പറയാൻ അറിയാത്തത്… പറഞ്ഞാൽ അറിയാത്തത്…

ചേച്ചിയും ഒന്നരവയസുള്ള മോളും ശാലോം സന്ദർശിക്കാനെത്തിയതായിരുന്നു. അവർ ഓഫീസിൽ കയറിയ ഉടൻ കണ്ടവരെല്ലാം കുഞ്ഞിനു ചുറ്റും കൂടി; കൊഞ്ചിക്കാനും കളിപ്പിക്കാനും തുടങ്ങി. ചിലർ ചിരിപ്പിക്കാൻ ശ്രമിക്കുന്നു, വേറെ ചിലർ സംസാരം കേൾക്കാൻ കുഞ്ഞു കുഞ്ഞു ചോദ്യങ്ങൾ ചോദിക്കുന്നു. കവിളിൽ തട്ടുന്നു, മറ്റു ചിലർ മൃദുകൈകളിൽ ചുംബിക്കുന്നു, ശിരസിൽ തലോടുന്നു, കുഞ്ഞിക്കാലുകളിൽ ഇക്കിളിയാക്കുന്നു.
ചിലർ എടുക്കാൻ കൈനീട്ടുന്നു, അതിനിടയിൽ ഒരാൾ കുഞ്ഞിനെ കോരിയെടുത്ത് വട്ടംകറങ്ങി. ഇരുകൈകളിലെടുത്ത് മുകളിലേക്കുയർത്തി അങ്ങേയറ്റം ആനന്ദിപ്പിക്കാൻ ശ്രമിക്കുന്നു. ഒന്നുകോരിയെടുക്കാൻ എല്ലാവർക്കും കൊതി. കൈകളിൽ നിന്ന് കൈകളിലേക്ക് മാറിമാറി ചാടിക്കളിച്ച് പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന കുഞ്ഞിന്റെ സന്തോഷത്തിന് അതിരില്ല. എങ്ങനെ സ്‌നേഹിക്കണം സന്തോഷിപ്പിക്കണം എന്നറിയാതെ ആ നിഷ്‌കളങ്ക സാന്നിധ്യം അന്ന് എല്ലാവരും ചേർന്ന് ആഘോഷമായി ആസ്വദിച്ചു.

ഇതുപോലെയാണ് നാം സ്വർഗത്തിൽ എത്തുമ്പോൾ. അവിടെ നമ്മെ കാത്തിരിക്കുന്നത് അണപൊട്ടിയ സ്‌നേഹക്കടലല്ലാതെന്ത്? നമ്മെ എങ്ങനെയൊക്കെ സ്‌നേഹിക്കണം സന്തോഷിപ്പിക്കണം ആനന്ദിപ്പിക്കണം എന്ന് തിക്കുമുട്ടിയിരിക്കുന്ന കോടിക്കണക്ക് മാലാഖമാർ. ആയിരമായിരം വിശുദ്ധാത്മാക്കൾ… അഗ്നിമയന്മാരും അരൂപികളുമായ ക്രോവേൻമാരും സ്രാപ്പേൻമാരും മുഖ്യദൂതരും… നാം പുറപ്പെടുംമുമ്പേ സ്വർഗത്തിൽ സ്വീകരണച്ചടങ്ങുകൾ ആരംഭിച്ചു; ഏതോ വിവിഐപിയെ സ്വീകരിക്കാനെന്നപോലെ ദൈവരാജ്യമാകെ ആഘോഷത്തിമർപ്പിലാണ്. പ്രവേശന കവാടത്തിൽ നാം എത്തുംമുമ്പേ സ്വർഗീയ സദസ് ആദരപൂർവം എഴുന്നേറ്റുകഴിഞ്ഞിരിക്കുന്നു.

അതാ പരിശുദ്ധ അമ്മ പ്രധാന കവാടത്തിലേക്ക് ഓടിയെത്തി; ശുഭ്രവസ്ത്രങ്ങളണിഞ്ഞ് ദിവ്യപ്രഭയിൽപൂണ്ട്, കാവൽ മാലാഖയുടെയും ഇഷ്ട വിശുദ്ധാത്മാക്കളുടെയും അനേകം മാലാഖമാരുടെയും സാന്നിധ്യത്തിൽ സ്വർഗകവാടത്തിലേക്ക് ശാന്തമായി, നിറഞ്ഞ ആനന്ദത്തിൽ ചുവടുകൾ വയ്ക്കുന്ന നിന്നെ പരിശുദ്ധ അമ്മ ഇരുകരങ്ങളും നീട്ടി ആലിംഗനം ചെയ്ത്, നിറുകയിൽ മൃദുചുംബനമേകി സ്വീകരിക്കുന്നു. നീ പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകം സമർപ്പിച്ച കുഞ്ഞെങ്കിൽ നിന്നെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അമ്മതന്നെ അനേകവൃന്ദം ദൂതരാൽ പരിസേവിതയായി ഭൂമിയിലേക്ക് എഴുന്നള്ളും. അമ്മ സ്വന്തം കരങ്ങളാൽ അമ്മയുടെ പുണ്യങ്ങൾ ചേർത്ത് നിനക്കായ് നെയ്ത വിശുദ്ധ വസ്ത്രവും നിന്നെ അണിയിക്കും. സ്വർഗത്തിൽ കാഹളനാദമുയരുകയായി… ഹല്ലേലൂയാ ആരവവും…

ദൈവമഹത്വം സകലയിടത്തും പ്രഭചൊരിയുന്നു. നിന്റെ സ്വർഗാഗമനത്തിൽ എല്ലാം മറന്നിരിക്കുന്ന പിതാവിന്റെ വലതുഭാഗത്തു ഈശോ അതാ എഴുന്നേല്ക്കുന്നു. അവിടുന്ന് നിറപുഞ്ചിരിയോടെ ദൂതഗണങ്ങൾക്കിടയിലൂടെ ഇരുകരങ്ങളും നീട്ടി നിന്നെ സ്വീകരിക്കാൻ നിനക്കരികിലേക്ക് നീങ്ങുകയായി. പരിശുദ്ധാത്മാവ് സ്‌നേഹച്ചിറകുകൾ വിരിച്ച് നിന്നെ വഹിക്കാനൊരുങ്ങി നില്ക്കുന്നു. ആനന്ദഗാനത്തിന്റെയും ദൈവസ്തുതികളുടെയും ആരവത്തിൽ പരിശുദ്ധ അമ്മ നിന്നെ ഈശോയുടെ കരങ്ങളിലേകുന്നു, എങ്ങും വലിയ ഉത്സവപ്രതീതി.

”ഫെബ്രുവരി 10, 1938. നമ്മുടെ സ്വർഗാഗമനത്തിൽ സ്വർഗത്തിനും വിശുദ്ധർക്കും ഉണ്ടാകുന്ന ആനന്ദത്തെക്കുറിച്ച് കർത്താവ് എനിക്ക് മനസിലാക്കിത്തന്നു. ദൈവമാണ് അവരുടെ സ്‌നേഹത്തിന്റെ ഏക ലക്ഷ്യം. ദൈവത്തിന്റെ തിരുമുഖത്തുനിന്നാണ് ഈ ആനന്ദം എല്ലാവരിലേക്കും ഒഴുകുന്നത്. എന്തെന്നാൽ, നാം ദൈവത്തെ മുഖാമുഖം ദർശിക്കുന്നു. അവിടുത്തെ തിരുമുഖം അത്ര മധുരമായതിനാൽ ആത്മാവ് നിരന്തരം ഹർഷാനുഭൂതിയിൽ ലയിക്കുന്നു.” വിശുദ്ധ ഫൗസ്റ്റീന
നിസ്സാരനായ മനുഷ്യനെ ദൈവം ഇത്ര ആദരിക്കുന്നതെന്ത്? സ്‌നേഹിച്ച് സന്തോഷിപ്പിക്കാൻ ഇത്ര തിടുക്കമെന്തേ? സ്‌നേഹംമാത്രമായ ദൈവം – സ്വർഗം- സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതിതീരാതെ, കൂടെയായിരുന്ന് മതിവരാതെ ഒന്നുതൊടാൻ, കയ്യിലെടുക്കാൻ, സ്‌നേഹിക്കാൻ വെമ്പൽകൊള്ളുന്നതെന്തേ? സ്‌നേഹം.. സ്‌നേഹം.. അല്ലാതെന്ത്?

കെരൂബുകളെ വെട്ടിച്ചോടാം
പരിശുദ്ധ അമ്മയും യൗസേപ്പുതാതനുമെല്ലാം സ്‌നേഹംകൊണ്ട് വീർപ്പുമുട്ടുകയാണ്. മഹത്വപ്രതാപവാനായ ദൈവത്തിന് നമ്മെ ഒന്നു കിട്ടിയിട്ടുവേണം വാരിപ്പുണർന്നു നെഞ്ചിൽ ചേർത്തണയ്ക്കാൻ. ആ സ്‌നേഹത്തിൽ നമ്മെ ആറാടിക്കാൻ. നമ്മുടെ സാന്നിധ്യം ആഘോഷിക്കാൻ സ്വർഗം അക്ഷമയോടെ നില്ക്കുന്നു. ‘അനുതപിച്ച് ശിശുക്കളെപ്പോലെയായാൽ’ നമുക്കും സ്വർഗത്തിൽ ഓടിക്കയറാമെന്ന് ഈശോ പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ ഓരോ അനുതാപവും സ്വർഗത്തിന് ഉത്സവമല്ലേ? അതുകൊണ്ടല്ലേ വിശുദ്ധ കൊച്ചുത്രേസ്യ പറഞ്ഞത്: ”ഈ ഭൂമിയിൽ മനുഷ്യർക്ക് ചെയ്യാവുന്നത്ര പാപങ്ങളെല്ലാം ഞാൻ ചെയ്തുപോയാലും, ‘സോറി അപ്പാ’ എന്നു പറഞ്ഞ് ദൈവപിതാവിന്റെ മടിയിലേക്ക് ഓടിക്കയറി ആ കഴുത്തിൽ ഞാൻ കെട്ടിപ്പിടിക്കും.”

വിശുദ്ധ ഫൗസ്റ്റീനയുടെ സ്‌നേഹതീവ്രത മറ്റൊന്ന്: ”ഓ, സ്‌നേഹമേ, സുകൃതങ്ങളുടെ റാണീ! സ്‌നേഹത്തിൽ ഭയത്തിന് സ്ഥാനമില്ല. അതു ക്രോവേൻ, സ്രാപ്പേൻ, മാലാഖാവ്യൂഹത്തിനിടയിലൂടെ ദൈവിക സിംഹാസനത്തിന്റെ മുമ്പിലെത്തുന്നു. കാരണം സ്‌നേഹം ആരെയും ഭയപ്പെടുന്നില്ല. അതിന്റെ ഏകസമ്പത്തായ ദൈവസന്നിധിയിലെത്തി അവിടുത്തെ അനുഭവിക്കുന്നു. പറുദീസായിൽ ആഗ്നേയവാളുമായി കാവൽനിൽക്കുന്ന കെരൂബുകൾക്ക് സ്‌നേഹത്തെ തടഞ്ഞുനിർത്താനാവില്ല.”

അവിടെയെത്തുന്ന നമ്മുടെ ആദരവിനായി സ്വർഗം ഒരു മഹാവിരുന്നുതന്നെയാണ് ഒരുക്കുക (ലൂക്കാ 15:2023). സ്‌കീഡമിലെ വിശുദ്ധ ലിഡ്വിനുണ്ടായ ദർശനങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു:

സ്വർഗത്തിലെ ഗോബ്‌ലറ്റുകൾ
ഗംഭീര ആഘോഷപരിപാടികൾ നടക്കുന്ന കൊട്ടാരസമാനമായി സ്വർഗം വിശുദ്ധ ലിഡ്വിന് കൂടെക്കൂടെ കാണപ്പെട്ടു. പളുങ്കിന്റെയും സ്വർണത്തിന്റെയും ഗോബ്‌ലറ്റുകൾ (പാനപാത്രം) മേശയിൽ നിറഞ്ഞിരുന്നു. ഈശോയും പരിശുദ്ധ അമ്മയും ഈ സ്‌നേഹാഘോഷങ്ങൾക്ക് അധ്യക്ഷത വഹിച്ചു. അവർ തിരഞ്ഞെടുക്കപ്പെട്ടവരോടൊപ്പം ആനന്ദത്തിന്റെ മേശ പങ്കിട്ടു. ലിഡ്വിൻ അവളുടെ കാവൽമാലാഖയ്ക്കരുകിലേക്ക് ഓടി. അസാധാരണ മനോഹര പൂക്കളാലും വൃക്ഷങ്ങളാലും അലംകൃതമായൊരു ഏദൻ തോട്ടമായിരുന്നു അത്. അവിടുത്തെ രാജവീഥികളിലൂടെ മാലാഖമാരുടെ ഗീതിയിൽ അവൾ ദൈവസ്തുതികൾ ആലപിച്ചു. റോസപ്പൂക്കളും ലില്ലികളും ശേഖരിക്കാൻ ലിഡ്വിന്റെ മാലാഖ അവളെ സഹായിച്ചു.

വിശുദ്ധ അഗസ്റ്റിൻ സ്വർഗീയ വിരുന്നിനെക്കുറിച്ച് വിവരിക്കുമ്പോൾ, ‘ഞങ്ങൾക്കെന്നാണ് ആ വിരുന്ന് ആസ്വദിക്കാനാകുക’യെന്ന് അടക്കാനാകാത്ത പാരവശ്യത്തോടെ ജനം നിലവിളിക്കുമായിരുന്നു.

ഭൂമിയിലെ ഏറ്റവും വലിയ ആനന്ദം-അല്ല, ഭൂമിയിലെ മുഴുവൻ സന്തോഷവും ചേർത്തുവച്ചാലും സ്വർഗത്തിന്റെ ചില ലഘു ദർശനങ്ങളിലെ ആനന്ദത്തോടു തുല്യതപ്പെടുത്താനാകില്ല എന്ന് വിശുദ്ധ ഡോൺ ബോസ്‌കോ. 1876 ഡിസംബർ 6-ന് വിശുദ്ധ ഡോമിനിക് സാവിയോ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് സ്വർഗത്തിന്റെ ചെറുദർശനം നല്കുകയുണ്ടായി.

ഇതോ സ്വർഗം?
‘നീല പളുങ്കുകടൽപോലൊന്ന് മറുകര കാണാത്തവിധം അതിവിശാലമായി എന്റെ മുൻപിൽ കാണപ്പെട്ടു. എന്നാൽ അത് കടൽ ആയിരുന്നില്ല. ”അഗ്നിമയമായ പളുങ്കുകടൽപോലെ ഒരു കാഴ്ച ഞാൻ കണ്ടു” (വെളിപാട് 15:2) എന്ന് യോഹന്നാൻ ശ്ലീഹ സാക്ഷ്യപ്പെടുത്തിയല്ലോ. വെട്ടിത്തിളങ്ങുന്ന സ്ഫടികംപോലെ അതു കാണപ്പെട്ടു. കടൽത്തീരമെന്നു തോന്നപ്പെട്ടിടത്ത് പുൽത്തകിടികളും വിവിധ വർണത്തിലും വർഗത്തിലുമുള്ള വ്യത്യസ്ത പൂക്കളും ചെടികളും കാണാമായിരുന്നു.
ഓരോ തരം പൂക്കളും അതിൽതന്നെ വ്യത്യസ്തമായി പ്രകാശിക്കുകയും സൗരഭ്യം പരത്തുകയും ചെയ്തു. അവയിലൊന്നും ഭൂമിയിലൊരിടത്തും കാണാൻ കഴിയില്ല. മരങ്ങളും പഴങ്ങളും ചെടികളും പൂക്കളും പുല്‌മേടുകളും ശോഭയിലും ദീപ്തിയിലും വർണിക്കാനാകാത്തവിധം മനോഹരവും അതുല്യവുമാണ്. സുവർണ ഇലകൾ ചൂടിയ വൃക്ഷങ്ങളും അവിടെയുണ്ടായിരുന്നു. അവയുടെ ശിഖരങ്ങളും തായ്ത്തടിയും വജ്രനിർമിതം.
കണ്ണെത്താനാകാത്ത വിശാല പൂന്തോട്ടത്തിൽ നിരവധി മനോഹര മണിമന്ദിരങ്ങൾ ഉയർത്തപ്പെട്ടിരുന്നു. ”എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്” (യോഹന്നാൻ 17:2ണ്ട). ആകാരത്തിലും പ്രൗഢിയിലും താരതമ്യപ്പെടുത്താനാകാത്ത, ദൈവിക പ്രകാശത്തിൽ പുതഞ്ഞുനില്ക്കുന്ന ആ സൗധങ്ങൾ സ്വന്തമാക്കാനും അതിൽ ജീവിക്കാനും മനസ് കൊതിച്ചുപോകും. ഭൂമിയിലെ സകല സമ്പത്തും ചേർത്താലും അവയിൽ ഒന്നുപോലും നിർമിക്കുക അസാധ്യം.

സ്വർഗീയാരാമ സൗന്ദര്യം ആസ്വദിച്ചു നിന്ന എന്റെ കാതുകളിൽ മധുവൂറും സംഗീതവും നിറഞ്ഞു. ഒരു നൂറായിരം സംഗീതോപകരണങ്ങളുടെ നാദം ഒന്നിച്ച്, എന്നാൽ ഓരോന്നും അതതിന്റെ വ്യതിരിക്ത നാദത്താൽ ഹൃദ്യം. നിരവധിപ്പേർ ആനന്ദത്തോടെ ഗാനങ്ങളാലപിക്കുന്നു, അനേകർ വ്യത്യസ്ത സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ഈ സംഗീതധാരയ്‌ക്കോ ഗായകരിലെ സ്വർഗീയാനന്ദത്തിനോ തുല്യമായി ഭൂമിയിലൊന്നുമേയില്ല.
ഇതാണോ യഥാർത്ഥ സ്വർഗീയാനന്ദം എന്ന ഡോൺ ബോസ്‌കോയുടെ ചോദ്യത്തിന് ‘അല്ലേയല്ല, ഇത് വെറും സാധാരണ അനുഭവം മാത്രം എന്നാണ് വിശുദ്ധ ഡോമിനിക് സാവിയോ പ്രതികരിക്കുന്നത്.

”എങ്കിൽ സ്വർഗീയ ദീപ്തി അല്പമെങ്കിലും കാണിച്ചുതരാമോ?” എന്നായി വിശുദ്ധ ബോസ്‌കോ.
”ദൈവത്തെ അവിടുന്ന് ആയിരിക്കുന്നതുപോലെ നേരിൽ കാണുന്നതുവരെ അത് അസാധ്യമാണ്. കാരണം ദൈവിക തേജസിന്റെ മങ്ങിയ വെളിച്ചമടിച്ചാൽപോലും മനുഷ്യൻ തല്ക്ഷണം മരിച്ചുവീഴും, അവന് താങ്ങാനാകാത്തവിധം അത്രമേൽ തീവ്രമാണത്” വിശുദ്ധ സാവിയോ വ്യക്തമാക്കി.
സ്വർഗീയാനന്ദത്തിന്റെ ദർശനാനുഭവംതന്നെ വിട്ടുപോരാനാകാത്തവിധം മോഹിപ്പിക്കുന്നതെങ്കിൽ യഥാർത്ഥ സ്വർഗീയാനന്ദം എന്തായിരിക്കും? കാരണം സ്വർഗത്തിന്റെ ദർശന സന്തോഷവും സ്വർഗത്തിലെ സന്തോഷവും തമ്മിൽ തുലനം ചെയ്യാനാകാത്തവിധം അന്തരമുണ്ട് എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറയുന്നുണ്ട.് സ്വർഗീയാനന്ദം നമ്മുടെ ചിന്തയ്ക്കതീതമാണ്. ദൈവത്തെ കാണുകയും അവിടുത്തെ സ്‌നേഹം അനുഭവിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ സ്വർഗീയാനുഭവം.

”എല്ലായ്‌പ്പോഴും ദൈവസന്നിധിയിലായിരുന്ന്, മാലാഖമാരോടും വിശുദ്ധരോടുമൊപ്പം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ആലപിക്കുക എന്തൊരാനന്ദമാണ്?” എന്ന് വിശുദ്ധ ഫിലിപ് നേരി കൊതിയോടെ നെടുവീർപ്പിട്ടിട്ടുണ്ട്.

പൗലോസ്ശ്ലീഹ മിാതെപോയതെന്തേ?
ഫൗസ്റ്റീന 1936 നവംബർ 27-ന് എഴുതി: ”ഇന്നു ഞാൻ അരൂപിയിൽ സ്വർഗത്തിലായിരുന്നു. മരണശേഷം നമ്മെ കാത്തിരിക്കുന്ന അലൗകികസൗന്ദര്യവും സന്തോഷങ്ങളും ഞാൻ കണ്ടു. എല്ലാവരും എങ്ങനെയാണ് അനവരതം ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതെന്നും ഞാൻ കണ്ടു. എല്ലാ സൃഷ്ടികളിലും നിറഞ്ഞുനിന്ന് അവയെ സന്തോഷിപ്പിക്കുന്ന ദൈവത്തിലുള്ള ആനന്ദം എത്ര ഉന്നതമാണ്. സൃഷ്ടികളിൽ നിറഞ്ഞുനിൽക്കുന്ന ഈ ആനന്ദത്തിൽനിന്നു സ്തുതിയും പുകഴ്ചയും അനവരതം ദൈവത്തിലേക്കുയരുന്നു.}

നിത്യനൂതനമായ ഈ സന്തോഷത്തിന്റെ ഉറവയിൽനിന്ന് എല്ലാ സൃഷ്ടികളിലേക്കും ആനന്ദം ഒഴുകിയെത്തുന്നു. ദൈവത്തിന്റെ മഹത്വം വളരെ ഉന്നതമാണ്. അത് വർണിക്കാൻ ഞാൻ ധൈര്യപ്പെടുകയില്ല. എന്തെന്നാൽ അതെനിക്ക് സാധ്യമല്ല. വിശുദ്ധ പൗലോസേ, അങ്ങ് എന്തുകൊണ്ടാണ് സ്വർഗത്തെ വർണിക്കാൻ മുതിരാതിരുന്നതെന്ന് ഞാൻ മനസിലാക്കുന്നു. കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയാത്തതാണ്, തന്നെ സ്‌നേഹിക്കുന്നവർക്ക് ദൈവം ഒരുക്കിവച്ചിരിക്കുന്നത് എന്നുമാത്രം പറഞ്ഞവസാനിപ്പിച്ചു (1 കോറിന്തോസ് 2:9; 2 കോറിന്തോസ് 12:1-7). ഓ, എന്റെ ദൈവമേ, നിത്യജീവനിൽ വിശ്വാസമില്ലാത്തവരോട് എനിക്ക് സഹതാപം തോന്നുന്നു. അവിടുത്തെ അനന്തകരുണയുടെ ഒരു കിരണമെങ്കിലും അവരെ പുൽകുവാനായി ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങനെ അവരും അങ്ങയുടെ പൈതൃകവാത്സല്യം അനുഭവിക്കട്ടെ.”

ബ്ലാസിയോ കണ്ട സ്വർഗം
ആദ്യമരണത്തിൽ സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ ബ്ലാസിയോ മാസ്സെയോ എന്ന ബാലൻ തന്റെ അനുഭവം വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റുംനിലകൊള്ളുന്ന അസംഖ്യം മാലാഖമാരും, പറഞ്ഞറിയിക്കാനാകാത്തവിധം വഴിഞ്ഞൊഴുകുന്ന, പരിശുദ്ധ അമ്മയുടെ സ്വർഗീയ സൗന്ദര്യവും അവന്റെ മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അവിടുത്തെ മഹാ അത്ഭുതങ്ങളിലൊന്ന് പരിശുദ്ധ അമ്മയുടെ സൗന്ദര്യമാണ്. സ്വർഗവാസികളിൽ ഏറ്റവും സമുന്നത സ്ഥാനമാണ് പരിശുദ്ധ ദൈവമാതാവ് അലങ്കരിച്ചിരുന്നതെന്നും ബ്ലാസിയോ സാക്ഷ്യപ്പെടുത്തുന്നു.

ശുദ്ധീകരണാത്മാവിന്റെ സൗന്ദര്യം
ശുദ്ധീകരണ സ്ഥലത്തെ പാൽമെറിൻ എന്ന സ്ത്രീയൂടെ ആത്മാവിനെ സിയന്നയിലെ വിശുദ്ധ കാതറിന് ഈശോ കാണിച്ചുകൊടുത്തു. ഭൂമിയിൽ യാതൊന്നിനോടും ഉപമിക്കാൻ സാധിക്കാത്തവിധം അതിമനോഹര ദീപ്തിയിൽ അവരുടെ ആത്മാവ് കാണപ്പെട്ടു. ശുദ്ധീകരണാത്മാവിന്റെ സൗന്ദര്യവും ദീപ്തിയും ഇത്രമാത്രമെങ്കിൽ സ്വർഗവാസികളുടേതോ?

സ്വർഗീയാനന്ദത്തിലേക്ക്, ദൈവപിതാവിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനാണ് പുത്രനായ ദൈവം സ്വർഗത്തിൽനിന്നും നമുക്കടുക്കലേക്ക് താണിറങ്ങിവന്നത്. തന്റെ നെഞ്ചിൽനിന്ന് നമ്മെ പറിച്ചെടുത്ത് ഭൂമിയിലേക്ക് വയ്ക്കുമ്പോൾ ആ ചങ്കുതന്നെയാണ് ദൈവം ഭൂമിക്ക് നല്കിയത്. ആ ഹൃദയത്തിൽതന്നെ തിരിച്ചെത്തേണ്ടവരാണ് നാം. ആ ഹൃദയം നമുക്കായി തുടിച്ചുകൊണ്ടേയിരിക്കുന്നു, നാം തിരിച്ചെത്തുംവരെ. കാരണം നമ്മെ മുറിച്ചെടുത്ത മുറിപ്പാട് അവിടെത്തന്നെയുണ്ട്, സ്‌നേഹത്തിന്റെ രക്തം കിനിയുന്ന, വിങ്ങുന്ന മുറിവ്. നാം അവിടെ തിരിച്ചെത്തിയാലേ ദൈവഹൃദയത്തിലെ ആ മുറിവുണങ്ങൂ. എത്തിയില്ലെങ്കിൽ എന്നന്നേക്കും ആ മുറിവ് വിങ്ങിവേദനിച്ച് അവിടെ ശേഷിക്കും. അതിനാൽ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും കരംപിടിച്ച് നമുക്ക് അപ്പന്റെ നെഞ്ചിലേക്ക് മടങ്ങാനൊരുങ്ങാം.
ആൻസിമോൾ ജോസഫ്

2 Comments

  1. Ajumon Wilson says:

    The article is beautifully written and spiritually enriching

Leave a Reply

Your email address will not be published. Required fields are marked *