് പ്രാർത്ഥനയുടെ ഒരു വിദ്യാലയമാണ്.

യു കാറ്റ്

Leave a Reply

Your email address will not be published. Required fields are marked *