അമ്മ നൽകിയ നക്ഷത്രം

വർഷങ്ങൾക്കുമുൻപ് വൈദ്യുതി ഇല്ലാത്ത അനേകം വീടുകളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലും കറണ്ടില്ല. അതുകൊണ്ട് വിളക്ക് വയ്ക്കുന്ന നക്ഷത്രങ്ങളായിരുന്നു കൂടുതലും. തെങ്ങിന്റെ ഓലയുടെ തണ്ട് നേരിയതായി കീറി ഉണക്കിയെടുത്താണ് നക്ഷത്രം കെട്ടുന്നത്. വീട്ടിൽ ചേട്ടൻ സുന്ദരമായി നക്ഷത്രം ഉണ്ടാക്കും. അതുകണ്ട് അടുത്ത വീട്ടുകാരും ഒരെണ്ണം ആവശ്യപ്പെട്ടു. അവർക്ക് നല്കിയപ്പോൾ രണ്ടു വീട്ടുകാർക്കുകൂടി വേണം. അവർക്കും ശരിയാക്കി കൊടുത്തു.

നക്ഷത്രം നല്കിയതിന് ചേട്ടന് അവർ പ്രോത്സാഹന സമ്മാനവും നല്കി. കൊടും ദാരിദ്ര്യത്തിന്റെ താളമുണ്ടായിരുന്ന വീട്ടിൽ സമ്മാനത്തുക ആശ്വാസമായപ്പോൾ, ചേട്ടന് ഒരു ആശയം – കുറച്ചു നക്ഷത്രങ്ങളുണ്ടാക്കി ഒരു വിലയിട്ട് വിറ്റാലോ? പിന്നെ വൈകിയില്ല. പലതരം നക്ഷത്രങ്ങൾ! പല നിറത്തിൽ! വീട് റോഡരികിൽ ആയിരുന്നതിനാൽ നക്ഷത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഉണ്ടാക്കിയതെല്ലാം ചൂടപ്പംപോലെ വിറ്റുപോയി.

ഡിസംബർ 24. വൈകുന്നേരം ഒരു നക്ഷത്രത്തിനുകൂടി ആളെത്തി. അപ്പോഴേക്കും എല്ലാം തീർന്നു. ഇനിയുള്ളത് വീട്ടിൽ തെളിയിക്കാൻ മാറ്റിവച്ചതാണ്. ഒരു നക്ഷത്രം മാത്രം. അതിന്റെ പൈസകൂടി വീട്ടിലേക്കാവുമല്ലോ എന്നു കരുതി ചേട്ടൻ അതും കൊടുത്തു. എന്നിട്ട് ഉടനെ വീട്ടിലേക്കുള്ള നക്ഷത്രത്തിന്റെ പണി തുടങ്ങി. ഇനി ഒരു നക്ഷത്രംകൂടി പൂർത്തിയാക്കാനുള്ള സാമഗ്രികൾ കഷ്ടിച്ചേ ഉള്ളൂ. ഒരു വിധത്തിൽ നക്ഷത്രം പൂർത്തിയാക്കിയപ്പോൾ നേരം വളരെ വൈകി. എല്ലാ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു. വൈദ്യുതിയുള്ള വീടുകളിൽ വർണബൾബുകളും. നേരം ഇരുട്ടിയിട്ടാണെങ്കിലും മണ്ണെണ്ണ വിളക്ക് കത്തിച്ച് വീടിന്റെ മുറ്റത്ത് അന്നുണ്ടായിരുന്ന അരണമരത്തിൽ ഞങ്ങൾ നക്ഷത്രം ഉയർത്തി. സന്ധ്യയായതിനാൽ വേഗം കുളിച്ചു കുരിശ് വരയ്ക്കാൻ അമ്മയുടെ നിർദേശം ഉണ്ടായിരുന്നു.

ഒത്തിരി പഴകി പൊളിഞ്ഞുവീഴാൻ നില്ക്കുന്ന വീടിന്റെ ഇറയത്ത് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ പ്രാർത്ഥിക്കാനായി ഞങ്ങൾ നാലുമക്കളും മുട്ടിന്മേൽ നില്ക്കുമ്പോൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയ ഇളയ ചേച്ചി ഉറക്കെ പറഞ്ഞു, ”അയ്യോ നക്ഷത്രം കത്തുന്നു…!” ഞങ്ങൾ മൂന്നുപേരും നോക്കി. ശരിയാ… നക്ഷത്രത്തിന് തീ പിടിച്ചിരിക്കുന്നു. ഓടി ചെല്ലുമ്പോഴേക്കും നക്ഷത്രം കത്തിത്തീർന്നിരുന്നു. കരിപിടിച്ച് തൂങ്ങിക്കിടക്കുന്ന നക്ഷത്രത്തിന്റെ അസ്ഥികൂടം മാത്രം. ഞങ്ങൾ മക്കളുടെ സങ്കടം കണ്ട് അമ്മയുടെ ഉള്ളും നൊന്തു. അന്ന് അമ്മ പറഞ്ഞു: ”മക്കളേ, നക്ഷത്രം തൂക്കുന്നതും നക്ഷത്രത്തിന്റെ നിറവും വലിപ്പവും വെട്ടവും ഒന്നുമല്ല, നമ്മുടെ ഉള്ളിൽ ദൈവം തെളിച്ച വെട്ടം കെടാതിരിക്കുകയെന്നതാണ് പ്രധാനം.”

പുറമേ ഉയർത്തുന്ന വർണശോഭയുള്ള നക്ഷത്രങ്ങൾക്കും അപ്പുറത്ത് ഉള്ളിൽ പ്രഭ തൂകി നില്‌ക്കേണ്ട ഈശോ എന്ന നക്ഷത്രം ഉണ്ടെന്ന് ആറാം ക്ലാസുകാരന് അമ്മയിൽനിന്ന് പഠിക്കാനായത് ദാരിദ്ര്യത്തിന്റെ കത്തിപ്പോയ നക്ഷത്രം ഉണ്ടായതുകൊണ്ടാണ്. ക്രിസ്മസ് ദാരിദ്ര്യത്തിന്റെ പിറന്നാളാണ്. കാലിത്തൊഴുത്തിൽ റാന്തൽ വിളക്കിന്റെ വെട്ടത്തിൽ വൈക്കോൽ തുറുവിൽ പഴന്തുണികൊണ്ട് മൂടിപ്പുതച്ചു കിടക്കുന്ന ഉണ്ണിയേശുവിന്റെ പിറന്നാൾ… ദാരിദ്ര്യത്തെ കാണാനും ദരിദ്രനെ നമസ്‌കരിക്കാനും ഈ ക്രിസ്മസിന് നമ്മെയും മക്കളെയും പഠിപ്പിക്കുക. ഗലാത്തിയ 2:10 ”പാവങ്ങളെപ്പറ്റി ചിന്ത വേണം.”

ബോണി ജോസഫ് ചെല്ലാനം

Leave a Reply

Your email address will not be published. Required fields are marked *