അനുഗ്രഹങ്ങൾതൻ അലമാര തുറക്കാൻ

രാവിലെ ഓഫീസിൽ പോകാനുള്ള തിരക്കിലായിരുന്നു ആൻ. മൂന്നാം ക്ലാസുകാരനായ മകനും യു.കെ.ജിക്കാരിയായ മകളും സ്‌കൂളിൽ പോകാനുള്ള ഒരുക്കങ്ങളിൽ. ഭർത്താവിനും ജോലിക്ക് പോകാൻ സമയമായിത്തുടങ്ങി. ഇളയ കുഞ്ഞാകട്ടെ അമ്മച്ചിക്കൊപ്പവും. അമ്മക്ക് ഒരു സഹായമാകട്ടെയെന്നു കരുതി മകൻ അലമാരിയുടെ മുകൾഭാഗം തുറന്ന് യൂണിഫോമെടുക്കാൻ ശ്രമിച്ചു. താക്കോൽ തിരിച്ചപ്പോൾ എന്തോ കുഴപ്പം, തുറക്കാൻ കഴിയുന്നില്ല. ആൻ വന്ന് നോക്കി, ഇല്ല; സാധിക്കുന്നില്ല. ഭർത്താവുമെത്തി, ഒരു രക്ഷയുമില്ല.

ഭർത്താവിനുള്ള വസ്ത്രംമാത്രം വേണമെങ്കിൽ പുറത്തുമുണ്ട്. എന്നാൽ ആനിന്റെ മുഴുവൻ വസ്ത്രങ്ങളും മക്കളുടെ യൂണിഫോമുമെല്ലാം ഇസ്തിരിയിട്ട് മടക്കി വച്ചിരിക്കുന്നത് അലമാരയുടെ മുകൾത്തട്ടിലാണ്. നിമിഷങ്ങൾക്ക് വലിയ വിലയുള്ള സമയം, എന്തുചെയ്യും? നിസ്സഹായതയുടെ തീവ്രതയിൽ ആൻ ഉരുവിടാൻ തുടങ്ങി, ”എത്രയും ദയയുള്ള മാതാവേ…..”

പെട്ടെന്ന് ഭർത്താവിനൊരു തോന്നൽ. അലമാരയുടെ താഴത്തെ തട്ടിലുള്ള താക്കോലിട്ട് തുറന്നുനോക്കിയാലോ… അദ്ദേഹം അങ്ങനെ ചെയ്തു. അതാ അലമാര തുറക്കുന്നു! നിറകണ്ണുകളോടെ ആൻ മക്കളെ ഒരുക്കി. ഭർത്താവും ആനിനും ജോലിക്കുപോകാനുള്ള വസ്ത്രം എടുത്തു. പിന്നെ വീണ്ടും അതേ താക്കോലിട്ട് അലമാര പൂട്ടാൻ ശ്രമിച്ചു, സാധിക്കുന്നില്ല. ഭർത്താവ് മക്കളോടു പറഞ്ഞു, ”കണ്ടോ, പരിശുദ്ധ മാതാവിന്റെ പ്രാർത്ഥനവഴി ഈശോ നമുക്ക് ചെയ്തുതന്ന അത്ഭുതമായിരുന്നു അത്” മക്കൾക്കും അത് ബോധ്യപ്പെട്ടു.

അത്ഭുതകരമായി സ്‌കൂളിലും ജോലിക്കും സമയത്തെത്തിയ അന്നത്തെ ദിനം അവരുടെ ഓർമ്മകളിൽ മായാതെ നില്ക്കുന്നു. അതവരുടെ ജപമാലകളെ സജീവമാക്കുന്നു….

എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? (ലൂക്കാ 1:43)

ബിന്ദു ഫ്രാൻസിസ്‌

1 Comment

  1. Ann Resmy Joseph says:

    God is speaking to us through these articles.Thank you shalom.

Leave a Reply

Your email address will not be published. Required fields are marked *