സ്വർഗ്ഗം ഒരു നുണയോ?

മരണത്തിനുശേഷമുള്ള ജീവിതം പലർക്കും ഒരു സമസ്യയാണ്. ഭൗതികവാദികളുടെ ദൃഷ്ടിയിൽ അങ്ങനെയൊരു ജീവിതമില്ല. വിശ്വാസികളിൽത്തന്നെ പലരും ‘സംശയിക്കുന്ന തോമാ’മാരാണ്. നേരിട്ടുകണ്ടാലേ വിശ്വസിക്കൂ എന്നാണവരുടെ നിലപാട്. അങ്ങനെയുള്ളവരെ കാണുന്നതിന് എനിക്ക് അവസരമുണ്ടായി. ഒരു സായാഹ്ന പ്രാർത്ഥനാശുശ്രൂഷ നടക്കുകയാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് സംസാരിക്കാമെന്ന് വിചാരിച്ചു. അതിനുമുൻപ് ഒരു ടെസ്റ്റ് നടത്താൻ തോന്നി. മരണത്തിനുശേഷം ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവർ കരങ്ങളുയർത്തുവാൻ പറഞ്ഞു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണം അവരിൽ പകുതിപേർ മാത്രമേ കൈകളുയർത്തിയുള്ളൂ. എന്നുപറഞ്ഞാൽ സ്ഥിരം പ്രാർത്ഥനയ്ക്ക് വരുന്നവർക്കുപോലും ഈ പ്രധാന കാര്യത്തിൽ ഉറപ്പില്ല. ഇക്കാര്യത്തിൽ തീർച്ചയില്ലെങ്കിൽ ഇവർ എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്ന് ഒരു ഞെട്ടലോടെയാണ് ഞാനോർത്തത്. ഈ ലോകത്തിൽമാത്രം പ്രത്യാശവച്ച് പ്രാർത്ഥിക്കുന്ന ഒരു അവസ്ഥ. ഏതായാലും അതൊരു ചിന്താവിഷയമായി.

സ്വർഗം കാണും മുൻപ്….
അങ്ങനെയിരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ അനുഭവം നേടിയ ഒരു ഡോക്ടറുടെ ലേഖനം വായിക്കാനിടയായത്. എബൻ അലക്‌സാണ്ടർ എന്ന ന്യൂറോ സർജനാണ് അദ്ദേഹം. ഈ വിഷയത്തിൽ അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ‘പ്രൂഫ് ഓഫ് ഹെവൻ’ എന്നാണ് പുസ്തകത്തിന്റെ ശീർഷകം. അദ്ദേഹം ഒരു സാധാരണ ന്യൂറോ സർജനല്ല. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ അധ്യാപകനാണ്. യുക്തിഭദ്രമായി ചിന്തിക്കുന്നുവെന്ന് അഭിമാനിച്ചിരുന്ന ഒരു ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ശാസ്ത്രം മാത്രമാണ് സത്യം അറിയുവാനുള്ള വഴിയെന്ന് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ രോഗികൾ മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വർഗത്തെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചിരുന്നപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചിരുന്നു: ”വിവരമില്ലാത്ത സാധുക്കൾ.” മരണത്തിനുശേഷം ഒരു ജീവിതമില്ലെന്ന് ആ ഡോക്ടർ ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷേ, അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരുനാഥൻ. ആ അനുഭവം ഉണ്ടായശേഷം അതിനെക്കുറിച്ച് അദ്ദേഹം എഴുതി: ”ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവനാണ്: എന്നാൽ ഞാൻ സ്വർഗം കണ്ടിട്ടുണ്ട്” എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് (കാത്തലിക് ഹെരാൾഡ്, ഡിസംബർ 2014).

അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത് നവംബർ 2008-ലാണ്. അതിശക്തമായ ഒരു തലവേദനയോടെയാണ് അത് തുടങ്ങിയത്. വിശ്രമിച്ചാൽ മാറുമെന്ന് വിചാരിച്ചു. പക്ഷേ, വേദന കൂടുതലായി വരുന്നതേയുള്ളൂ. ഉടനെ അദ്ദേഹത്തിന്റെ കുടുംബക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലത്തേക്കുതന്നെയാണ് കൊണ്ടുപോയത്. ഡോക്ടറുടെ സഹപ്രവർത്തകയായ ഡോക്ടർ പോട്ടർ ആണ് പരിശോധിച്ചത്. തലവേദനയുടെ കാരണം കണ്ടെത്തി. ബാക്ടീരിയ മൂലമുണ്ടാകുന്ന മെനിൻജൈറ്റിസ്(ങലിശിഴശശേ)െ ആണ് രോഗം. ഏത് ബാക്ടീരിയ ആണെന്നറിയാൻ പരിശോധന വീണ്ടും നടത്തി. അപൂർവവും മാരകവുമായ ഇകോളി എന്ന ബാക്ടീരിയ ആണ് ഇതിന് കാരണമെന്ന് ഡോക്ടർ കണ്ടെത്തി. തന്റെ സഹപ്രവർത്തകന്റെ കാര്യം പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഒന്നാണല്ലോ എന്ന ഉത്ക്കണ്ഠ ഡോക്ടർ പോട്ടർക്ക് ഉണ്ടായി.

ഡോക്ടർ എബൻ അലക്‌സാണ്ടറുടെ നില വഷളാകുവാൻ തുടങ്ങി. അദ്ദേഹം അബോധാവസ്ഥയിലേക്ക് വഴുതിവീണു. ഉത്ക്കണ്ഠാകുലരായ കൂടുതൽ സഹപ്രവർത്തകർ വന്ന് പരിശോധനകൾ വീണ്ടും നടത്തി. പക്ഷേ രോഗം ഭേദമാകുവാൻ പത്തു ശതമാനത്തിൽ താഴെ സാധ്യത മാത്രമേ അവർ കണ്ടിരുന്നുള്ളൂ. അത്രയ്ക്ക് ഗുരുതരമായിരുന്നു രോഗാവസ്ഥ. രോഗം വീണ്ടും കടുത്തു. രണ്ടു ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. മെഡിക്കൽ സയൻസ് കൈയൊഴിഞ്ഞ ഡോക്ടറിനുവേണ്ടി കുടുംബാംഗങ്ങൾ കണ്ണീരോടെ പ്രാർത്ഥിക്കുവാൻ തുടങ്ങി. വിവരമറിഞ്ഞ ദൂരെയുള്ള സുഹൃത്തുക്കൾപോലും പ്രാർത്ഥനയിൽ പങ്കുചേർന്നു.

സ്വർഗ്ഗാനുഭവം
ഈ സമയത്ത് ഡോക്ടർ എബൻ അതിശയകരമായ ഒരു അനുഭവത്തിലൂടെ കടന്നുപോവുകയായിരുന്നു. ആത്മാവ് ഉണ്ടോ എന്ന് സന്ദേഹിക്കുന്നവർക്ക് ഒരു മറുപടി കൂടിയാണ് ഇത്. അദ്ദേഹം ഇപ്രകാരമാണ് ആ അനുഭവത്തെ വിവരിക്കുന്നത്. ഡോക്ടറുടെ ശരീരം ഹോസ്പിറ്റൽ ബെിൽ കിടക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാവ് ഈ ഭൗതികലോകം വിട്ട് യാത്രയാവുന്നു. ആദ്യം ഇരുട്ടു നിറഞ്ഞ ഒരു മേഖലയിലൂടെ കടന്നുപോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു തിരിയുന്ന പ്രകാശഗോളം എന്നെ മുകളിലേക്ക് ഉയർത്തി. അതിൽനിന്നും അതിമനോഹരമായ ഒരു സംഗീതവും ഒഴുകുന്നുണ്ടായിരുന്നു. അദ്ദേഹം എത്തിച്ചേർന്നത് വിവരിക്കുവാൻ പറ്റാത്ത അത്രയും സുന്ദരമായ ഒരു പച്ചപ്പ് നിറഞ്ഞ താഴ്‌വരയിലാണ്. അവിടെ ഒരു മാലാഖ അദ്ദേഹത്തെ നയിക്കുവാൻ കാത്തുനില്പുണ്ടായിരുന്നു. ആ മാലാഖ ഒരു ചിത്രശലഭത്തിന്റെ ചിറകിൽ വിശ്രമിക്കുന്ന വിധത്തിൽ ഭാരരഹിതനായിരുന്നു എന്ന സവിശേഷതയുണ്ട്. മാലാഖ വളരെ സ്‌നേഹത്തോടെ ഇപ്രകാരം മന്ത്രിച്ചു: ”നീ സ്‌നേഹിക്കപ്പെടുന്നു, ഭയപ്പെടേണ്ടാ. നിനക്ക് ഇവിടെ തിന്മയായതൊന്നും ചെയ്യുവാൻ സാധിക്കുകയില്ല.”

അദ്ദേഹം മരണത്തിന്റെ വക്കിൽ എത്തിയപ്പോൾ കണ്ട കാഴ്ചയാണിത്. മരുന്നുകളൊന്നും ഫലിക്കാതെ വന്നതുകൊണ്ട് സഹഡോക്ടർമാർ കഴിഞ്ഞ ഏഴു ദിവസങ്ങളായി ഡോ. എബന്റെ ജീവനെ നിലനിർത്തിയിരുന്നത് കൃത്രിമ ജീവൻരക്ഷാമാർഗങ്ങളുപയോഗിച്ചാണ്. ഒരു പുരോഗതിയും കാണാതെ വന്നപ്പോൾ ഡോക്ടർമാർക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ജീവൻ നിലനിർത്തുവാനുള്ള ഉപകരണങ്ങൾ മാറ്റാം എന്നുള്ള തീരുമാനത്തിലേക്ക് അവർ എത്തി. എന്നാൽ അവിടെ ജീവിക്കുന്ന ദൈവത്തിന്റെ ഒരു ശക്തമായ ഇടപെടൽ ആ ദിവസം ആ നിമിഷംതന്നെ ഉണ്ടാവുകയാണ്. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം ബോധാവസ്ഥയിലേക്ക് വന്നു. കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി. അതൊരു ‘മെഡിക്കൽ മിറക്കിൾ’ ആണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ദൈവത്തിന് സ്തുതി! ലോകത്തിന്റെ ദൃഷ്ടിയിൽ ഒട്ടും പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലും ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് പ്രാർത്ഥനയോടെ കാത്തിരിക്കണമെന്ന് ഈ അത്ഭുതസൗഖ്യം നമ്മെ ഓർമപ്പെടുത്തുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ”അവിടുന്ന് മരുഭൂമിയിൽ പാറ പിളർന്നവനാണ്” (സങ്കീർത്തനങ്ങൾ 78:15). ദാഹിച്ചുവലഞ്ഞ തന്റെ മക്കളുടെ വേദന കണ്ട് മരുഭൂമിയിൽ ഇടപെട്ട ദൈവം ഇന്നും നമ്മെ കരുതുന്നവനാണ്.

ഡോ. എബൻ എഴുതുന്നത്, അദ്ദേഹത്തിനുണ്ടായ ആ അനുഭവം അദ്ദേഹം ഇപ്പോഴും വ്യക്തമായി ഓർക്കുന്നു എന്നാണ്. ദൈവം അനുഭവത്തിലൂടെ ഡോക്ടറെ പഠിപ്പിക്കുകയായിരുന്നു. എന്നാൽ ഈ അനുഭവം ഉണ്ടാകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പേഷ്യന്റ്‌സ് ആരെങ്കിലും ഇങ്ങനെയൊരു അനുഭവം അവർക്കുണ്ടായി എന്നു പറഞ്ഞാൽ അതൊരു വെറും ‘ഹലൂസിനേഷൻ’ ആണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുമായിരുന്നു. അതിന് അദ്ദേഹത്തിന് മതിയായ കാരണവുമുണ്ട്. നമ്മുടെ ചിന്തകളെ, ഓർമകളെ, ഭാഷയെ, സർഗാത്മകതയെ ഒക്കെ നിയന്ത്രിക്കുന്ന ഒരു ഭാഗമുണ്ട് നമ്മുടെ തലച്ചോറിൽ. ‘നിയോ കോർട്ടക്‌സ്’ എന്നാണ് അതിന്റെ പേര്. നമ്മുടെ തലച്ചോറുതന്നെ എത്ര അത്ഭുതകരം അല്ലേ? രോഗബാധയുണ്ടായപ്പോൾ നിയോ കോർട്ടക്‌സിലുണ്ടായ ഭ്രാന്തമായ ചിത്രങ്ങളാണ് ആ കാഴ്ചകളെന്ന് മുൻപായിരുന്നുവെങ്കിൽ ഡോക്ടർ വ്യാഖ്യാനിക്കുമായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ സ്ഥിതി അതായിരുന്നില്ല. അദ്ദേഹത്തിന്റെ നിയോ കോർട്ടക്‌സ് പൂർണമായും പ്രവർത്തനരഹിതമായിരുന്നു. അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനശേഷി ഏതാണ്ട് ഇല്ലാതായിരുന്നു. വളരെ അടിസ്ഥാനപരമായ പ്രവർത്തനം – ഹൃദയമിടിപ്പ് നിലനിർത്തുക എന്നത് – നടത്തുവാൻ മാത്രമേ അദ്ദേഹത്തിന്റെ തലച്ചോറിന് രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ശേഷിയുണ്ടായിരുന്നുള്ളൂ. ഡോ. എബൻ ഇത് തന്റെ സഹപ്രവർത്തകരുമായി പങ്കുവച്ചു. ഏകദേശം പൂർണമായും തകർന്ന തലച്ചോറിന് എങ്ങനെ ഈ അനുഭവം ഉണ്ടാക്കുവാൻ സാധിച്ചു എന്നത് അവർക്കും വിശദീകരിക്കാനാകാത്ത ഒന്നായിരുന്നു. അവർ ഐകകണ്‌ഠ്യേന ഒരു നിഗമനത്തിലെത്തി. ഈ അനുഭവമുണ്ടായത് എബന്റെ തലച്ചോറിലായിരുന്നില്ല. എന്നാൽ ഭൗമികമേഖലയെക്കാൾ യഥാർത്ഥമായ മറ്റൊരു തലമുണ്ട്. ആ മേഖലയിലാണ് ഇത് അനുഭവപ്പെട്ടത്.

സ്വർഗം കണ്ടണ്ടതിനുശേഷം…
അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങൾ, അവയെ പിന്തുടർന്ന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ഒരു കാര്യം ഡോ. എബൻ അലക്‌സാണ്ടർക്ക് മനസിലായി. ശാസ്ത്രവും മതവും പരസ്പര വിരുദ്ധമല്ല, നേരേമറിച്ച് ഈ ലോകത്തിലെയും ഈ ലോകത്തിനപ്പുറത്തുള്ള ലോകത്തിലെയും സത്യം കണ്ടുപിടിക്കുവാൻ പരസ്പരം സഹായിക്കുന്നവയാണ്, പരസ്പര പൂരകങ്ങളാണ്. ഇക്കാര്യത്തിൽ അദ്ദേഹം നടത്തിയ അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ‘പ്രൂഫ് ഓഫ് ഹെവൻ’ എന്ന പുസ്തകം.

ഭൗതികവാദികൾ പറയുന്നത് അവബോധം എന്നത് തലച്ചോറിന്റെ സൃഷ്ടിയാണെന്നാണ്. പക്ഷേ, അതൊരു നിഗമനം മാത്രമാണ്. ഡോ. എബൻ പറയുന്നു, ലോകത്തിലെ ഏറ്റവും മികച്ച ബ്രെയിൻ എക്‌സ്‌പേർട്ടിനുപോലും ഇത് വിശദീകരിക്കുവാൻ കഴിയുന്നില്ല എന്നതാണ്. അദ്ദേഹം ഒരു കാര്യം തറപ്പിച്ചു പറയുന്നു, അവബോധം അല്ലെങ്കിൽ ആത്മാവ് എന്നത് ഇലക്‌ട്രോ മാഗ്നറ്റിക് പ്രചോദനങ്ങളുടെ ഒരു സംഗ്രഹമല്ല. അത് അടിസ്ഥാനപരമായ ഒന്നാണ്. നമ്മുടെ അവബോധം അഥവാ ആത്മാവാണ് അത്ഭുതങ്ങൾ കാണുവാൻ നമ്മെ സഹായിക്കുന്നത്. ദൈവത്തിലേക്കും സ്വർഗത്തിലേക്കും നമ്മെ ഉയർത്തുന്നതും ഈ ആത്മാവുതന്നെയാണ്.

ഈ വിഷയത്തിൽ വളരെയധികം ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള ഡോക്ടർ ഇക്കാര്യം അടിവരയിട്ട് പറയുന്നു: നമ്മുടെ ആത്മാക്കളുടെ യഥാർത്ഥ ഭവനം സ്വർഗംതന്നെയാണ്. ആ സത്യം അംഗീകരിച്ചുകൊണ്ട് ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്ഭുതങ്ങളുടെ പെരുമഴതന്നെയുണ്ടാകും.
ഒരു കാര്യം പകൽപോലെ വ്യക്തമാണ്. ആധുനികമാധ്യമങ്ങളും ഭൗതിക ചിന്താധാരകളും ഈ സത്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അത് അവയുടെ നിലനില്പിന് ആവശ്യമാണ്. എങ്കിലും സത്യം സത്യമല്ലാതെ ആകുന്നില്ലല്ലോ. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന സത്യമായ ദൈവപുത്രന്റെ വാക്കുകൾ നമുക്ക് മറക്കാതിരിക്കാം. സ്വർഗത്തെക്കുറിച്ച് വ്യക്തമായി അവിടുന്ന് പറഞ്ഞിട്ടുള്ളത് ഓർക്കുക: ”എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കുവാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്ക് സ്ഥലമൊരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാൻ 17:2-3).

അതെ, അതു മാത്രമാണ് സത്യം. മരണത്തിനുശേഷം ഒരു മനോഹരജീവിതമുണ്ട്. സ്വർഗം ഈ ഭൂമിപോലെ യഥാർത്ഥമായ ഒന്നാണ്. അതുപോലെ യഥാർത്ഥമാണ് ക്രിസ്തുവിന്റെ രണ്ടാംവരവ്. ക്രിസ്തുവിൽ, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവരെ കൂട്ടിക്കൊണ്ടുപോകുവാൻ വാഗ്ദാനമനുസരിച്ച് കാലത്തിന്റെ തികവിൽ അവിടുന്ന് നിശ്ചയമായും വരും. അതിനാൽ വഴിതെറ്റിക്കുന്ന മായികദർശനങ്ങളാലും പഠനങ്ങളാലും വഞ്ചിക്കപ്പെടാതിരിക്കുവാൻ നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. എല്ലാം ദൈവത്തിന്റെ കൃപയാണ്, പ്രത്യേകിച്ച് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം – ആ കൃപയ്ക്കായി ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം.
ഓ, കർത്താവായ യേശുവേ, അവിടുന്ന് സ്വർഗത്തിൽനിന്ന് മനുഷ്യരുടെ രക്ഷയ്ക്കായി, എന്റെ മോചനത്തിനായി ഇറങ്ങിവന്ന ദൈവമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഏറ്റുപറയുന്നു. അങ്ങ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്‌തെന്നും ഞാൻ വിശ്വസിക്കുന്നു. സ്വർഗത്തെ ലക്ഷ്യമാക്കി എന്റെ ജീവിതത്തെ ക്രമീകരിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും. എന്നെ വഴിതെറ്റിക്കുന്ന, മനസിനെ ചഞ്ചലപ്പെടുത്തുന്ന പ്രബോധനങ്ങളുടെ, കാഴ്ചകളുടെ സ്വാധീനവലയത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അങ്ങ് എന്നെ കൂട്ടിക്കൊണ്ടുപോകുവാൻ വീണ്ടും വരുമെന്നുള്ള സത്യവും ഞാൻ ഏറ്റുപറയുന്നു. സ്വർഗത്തിൽ അങ്ങയെ കണ്ട് ആനന്ദിക്കുവാൻ എന്നെയും എന്റെ പ്രിയപ്പെട്ടവരെയും ലോകം മുഴുവനെയും അനുഗ്രഹിക്കുവാൻ തിരുമനസാകണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, സകല വിശുദ്ധരേ, മാലാഖമാരേ, നിങ്ങൾ ആയിരിക്കുന്നിടത്ത് ഞാനും ആയിരിക്കുവാൻ പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *