കരുണയുടെ ടാർഗറ്റ്

എനിക്കറിയാവുന്ന ഒരു കുടുംബത്തിലെ അപ്പനും മകനും വളരെയധികം ആത്മീയ മന്ദതയിലും ദുഃശീലങ്ങളിലുമാണ് ജീവിച്ചിരുന്നത്. 60 വയസോളം പ്രായമുള്ള അപ്പൻ, വിവാഹദിനത്തിനുശേഷം ദേവാലയത്തിൽ പോയിട്ടുള്ളത് വിരലിൽ എണ്ണാവുന്ന തവണകളാണ്. കൂദാശകളൊന്നുംതന്നെ ജീവിതത്തിലില്ല. മകന്റെ അവസ്ഥയും വിഭിന്നമല്ലായിരുന്നു. തിരിച്ചറിവിന്റെ പ്രായം മുതൽ ദൈവത്തോടു ബന്ധമില്ല, നിരീശ്വരവാദവും ദുർനടപ്പുമായിരുന്നു ജീവിതശൈലി. കുടുംബാംഗങ്ങളെല്ലാം വളരെയേറെ നാളുകൾ ഉപദേശിച്ചു, പ്രാർത്ഥിച്ചു. പലപ്പോഴായി ദൈവാനുഗ്രഹത്തിന്റെ പാതയിലേക്ക് നടക്കാൻ ഞാനും പ്രേരിപ്പിക്കുകയുണ്ടായി അവനെ. അപ്പോഴെല്ലാം ചെവി പൊട്ടിപ്പോകുന്ന തരത്തിൽ ദൈവത്തെ ചീത്ത വിളിക്കുകയായിരുന്നു അവന്റെ രീതി.
ഫ്രാൻസിസ് പാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ച നാളിൽത്തന്നെ, ദൈവകരുണയെ പരമാവധി ഉപയോഗിക്കണമെന്ന് മനസിൽ ആഗ്രഹമുണ്ടായി. അതിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ പ്രസ്തുത കുടുംബത്തെ പ്രത്യേകം ടാർഗറ്റ് ചെയ്ത് പ്രാർത്ഥിക്കണമെന്ന് പ്രേരണ ലഭിച്ചു. പക്ഷേ ആ അപ്പനും മകനുംവേണ്ടി പ്രാർത്ഥിക്കുന്നത് പാഴാണെന്ന സ്വാഭാവികചിന്തയും അതോടൊപ്പം ഉണ്ടായി. എന്നാൽ, ദൈവത്തിന്റെ കരുണയിൽ എനിക്ക് പൂർണവിശ്വാസമായിരുന്നു. ”ഏതൊരു അധഃപതിച്ച പാപിയാണെങ്കിലും അവന്റെ പാപങ്ങൾ ഈ ഭൂമിയിലെ മണൽത്തരികൾപോലെ അസംഖ്യമാണെങ്കിൽപോലും, എന്റെ കരുണയിൽ ഞാനവനെ സ്വീകരിക്കും” എന്ന ഈശോയുടെ കരുണാർദ്രമായ വാക്കുകൾ എനിക്ക് ഉറപ്പേകി. ഈ കരുണയുടെ വർഷം തീരുന്നതിനുമുൻപേ ഇത്രയും നാളുകളായി ഇവരുടെ ജീവിതത്തിൽ നടക്കാത്ത മാറ്റം നടത്തിത്തരണമേയെന്ന് ഞാൻ ദൈവകരുണയ്ക്ക് മുൻപിൽ നിർബന്ധം പിടിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.

സ്പിരിച്വൽ ടാർഗറ്റിംഗ്
വളരെയേറെ കാര്യങ്ങൾക്കായി പ്രാർത്ഥിക്കാനുണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവച്ച് സ്വന്തം നിയോഗങ്ങളും മാറ്റിവച്ച്, ഇവരെ ഒരു ‘സ്പിരിച്വൽ ടാർഗറ്റ്’ ആയി എടുത്ത് മാധ്യസ്ഥം യാചിക്കാനാരംഭിച്ചു. മനം ദൈവത്തിലേക്ക് ഉയർന്നാൽ ഇവർ മാത്രമായിരുന്നു എന്റെ പ്രാർത്ഥനയിൽ. ദൈവകൃപയാൽ കുറച്ച് പ്രായശ്ചിത്ത പ്രവൃത്തികളും ഇവർക്കായി സമർപ്പിക്കാൻ സാധിച്ചു. അങ്ങനെ ഏതാനും മാസങ്ങൾ കഴിഞ്ഞു.

ഇടയ്ക്ക് ആ മകനെ ഫോണിൽ ബന്ധപ്പെടുമ്പോൾ, അവന്റെ ചിന്താരീതിയിലും ജീവിതമണ്ഡലത്തിലുമൊക്കെ നല്ലൊരു മാറ്റം എനിക്കനുഭവിക്കാൻ സാധിച്ചു. അതെന്റെ പ്രാർത്ഥനയുടെ ആക്കം വർധിപ്പിച്ചു. കരുണയുടെ വർഷം അതിന്റെ മധ്യത്തിലായ നാളുകളിൽ, ആ വ്യക്തികളെപ്പറ്റിയും ആ കുടുംബത്തെപ്പറ്റിയും എനിക്കേറെ മാനസിക പീഡകൾ ഉണ്ടായിത്തുടങ്ങി. ഒന്നിലും ശ്രദ്ധ ഉറപ്പിക്കാനാവുന്നില്ല. എപ്പോഴും ഇവർക്കായി പ്രാർത്ഥിക്കണം എന്ന ഒറ്റ ചിന്ത എന്നെ കാർന്നു തിന്നുകൊണ്ടിരുന്നു. അങ്ങനെ ഒരാഴ്ച നീണ്ട അസ്വസ്ഥകൾക്ക് അല്പമൊരു ശമനമുണ്ടായപ്പോൾ ഞാൻ ആ കുടുംബത്തോട് ഫോണിൽ സംസാരിച്ചു. ഇത്തവണ എന്റെ കാതുകൾ ‘ദൈവകരുണയുടെ സ്പന്ദനം’ കേട്ടു. കഴിഞ്ഞ ആഴ്ച മകൻ ഒരു ധ്യാനത്തിന് പോയി. ഏറെ മാറ്റങ്ങൾ അവനിൽ ഉണ്ടായി എന്ന വാർത്ത കേട്ട് ഞാൻ സന്തോഷത്താൽ കരഞ്ഞുപോയി.

ആരു ശ്രമിച്ചാലും നന്നാകില്ലേ?
ആരു ശ്രമിച്ചാലും അവൻ നന്നാകില്ല എന്ന മാനുഷിക ചിന്തകൾക്കപ്പുറം, ‘ദൈവകരുണ’യുടെ അത്യഗാധ ഗർത്തത്തിലേക്ക് അവൻ വഴുതിവീണു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. കാരണം, ”ചേട്ടായീ, എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ദൈവത്തിനു മാത്രമേ എന്നെ രക്ഷിക്കാനാകൂ” എന്നാണ് അവൻ എന്നോട് പറഞ്ഞത്. പിറ്റേ ആഴ്ചയിൽ അവന്റെ അപ്പനും ധ്യാനത്തിനുപോയി. ഒരുപാട് മാറ്റം വന്നു.

അല്പനാളുകൾക്കുശേഷം അവധിക്ക് വീട്ടിലെത്തിയ ഞാൻ ഒരു വൈകുന്നേരം കുർബാനയ്ക്കായി അല്പം ദൂരെയുള്ള ദേവാലയത്തിൽ പോകുകയുണ്ടായി. അവിടെ വിശുദ്ധ ബലിയർപ്പിക്കാൻ ഈ അപ്പനും വന്നിട്ടുണ്ടായിരുന്നു. 20-25 വർഷത്തോളമായി കൂദാശയിലൊന്നും പങ്കുചേരാതിരുന്ന വ്യക്തി, ഭക്തിയോടെ വിശുദ്ധ ബലിയർപ്പിക്കുകയും ആദരവോടെ ഈശോയെ സ്വീകരിക്കുകയും ചെയ്തപ്പോൾ ഞാനും ദൈവകരുണയുടെ അളക്കാവാനാത്ത ആഴം ഗ്രഹിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം പുറത്തിറങ്ങിയപ്പോൾ ഞാൻ ചോദിച്ചു, ”എന്താ അങ്കിൾ ഈ പള്ളിയിൽ വന്നത്?”

അദ്ദേഹം പറഞ്ഞു, ”ഇന്ന് രാവിലെ പെരുമഴയായിരുന്നതിനാൽ ഇടവക ദേവാലയത്തിൽ പോകാൻ സാധിച്ചില്ല. അതാ ഇങ്ങോട്ട് വന്നത്” എന്റെ ശരീരം മുഴുവൻ രോമാഞ്ചം നിറഞ്ഞു. വിശേഷദിവസങ്ങളിൽപ്പോലും വിശുദ്ധ ബലിയിൽ പങ്കുചേരാതിരുന്ന വ്യക്തിക്ക് ഇന്ന്, അനുദിനമുള്ള വിശുദ്ധ ബലി ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. രാവിലെ സാധിച്ചില്ലെങ്കിൽ അല്പം ദൂരെയുള്ള ദേവാലയത്തിൽ വൈകുന്നേരം കുർബാനയ്ക്കായി പോകുന്നു.

നേടിയെടുക്കുക
ഈയൊരു സംഭവത്തിൽനിന്ന് ഒരു കാര്യം ദൈവം എനിക്ക് ബോധ്യപ്പെടുത്തിത്തന്നു. ദൈവത്തിന്റെ കരുണയ്ക്ക് മുൻപിൽ സമർപ്പിച്ചാൽ ആരും മാറും, എന്തും മാറും. നാം സമർപ്പിച്ച് അതൊരു ‘ടാർഗറ്റ്’ ആയി പ്രാർത്ഥിക്കുന്നില്ല എന്നതാണ് സത്യം. മറ്റുള്ളവർക്കായി ഏറെ പ്രാർത്ഥിക്കുന്നവരാണ് നാം. എന്നാൽ ഒരു ആത്മാവിനെ പൂർണമായി നാം നേടാറുണ്ടോ എന്ന ചോദ്യം നമുക്ക് മുൻപിൽ ഇന്നും അവശേഷിക്കുന്നു. ആയിരങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു തള്ളുമ്പോഴും ഒരാത്മാവിനെയെങ്കിലും പൂർണമായി നേടാൻ സാധിച്ചില്ലെങ്കിൽ ഒരല്പം പരാജയം നമ്മിലുണ്ടെന്ന് സമ്മതിക്കേണ്ടിവരും.

ചില വ്യക്തികൾക്കുവേണ്ടി, അതും വല്ലപ്പോഴും, പ്രാർത്ഥിക്കുന്ന ശീലത്തിൽനിന്ന് മാറി ഒരു വ്യക്തിക്കുവേണ്ടിയാണെങ്കിൽ പ്പോലും പ്രാർത്ഥിച്ച്, ഉപവസിച്ച് പരിഹാരപ്രവൃത്തികൾ ചെയ്ത് പൂർണമായി നേടിയെടുക്കുന്ന മധ്യസ്ഥരായി നമുക്ക് വളരാം. ‘മധ്യസ്ഥ പ്രാർത്ഥനാവരം’ എന്ന വരം നമ്മിലുണ്ടാകണം എന്ന ചിന്തയിലുപരി, ഒരാത്മാവിനെ നേടിയെടുക്കണം എന്ന ആത്മദാഹത്തിലായിരിക്കണം നമ്മുടെ മുന്നേറ്റം.

കരുണയുടെ വർഷം തീരുന്നില്ല, പകരം ദൈവകരുണയുടെ അനന്ത സാധ്യതകൾ തുറന്നിടുകയാണ് സഭ ചെയ്യുന്നത്. നമുക്ക് ടാർഗറ്റിംഗ് തുടങ്ങാം. ജോലിക്കും സാമ്പത്തിക മേഖലയ്ക്കും ആരോഗ്യത്തിനും ഒക്കെ ഉപരി, ആത്മാക്കളെ (ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും) നേടുന്ന പ്രാർത്ഥനയിലൂടെ ഏറെ മുൻപോട്ടു പോകാം. നമ്മുടെ ചുറ്റുമുള്ളവരിൽ കുറവുകളും ആത്മീയ മന്ദതകളും ഉണ്ടെങ്കിൽ, അത് നമ്മൾ അവരെ ടാർഗറ്റ് ചെയ്ത്, കിണഞ്ഞു പ്രാർത്ഥിക്കാത്തതിന്റെ തെളിവാണെന്ന സത്യം മനസിലാക്കാം. തന്റെ അജഗണങ്ങളെ ആത്മീയമായി നേടാൻ, വൈദികർ ടാർഗറ്റ് ചെയ്ത് അവരെ നേടുന്നതുവരെ പോരാടട്ടെ. അജപാലകരിൽ കുറവു കാണുമ്പോൾ, കുറ്റം പറയാതെ കരഞ്ഞു പ്രാർത്ഥിച്ച് അവരെ നേടുംവരെ നമ്മുടെ കരങ്ങൾ വിരിഞ്ഞുനില്ക്കട്ടെ. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന മക്കളെ, ലോകത്തിനും പിശാചിനും വിട്ടുകൊടുക്കില്ല എന്ന ടാർഗറ്റിംഗിൽ മാതാപിതാക്കൾ ഓരോ ശ്വാസത്തിലും മക്കൾക്കായി പ്രാർത്ഥിക്കട്ടെ.
”എന്നെ അനുഗ്രഹിക്കാതെ നിന്നെ ഞാൻ വിടുകയില്ല” എന്നു പറഞ്ഞ യാക്കോബിനെപ്പോലെ നമുക്കും കർത്താവിന്റെ മുൻപിൽ മുട്ടുകുത്തി നിർബന്ധം പിടിക്കാം. ‘ഞാൻ ടാർഗറ്റ് ചെയ്ത ഈ മകന്റെ/മകളുടെ ആത്മാവിനെ നേടിക്കിട്ടാതെ ഞാൻ നിന്നെ വിടുകയില്ല.’

രഞ്ജു എസ്. വർഗീസ്

Leave a Reply

Your email address will not be published. Required fields are marked *