ആവശ്യമുള്ള സമ്മാനം

അതൊരു ശൈത്യകാലമായിരുന്നു. പ്രശസ്തമായ ഫോർഡ് കമ്പനിയുടെ ഉടമയായ ഹെൻറി ഫോർഡ് യാത്ര ചെയ്യുന്നതിനിടയിൽ കാർ മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിപ്പോയി. പല വാഹനങ്ങളും ആ വഴി കടന്നുപോയെങ്കിലും അദ്ദേഹത്തിന് സഹായം ലഭിച്ചില്ല. അവസാനം ആ വഴിയേ ഒരു ട്രക്ക് വന്നു. ആ ട്രക്ക് ഓടിച്ചിരുന്നയാൾക്ക് അലിവ് തോന്നി. അദ്ദേഹം ഒരു ചങ്ങലകൊണ്ട് ട്രക്ക് കാറുമായി ബന്ധിച്ച് മഞ്ഞുപാളികൾക്കിടയിൽനിന്നും പുറത്തെടുത്തു. ഈ ഉപകാരത്തിന് പ്രതിഫലമായി കാറുടമ ഒരു വലിയ തുക ട്രക്കുടമയ്ക്ക് കൊടുക്കാൻ ശ്രമിച്ചു.

എന്നാൽ അത് നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘എനിക്ക് പണം വേണ്ട. എന്റെ സഹായം വേണ്ടിയിരുന്ന ഒരാളെ സഹായിച്ചതിലുള്ള സംതൃപ്തി മാത്രം മതി.’ അതിനുശേഷം അദ്ദേഹം തന്റെ ട്രക്ക് ഓടിച്ച് പോയി. ഫോർഡാകട്ടെ തന്നെ സഹായിച്ചയാളുടെ പേര് ചോദിക്കാൻ വിട്ടു. പക്ഷേ, ട്രക്കിന്റെ നമ്പർ അദ്ദേഹത്തിന്റെ മനസിൽ കുറിച്ചിട്ടിരുന്നു.

നാളുകൾ കഴിഞ്ഞുപോയി. ഒരിക്കൽ തന്റെയൊരു വർക്ക്‌ഷോപ്പിൽ ചെന്നപ്പോൾ മനസിൽ കുറിച്ചിട്ട നമ്പർ ഉള്ള ട്രക്ക് ഫോർഡ് കണ്ടു. ആ ട്രക്കിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയ വിവരം ഇതായിരുന്നു. ആ ട്രക്കിന്റെ ഉടമ വലിയ സാമ്പത്തികകെണിയിൽ അകപ്പെട്ടിരിക്കുന്നു. നന്നാക്കാൻ പണമില്ലാത്തതിനാൽ ട്രക്ക് വർക്ക്‌ഷോപ്പിൽ ഉപേക്ഷിച്ചിരിക്കുകയാണ്…..

കുറച്ചു ദിവസങ്ങൾക്കുശേഷം ക്രിസ്മസായി. ദേവാലയത്തിൽ പോകാനായി വീട്ടിൽനിന്ന് പുറത്തേക്ക് വന്നപ്പോൾ തന്റെ വീട്ടുമുറ്റത്ത് ഒരു പുതിയ ട്രക്ക് നിർത്തിയിട്ടിരിക്കുന്നതാണ് പഴയ ട്രക്കുടമ കണ്ടത്. ആശ്ചര്യത്തോടെ ട്രക്കിന്റെ ഡോർ തുറന്നുനോക്കിയപ്പോൾ, ഡ്രൈവിംഗ് സീറ്റിൽ ഒരു എഴുത്ത്! ‘ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിച്ചതിലുള്ള സംതൃപ്തി മാത്രം. ഹെന്റ്‌റി ഫോർഡിൽനിന്ന് ഒരു ക്രിസ്മസ് സമ്മാനം.’
സമയത്തിന്റെ പൂർണതയിൽ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് (ഗലാത്തിയാ 4:4) ദൈവത്തിന്റെ സ്‌നേഹവും കരുണവും നമുക്ക് ആവശ്യമുള്ളതുകൊണ്ടായിരുന്നു.

ഫാ. ബിനു അണ്ണാത്തുകുഴിയിൽ സി.എസ്എസ്.ആർ

Leave a Reply

Your email address will not be published. Required fields are marked *